UPDATES

ഓഫ് ബീറ്റ്

കമ്പനി ചെലവില്‍ പങ്കാളിക്കും സാന്‍ഡ്‌വിച്ച് വാങ്ങരുത്! ജോലി പോകും കോടതിയില്‍ പോയാല്‍ കേസും തോല്‍ക്കും

ഒരു ബിസിനസ് മീറ്റിംഗിനു പോയപ്പോള്‍ വാങ്ങിയ രണ്ട് സാന്‍ഡ്വിച്ചുകള്‍ക്ക് ചെലവ് ക്ലെയിം ചെയ്തതാണ് ഫെകെറ്റെയെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ കാരണം

                       

രണ്ട് സാന്‍ഡ്‌വിച്ചുകളാണ് എല്ലാത്തിനും കാരണം. സബോള്‍ച്ച് ഫെകെറ്റെയുടെ ജോലി കളഞ്ഞതും, ഇപ്പോള്‍ കേസില്‍ തോറ്റതുമെല്ലാം സാന്‍ഡ്‌വിച്ച് കാരണമാണ്. സിറ്റി ബാങ്ക് ജീവനക്കാരനായ ഫെകെറ്റെ തന്റെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരേ സിറ്റി ബാങ്കിംഗ് കോര്‍പ്പറേഷനെതിരെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. ഒരു ബിസിനസ് മീറ്റിംഗിനു പോയപ്പോള്‍
വാങ്ങിയ രണ്ട് സാന്‍ഡ്വിച്ചുകള്‍ക്ക് ചെലവ് ക്ലെയിം ചെയ്തതാണ് ഫെകെറ്റെയെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ കാരണം. അന്യായമാണ് തന്നെ പിരിച്ചു വിട്ടതെന്നായിരുന്നു ഫെക്കെറ്റെയുടെ പരാതി. ഫെകെറ്റെ ബാങ്കിന്റെ ചെലവ് നയം ലംഘിച്ചുവെന്നായിരുന്നു എതിര്‍വാദം.

ആംസ്റ്റര്‍ഡാമിലേക്കുള്ള ബിസിനസ് യാത്രയില്‍ രണ്ട് സാന്‍ഡ്വിച്ചും രണ്ടു കോഫിയും രണ്ടു പാസ്ത വിഭവങ്ങളും കഴിച്ചതിന്‌, ഭക്ഷണത്തിന് അനുവദിച്ചിരിക്കുന്ന പണം റീഫണ്ട് ചെയ്തു കിട്ടാന്‍ ക്ലെയിം ചെയ്തിടത്തു നിന്നാണ് എല്ലാ പ്രശ്‌നങ്ങളും തുടങ്ങുന്നത്. ഇതെല്ലാം താന്‍ ഒറ്റയ്ക്കാണ് കഴിച്ചതെന്നായിരുന്നു ഫെക്കെറ്റ് ആദ്യം പറഞ്ഞത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത അനലിസ്റ്റായി സിറ്റി ബാങ്കില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്ന ഫെക്കെറ്റെ കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനും അഞ്ചിനും ഇടയിലാണ് ജോലി സംബന്ധമായി ആംസ്റ്റര്‍ഡാമിലേക്ക് പോയത്.

മടങ്ങിയെത്തിയ ഫെകെറ്റെ ഭക്ഷണത്തിന് വേണ്ടി ചെലവാക്കിയ പണം തിരിച്ചു കിട്ടാനായി ക്ലെയിം ഫയല്‍ ചെയ്തു. ബാങ്ക് അനുവദിച്ചിരിക്കുന്ന പ്രതിദിന അലവന്‍സായ 100 യൂറോയില്‍ ഈ ചെലവ് കവര്‍ ചെയ്തു കിട്ടുമെന്നായിരുന്നു ഫെകെറ്റെ കരുതിയത്. എന്നാല്‍ ചെറിയൊരു അബദ്ധം കാണിച്ചു. ക്ലെയിം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ ഭക്ഷണ പാതാര്‍ത്ഥങ്ങളും തനിച്ചാണോ കഴിച്ചതെന്ന മാനേജറിന്റെ ചോദ്യത്തിന് ഫെക്കെറ്റെ അയച്ച മറുപടി മെയില്‍ പറഞ്ഞത്; താന്‍ ബിസിനസ് യാത്രയില്‍ തനിച്ചായിരുന്നെന്നും കോഫിയുടെ അളവ് ചെറുതായതിനാലാണ് രണ്ടെണ്ണം വാങ്ങിയതെന്നും, അന്ന് പ്രഭാതഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ഒരു സാന്‍ഡ്‌വിച്ച് റെസ്റ്ററന്റില്‍ വെച്ച് കഴിക്കുകയും, മറ്റൊരെണ്ണം ഡിന്നര്‍ ആയി കഴിക്കുകയും ചെയ്തു എന്നാണ്. തന്റെ എല്ലാ വിധ ചെലവുകളും പ്രതിദിന അലവന്‍സിനായ 100 യൂറോയില്‍ ഉള്‍പ്പെടുന്നതാണെന്നും തന്റെ ഭക്ഷണ രീതികളെ കുറിച്ച് ഇത്രയധികം ആശങ്ക എന്തിനാണെന്ന് വിശദീകരിക്കണമെന്നും ഫെക്കെറ്റെ അതേ മെയിലില്‍ മനേജറോട് പറയുന്നുണ്ട്.

