March 20, 2025 |
Share on

(ആള്‍)ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഗാന്ധി

ഇന്ത്യയില്‍ മൊത്തത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന മൂല്യമുള്ള ഒന്നാണ് ആത്മീയത

അരി വാങ്ങുവാന്‍ ക്യൂവില്‍-
ത്തിക്കിനില്‍ക്കുന്നു ഗാന്ധി;
അരികേ കൂറ്റന്‍ കാറി-
ലേറി നീങ്ങുന്നൂ ഗോഡ്‌സേ…

എന്‍. വി കൃഷ്ണ വാര്യരുടെ ഗാന്ധിയും ഗോഡ്‌സെയും എന്ന കവിതയുടെ ആദ്യ വരികള്‍ ഓര്‍മിപ്പിച്ചത് ഗാന്ധി ജയന്തി ദിനത്തിലിറങ്ങിയ പ്രമുഖ പത്രമായിരുന്നു. ഗാന്ധി ചുരുങ്ങി ചുരുങ്ങി തീര്‍ന്നുകൊണ്ടിരിക്കുന്നൊരു രാജ്യത്ത്, മറിച്ച് എന്തൊക്കെയാണ്, ആരൊക്കെയാണ് വലുതാകുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇങ്ങനെയും പുറത്തു വരാം.

ഗാന്ധിയെ നമുക്കൊരു മൂലയിലേക്ക് മാറ്റി വയ്ക്കാം. എന്നിട്ട് ആള്‍ ദൈവങ്ങളുടെ സങ്കീര്‍ത്തനങ്ങള്‍ പാടാം.

‘ഒരു സാധാരണ വീട്ടമ്മ… ഒരുപാട് കഷ്ടപ്പെട്ടു, യാതന അനുഭവിച്ചു. പതിമൂന്നു വര്‍ഷം ആയുര്‍വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതു കഴിഞ്ഞ് പത്മനാഭ സ്വാമി ക്ഷേത്ര നടയില്‍ ചോറുകൊണ്ടുപോയി വിറ്റിട്ടുണ്ട്, ഹോട്ടലില്‍ പാത്രം കഴുകാന്‍ വരെ പോയിട്ടുണ്ട്….’ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതി വിജയിച്ച ഒരു സ്ത്രീ മുഖം നിങ്ങളുടെ മനസിലേക്ക് വന്നു കാണില്ലേ! എന്നാല്‍ തെറ്റി, ഈ വിതുമ്പല്‍ നവോഥാന കേരളത്തിലെ പുതിയ ആള്‍ദൈവത്തിന്റെതായിരുന്നു. ഔദ്യോഗികനാമം; ചിത്രാനന്ദമയി അമ്മ, ആസ്ഥാനം വട്ടിയൂര്‍ക്കാവ്…(2021 ഡിസംബര്‍ മാസത്തില്‍ വൈറലായ ‘ അമ്മ’യുടെ അഭിമുഖ വീഡിയോ ഓര്‍മയിലെത്തിയെന്ന് കരുതുന്നു)

കരമനയിലും പാപ്പനംകോടുമൊക്കെ ഇരുന്നിട്ടും ‘സിദ്ധി’ കൊണ്ട് മെച്ചമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വട്ടിയൂര്‍കാവിലേക്ക് ചിത്രാനന്ദമയി അമ്മ തന്റെ ‘ചിത്രാനന്ദമയി ഫൗണ്ടേഷന്‍’ മാറ്റി സ്ഥാപിച്ചത്. ഫൗണ്ടേഷന്റെ പരസ്യബോര്‍ഡ് ആരോ മൊബൈലില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സാക്ഷര കേരളത്തിനു മുന്നില്‍ ‘അമ്മ’ വിസിബിള്‍ ആയത്. അതോടെ ഒരു വിഭാഗം ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെയായി ചിത്രാനന്ദമയിക്കെതിരേ ഇറങ്ങി. മറ്റൊരു കൂട്ടര്‍ പുതിയ രക്ഷാസങ്കേതം ഉണ്ടായതറിഞ്ഞ് ‘ അമ്മയെ’ തേടിയും. പുതിയ ‘സ്റ്റാര്‍ട്ട് അപ്പ്'(ട്രോളന്മാരുടെ ഭാഷയില്‍) പച്ചപിടിക്കുന്നുവെന്ന് മനസിലാക്കിയാവണം, തനിക്കെതിരേയുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിശദീകരണം കൊടുക്കണം എന്നു തീരുമാനിച്ച്, തന്നെ തേടി വന്ന ഒരു മാധ്യമസംഘത്തിനു മുന്നില്‍ ചിത്രാനന്ദമയി വികാരാധീതയായി തന്റെ ‘പരാമാര്‍ത്ഥങ്ങള്‍’ വെളിപ്പെടുത്തി. എതായാലും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ചിത്രാനന്ദമയി അമ്മയ്ക്കും അവരുടെ ഫൗണ്ടേഷനും അത്യാവശ്യം മൈലേജ് കിട്ടി. ‘ അമ്മ’ യിപ്പോള്‍ നല്ല നിലയിലായി കാണുമെന്ന് വിശ്വസിക്കുന്നു.

