ചക്രവാളം വരെ പരന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ സമതലങ്ങള്‍ക്കിടയില്‍ കാട്ടുപൂക്കളാല്‍ അലങ്കരിച്ച കുന്നുകള്‍, ഒരു മനോഹരമായ ഛായാ ചിത്രം പോലെ തോന്നിപ്പിക്കുമാര്‍ ഭൂമിയുടെ അഭൗമ സൗന്ദര്യം കവര്‍ന്നെടുത്ത ഒരു ഭൂപ്രകൃതി. വെറും ആറു ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തിലൂടെ ഗോലാന്‍ കുന്നുകളെ സിറിയയില്‍ നിന്ന് ഇസ്രയേല്‍ പിടിച്ചടക്കിയതിന് പിന്നില്‍ ഇത് മാത്രമായിരുന്നില്ല കാരണം.
തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഇസ്രയേല്‍, ജോര്‍ദാന്‍, ലെബനന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഗോലാന്‍ കുന്നുകള്‍. ഏകദേശം 1,800 ചതുരശ്ര കിലോമീറ്റര്‍ (ഏകദേശം 700 ചതുരശ്ര മൈല്‍) വിസ്തൃതിയുള്ള, താരതമ്യേന ചെറിയ ഭൂമിശാസ്ത്രപരമായ പ്രദേശമാണിത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മനുഷ്യവാസത്തിന്റെ നീണ്ട ചരിത്രമാണ് ഗോലാന്‍ കുന്നുകള്‍ക്കുള്ളത്. പുരാതന ഈജിപ്തുകാര്‍, റോമാക്കാര്‍, ബൈസന്റൈന്‍സ്, ഓട്ടോമന്‍മാര്‍ എന്നിവരുള്‍പ്പെടെ വിവിധ സാമ്രാജ്യങ്ങളുടെയും രാജ്യങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. മാന്‍ഡേറ്റ് കാലയളവില്‍ ഇത് ഫ്രഞ്ച് നിയന്ത്രണത്തിലുള്ള സിറിയയുടെ ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സ്വതന്ത്ര സിറിയയുടെ ഭാഗമായി മാറി.
ഇസ്രയേല്‍ ഗോലാന്‍ കുന്നുകളെ തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് തന്ത്രപരമായ സുപ്രധാന മേഖലയായി കണക്കാക്കിയിരുന്നു. ഗലീലി കടല്‍ (കിന്നറെറ്റ് തടാകം), ജോര്‍ദാന്‍ താഴ്വര എന്നിവയുള്‍പ്പെടെ വടക്കന്‍ ഇസ്രയേലിന്റെ ആധിപത്യ കാഴ്ച ഇവിടെ നിന്നാല്‍ സാധ്യമായിരുന്നു. സിറിയയില്‍ നിന്നുള്ള സൈനിക ഭീഷണികളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഈ കുന്നുകള്‍ സഹായിച്ചതോടെ, ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഗോലാന്‍ കുന്നുകളുടെ നിയന്ത്രണം ഒരു പ്രതിരോധ നേട്ടം വാഗ്ദാനം ചെയ്തിരുന്നു. തന്ത്രപരമായ പ്രാധന്യവും, സുലഭമായ ജല സ്രോതസ്സുകളും, സൈനിക വിജയങ്ങളും, ഗോലാന്‍ ഹെയ്റ്റ്സിനെ(ഗോലാന്‍ കുന്നുകള്‍) കയ്യടക്കാന്‍ ഇസ്രയിലിനെ പ്രേരിപ്പിച്ചു.