എന്നാല്‍ തുകയെ കുറിച്ചല്ല പ്രശ്‌നമെന്നും, ജീവനക്കാരുടെ ചെലവുകള്‍ മാത്രമേ ബാങ്കിന് വഹിക്കാനാകൂ എന്നും പങ്കാളികളുടെ ചെലവ് സ്വയം നോക്കണമെന്നും ബാങ്ക് ഫെക്കെറ്റെയോടു വ്യക്തമാക്കി.

സിറ്റി ബാങ്ക് ഈ വിഷയം കാര്യമായി എടുക്കുകയും ബാങ്കിന്റെ സെക്യൂരിറ്റി ആന്റ് ഇന്‍വെസ്റ്റിഗേഷന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് കൂടുതല്‍ അന്വേഷണത്തിനായി വിടുകയും ചെയ്തു. പങ്കാളിയുമായാണോ ഭക്ഷണം കഴിച്ചതെന്നുള്ള ചോദ്യത്തിന് ആദ്യം ‘അല്ല’ എന്നാണ് ഫെകെറ്റെ മറുപടി നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് ശരിയാണെന്നു ഫെകെറ്റെ കുറ്റസമ്മതം നടത്തി.

ഇതോടെ സിറ്റി ബാങ്ക് ഫെകെറ്റെയെ പിരിച്ച് വിട്ടുകൊണ്ടുള്ള ഉത്തരവിറക്കി. തന്റെ പിരിച്ചുവിടല്‍ അനീതിയാണെന്നു കാണിച്ച് ഫെകെറ്റെ ബാങ്കിനെതിരേ കോടതിയെ സമീപിച്ചു. എന്നാല്‍ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ജഡ്ജി ഇല്ലിംഗ് സിറ്റി ബാങ്കിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.

ഈ കേസ് ചെലവാക്കിയ പണത്തെ പറ്റിയുള്ളതല്ല, തെറ്റായ ക്ലെയിം ഫയല്‍ ചെയ്തതും തുടര്‍ന്നുള്ള ഫെകെറ്റെയുടെ സംശയാസ്പദമായ പെരുമാറ്റത്തെയും കുറിച്ചുള്ളതാണ്. ആദ്യാവസരത്തില്‍ ഫെകെറ്റെ പൂര്‍ണവും വ്യക്തവുമല്ലാതെ വെളിപ്പെടുത്തലുകളാണ് നടത്തിയതെന്നും ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം നല്‍കിയതുമില്ല എന്നതു ശ്രദ്ധേയമായ വിഷയമാണ്. ഫെകെറ്റെ വളരെ ഉത്തവാദിത്തമുള്ള സ്ഥാനത്ത് ജോലി ചെയ്തിരുന്ന ആളാണ്. അതിനാല്‍ ഇത്തരം ഒരു വീഴ്ച ഉണ്ടാകാന്‍ പാടുള്ളതല്ല. അഥവ ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ക്ലെയിം ഫയല്‍ ചെയ്തതെങ്കില്‍ പോലും അത് ആദ്യത്തെ അവസരത്തില്‍ തന്നെ തിരുത്താന്‍ ബാധ്യസ്ഥനാണെന്ന് കരുതുന്നു. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ സത്യസന്ധതയോടും പ്രതിബദ്ധതയോടും കൂടെ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്നും ജഡ്ജി ഇല്ലിംഗ് വ്യക്തമാക്കി.

തൊഴിലില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാനും കമ്പനി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഉള്ള ഒരു മാതൃക ആയി ഈ കേസ് നിലക്കുമെന്നു വിധി സ്വാഗതം ചെയ്തുകൊണ്ടു സിറ്റി ബാങ്ക് പറഞ്ഞു. കോടതിയുടെ തീരുമാനത്തില്‍ തങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയുമുണ്ടെന്നു സിറ്റി ബാങ്കിന്റെ വക്താവ് വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