ന്യുമോണിയ ബാധിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ ഉസ്താദിന്റെ മന്ത്രവാദം തേടിപ്പോകുന്ന, സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ സ്വാമി ജപിച്ച ഭസ്മം കഴിക്കുന്ന, ബ്ലീഡിംഗ് നില്‍ക്കാന്‍ കൃപാസനത്തിലെ ഉടമ്പടിയെടുക്കുന്ന മലയാളിയുടെ ഇടയില്‍ എത്രയെത്ര ‘ അമ്മമാര്‍’ വന്നാലും പച്ചപിടിക്കുമെന്ന് ഉറപ്പ്. സാക്ഷരതയിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലുമൊക്കെ മുമ്പില്‍ നില്‍ക്കുന്നവരെങ്കിലും അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വീണു കിടക്കുന്ന ജനസമൂഹം കൂടിയാണ് മലയാളി. പോരാത്തതിന് ഇത്തരം അവതാരങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും കൊടുക്കാന്‍ ഇവിടെ മാധ്യമങ്ങളുമുണ്ട്; പണം കൊടുത്താല്‍ മതി.

മന്ത്രവാദം ഉള്‍പ്പെടെയുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാനുള്ള നിയമം കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ എഴുതിയുണ്ടാക്കിയിട്ട് വര്‍ഷം കുറച്ചായെങ്കിലും, പേടിച്ചിട്ട് പാസാക്കാതെ വച്ചിരിക്കുകയാണ് നമ്മുടെ നിയമനിര്‍മാണക്കാര്‍. ആരെ പേടിച്ചിട്ടാണെന്നു ചോദിച്ചാല്‍, സ്വന്തം നിലനില്‍പ്പ് അപകടത്തിലാക്കുന്ന എല്ലാത്തിനെയും അവര്‍ക്ക് പേടിയാണ്.

വിശ്വാസത്തിന്റെ പേരില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്. ആള്‍ദൈവങ്ങളെയും അവര്‍ ചെയ്യുന്ന അത്ഭുതങ്ങളും തേടിപ്പോവുകയാണ് ജനങ്ങള്‍. മനുഷ്യാധീതമായ ശക്തികള്‍ ഇവിടെയുണ്ടെന്നു പറഞ്ഞു പറ്റിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അത്തരം ചതിക്കുഴികളില്‍ വീണുപോകുന്നവരുടെ എണ്ണവും അത്ഭുതപ്പെടുത്തുന്നതാണ്. സാക്ഷരതയുള്ളൊരു സമൂഹം തന്നെയാണ് യുക്തിഭദ്രതയില്ലാതെ പെരുമാറുന്നതും എന്നിടത്താണ് അത്ഭുതം. അവര്‍ മാജിക്ക് റെമിഡികള്‍ക്കും അതീന്ദ്രശക്തികളുടെ അനുഗ്രഹങ്ങള്‍ക്കും വേണ്ടി പരക്കം പായുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന അപകടം വലുതാണ്. ആത്മീയ വ്യാപാരം തഴച്ചു വളര്‍ന്നാല്‍ അതിന്റെ അപകടം വളരെ വലുതാണെന്നതിന് ഒത്തിരി ഉദ്ദാഹരണങ്ങളുണ്ട്. ഭരണകൂടത്തെ വരെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന അതിശക്തരായ ആള്‍ദൈവങ്ങള്‍ ഇന്നത്തെ ഇന്ത്യയിലുണ്ടെന്നും നമുക്കറിയാം. അവരുടെ കൂട്ടത്തിലേക്ക് കൂടുതല്‍ കൂടുതല്‍ പേര്‍ കടന്നു വരുന്നുണ്ട്.

