UPDATES

വീഡിയോ

നടന്നത് അപ്രതീക്ഷിത ദുരന്തം

ചരക്ക് കപ്പല്‍ തകര്‍ത്തത് അമേരിക്കന്‍ ദേശീയഗാന രചയിതാവിന്റെ
പേരിലുള്ള പാലം

                       

യുഎസിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. മാർച്ച് 26 ഇന്ന് പ്രാദേശിക സമയം പുലർച്ചെ 1.30 യോടെയായിരുന്നു അപകടം പുലർച്ചെ കണ്ടെയ്‌നർ കപ്പൽ ഇടിച്ചതിനെ തുടർന്നാണ് പാലം തകർന്നത്. നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിച്ചു. നദിയിൽ വീണെന്ന് കരുതുന്ന 20 ലധികം പേർക്കായി തെരച്ചിൽ നടത്തുകയാണ് ബാൾട്ടിമോർ അഗ്നിശമന വിഭാഗം അറിയിച്ചു. 2.6 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ ഭൂരിഭാഗവും പടാപ്‌സ്‌കോ നദിയിൽ പതിച്ചു. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിക്കുകയും വെള്ളത്തിൽ വലിയ അളവിൽ ഡീസൽ കലരുകയും ചെയ്തതായി റിപോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത ഒരു ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും. ദുരിതബാധിതരായ കുടുംബങ്ങളെക്കുറിച്ച് താൻ അതീവ ദുഖിതനാണെന്നും ബാൾട്ടിമോർ മേയർ ബ്രാൻഡൻ സ്കോട്ട് പറഞ്ഞു. കൂടാതെ രക്ഷാപ്രവർത്തനത്തിന് പങ്കാളികളായവർക്ക് നന്ദിയും രേഖപ്പെടുത്തി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, ദുരന്തത്തിൽ ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി സഹായം സർക്കാരിന്റെ ഭാഗത്ത് നിന്ന് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നദിയിൽ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്‌മെൻ്റ് ചീഫ് ജെയിംസ് വാലസ് പറഞ്ഞു. ഇതിൽ ഒരാൾക്ക് പരിക്കില്ലെന്നും മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് എന്നും ജെയിംസ് വാലസ് വ്യക്തമാക്കി.

948 അടിയുള്ള (290 മീറ്റർ) സിംഗപ്പൂരിൻ്റെ ചരക്ക് കപ്പലായ ഡാലിയാണ് പാലത്തിൽ ഇടിച്ചത്. പുലർച്ചെ 1 മണിക്ക് ബാൾട്ടിമോറിൽ നിന്ന് പുറപ്പെട്ട ഡാലി ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലേക്ക് പോകുകയായിരുന്നുവെന്ന് സമുദ്ര ഡാറ്റാ പ്ലാറ്റ്‌ഫോമായ മറൈൻ ട്രാഫിക് അറിയിച്ചു. എഫ്ബിഐയും ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എടിഎഫ്) ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പ്രാദേശിക അധികാരികളെ സഹായിക്കാൻ രംഗത്തുണ്ട്.

പാലത്തിൻ്റെ തൂണുകളിലൊന്നിൽ കപ്പൽ കൂട്ടിയിടിച്ചതായി ഡാലിയുടെ മാനേജറായ സിനർജി മറൈൻ ഗ്രൂപ്പ് സ്ഥിരീകരിച്ചു. രണ്ട് പൈലറ്റുമാരുൾപ്പെടെ എല്ലാ ക്രൂ അംഗങ്ങൾക്കും പരിക്കുകളൊന്നുമില്ലെന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിനർജി മറൈൻ ഗ്രൂപ്പ് പറഞ്ഞു. കൂട്ടിയിടിയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിനർജി മറൈൻ ഗ്രൂപ്പ് തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഊർജിതമായ രക്ഷാപ്രവർത്തനം നടക്കുന്നതായി ബാൾട്ടിമോർ മേയർ ബ്രാൻഡൺ സ്കൂട്ട്, ബാൾട്ടിമോർ കൗണ്ടി എക്സിക്യൂട്ടീവ് ജോണി ഒൽസെവ്സ്കി എന്നിവർ അറിയിച്ചു. അപകടത്തിൽപെട്ടവർക്കായി പ്രാർഥിക്കാൻ ജോണി ഒൽസെവ്സ്കി ‌എക്സിലൂടെ അഭ്യർഥിക്കുകയും ചെയ്തു.

1977-ൽ നിർമ്മിച്ച ഫ്രാൻസിസ് സ്കോട്ട് കീ പാലം, ബാൾട്ടിമോർ തുറമുഖത്തോടൊപ്പം യുഎസിൻ്റെ കിഴക്കൻ തീരത്തെ ഷിപ്പിംഗിൻ്റെ കേന്ദ്രമായ ഒരു സുപ്രധാന ധമനിയായ പറ്റാപ്‌സ്‌കോ നദിക്ക് കുറുകെയാണ്. അമേരിക്കൻ ദേശീയ ഗാനമായ ദി സ്റ്റാർ-സ്‌പാൻഗിൾഡ് ബാനറിൻ്റെ രചയിതാവിൻ്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പറ്റാപ്‌സ്‌കോ നദിക്കു കുറുകെ 1.6 മൈൽ ദൂരത്തിലുള്ള നാലുവരി പാലത്തിന് 47 വർഷത്തെ പഴക്കമുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