UPDATES

വാളകത്ത് നടന്നത് ആള്‍ക്കൂട്ട കൊലയോ?

അരുണാചല്‍ സ്വദേശി അശോക് ദാസിന്റെ മരണം അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍

                       

അശോക് ദാസ് എന്ന അരുണാചല്‍ പ്രദേശുകാരന്‍ വാളകം കവലക്ക് സമീപം ആള്‍കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേരള മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ഈ സംഭവം മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളെയും വംശീയബോധത്തെയും പ്രതിയാക്കി വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. യഥാര്‍ത്ഥത്തില്‍ അശോക് ദാസിന്റേത് ഒരു ആള്‍കൂട്ട കൊലപാതകമായിരുന്നോ? ജീവിത മാര്‍ഗം തേടിയെത്തിയൊരു 26 കാരന്‍ ആള്‍ക്കൂട്ട വിചാരണയുടെ ഇരയായതാണോ? അശോക് ദാസിന്റെ മരണത്തിനു പിന്നില്‍ ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുകയാണ്.

അശോക് ദാസിന്റെ മരണത്തില്‍ വാളകം നിവാസികള്‍ ഒന്നടങ്കം കുറ്റാരോപിതരാകുമ്പോള്‍, ആ നാട്ടുകാര്‍ക്ക് പറയാനുള്ളതെന്തൊക്കെയാണെന്ന് അന്വേഷിക്കുകയാണ് അഴിമുഖം.

തീര്‍ത്തും സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലമാണ് മൂവാറ്റുപുഴയിലെ വാളകം എന്ന ഗ്രാമം. ബസ് ഇറങ്ങുന്നത് വലിയ തിരക്കുകള്‍ ഒന്നും തന്നെ ഇല്ലാത്ത കവലയിലാണ്. അശോക് ദാസ് എന്ന ചെറുപ്പക്കാരന്റെ മരണം നടക്കുന്നതും ഇതേ കവലക്കയ്ക്ക് സമീപമാണ്. വെയിലിന്റെ ചൂടും കുന്നിന്‍മുകളില്‍ നിന്നുവരുന്ന ചെറു കാറ്റും തഴുകി കടന്നു പോകുന്നുണ്ടെങ്കിലും, ചുറ്റും തളം കെട്ടിനില്‍ക്കുന്ന കനത്ത നിശബ്ദതയില്‍ ആ നാടിനെ മൂടിയിരിക്കുന്ന അസ്വസ്ഥത പ്രതിഫലിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഗ്രാമം ഇങ്ങനെ അല്ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ നാല് വ്യഴാഴ്ച രാത്രി ഒന്‍പത് മണിവരെ. ഇന്നുപക്ഷെ അവസ്ഥ മറിച്ചാണ്. പല വീടുകളും പൂട്ടി കിടക്കുകയാണ്. മറ്റുള്ള വീടുകള്‍ക്കുള്ളില്‍ കലുഷിതമായ മനസ്സില്‍ ഇനിയെന്ത് എന്ന ചോദ്യവും പേറി നില്‍ക്കുന്നവര്‍.

അശോക് ദാസിന്റെ മരണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പടെ 10 പേരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ആറ് പേരെ സംഭവസ്ഥലത്തു നിന്നു തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതോടെ പോലീസ് മറ്റ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

വനിത സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് അശോക് ദാസിനെ നാട്ടുകാര്‍ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതുമെന്നാണ് പുറത്തു വന്ന വിവരം. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് എന്താണ് പറയാനുള്ളത്?

ഈ നാട്ടില്‍ ആദ്യമായി ഇങ്ങനെയൊക്കെ സംഭവിച്ചതിന്റെ മരവിപ്പിലാണ് നാട്ടുകാര്‍. മാധ്യമങ്ങളോട് സംസാരിക്കാന്‍ പലരും താത്പര്യപ്പെടുന്നില്ല. കസ്റ്റഡിയിലുള്ളവരുടെ വീട്ടുകാര്‍ രോഷത്തിലാണ്. ആരോടും ഒന്നും പറയാനില്ലെന്ന കടുംപിടുത്തത്തിലാണവര്‍. സംസാരിക്കാന്‍ തയ്യാറായവര്‍ക്ക് തങ്ങളുടെ പേരടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും ഉള്‍പ്പെടുത്തരുതെന്ന നിബന്ധനയുണ്ട്. എല്ലാവരിലും ഭയമാണ്.

