November 09, 2024 |

ഗാന്ധി സമാധാന പുരസ്‌കാരത്തിന് മോദി തെരഞ്ഞെടുത്തത് ഗാന്ധി ഘാതകര്‍ക്കു വേണ്ടി നിശബ്ദരായവരെ

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രസാധകരാണ് ഗീത പ്രസ്, എങ്കിലും അത് പുലര്‍ത്തി വരുന്ന രാഷ്ട്രീയം ഗാന്ധിയന്‍ ചിന്തകളില്‍ നിന്നും വിഭിന്നമാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്

1948 ല്‍ ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 25,000 ഓളം പേരില്‍, ആത്മീയവാദികളായി മാറിയ മാര്‍വാഡി വ്യാപാരികളായ ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍, ജയ്ദയാല്‍ ഗോയന്ദ്ക എന്നിവരും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂര്‍ ആസ്ഥാനമായ ഗീത പ്രസ്സിന്റെ സ്ഥാപകനായിരുന്നു ജയ്ദയാല്‍ ഗോയന്ദ്ക. ഗീത പ്രസ് പ്രസിദ്ധീകരിക്കുന്ന അദ്ധ്യാത്മിക മാസികയായ കല്യാണിന്റെ ഫൗണ്ടര്‍ എഡിറ്ററായിരുന്നു ഭായ്ജി എന്നറിയപ്പെട്ടിരുന്ന ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍. ഗാന്ധി വധത്തില്‍ കുറ്റാരോപിതരാവുകയും, രാഷ്ട്രപിതാവിന്റെ വധവുമായി ബന്ധപ്പെട്ട്, പ്രതികളെ പിന്തുണയ്ക്കുന്ന വിധത്തില്‍ തീര്‍ത്തും നിശബ്ദരാവുകയും ചെയ്ത ഗീത പ്രസ്സിനെ 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂറി തലവനായ സമിതിയാണ്, സ്ഥാപിതമായിട്ട് 100 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഗീത പ്രസ്സിന് ഗാന്ധി സമാധാന പുരസ്‌കാരം സമ്മാനിക്കാന്‍ തീരുമാനിക്കുന്നത്. ഈ വര്‍ഷം മേയ് അവസാനം മോദി ഖൊരഖ്പൂരിലെ ഗീത പ്രസ് സന്ദര്‍ശിച്ചിരുന്നു.