കേരളത്തിലല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന മൂല്യമുള്ള ഒന്നാണ് ആത്മീയത. ആത്മീയതയുടെ ഓഹരി ഇടിയാറില്ല. നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിക്കില്ല. അദ്ധ്വാനവും ചെലവും വളരെ കുറവ്. കസ്റ്റമേഴ്‌സ് സാറ്റിസ്ഫാക്ഷനെ കുറിച്ച് തിരക്കേണ്ടതില്ല, എന്തിനേറെ, ഒരു കംപ്ലയെന്റ് ബോക്‌സ് പോലും വയ്‌ക്കേണ്ടതില്ല. ഇതുപോലൊരു വ്യാപാരം വേറെന്തുണ്ട്! ആത്മീയ വ്യവസായത്തിന്റെ മറ്റൊരു ഗുണവശം; സംരംഭകന് കിട്ടുന്ന പരിരക്ഷയാണ്. ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയക്കാര്‍, നിയമപാലക സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കൈയയച്ച് സംരക്ഷണവും സഹായവും കിട്ടും. അതിനെല്ലാം അപ്പുറം, ഏത് മതത്തിലാണോ സംരംഭം രജിസ്റ്റര്‍ ചെയ്യുന്നത്, ആ മതവിഭാഗം സംരംഭകനു മുന്നില്‍ തലച്ചോര്‍ പണയം വയ്ക്കും. സംരംഭകന്റെ പൂര്‍വ്വാശ്രമം എന്തു തന്നെയായാലും പരിരക്ഷാ സംഘത്തിനത് പ്രശ്‌നമാകില്ല. നിര്‍ഭാഗ്യവശാല്‍ സംരംഭകന്‍ നിയമത്തിനു മുന്നില്‍ പിടിക്കപ്പെട്ടാല്‍(അങ്ങനെ പിടിക്കപ്പെടുന്നവര്‍ തുലോം കുറവായിരിക്കും), തങ്ങളാല്‍ കഴിയുംവരെ പ്രതിരോധകവചമായി നില്‍ക്കുകയും ചെയ്യും.

സ്വാമി അമൃത ചൈതന്യയെ ഓര്‍മയില്ലേ! സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ. ഗള്‍ഫ് മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്തത് മുതല്‍ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ വരെ പ്രതിയായിരുന്ന അയാള്‍ക്ക് വലിയൊരു ഭക്തസംഘമുണ്ടായിരുന്നു ഈ കേരളത്തില്‍. 2004 മുതല്‍ ഇന്റര്‍പോള്‍ തേടുന്ന പ്രതിയായിരുന്നു സന്തോഷ് മാധവന്‍. അപ്പോഴും അയാളുടെ ആശ്രമം തേടി പോകാന്‍ മലയാളി തിരക്ക് കൂട്ടുകയായിരുന്നു. അശ്ലീല വീഡിയോകളുടെ ചിത്രീകരണം മുതല്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡനത്തിന് വിധേയനാക്കുകയും ചെയ്ത സന്തോഷ് മാധവനെ 2008 മെയ് 18-ന് കൊച്ചിയില്‍ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ചൂഷണത്തിന് 2009 മെയ് 29-ന് കോടതി 16 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുന്നതുവരെ സന്തോഷ് മാധവനെന്ന ആള്‍ ദൈവം എത്രയോ മനുഷ്യരെയാണ് വിഡ്ഡികളാക്കിയത്. ബാബാ റാം റഹീം ഗുര്‍മിത് സിംഗ് എന്ന ആള്‍ദൈവത്തെയും ആരും മറന്നു കാണില്ലായിരിക്കും. ദേര സച്ച സൗധ എന്ന പ്രസ്ഥാനം ഉണ്ടാക്കി കോടികളുടെ സുഖസൗകര്യത്തില്‍ വാണ സര്‍വ്വമത സംരംഭകന്‍. കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ തുടങ്ങി ഒട്ടേറെ ക്രൂരതകള്‍ ചെയ്ത കൊടും ക്രിമിനല്‍, ഒടുവില്‍ അയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ഉത്തരേന്ത്യയില്‍ കലാപ തീ പടര്‍ത്തി അയാളുടെ ഭക്തര്‍. കേരളത്തിലുമുണ്ട്, നാട് കത്തിക്കാന്‍ തക്ക ശക്തിയുള്ള ആള്‍ദൈവങ്ങള്‍. അതു പേടിച്ചിട്ടാകും, ദുര്‍മരണങ്ങളും, പീഡനങ്ങളും കയ്യേറ്റങ്ങളുമടക്കം പല ആരോപണങ്ങള്‍ നേരിട്ടവരും സര്‍വ്വതന്ത്രസ്വതന്ത്രരായി തങ്ങളുടെ ബിസിനസുമായി മുന്നോട്ടു പോകുമ്പോള്‍ ഭരണകൂടം മൗനമായിരിക്കുന്നത്.

