ഡാലി; 948 അടി നീളമുള്ള ആ കൂറ്റന്‍ ചരക്ക് കപ്പല്‍, ബാള്‍ട്ടിമോര്‍ തുറമുഖത്ത് നിന്നും ശ്രീലങ്കയിലേക്കുള്ള യാത്ര തുടങ്ങി അധിക സമയമായിരുന്നില്ല. കപ്പലിലെ ജീവനക്കാര്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മനസിലാകും മുന്നേ ഭയാനകമായ ദുരന്തത്തിലേക്ക് ഡാലി കുതിച്ചു തുടങ്ങിയിരുന്നു. 27 ദിവസത്തെ യാത്രയുടെ തുടക്കത്തില്‍ തന്നെയാണ് ബാള്‍ട്ടിമോറിയിലെ ചരിത്ര പ്രസിദ്ധമായ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ് തകര്‍ത്തത്. സമയം ഏകദേശം പുലര്‍ച്ചെ ഒന്നേ മുക്കാല്‍ മണിയായിട്ടുണ്ടാകും. കപ്പലിലെ വെളിച്ചമെല്ലാം പൊടുന്നനെ അണഞ്ഞു. വൈദ്യുതി നിലച്ചു. കനത്ത ഇരുട്ടില്‍ ഒന്നും കാണാനാകാത്ത അവസ്ഥ. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
യഥാര്‍ത്ഥത്തില്‍ ആ കണ്ടെയ്‌നര്‍ ഷിപ്പ് ചത്തു പോയിരുന്നു. ഇലക്‌ട്രോണിക്‌സ് ഇല്ലായിരുന്നു. എഞ്ചിന്‍ പവറും നഷ്ടപ്പെട്ടിരുന്നു. കടലില്‍ വെറുതെ ഒഴുകി നടക്കുന്ന അവസ്ഥ, പവര്‍ ഇല്ലാതിരുന്നതു മൂലം കപ്പല്‍ നിര്‍ത്താനും കഴിയില്ലായിരുന്നു. അനിവാര്യമായ വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന അവസ്ഥപോലെ.
അപകട മുന്നറിയിപ്പുമായി അലാറം മുഴുങ്ങിക്കൊണ്ടിരുന്നു, ജീവനക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ തലങ്ങും വിലങ്ങും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നങ്കൂരമിടാനടക്കം കിട്ടിയ നിര്‍ദേശങ്ങളൊന്നും തന്നെ വിജയത്തിലെത്തിക്കാന്‍ ആര്‍ക്കുമായില്ല. ഒരു എമര്‍ജന്‍സി ജനറേറ്റര്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, അതിന് കപ്പല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കപ്പലിലുള്ളവര്‍ക്കു മുന്നില്‍ രക്ഷാമര്‍ഗങ്ങളൊന്നും അവശേഷിച്ചിരുന്നില്ല. സമയം പുലര്‍ച്ചെ 1.40. ആസന്നമായൊരു അപകടത്തെക്കുറിച്ച് അവര്‍ അധികൃതര്‍ക്ക് ഒരു മേയ്‌ഡേയ് സന്ദേശം(അപകടസാധ്യ മനസിലാക്കി കപ്പലില്‍ നിന്നയക്കുന്ന റേഡിയോ സന്ദേശം) അയച്ചു.
നിയന്ത്രണം നഷ്ടപ്പെട്ടൊരു കപ്പല്‍ അടുത്തു വരുന്നതായി മേരിലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിക്ക് വിവരം കിട്ടിയതോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിച്ചതാണ് വലിയ മനുഷ്യക്കുരുതി നടക്കാതെ തടയാന്‍ സഹായകമായത്. അക്കാര്യത്തില്‍ കപ്പലിലെ ജീവനക്കാരെയാണ് മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂറെ അഭിനന്ദിക്കുന്നത്. അവരുടെ അടിയന്തര സന്ദേശമാണ് പാലത്തിലൂടെയുള്ള വാഹനങ്ങളുടെ ഒഴുക്ക് തടയാന്‍ സൗകര്യമൊരുക്കിയത്. കപ്പലില്‍ നിന്നുള്ള സന്ദേശത്തിനും അപകടത്തിനും ഇടയില്‍ കിട്ടിയ രണ്ടു മിനിട്ടാണ് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചത്. ഒരു വര്‍ഷം ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലൂടെ ഒരു കോടി പതിനഞ്ച് ലക്ഷം വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്, ദിവസേന 31,500 വാഹനങ്ങള്‍.
എങ്കിലും പടാപ്‌സ്‌കോ നദിയിലെ ദുരന്തം തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 2.4 കിലോമീറ്റര്‍ നീളമുള്ള ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ത്ത് ഡാലി മുന്നോട്ട് കുതിച്ചപ്പോള്‍ ചരിത്രമുറങ്ങുന്ന പാലം നിമിഷാര്‍ദ്ധത്തിലാണ് നദിയില്‍ പതിച്ചത്.
ഇതുവരെയുള്ള വിവരം അനുസരിച്ച്, ആറ് മനുഷ്യ ജീവനുകളാണ് നഷ്ടമായത്. പാലത്തിലെ റോഡിന്റെ അറ്റകുറ്റ പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളായിരുന്നു അവര്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും അവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പാലത്തിന്റെ ഉയരവും നദിയിലെ താപനിലയും സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം.
അപകടത്തില്‍പ്പെട്ട ആറു പേരും പുറം രാജ്യങ്ങളില്‍ നിന്നും ജീവിതം തേടി അമേരിക്കയിലെത്തിയവരാണ്. ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, മെക്‌സികോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് കാണാതായിരിക്കുന്നത്. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും പറയുന്നുണ്ട്. രണ്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു സ്ത്രീയുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മേരിലാന്‍ഡില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.