അശോക് ദാസ് കാണാന്‍ എത്തിയ പെണ്‍കുട്ടികള്‍ താമസിക്കുന്ന വാടക വീടിന് സമീപത്തുള്ള ചിലര്‍ പ്രതികരിക്കാന്‍ തയ്യാറായി.

‘വ്യാഴാച്ച രാത്രി എട്ടര ഒന്‍പത് മണിയായിക്കാണും. ഞങ്ങള്‍ കിടന്നിട്ടുണ്ടായിരുന്നില്ല. പുറത്തെ ബഹളം കേട്ടാണ് ഞാന്‍ കതക് തുറന്ന് നോക്കുന്നത്. ആദ്യം എന്താണ് നടക്കുന്നത് എന്നൊന്നും മനസിലായില്ല. അയാളെ(അശോക് ദാസ്) തല്ലാനൊന്നും ആരും ശ്രമിക്കുന്നത് ഞാന്‍ കണ്ടില്ല. രാത്രി ഒരു പാട് സമയം ഒന്നുമായിട്ടുണ്ടായിരുന്നില്ല. ജംഗ്ഷനില്‍ ഹോട്ടല്‍ ഉള്ളത് കൊണ്ട് അവിടെ ആളും തിരക്കും ഉണ്ടാകുമെന്നല്ലാതെ ഇവിടെ അങ്ങനെ ആ സമയത്ത് ആരും പുറത്തൊന്നും ഇറങ്ങാറില്ല. ആ കുട്ടികള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഒരു പെണ്‍കുട്ടി പഠിക്കാന്‍ പോകുന്നതാണ്. മറ്റേ പെണ്‍കുട്ടി സഹായത്തിന് കൂടെ നില്‍ക്കുന്നതാണ്. അവരുമായി ഒന്നോ രണ്ടോ തവണ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ഒരു കുട്ടി രാവിലെ പഠിക്കാന്‍ പോകും, വൈകുന്നേരം വരും. ഈ ചുറ്റുവട്ടങ്ങളില്‍ എല്ലാം തന്നെ രാവിലെജോലിക്ക് പോകുന്നവരാണ് കൂടുതല്‍.

താഴത്തെ വീട്ടിലെ ചേട്ടന് ആകെ ഒരു മകന്‍ മാത്രമേയുള്ളൂ(23 കാരനായ അതുല്‍ കൃഷ്ണ). ആ കുട്ടിയേയും പോലീസ് പിടിച്ചുകൊണ്ട് പോയി. അതുലിന്റെ വീടിനു മുന്‍പിലാണ് അയാളെ കെട്ടി ഇട്ടിരുന്നത്. അതുല്‍ സ്വന്തം വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു. ഇവിടുള്ള എല്ലാവരെയും കൊണ്ട് പോയി. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു എന്ന് മാത്രമേ ഞങ്ങള്‍ക്കറിയൂ. കൊണ്ട് പോയവരെ എല്ലാം ഞാന്‍ എന്റെ കല്യാണം കഴിഞ്ഞു വന്ന സമയം മുതല്‍ കാണുന്നവരാണ്. എന്താവശ്യത്തിന് വിളിച്ചാലും ഓടിയെത്തുകയും ചെയ്യുന്ന കുട്ടികളാണ് എല്ലാവരും. ഇവിടുള്ള വീടുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്, ഓരോ വീടുകള്‍ക്കും അകെ ആശ്രയമായിരുന്നവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ യുവതികള്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയ വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇതെല്ലാം ചെയ്തത് എന്നൊന്നും ഞങ്ങള്‍ക്കറിഞ്ഞൂടാ. ഇവിടെ താമസിക്കുന്നവര്‍ക്കേ ഇതിന്റെ ബുദ്ധിമുട്ട് അറിയൂ. ഒരു കുടുംബം പോലെ കഴിഞ്ഞവരാണ് എല്ലാവരും. പോലീസ് അറസ്റ്റ് ചെയ്ത ഒരാള്‍ പോലും ഇന്നേവരെ ഒരു പ്രശ്ങ്ങളും ഉണ്ടാക്കാത്തവരാണ്, മോശപ്പെട്ട ഒരു വാക്ക് പോലും ഇന്നേവരെ ഞങ്ങളില്‍ ആരോടും അവര്‍ പറഞ്ഞിട്ടില്ല’; യുവതികള്‍ താമസിക്കുന്ന വീടിന് സമീപമുള്ള സ്ത്രീയുടെ വാക്കുകള്‍.