മഹാത്മ ഗാന്ധിയുടെ 125 ആം ജന്മദിന വര്‍ഷമായ 1995 മുതലാണ് ഗാന്ധി സമാധാന പുരസ്‌കാരം ഏര്‍പെടുത്തിയത്. മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളോടുള്ള ആദരവായി, ദേശീയത, വംശം, ഭാഷ, ജാതി, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ സമ്മാനിക്കുന്ന പുരസ്‌കാരമാണിത്. ഇതുവരെ 19 തവണ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് പുരസ്‌കാര തുക. സാമൂഹികവും സാംസ്‌കാരികവുമായ പരിവര്‍ത്തനങ്ങള്‍ക്കായി അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു ഗാന്ധി പുരസ്‌കാരം നേടിയതില്‍ ഗീത പ്രസ്സിനെ പ്രധാനമന്ത്രി പ്രശംസിച്ചത്. ഇന്ത്യയിലെ സനാതന ധര്‍മത്തിന്റെ പ്രധാന കേന്ദ്രത്തിന് ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചതില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഭിനന്ദനം അറിയിച്ചിരുന്നു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്, അഹിംസ ഉള്‍പ്പെടെയുള്ള ഗാന്ധിയന്‍ രീതികളിലൂടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായി നടത്തിയ പരിവര്‍ത്തനങ്ങള്‍ സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകളായി പരിഗണിച്ച് നല്‍കുന്ന അംഗീകരമാണ് ഗാന്ധി സമാധാന പുരസ്‌കാരമെന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രസാധകരാണ് ഗീത പ്രസ്, എങ്കിലും അത് പുലര്‍ത്തി വരുന്ന രാഷ്ട്രീയം ഗാന്ധിയന്‍ ചിന്തകളില്‍ നിന്നും വിഭിന്നമാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു സനാതന ധര്‍മം പ്രചരിപ്പിക്കാനായാണ് ജയ്ദയാല്‍ ഗോയന്ദ്കയും ഘനശ്യാം ദാസ് ജലാനും ചേര്‍ന്ന് 1923 ല്‍ ഗീത പ്രസ് സ്ഥാപിക്കുന്നത്. 1927 ലാണ് അവര്‍ കല്യാണ്‍ മാസിക ആരംഭിക്കുന്നത്. ഗാന്ധി ഗീത പ്രസ്സുമായും ഗോയന്ദ്കെ, പൊദ്ദാര്‍ എന്നിവരുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്നു പറയുന്നുണ്ടെങ്കിലും തൊട്ടുകൂടായ്മ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗാന്ധിക്കും അവര്‍ക്കുമിടയിലെ ആശയവ്യതിയാനങ്ങള്‍ വലുതായിരുന്നു. 1926 ല്‍ കല്യാണ്‍ മാസികയുടെ ആരംഭത്തിനു മുന്നോടിയായി ജമന്‍ലാല്‍ ബജാജിനൊപ്പം ഗാന്ധിയെ സന്ദര്‍ശിച്ച് ആശിര്‍വാദം വാങ്ങാന്‍ പോകുന്നുണ്ട് പൊദ്ദാര്‍. ആ കൂടിക്കാഴ്ച്ചയില്‍ പൊദ്ദാറിന് ഗാന്ധി രണ്ട് ഉപദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് അക്ഷയ മുകുള്‍ എഴുതിയ ‘ഗീത പ്രസ് ആന്‍ഡ് മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തില്‍ പറയുന്നു. മാസികയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും പുസ്തക നിരൂപണം ഒഴിവാക്കണമെന്നുമായിരുന്നു ഗാന്ധിയുടെ ഉപദേശം. പൊദ്ദാര്‍ സ്വീകരിച്ച ഈ ഗാന്ധിയന്‍ ഉപദേശങ്ങള്‍ പാലിച്ച് കല്യാണ്‍ ഇന്നും പരസ്യങ്ങളും പുസ്തക നിരൂപണങ്ങളും ഒഴിവാക്കുന്നു. തുടക്കത്തില്‍ ഗാന്ധിക്കുമേല്‍ പൊദ്ദാറിനുണ്ടായിരുന്ന ആദരവും ബഹുമാനവുമൊക്കെ പിന്നീട് മാറുകയുണ്ടായി. കല്യാണിന് അനുഗ്രഹം ചൊരിഞ്ഞ് ഗാന്ധിയെ ഒരു ഹിന്ദു വര്‍ഗീയവാദി കൊലപ്പെടുത്തിയപ്പോള്‍ ബോധപൂര്‍വ്വമായ മൗനം പാലിക്കാനാണ് ആ പ്രസിദ്ധീകരണവും അതിന്റെ അണിയറക്കാരും ശ്രദ്ധിച്ചത്.

തങ്ങളുടെ തീവ്രഹിന്ദുത്വ വാദഗതികളോട് വിയോജിച്ചു നിന്ന ഗാന്ധിയെ എഴുതി തളര്‍ത്താന്‍ പൊദ്ദറും കല്യാണ്‍ മാസികയും തുടര്‍ച്ചയായി ശ്രമിച്ചിരുന്നു. ദളിതരുടെ ക്ഷേത്രപ്രവേശനം, പൂന ഉടമ്പടി തുടങ്ങിയ ജാതി-വര്‍ഗ വിഷയങ്ങളില്‍ ഗാന്ധിക്ക് ഒരുതരത്തിലും യോജിക്കാന്‍ പറ്റാത്ത നിലപാടുകളായിരുന്നു ഗീത പ്രസ്സിന്. അയിത്തം തുടങ്ങിയ അനാചാരങ്ങളെ പിന്തുണയ്ക്കുന്ന പൊദ്ദാറിന്റെ കാഴ്ച്ചപ്പാടുകള്‍ മാറ്റാന്‍ ഗാന്ധി ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. വിരുദ്ധനിലപാടുകളുടെ പേരില്‍ ഗാന്ധിയെ കലുഷിതമായൊരു പ്രശ്‌നമായാണ് അവര്‍ കണ്ടത്. ഗാന്ധിയുടെ മരണം വരെ അവര്‍ കല്യാണിലൂടെ ഇന്ത്യയുടെ രാഷ്ട്രപിതാവിനെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ‘ ഗീത പ്രസ് ആന്‍ഡ് മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ’യില്‍ പറയുന്നത്. ഇതേ പുസ്തകത്തില്‍ പൊദ്ദറിനും ഗോയന്ദ്കയ്ക്കും എതിരേ അവരുടെ സുഹൃത്തായിരുന്ന ജെ ഡി ബിര്‍ള ചൊരിയുന്ന ശാപവാക്ക്, അവര്‍(പൊദ്ദാറും ഗോയന്ദ്ക) സനാതന ധര്‍മത്തിന്റെയല്ല, ചെകുത്താന്‍ ധര്‍മത്തിന്റെ പ്രചാരകരാണ് എന്നായിരുന്നുവെന്ന് പറയുന്നുണ്ട്. 1948 ല്‍ ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തില്‍ ഗോയന്ദ്കയെയും പൊദ്ദാറിനെയും അറസ്റ്റ് ചെയ്തപ്പോള്‍ അവരെ സഹായിക്കാന്‍ ജെ ഡി ബിര്‍ള തയ്യാറായില്ല എന്നു മാത്രമല്ല, സര്‍ ബദരിദാസ് ഗോയങ്ക അവരുടെ കേസ് ഏറ്റെടുത്തതിനെതിരേ പ്രതിഷേധിക്കുകയും ചെയ്തു.