ഒടുവില്‍ 1967 ജൂണില്‍ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ ഗോലാന്‍ കുന്നുകള്‍ പിടിച്ചെടക്കുമ്പോള്‍ അതിനു പിന്നാലെ തങ്ങളെ തേടിയെത്തുന്ന ചരിത്ര യുദ്ധത്തെ കുറിച്ചു ഇസ്രായേല്‍ ബോധവാന്മാരായിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ ഉഷ്ണക്കാറ്റിന് അറബ് രാജ്യങ്ങളുടെ അസഹിഷ്ണ്തയുടെ കൂടി ചൂടായിരുന്നു പിന്നീടങ്ങോട്ട്. ലളിതമായി പറഞ്ഞാല്‍ ഈ യുദ്ധത്തില്‍, സിറിയയില്‍ നിന്ന് ഗോലാന്‍ കുന്നുകളും, ഈജിപ്തില്‍ നിന്ന് സിനായ് ഉപദ്വീപും ഗാസ മുനമ്പും, കിഴക്കന്‍ ജറുസലേമിന്റെയും വെസ്റ്റ് ബാങ്കിന്റെയും നിയന്ത്രണം ജോര്‍ദാനില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്തു. ഈ പ്രദേശങ്ങള്‍ ഇസ്രയേലില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള ഈജിപ്തിന്റെയും സിറിയയുടെയും ശ്രമമായിരുന്നു യോം കിപ്പൂര്‍ ആക്രമണം.
ഇസ്രയേല്‍ ഗോലാന്‍ കുന്നുകള്‍ പിടിച്ചടക്കി അഞ്ചു മാസങ്ങള്‍ക്കിപ്പുറം റമദാന്‍ യുദ്ധം, ഒക്ടോബര്‍ യുദ്ധം എന്നൊക്കെ ചരിത്രലിഖിതങ്ങളില്‍ പേര് പതിഞ്ഞ യോം കിപ്പൂര്‍ യുദ്ധം പൊട്ടിപ്പുറപ്പിട്ടു. ഈജിപ്ത്-സിറിയ സഖ്യവും ഇസ്രയേലും തമ്മില്‍ 1973 ല്‍ ആരംഭിച്ച യുദ്ധം യോം കിപ്പൂരിലെ യഹൂദരുടെ വിശുദ്ധ ദിനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. യുദ്ധത്തില്‍ കൂട്ടാളികളാവാന്‍ ഈജിപ്തിനെയും സിറയയെയും പ്രേരിപ്പിച്ച ഘടകങ്ങള്‍ നിരവധിയായിരുന്നു. ആ കാലത്ത് സിറിയ ഭരിച്ചിരുന്ന ഹഫീസ് അല്‍-അസാദിന് ഗോലാന്‍ കുന്നുകളുടെ വീണ്ടെടുപ്പ് അത്യന്താപേക്ഷികമായിരുന്നു. ഈജിപ്തിനാകട്ടെ 1967 മുതല്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയിരുന്ന സിനായ് പെനിന്‍സുലയുടെ നിയന്ത്രണം വീണ്ടെടുക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം.
1967 ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഇസ്രയേലും ഈജിപ്തും ജോര്‍ദാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ സുഗമമാക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രതിനിധീകരിച്ച് സ്വീഡിഷ് നയതന്ത്രജ്ഞനായ ഗുന്നര്‍ ജാറിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ നയതന്ത്ര പദ്ധതിയായ ‘ജാറിംഗ് മിഷന്റെ ‘ചര്‍ച്ചകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ലക്ഷ്യം കൂടി അന്ന് ഈജിപ്തിനുണ്ടായിരുന്നു.
ആറ് ദിവസത്തെ യുദ്ധത്തിലെ പരാജയം ഈജിപ്തിന്റെ ദേശീയ അഭിമാനത്തെ ചോദ്യം ചെയ്തതിനു പിന്നാലെ അറബ് ലോകത്തിന്റെ തന്നെ വിശ്വാസ്യതയ്ക്കും കോട്ടം വരുത്തിയാതായി പ്രസിഡന്റ് അന്‍വര്‍ സാദത്ത് വിശ്വസിച്ചിരുന്നു. അറബ് രാഷ്ട്രങ്ങളിലെ പ്രധാനിയെന്ന ിലയില്‍ ഈജിപ്തിന്റെ പ്രതിച്ഛായ പുനഃസ്ഥാപിക്കലും ഈജിപ്തിന്റെ അജണ്ടയിലുണ്ടായിരുന്നു. ഈ കാരണങ്ങള്‍ക്കു പുറമെ സിറിയയും ഈജിപ്തും തമ്മിലുള്ള ബന്ധത്തെ യുദ്ധത്തിലെ സഖ്യക്ഷികളാകുന്നതോടെ ഒന്നുകൂടി ഊട്ടിഉറപ്പിക്കന്‍ ഇരു രാജ്യങ്ങളും താല്പര്യപ്പെട്ടു.