അശോക് ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് വാളകം സ്വദേശികളായ വിജീഷ്, അനീഷ്, സത്യന്‍, സൂരജ്, കേശവ്, ഏലിയാസ് കെ. പോള്‍, അമല്‍, അതുല്‍ കൃഷ്ണ, എമില്‍, സനല്‍ എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഏപ്രില്‍ ആറിന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വാളകം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ മുന്‍ പാചക്കാരനായിരുന്നു അശോക് ദാസ്. ഇയാള്‍ ഒരു മാസത്തില്‍ താഴെ മാത്രമാണ് ഹോട്ടലില്‍ ജോലി ചെയ്തത്. ജോലിയിലെ അനാസ്ഥമൂലം പറഞ്ഞു വിടുകയായിരുന്നു എന്നാണ് ഹോട്ടല്‍ ഉടമ അഴിമുഖത്തോട് പറഞ്ഞത്.

‘വെറും മൂന്നാഴ്ച്ച മാത്രമാണ് അശോക് ദാസ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. പെരുമ്പാവൂരുള്ള ഒരു ഏജന്‍സി മുഖേനയാണ് അശോക് ദാസ് ഇവിടെ ജോലിക്കെത്തുന്നത്. ജോലിയില്‍ യാതൊരു ശ്രദ്ധയുമില്ലാതെയാണ് അശോക് ദാസിനെ കാണാറുള്ളത്. മിക്കവാറും സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരിക്കും. പലപ്പോഴും ഓര്‍ഡറുമായി ചെല്ലുമ്പോള്‍ അശോക് ദാസിനെ അടുക്കളയില്‍ കാണാന്‍ സാധിക്കാറില്ല. ഒരു തരത്തിലും യോജിച്ചു പോകാന്‍ കഴിയില്ല എന്ന് മനസിലായപ്പോഴാണ് ഏജന്‍സി വഴി തന്നെ അശോക് ദാസിനെ ജോലിയില്‍ നിന്ന് പറഞു വിട്ടത്. പിന്നീട് ഒരു മാസമായി മൂവാറ്റുപുഴയിലെ ഒരു ബാറിലായിരുന്നു ജോലിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ശനിയാഴ്ചയും ഞായറാഴ്ചയും അല്‍പ്പം തിരക്കുള്ള ദിവസമായതിനാല്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതികളില്‍ സഹായത്തിന് നില്‍ക്കുന്ന പൊന്നൂസ് എന്ന പെണ്‍കുട്ടി വരാറുണ്ട്. പക്ഷെ അശോക് ദാസും ആ പെണ്‍കുട്ടിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതെയി അറിയില്ല’; ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍.

‘അശോക് ദാസ് എന്ന വ്യക്തിയെ ഞങ്ങള്‍ക്ക് ആര്‍ക്കും പരിചയമില്ല. അന്നാദ്യമായാണ് ഞാന്‍ അയാളെ കാണുന്നത്. അയാള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ ബഹളം വച്ചപ്പോഴാണ് പരിസരവാസികള്‍ എല്ലാവരും കൂടെ ചെന്ന് ചോദിച്ചത്. അയാള്‍ താഴേക്ക് വരുമ്പോഴേ കയ്യൊക്കെ മുറിഞ്ഞിട്ടുണ്ടായിരുന്നു. എന്റെ അറിവില്‍ പോലീസ് പിടിച്ചു കൊണ്ടുപോയവരോ നാട്ടുകാരില്‍ ആരെങ്കിലുമോ അയാളെ മര്‍ദിച്ചിട്ടില്ല. ഇവിടെ താമസിക്കുന്നവരല്ലാതെ ഏഴ് മണി കഴിഞ്ഞാല്‍ അധികം ആളുകളൊന്നും ഈ പ്രദേശത്ത് ഉണ്ടാകില്ല. കൂടാതെ, കടകളെല്ലാം നേരത്തെ തന്നെ അടക്കുകയും ചെയ്യും’ അഴിമുഖവുമായി സംസാരിച്ച മറ്റൊരു നാട്ടുകാരന്‍ പറയുന്ന കാര്യങ്ങളാണ്.

‘പ്രതികളെന്ന് സംശയിക്കുന്നവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പക്ഷെ ആരെല്ലാം അശോക് ദാസിനെ മര്‍ദ്ദിച്ചിട്ടുണ്ട് എന്നതില്‍ വ്യക്തത വന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തതയുമില്ല. വാളകത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പെണ്‍കുട്ടികളില്‍ ഹോട്ടലില്‍ ജോലിചെയ്തിരുന്ന കുട്ടിയെ കാണാന്‍ എത്തിയതാണ് അശോക് ദാസ് എന്ന് എല്ലാവരും പറയുന്നുണ്ട്. അശോക് ദാസ് അവിടെ ഉച്ചക്ക് ചെന്നുവെന്നും മദ്യപിക്കുകയും രാത്രിയില്‍ വീണ്ടുമെത്തി പെണ്‍കുട്ടികളുമായി വഴക്കുണ്ടാക്കി എന്നും കൂട്ടത്തില്‍ പറയുന്നുണ്ട്. വീടിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. ബഹളം കേട്ടാണ് പരിസരവാസികള്‍ ചെല്ലുന്നത്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തന്നെ അശോക് ദാസിന്റെ കൈ മുറിഞ്ഞിരുന്നു. ഇത് വരെ ആരും സംഭവത്തിന് സാക്ഷി പറഞ്ഞിട്ടില്ല. കാര്യങ്ങള്‍ക്ക് ഇനിയും ഒരു വ്യക്തത വന്നിട്ടില്ല, കൃത്യമായ വിശദാംശങ്ങള്‍ ലഭിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ഔദ്യോഗികമായി കൂടുതല്‍ ഒന്നും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആരും കൃത്യമായ ഒരു ചിത്രം നല്‍കാത്തതും മറ്റൊരു ഭാഗം പറയാത്തതും, ഒരു പക്ഷെ അശോക് ദാസ് ഒരു അതിഥി തൊഴിലാളി ആയതു കൊണ്ടാണോ എന്നറിയില്ല’ വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന് പറയാനുള്ള കാര്യങ്ങളിവയാണ്.

റിമാന്‍ഡില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നുവെന്നും അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും ബിനോ കെ ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

അശോക് ദാസിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതല്ലെന്നാണ് പരിസരവാസികള്‍ ഒന്നടങ്കം പറയുന്നത്. മുറിവേറ്റ കൈയുമായി കണ്ടത് ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. അപ്പോഴാണ് പിടികൂടി കെട്ടിയിട്ട ശേഷം പൊലീസില്‍ അറിയിക്കുന്നത്. കെട്ടിയിട്ടശേഷം മര്‍ദ്ദിച്ചിട്ടില്ലെന്നും അതിനു മുന്‍പ് മര്‍ദ്ദനമേറ്റിരുന്നോെന്ന കാര്യം അറിയില്ലെന്നുമാണ് പരിസരവാസികള്‍ ആണയിട്ടു പറയുന്നത്.

കാര്യങ്ങളില്‍ ഒരു വ്യക്തതക്കുറവ് ഇപ്പോഴും അവശേഷിക്കുന്നുണ്ട്, യുവതികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ തന്റെ കൂടെ വന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് സംഭവം നടന്ന ബഥനിപ്പടി വാര്‍ഡിലെ മെമ്പറായ അനീഷ് പറയുന്നത്.

