UPDATES

‘രോഹിത് ഔട്ടായി, ഇനി മുംബൈ തോല്‍ക്കും’

കൊലപാതകത്തില്‍ കലാശിച്ച ഐപിഎല്‍ തര്‍ക്കം

                       

ക്രിക്കറ്റ് ഒരു മതവും കളിക്കാര്‍ ദൈവങ്ങളുമാകുന്നൊരു നാടാണ് ഇന്ത്യ. സിനിമക്കാരെക്കാള്‍ താരത്തിളക്കമുണ്ട് ക്രിക്കറ്റര്‍മാര്‍ക്ക്. ഓരോ കാലഘട്ടത്തിലും രാജ്യത്തിന്റെ മൊത്തം വികാരമാകുന്ന കളിക്കാര്‍ ഉണ്ടാകാറുണ്ട്. എതിര്‍ ടീമുകളെയും അവിടുത്തെ കളിക്കാരെയും ‘ ശത്രു’ ക്കളായി കാണാറുണ്ടെങ്കിലും, സ്വന്തം കളിക്കാരുടെ പേരില്‍ തമ്മലടിക്കുന്ന ആരാധാകര്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. എന്നാല്‍, ഇതുവരെ കേള്‍ക്കാത്ത തരത്തില്‍ ചില ക്രിക്കറ്റ് വൈര്യങ്ങളുടെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇത്തരമൊരു മാറ്റം ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്നു പറയാം. ഐപിഎല്‍ ആവേശമായി മാറിയതോടെ, മുംബൈ, ചെന്നൈ, രാജസ്ഥാന്‍, കൊല്‍ക്കൊത്ത തുടങ്ങി ഓരോ ടീമുകളായി പിരിഞ്ഞ ആരാധകര്‍, അവരവരുടെ ടീമുകള്‍ക്കും കളിക്കാര്‍ക്കും വേണ്ടി പോരടിക്കാന്‍ തുടങ്ങി. എതിര്‍ ടീമില്‍പ്പെട്ടത് ഇന്ത്യന്‍ താരമാണെങ്കില്‍ പോലും അവരെ എതിരാളികളായി തന്നെ കണ്ടു.

എന്നാല്‍ ഇതിനെക്കാളൊക്കെ മോശമായി മറ്റൊന്നു കൂടി സംഭവിക്കുന്നുണ്ട്. അത് ഒരു ടീമിന്റെ തന്നെ രണ്ട് വിഭാഗം ആരാധാകരാണ്. മുംബൈ ഇന്ത്യന്‍സ് ആണ് ആ ടീം. രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതോടെയാണ് മുംബൈ ടീമിന്റെ ആരാധകര്‍ രണ്ടു തട്ടിലായത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈയില്‍ മടങ്ങിയെത്തിയ ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ ടീമിനുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ട്. കളിക്കാര്‍ ഹര്‍ദിക്കിനും ശര്‍മയ്ക്കും പിന്നില്‍ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

ക്രിക്കറ്റ് ഒരു കായികവിനോദം എന്നതിനപ്പുറം ജീവിത വികാരമായി മാറിയൊരു നാട്ടില്‍ നടക്കാവുന്ന ഏറ്റവും മോശമായ കാര്യവും ഹര്‍ദിക്-രോഹിത് തര്‍ക്കത്തിന്റെ പേരില്‍ നടന്നു. ഒരു മനുഷ്യന്റെ കൊലപാതകം.

മഹാരാഷ്ട്രയിലെ കോലാപൂര്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ ഒന്നാണ് ഹന്‍മന്ത്‌വാഡി. മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ നിന്നും കോലാപൂരില്‍ എത്താന്‍ ദിവസത്തിന്റെ പകുതി സമയം വേണം. അവിടെ നിന്നും ഹന്‍മന്ത്‌വാഡിയില്‍ എത്തണമെങ്കില്‍ ക
ടുത്ത പരീക്ഷണം തന്നെ നേരിടണം. ഗ്രാമത്തിലേക്ക് ഗതാഗത സൗകര്യങ്ങള്‍ വളരെ കുറവാണ്. വലപ്പോഴും ഒരു ബസ് ഉണ്ടാകും, ഓട്ടോറിക്ഷകള്‍ പോലും കിട്ടാറില്ല. സാധാരണക്കാരായ കര്‍ഷകര്‍ താമസിക്കുന്ന ഒരു ചെറിയ ഗ്രാമം. ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങളായിരുന്നുവെങ്കിലും, പരസ്പരം സ്‌നേഹത്തോടെയും ഐക്യത്തോടെയുമായിരുന്നു അവിടുള്ളവര്‍ കഴിഞ്ഞിരുന്നത്. നഗരജീവിതത്തില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന അവര്‍ക്കിടയില്‍ ഐപിഎല്ലും അതിന്റെ പേരിലുള്ള വാശിയും ദുരന്തങ്ങള്‍ സൃഷ്ടിച്ചു.