1948-ല്‍ സ്ഥാപിതമായതു മുതല്‍ ഇസ്രയേലിന് രാജ്യ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടായിരുന്നു. തൊട്ടടുത്തു കിടക്കുന്ന അറബ് രാജ്യങ്ങളുമായി നിരവധി സംഘട്ടനങ്ങളും യുദ്ധങ്ങളും ഇസ്രയേല്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ശക്തമായ പ്രതിരോധം നില നിലനിര്‍ത്തുക എന്നതിനപ്പുറം രാജ്യത്തിനും അതിന്റെതായ രാഷ്ട്രീയ, നയതന്ത്ര താല്പര്യങ്ങളുണ്ടായിരുന്നു. ആധിപത്യം ഉറപ്പിച്ച ഭൂപ്രദേശങ്ങള്‍ തിരിച്ചു വിട്ടു കൊടുക്കാതിരിക്കുന്നതും ,അറബ് സേനയുടെ വളര്‍ച്ച തടയുന്നതും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ചുരുക്കത്തില്‍, യോം കിപ്പൂര്‍ യുദ്ധത്തില്‍ ഉള്‍പ്പെട്ട ഓരോ രാജ്യത്തിനും വ്യത്യസ്തമായ രാഷ്ട്രീയ പ്രശ്നങ്ങളും ലക്ഷ്യങ്ങളും അന്നുണ്ടായിരുന്നു. പ്രാദേശിക തര്‍ക്കങ്ങള്‍, നയതന്ത്ര നിരാശകള്‍, ദേശീയ അഭിമാനം, സുരക്ഷ ആശങ്കകള്‍, പ്രാദേശിക രാഷ്ട്രീയത്തിന്റെ ഗതിയെ സ്വാധീനിക്കാനുള്ള ആഗ്രഹം എന്നീ കാരണങ്ങള്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.
19 ദിവസം നീണ്ടുനിന്ന യുദ്ധത്തിന്റെ കെടുതികള്‍ സമാനതകളില്ലാത്തതായിരുന്നു. താഴ്വരയില്‍ 177 ടാങ്കുകളുള്ള മൂന്ന് ബ്രിഗേഡുകളുടെ ഒരു വലിയ സിറിയന്‍ സേനയ്ക്കെതിരെ തങ്ങളുടെ മൂന്ന് ടാങ്കുകള്‍ മാത്രമുള്ള 12 സൈനികര്‍ അടങ്ങുന്ന ചെറിയ സംഘമാണ് പോരാടിയതെന്ന് യുദ്ധത്തില്‍ പങ്കെടുത്ത ഒരു ഇസ്രയേലി വിമുക്ത ഭടന്‍ ഗാര്‍ഡിയനോട് പറയുന്നു. തോക്കുകള്‍ പോലും കൈവശമില്ലത്ത വളരെ ചെറിയ സംഘമായ സൈനികരുടെ ദൗത്യം നിര്‍ണായകമായിരുന്നു. സാധാരണ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഗലീലി, ജോര്‍ദാന്‍ താഴ്വര എന്നീ പ്രദേശങ്ങളിലേക്ക് സിറിയന്‍ സൈന്യം മുന്നേറുന്നത് അവര്‍ക്ക് തടയണമായിരുന്നു.