ഗീത പ്രസ് തികച്ചും ഹൈന്ദവ കേന്ദ്രീകൃത ആദര്‍ശങ്ങളുടെ പ്രചാരക സംവിധാനമാണ്. വേദ-പുരാണ-ഇതിഹാസ പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് അവര്‍ അച്ചടിക്കുന്നത്. കല്യാണ്‍ മാസിക നിലവില്‍ രണ്ടുലക്ഷത്തിനുമേലും, ഇംഗ്ലീഷ് രൂപമായ കല്യാണ-കല്‍പതരു ഒരു ലക്ഷത്തിനു മേലും കോപ്പികള്‍ അച്ചടിക്കുന്നുണ്ട്. അച്ചടി രംഗത്ത് ഗീത പ്രസ് ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ആ സാമ്രാജ്യം തീവ്രഹിന്ദുത്വത്തിന്റെ ശബ്ദമായാണ് വര്‍ത്തിക്കുന്നത്. ഗാന്ധിയുടെ നേര്‍ എതിര്‍പക്ഷത്ത്. ഒരിക്കലും ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഗാന്ധി തയ്യാറാകാത്ത പക്ഷം. കല്യാണ്‍ ആയാലും കല്യാണ-കല്‍പതരു ആയാലും ഹിന്ദുവാദത്തിനു വേണ്ടി സംസാരിക്കാനാണ് എന്നും നിലകൊള്ളുന്നത്. ഗോഹത്യ, ഹിന്ദി ദേശീയഭാഷ, ഹിന്ദു കോഡ് ബില്‍, പാകിസ്താന്‍ രൂപീകരണം, ഇന്ത്യയുടെ മതേതര ഭരണഘടന തുടങ്ങിയ വിഷയങ്ങളിലൊക്കെ ഹിന്ദുത്വ നിലപാടിന്റെ വക്താക്കളായി മാത്രമാണ് കല്യാണും ഗീത പ്രസ്സും നിന്നത്. ഗീത പ്രസ്സും അതിന്റെ പ്രസിദ്ധീകരണങ്ങളും ആവിഷ്‌കരിച്ച ആശയങ്ങള്‍ ഒരു ഹിന്ദു രാഷ്ട്രീയ ബോധത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ്, മേല്‍വിവരങ്ങള്‍ക്കൊപ്പം അക്ഷയ മുകുള്‍ തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒരു ഹിന്ദു പൊതുമണ്ഡലം രൂപീകരിക്കപ്പെടുന്നതില്‍ ഗീത പ്രസ്സും അതിന്റെ പ്രസിദ്ധീകരണങ്ങളും ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1923 മുതല്‍ എല്ലാ നിര്‍ണായക ഘട്ടങ്ങളിലും ആര്‍ എസ് എസ്, ഹിന്ദു മഹാസഭ, ജനസംഘം, ബിജെപി എന്നിവയ്‌ക്കൊപ്പം നിലകൊള്ളുന്നവരാണ് അവരെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