65 കാരനായ ബന്ദോപാന്ത് തിബിലെയും, 70 കാരന്‍ ബല്‍വന്ത് ജാന്‍ഗെയും സുഹൃത്തുക്കളായിരുന്നു. മാര്‍ച്ച് 27 ന് നടന്ന ഹൈദരാബാദ്-മുംബൈ ഐപിഎല്‍ മത്സരം തിബിലെയും ജാന്‍ഗെയും അവരുടെ തെരുവില്‍ തന്നെ താമസിക്കുന്ന മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഒരുമിച്ചിരുന്നാണ് കണ്ടത്. കാണികളായി വേറെയും ഗ്രാമവാസികളുണ്ടായിരുന്നു.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്ന മത്സരമായിരുന്നുവത്. ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത് 278 റണ്‍സ് ആയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയുടെ തുടക്കം ഗംഭീരമായിരുന്നു. പക്ഷേ, രോഹിത് ശര്‍മ ഔട്ടായതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മുംബൈ ടീമിന്റെ മാത്രമല്ല, മത്സരം നടക്കുന്ന ഹൈദരാബാദില്‍ നിന്നും മൈലുകള്‍ അകലെയുള്ള ഹന്‍മന്ത്‌വാഡിയിലും.

രോഹിതിന്റെ വിക്കറ്റ് വീണതിനു പിന്നാലെ തിബിലെയുടെ വായില്‍ നിന്നും വന്ന വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഓ..രോഹിത് ഔട്ടായി, ഇനി മുംബൈ തോല്‍ക്കും’ ജാന്‍ഗെയെ നോക്കി തിബിലെയുടെ ‘ പ്രവചനം’. ജാന്‍ഗെയ്ക്ക് അതൊട്ടും ഇഷ്ടമായില്ല. രണ്ടുപേര്‍ക്കുമിടയില്‍ തര്‍ക്കമായി, അത് വഴക്കായി രൂപാന്തരപ്പെട്ടതും പെട്ടെന്നായിരുന്നു. കളിയായി പറഞ്ഞു തുടങ്ങിയ കാര്യം, ശാരീരികാക്രമണങ്ങളിലേക്ക് എത്തി. ജാന്‍ഗെ കൈയില്‍ കിട്ടിയ വടികൊണ്ട് തിബിലെയെ അടിക്കാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്നവര്‍ രണ്ടു പേരെയും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ജാന്‍ഗെയുടെ അനന്തരവന്‍ സാഗര്‍ വടികൊണ്ട് തിബിലെയുടെ തലയ്ക്ക് പിന്നില്‍ ശക്തമായൊരു അടി കൊടുത്തു. അതോടെ ബോധരഹിതനായി താഴെ വീണ തിബിലെയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞ്, മാര്‍ച്ച് 30 ന് തിബിലെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

‘അവര്‍ക്കിടയില്‍ വഴക്കിന് മറ്റൊരു കാരണവും ഇല്ലായിരുന്നു, മുന്‍വൈരാഗ്യങ്ങളില്ലായിരുന്നു, വേറെ ബഹളങ്ങളൊന്നും തന്നെ അവിടെ നടന്നില്ല. എന്താണോ സംഭവിച്ചത് അതിനൊരേയൊരു കാരണം ക്രിക്കറ്റ് ആണ്. പക്ഷേ നടന്നത് തികച്ചുമൊരു അപകടമായിരുന്നു; ഗ്രാമമുഖ്യന്‍ ബാപ്കര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

ജാന്‍ഗെയെയും സാഗറിനെയും കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വലിയ ദുരന്തം നടന്നതിനിടയിലും ആശ്വാസം പകരുന്നൊരു കാര്യവും ഉണ്ടായി. ജാന്‍ഗെയുടെയും തിബിലെയുടെയും കുടുംബങ്ങള്‍ സാഹചര്യങ്ങളെ സംയമനത്തോടെ കൈകാര്യം ചെയ്തു. അവര്‍ക്കിടയില്‍ വൈരാഗ്യമോ പ്രതികാരമോ ഉണ്ടായില്ല. ഈ സംഭവത്തിന്റെ പേരില്‍ കൂടുതല്‍ മോശമായ കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അവര്‍ ഒരുമിച്ചു നിന്നു.

സംഭവത്തില്‍ പൊലീസുകാര്‍ പോലും അമ്പരന്ന് നില്‍ക്കുകയാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ നടന്ന കാര്യമല്ലിത്. 70 ഉം 65 ഉം വയസുള്ള രണ്ടു വൃദ്ധന്മാര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കമാണ്, അതുമൊരു ക്രിക്കറ്റ് മത്സരത്തിന്റെ പേരില്‍, കര്‍വീര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ ഷിന്‍ഡെ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു. പൊലീസ് ഗ്രാമത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കളിയെ കളിയായി മാത്രം കാണാനും അതിന്റെ പേരില്‍ വാശിയും വൈരാഗ്യവും കാണിക്കരുതെന്നുമാണ് പൊലീസ് ഉപദേശിക്കുന്നത്. ഐപിഎല്‍ സിനിമപോലെ ഒരു എന്റര്‍ടെയ്ന്‍മെന്റാണ്, അതിനെ അങ്ങനെ മാത്രം കാണുക, അതിനപ്പുറത്തേക്ക് പ്രാധാന്യം കൊടുക്കാതിരിക്കുക; എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്.

Share on

മറ്റുവാര്‍ത്തകള്‍