”അടുത്ത രണ്ടു ദിവസം ഞങ്ങള്‍ക്ക് നരകമായിരുന്നു. ധാരാളം സൈനികരെ നഷ്ടപ്പെട്ടു. ഞങ്ങളുടെ വെടിമരുന്ന് തീര്‍ന്നു. ഒരു ഘട്ടത്തില്‍ ശത്രു 350 മീറ്റര്‍ മാത്രം ദൂരത്തിലായിരുന്നു; അവരുടെ കണ്ണുകളുടെ വെളുപ്പ് എനിക്ക് കാണാമായിരുന്നു. യുദ്ധത്തടവുകാരായി മാറുന്നതിനേക്കാള്‍ ഗ്രനേഡ് പൊട്ടിച്ച് ശത്രുക്കളോടൊപ്പം മരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. ഇല്ലെങ്കില്‍ ഇസ്രയേല്‍ നശിപ്പിക്കപ്പെടുമായിരുന്നു. യുദ്ധത്തില്‍ നിന്ന് രക്ഷപെട്ട വിമുക്ത ഭടന്‍ പറയുന്നു.
ഒക്ടോബര്‍ 6-ന് ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് – യഹൂദ കലണ്ടര്‍ അനുസരിച്ച്, പ്രായശ്ചിത്തത്തിന്റെയും ഉപവാസത്തിന്റെയും പുണ്യദിവസമായ യോം കിപ്പൂര്‍ തീയതി- ഈജിപ്തും സിറിയയും ഒരേസമയം ഇസ്രയേലുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ ഉടമ്പടി ലംഘിച്ചു. തെക്ക്, സൂയസ് കനാലിന് മുകളിലൂടെ ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്ത് അഞ്ച് ഡിവിഷനുകളെ അയച്ചു. വടക്കുഭാഗത്ത്, ഏകദേശം ഒരു മണിക്കൂറോളം, 100 സിറിയന്‍ മിഗ് വിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. 600 പീരങ്കികള്‍ സിവിലിയന്‍ വീടുകളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ ഇസ്രയേല്‍ അധിനിവേശ ഗോലാനെ മുഴുവന്‍ തകര്‍ത്തു. സിറിയന്‍ പാരാട്രൂപ്പര്‍മാരുടെ ഒരു ബറ്റാലിയന്‍ ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഹെര്‍മോണ്‍ പര്‍വതത്തിന്റെ ഇസ്രായേല്‍ ഭാഗത്തേക്ക് കാലെടുത്തുവച്ചു. അവിടെയുള്ള പ്രധാനപ്പെട്ട ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) നിരീക്ഷണ പോസ്റ്റ് പിടിച്ചെടുത്തു.
യുദ്ധസമയത്ത്, ഈജിപ്ഷ്യന്‍, സിറിയന്‍ സേനകള്‍ക്കെതിരെ താരതമേന്യ സൈനിക ബലം കുറവായിരുന്ന ഇസ്രയേല്‍ അതിശക്തമായ ചെറുത്തു നില്‍പ്പ് നടത്തി. സൈന്യത്തിന്റെ ശക്തമായ പോരാട്ടത്തില്‍ ഈജിപ്ഷ്യന്‍ ആക്രമണം സ്തംഭിച്ചു. ഗോലാന്‍ കുന്നുകളില്‍, നിന്ന് സിറിയന്‍ സൈന്യത്തെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു. സിറിയന്‍ പ്രദേശത്തേക്ക് പോലും ഇസ്രയേല്‍ മുന്നേറി. സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്ത് സൈന്യം ഇരച്ചുകയറി. അതേ സമയം, ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ നിന്ന് 60 മൈല്‍ ഉള്ളിലേക്കും സൈന്യം എത്തിച്ചേര്‍ന്നു. ഈ സംഘര്‍ഷാവസ്ഥ മിഡില്‍ ഈസ്റ്റില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ബന്ധം ശീതയുദ്ധകാലത്ത് മോശമാകുന്നതിനും യോം കിപ്പൂര്‍ യുദ്ധവും പങ്കുവഹിച്ചു. യുഎസ് ഇസ്രയേലിനെ പിന്തുണച്ചപ്പോള്‍ സോവിയറ്റ് യൂണിയന്‍ അറബ് രാജ്യങ്ങളെ, പ്രാഥമികമായി ഈജിപ്ത്, സിറിയ എന്നിവയ്ക്ക് സൈനിക സഹായവും ഉപകരണങ്ങളും നല്‍കി കൂടെ നിന്നു. ഇസ്രയേല്‍ സൈന്യം ദമാസ്‌കസിലും കെയ്റോയിലും മുന്നേറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍, ലിയോനിഡ് ബ്രെഷ്നെവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയന്‍ അമേരിക്കയ്ക്ക് പരസ്യ മുന്നറിയിപ്പ് നല്‍കി. ഈ മുന്നറിയിപ്പ് സംഘട്ടനത്തില്‍ നേരിട്ടുള്ള സൂപ്പര്‍ പവര്‍ പങ്കാളിത്തത്തിന്റെ സാധ്യത നിര്‍ദ്ദേശിക്കുകയും ഒരു ആണവ ഏറ്റുമുട്ടലിന്റെ സാധ്യത ഉയര്‍ത്തുകയും ചെയ്തു. ശീതയുദ്ധകാലത്ത് പ്രാദേശിക സംഘര്‍ഷങ്ങള്‍ എങ്ങനെ ആഗോള പ്രതിസന്ധികളിലേക്ക് നയിച്ചുവെന്നതിന്റെ ഒരു ഉദാഹരണമാണ് ഒക്ടോബര്‍ യുദ്ധം.
രണ്ടര ആഴ്ചയോളം നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിന് ശേഷം, യുഎന്‍ മധ്യസ്ഥതയില്‍ രണ്ടാമത് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു. യുദ്ധം ചെയ്യുന്ന സേനകളെ വേര്‍തിരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 1974-ല്‍ ആരംഭിച്ചു. യുദ്ധകാലത്തും അതിനു ശേഷവും, ഇസ്രയേലിനുള്ള പാശ്ചാത്യ പിന്തുണയില്‍ പ്രതിഷേധിച്ച് പല അറബ് രാജ്യങ്ങളും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എണ്ണ ഉപരോധം ഏര്‍പ്പെടുത്തി. യുദ്ധത്തിലും ഇസ്രയേലിനുള്ള പിന്തുണയിലും തങ്ങളുടെ നിലപാട് മാറ്റാന്‍ ആ രാജ്യങ്ങളില്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനായാണ് അറബ് രാഷ്ട്രങ്ങള്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി പൂര്‍ണ്ണമായി നിര്‍ത്തലാകുകയോ കുറയ്ക്കുകയോ ചെയ്തത്. എണ്ണ ഉപരോധം അടുത്ത മാര്‍ച്ച് വരെ തുടര്‍ന്നു. യുദ്ധത്തിന്റെ ആഘാതം, ഇസ്രയേലിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിച്ചു. പ്രധാനമന്ത്രിയായ ഗോള്‍ഡ മെയര്‍ തന്റെ മുഴുവന്‍ കാബിനറ്റിനൊപ്പം രാജിവച്ചു. ഇസ്രയേലിന് സൈനിക മേധാവിത്വത്തില്‍ മാത്രം ആശ്രയിക്കാനാവില്ലെന്ന ബോധപൂര്‍വമായ പാഠം ഉള്‍ക്കൊണ്ട്, മെയറുടെ പിന്‍ഗാമി യിത്സാക് റാബിന്‍ ഇസ്രയേല്‍-പലസ്തീനിയന്‍ സമാധാന പ്രക്രിയ ആരംഭിച്ചു.