ഹനുമാന്‍ പ്രസാദ് പൊദ്ദാറിനെക്കുറിച്ച് അക്ഷയ മുകുള്‍ പറയുന്നത്, 1921 ലെ അലഹബാദ് കോണ്‍ഗ്രസിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയോട് അകന്ന പൊദ്ദാര്‍ ഹിന്ദു മഹാസഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ്. 1946 ല്‍ ഖൊരഖ്പൂരില്‍ നടന്ന ഹിന്ദുമഹാ സഭയുടെ വാര്‍ഷികത്തിന്റെ സംഘാടകരില്‍ പ്രധാനിയായിരുന്നു പൊദ്ദാറെന്നും പറയുന്നു. ഗാന്ധിയെ വധിച്ച ഗോഡ്‌സെയ്ക്കും കൂട്ടര്‍ക്കും ഹിന്ദു മഹാസഭയുമായി ബന്ധമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് രാജ്യവ്യാപകമായി 25,000 ഓളം ഹിന്ദുമഹാസഭ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്. ആ കൂട്ടത്തിലാണ് പൊദ്ദാറും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിയപം ഗീത പ്രസ് സ്ഥാപകനുമായ ജയ്ദയാല്‍ ഗോയന്ദ്കയും പിടിയിലാകുന്നത്. ഗാന്ധി വധത്തെക്കുറിച്ച് പൊദ്ദാറും കല്യാണും ഗൂഢമൗനമാണ് പുലര്‍ത്തിയത്. ഗാന്ധിവധത്തെക്കുറിച്ച് ഒന്നുമെഴുതാന്‍ അവര്‍ തയ്യാറായില്ല. ആകെ പരാമര്‍ശമുള്ളത് പൊദ്ദാറിന്റെ പ്രസിദ്ധീകരിക്കാത്ത ജീവചരിത്രത്തിന്റെ കൈയെഴുത്ത് പ്രതിയിലാണെന്നാണ് അക്ഷയ മുകുള്‍ ദി വയറില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. 1948 ജനുവരി 30 ന് ഗാന്ധി വധം നടക്കുമ്പോള്‍ പൊദ്ദാര്‍ ഡല്‍ഹിയിലായിരുന്നുവെന്നാണ് ആ കൈയെഴുത്ത് പ്രതിയില്‍ പറയുന്നത്. ആ കൈയെഴുത്ത് പ്രതിയില്‍ ആരോപിക്കുന്നത് ഗീത പ്രസ് മാനേജറും ഹനുമാന്‍ പ്രസാദ് പൊദ്ദാറിന്റെയും ജയദയാല്‍ ഗോയന്ദ്‌കെയുടെയും സന്തതസഹചാരിയുമായിരുന്ന മഹാവീര്‍ പ്രസാദ് പൊദ്ദാറാണ് ഗാന്ധിവധത്തില്‍ പൊദ്ദാറിനും ഗോയന്ദ്കയ്ക്കും പങ്കുണ്ടെന്ന ആരോപണം ഉയര്‍ത്തിയതെന്നാണ്. പല കാരണങ്ങള്‍കൊണ്ട് മഹാവീര്‍ പ്രസാദ് ഭായ്ജി (ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍), ഗീതാ പ്രസ്, കല്യാണ്‍ എന്നിവര്‍ ഗാന്ധി വധത്തിന് ഉത്തരവാദികളാണെന്ന് കിംവദന്തി പരത്തിയെന്നും, അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും കത്തെഴുതാറുണ്ടെന്നും ആരോപിക്കുന്നുണ്ട്.

ഇത്രയധികം വൈരുദ്ധ്യങ്ങള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളും ഗീത പ്രസ്സുമായി നിലനിന്നിരുന്നുവെന്ന് സാക്ഷ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്നത്, സമാധാനത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ഗാന്ധിയന്‍ ആശയങ്ങള്‍ ഗീത പ്രസ് പ്രോത്സാഹിപ്പിച്ചു എന്നാണ്. ഗീത പ്രസ് ആരംഭിച്ച് നൂറ് വര്‍ഷം തികയുന്ന വേളയില്‍ ഗാന്ധിസമാധാന പുരസ്‌കാരം നല്‍കുന്നത് ആ സ്ഥാപനം സാമൂഹിക സേവനരംഗത്ത് നടത്തുന്ന പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും മോദി നിരീക്ഷിക്കുന്നു.

Advertisement