ഈ ബിസിനസിലെ കസ്റ്റമേഴ്‌സിനെ കുറിച്ച് പറയുകയാണെങ്കില്‍, മണി ചെയിന്‍ തട്ടിപ്പില്‍ വീണുപോകുന്നവരെ പോലെയാണവര്‍. വചനപ്രഘോഷണം കേള്‍ക്കാനും രോഗശാന്തി ശുശ്രൂഷ കൂടാനും പോയി നിങ്ങള്‍ ഏതു രീതിയില്‍ വഞ്ചിക്കപ്പെട്ടാലും തിരിച്ചൊന്നും ചെയ്യാന്‍ കഴിയില്ല. ആവേശം കാണിച്ച് വിജയിച്ചിട്ടുള്ളവരും തുച്ഛമാണ്. ചൊരിമണലില്‍ കിടന്നുരുണ്ടും ഹിസ്റ്റീരിയ ലക്ഷണങ്ങള്‍ കാണിച്ചും കൊല്ലത്തെ ഒരു തീരദേശഗ്രാമത്തിലെ ഒരു ചെറു കുടിലില്‍ നിന്നും സഹസ്രകോടികളുടെ അധിപതികളായവരുടെയൊക്കെ സ്വാധീനത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ‘ഭക്തര്‍ക്ക്’ കഴിയില്ല.

വിശ്വാസത്തിന്റെ പേരിലുള്ള ഒരു ചരടല്ലേ, അതു കെട്ടുന്നതില്‍ എന്താണ് കുഴപ്പം എന്നു ചോദിക്കുന്ന നിഷ്‌കളങ്കത മലയാളിക്ക് ഏറിവരികയാണ്. വിവാഹം നടക്കാന്‍ വേണ്ടി കൃപാസനം പത്രം അരച്ചുചേര്‍ത്ത ദോശയും ചമ്മന്തിയും കഴിച്ച് ഗുരുതരാവസ്ഥില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടും ‘അത്ഭുതപ്രവര്‍ത്തിയെ’ തള്ളിപ്പറയാന്‍ തയ്യാറാകാത്ത യുവതിയെപോലുള്ളവര്‍ ഒരുപാടുണ്ടിവിടെ. പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ കൃപാസനം പത്രം തലയണയുടെ അടിയില്‍ വിരിച്ച് കിടന്നാല്‍ മതിയെന്ന് ഉപദേശിക്കുന്ന അധ്യാപികമാര്‍ ഉള്ളപ്പോള്‍ ആത്മീയ വ്യാപാരികള്‍ക്ക് എന്തു പേടിക്കാന്‍. ടെലിവിഷന്‍ ചാനലില്‍ സ്പോണ്‍സേഡ് പ്രോഗ്രാം വരെ നടത്തിയിരുന്ന, ഏഴ് ലക്ഷം വരെ ചികിത്സ ഫീസ് വാങ്ങിയിരുന്ന, റിസോര്‍ട്ട്, ചന്ദനത്തിരി ഉല്‍പാദിപ്പിക്കുന്ന കമ്പനി, പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സി, ഫാമുകള്‍ തുടങ്ങി ധാരാളം ബിസിനസ്സുകള്‍ ചെയ്തിരുന്ന വയനാട്ടിലെ ഉസ്മാന്‍ ഹാജിയെ പോലുള്ളവരെ മാതൃകയാക്കി പുതിയ സംരഭകര്‍ ഉടലെടുത്തു കൊണ്ടിരിക്കുകയാണ്. ഭക്തരെ പറ്റിക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ വട്ടിയൂര്‍ക്കാവിലമ്മയ്ക്കും വള്ളിക്കാവിലമ്മയെപ്പോലെയാകാം. മാതാവിന് ഉടമ്പടി വച്ചോ, വികാരിയുടെ തുണ്ട് വാങ്ങിച്ചോ രാഷ്ട്രീയ പാര്‍ട്ടി മാറാനും എന്തുതരം വര്‍ഗീയതയും പറയാനും വരെ സൗകര്യമൊരുക്കുന്നുണ്ട് വിശ്വാസ തട്ടിപ്പുകാര്‍. ഒരുതരത്തില്‍ പറഞ്ഞാല്‍, വിശ്വാസം മനുഷ്യരെ മുതലെടുക്കുന്നതുപോലെ, ചില മനുഷ്യര്‍ വിശ്വാസത്തെയും മുതലെടുക്കുന്നുണ്ട്. ഇങ്ങനെയൊക്കെയായാലും ‘ വിശ്വാസ കേരളം’ ഒരു സംഭവം തന്നെയാണ്.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×