യോം കിപ്പൂര്‍ യുദ്ധത്തിനുശേഷം, ഈജിപ്ത്, അതിന്റെ പ്രാരംഭ വിജയത്താല്‍, ഇസ്രയേലുമായി സംസാരിക്കാന്‍ തയ്യാറായി. 1979-ല്‍ അവര്‍ ഒരു സുപ്രധാന സമാധാന ഉടമ്പടിയിലെത്തി. ഈ കരാറിന്റെ ഭാഗമായി സിനായ് പെനിന്‍സുല വിട്ടുപോകാന്‍ ഇസ്രയേല്‍ സമ്മതിച്ചു. അറബ് ലോകത്തെ പലര്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു അറബ് രാജ്യം ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നത് ഇതാദ്യമായിരുന്നു. ഈ സംഭവം 1990-കളില്‍ ഇസ്രയേലും ജോര്‍ദാനും തമ്മിലുള്ള സമാധാന ഉടമ്പടികള്‍ക്കും കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച എബ്രഹാം ഉടമ്പടി പോലുള്ള സമീപകാല നയതന്ത്ര ഇടപാടുകള്‍ക്കും വഴിയൊരുക്കി.
ലളിതമായി പറഞ്ഞാല്‍, യോം കിപ്പൂര്‍ യുദ്ധത്തില്‍ ഇസ്രയേലിന് ഇരട്ടി ഭൂമി ലഭിക്കുന്നതിലേക്ക് വഴി വച്ചു. ഇത് അറബ് രാജ്യങ്ങളുടെ സൈന്യത്തിന് വലിയ പരാജയമായിരുന്നു. ഇത് ഇസ്രയേലിന് തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വളരെ ആത്മവിശ്വാസം പകര്‍ന്നു. 1948 ല്‍ സ്ഥാപിതമായതിന് ശേഷം 25 വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ തങ്ങളുടെ അയല്‍ അറബ് രാഷ്ട്രങ്ങളുമായി മൂന്ന് യുദ്ധങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ യുദ്ധത്തിന് ശേഷം ശത്രുരാജ്യങ്ങളുമായി നയതന്ത്ര ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. യഹൂദര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ രാഷ്ട്രത്തിന്റെ വളര്‍ച്ച നോക്കി കാണാനായത് ഇതിനുശേഷമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഗോലാന്‍ കുന്നുകള്‍, അന്താരാഷ്ട്ര നിയമമനുസരിച്ച്, സിറിയയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ 1981-ല്‍ ഇസ്രയേല്‍ അതിനെ പൂര്‍ണ്ണമായും തങ്ങളുടെ പ്രദേശത്തേക്ക് ഉള്‍പ്പെടുത്തി. അക്കാലത്ത്, ഗോലാന്‍ കുന്നുകളില്‍ താമസിക്കുന്ന ഭൂരിഭാഗം ഡ്രൂസ് ജനതയ്ക്കും ഇസ്രയേല്‍ പൗരത്വം നല്‍കിയിരുന്നു. ഒക്ടോബര്‍ യുദ്ധത്തിന്റെ സ്മാരകമെന്ന നിലയില്‍ ഈ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട സിറിയന്‍ സൈനിക സൈറ്റുകളും ക്ഷേത്രങ്ങളും, കോട്ടകളും പോലുള്ള പുരാതന ചരിത്ര സ്ഥലങ്ങളും ഇന്നും അവശേഷിക്കുന്നു. കൂടാതെ ഇന്നിവിടം ജൈവ ഫാമുകളും മുന്തിരിത്തോട്ടങ്ങളും പോലുള്ള ആധുനിക സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ്. യുദ്ധത്തിന്റെ, മരണത്തിന്റെ, ഭീകരമായ ഓര്‍മ്മപെടുത്തലും അതിജീവനവും എന്ന പോലെ ചരിത്രവും കൃഷിയും ഇവിടെ സമന്വയിക്കുന്നു.
യോം കിപ്പൂര്‍ യുദ്ധത്തിന് 50 വര്‍ഷം പിന്നിടുമ്പോള്‍ ഇസ്രേയല്‍ സംഘര്‍ഷഭരിതമാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ ഓവര്‍ഹോളിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടുത്ത എതിര്പ്പ് നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ പുതിയ തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ഇസ്രയേലിനെ ഒരു ദൈവശാസ്ത്രപരമായ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ പരിശ്രമിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.