മണ്ഡല പര്യടനം
കേരളത്തിലെ ഏറ്റവും വലിയ ഭൂപ്രദേശമുള്ള പാര്‍ലമെന്റ് നിയോജക മണ്ഡലമാണ് ഇടുക്കി. സമ്പന്നമായ മലനിരകള്‍ ഈ മണ്ഡലത്തിലെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ഗതാഗത വേഗത ഇവിടെ കുറവായിരിക്കും. മലകളിലൂടെ യാത്ര ചെയ്ത് മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു ദിവസം കൊണ്ട് എത്തിച്ചേരുവാന്‍ സാധിക്കില്ല എന്നുള്ളതാണ് മറ്റൊരു ന്യൂനത. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയും, കോതമംഗലവും ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം.
ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത് 1977 മുതലാണ്. അതിനു മുമ്പുള്ള നാലാമതും അഞ്ചാമതും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പീരുമേട് നിയോജകമണ്ഡലം എന്നുള്ള പേരിലാണ് നടന്നിരുന്നത്. നാലാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്ന 1967ല്‍ പി കെ വാസുദേവന്‍ നായര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായപ്പോള്‍, 71 ല്‍ നടന്ന അഞ്ചാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എം എം ജോസഫ് കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു.
1977 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇടുക്കി സ്വന്തമാക്കിയപ്പോള്‍, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ 1980ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം എം ലോറന്‍സ് മണ്ഡലം സ്വന്തമാക്കി. 1984, 89, 91, 96, 98 കാലഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ തന്നെയാണ് പാര്‍ലമെന്റിലേക്ക് പോയത്. പി. ജെ കുര്യന്‍, പാലാ കെ.എം മാത്യു, എ സി ജോസ്, പി സി ചേക്കോ എന്നിവരായിരുന്നു അവര്‍. 1999, 2004 തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ് അവിടെ ജയിച്ചപ്പോള്‍ 2009 വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പി ടി തോമസിലൂടെ പാര്‍ലമെന്റ് അംഗത്വം സ്വന്തമാക്കി. 2014 എല്‍ഡിഎഫ് സ്വതന്ത്രനായ അഡ്വക്കേറ്റ് ജോയ്‌സ് ജോര്‍ജ് വിജയിച്ചെങ്കിലും, 2019 ലെ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നേതാവായ ഡീന്‍ കുര്യാക്കോസ് വഴി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.
ഇത്തവണ അഡ്വക്കേറ്റ് ജോയ്‌സ് ജോര്‍ജ് എല്‍ഡിഎഫിന് വേണ്ടിയും ഡീന്‍ കുര്യാക്കോസ് യുഡിഎഫിന് വേണ്ടിയും ഇടുക്കിയില്‍ മത്സരിക്കുകയാണ്. ഇരുവരും മുന്‍പ് ഓരോ തവണ ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ പോയവരാണ്. ഇരുവരുടേയും കാലത്തെ മണ്ഡലത്തിന് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ പരിഗണിക്കും. ബിജെപിക്ക് ഈ മണ്ഡലത്തില്‍ വലിയ സ്വാധീനമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. 2019ല്‍ 78,648 വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. 1977ല്‍ ഇടുക്കി ജില്ല രൂപീകൃതമാകുകയും, പുതിയ പാര്‍ലമെന്റ് മണ്ഡലമാകുകയും ചെയത കാലം മുതല്‍ ഈ ലോക്‌സഭാ മണ്ഡലം യു ഡി എഫിനേയും എല്‍ ഡി എഫിനേയും മാറി മാറി പരീക്ഷിച്ച ചരിത്രമാണുള്ളത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകാരം തൊടുപുഴ, മുവാറ്റുപുഴ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പവും കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങള്‍ എല്‍ ഡി എഫിനൊപ്പവുമാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ ഡി എഫിലേക്ക് എത്തിയ ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് മണ്ഡലത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.