‘അശോക് ദാസിനെ പോലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഞാന്‍ സംഭവ സ്ഥലത്ത് എത്തുന്നത്. അവിടം സന്ദര്‍ശിച്ച സമയത്ത് എന്റെ കൂടെയുണ്ടായിരുന്നവരാണ് ഏലിയാസ് കെ. പോളും, വിജീഷും, സനലും. അവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു മുന്‍പ് അവര്‍ അവിടെ ചെന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞങ്ങള്‍ നാലുപേരും വാടകയ്ക്ക് താമസിക്കുന്ന യുവതികളോട് സംസാരിക്കാന്‍ ഒന്നിച്ച് രാത്രി 10 .30 ക്ക് ശേഷമാണ് അവിടെ ചെല്ലുന്നത്. സംഭവ സ്ഥലത്തേക്ക് എന്നെ വിളിച്ച് വരുത്തുന്നത് സനലും, വിജീഷും ചേര്‍ന്നാണ്. അന്വേഷിച്ചപ്പോള്‍ വ്യക്തമായ വസ്തുത എന്തെന്നാല്‍, നാട്ടുകാരെത്തിയപ്പോള്‍ അശോക് ദാസ് ഓടുകയും വാടക വീടിനു പുറകു വശത്തുള്ള 12 അടിയോളം വരുന്ന മതില്‍ കെട്ടില്‍ നിന്ന് താഴെ വീണെന്നുമാണ്. വീണിടത്ത് നിന്ന് അശോക് ദാസ് വീണ്ടും എണീറ്റ് ഓടാന്‍ ശ്രമിച്ചപ്പോഴാണ് സമീപത്തുള്ള ഇരുമ്പ് തൂണില്‍ അയാളെ കെട്ടിയിട്ടത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. വീണതിന് ശേഷം അശോക് ദാസിന്റെ പെരുമാറ്റം സ്വബോധത്തോടെ അല്ലെന്നായിരുന്നു ദൃക്സാക്ഷികള്‍ പറഞ്ഞത്. വഴി അറിയാതെയാണ് അശോക് ദാസ് ഓടിയത്. ഉയരമുള്ള മതില്‍കെട്ട് അവിടെയുള്ള കാര്യം പ്രദേശവാസികള്‍ക്ക് മാത്രമേ അറിയുകയുള്ളൂ’ വാര്‍ഡ് മെമ്പര്‍ അനീഷ് അഴിമുഖത്തോടു പറയുന്നു.

‘നിലവില്‍ കസ്റ്റഡിയില്‍ എടുത്ത എല്ലാവരും കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് പറയുന്നത്. വീടിനുള്ളില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ യുവതികള്‍ താമസിച്ച വീടിനുള്ളിലെ അലമാര ഇടിച്ച് ചളുങ്ങിയ നിലയിലാണ് ഉണ്ടായിരുന്നത്, കൂടാതെ ഗ്ലാസ് പൊട്ടിയതായും കണ്ടിരുന്നു. ഈ ഗ്ലാസ് പൊട്ടിയപ്പോഴാകണം അശോക് ദാസിന്റെ കൈമുറിഞ്ഞിട്ടുണ്ടാവുക. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന വിജീഷ് ഹിന്ദു ഐക്യവേദിയുടെ ഏരിയ സെക്രട്ടറിയാണ്. അദ്ദേഹം ഒരിക്കലും ഇത്തരം ഒരു പ്രവര്‍ത്തിക്ക് മുതിരില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ ഒരു സിപിഎമ്മുകാരനാണ്. എന്നിട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് അയാളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുള്ളത് കൊണ്ടാണ്’; എന്നും അനീഷ് പറയുന്നു.

റാപ്പ് സംഗീതം അവതരിപ്പിക്കുന്ന ഒരു യുട്യൂബ് ചാനല്‍ അശോക് ദാസിനുണ്ടായിരുന്നു. ‘എം.സി മുന്നു’ എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്. മര്‍ദ്ദനത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും ഏറ്റ പരിക്കുമൂലം രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് നടപടികളെ ചൊല്ലി നാട്ടുകാരെല്ലാം വലിയ പ്രതിഷേധത്തിലാണ്. കേസുമായി ബന്ധപ്പെട്ട അഴിമുഖം പോലീസ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ പ്രതികരിക്കാന്‍ സാധ്യമല്ലെന്നാണ് പറഞ്ഞത്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