UPDATES

”സർവകലാശാലകളെ കാവിവത്കരിക്കുന്നത് തടയാൻ ഏതറ്റം വരെയും എസ്എഫ്ഐ പോരാടും”-കെ അനുശ്രീ

വിഷയത്തിൽ കെ എസ് യു സ്വീകരിച്ചിരിക്കുന്ന നിലപാട് ഖേദകരമാണ്.

                       

കേരള സർവകലാശാലയുടെ സെനറ്റിൽ ഗവർണർ ഏകപക്ഷീയമായി എബിവിപി വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തിയതിനെതിരെ എസ്എഫ്ഐ വലിയ രീതിയിൽ പ്രതിഷേധം നടത്തിയിരുന്നു.ഫൈന്‍ ആര്‍ട്ട്സ്, സ്പോര്‍ട്ട്സ്, ഹ്യൂമാനിറ്റീസ്, സയന്‍സ് ശാഖകളില്‍ മികവ് തെളിയിച്ച 4 പേരെ നാമനിര്‍ദേശം ചെയ്യാന്‍ സര്‍വകലാശാല പട്ടിക നല്‍കിയിരുന്നു.എന്നാൽ പട്ടികയിലുള്ളവരെ ഒഴിവാക്കി നാലുപേരെ ഗവര്‍ണര്‍ നിര്‍ദേശിച്ചു.ഈ നാലുപേര്‍ എബിവിപിക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ സമരം നടത്തിയത്. ഗവർണർ ചട്ടവിരുദ്ധമായി വിദ്യാർഥി നിയമനം നടത്തിയതായി ഹൈകോടതിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു.സർവകലാശാല വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പട്ടിക സ്റ്റേ ചെയ്തത്.എസ്എഫ്ഐ നടത്തിയ സമരത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.ഈ സാഹചര്യത്തിൽ സമരത്തിന്റെ പ്രസക്തിയെ കുറിച്ചും തുടർ നടപടികളെ കുറിച്ചും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അഴിമുഖവുമായി സംസാരിക്കുന്നു.

ഗവർണറുടെ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് എസ് എഫ് ഐ യുടെ വിജയമായി കണക്കാക്കാമോ ?

ഗവർണർ ചട്ടവിരുദ്ധമായി നിർദേശിച്ച വിദ്യാർത്ഥി പ്രതിനിധികളുടെ ലിസ്റ്റ് തടഞ്ഞു വക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.എസ് എഫ് ഐ ഉയർത്തിപ്പിടിച്ച മുദ്രാവാക്യത്തിന്റെ വിജയമായി തന്നെയാണ് അതിനെ കണക്കാക്കുന്നത്. അടിസ്ഥാനരഹിതമായാണ് ചാൻസിലർ പദവി വഹിക്കുന്ന ഗവർണർ എബിവിപി പ്രവർത്തകരെ സെനറ്റിൽ ഉൾക്കൊള്ളിച്ചത് എന്നത് ഹൈക്കോടതി കൂടി ശരി വച്ചിരിക്കുകയാണ്.

വിഷയത്തിൽ കോൺഗ്രസ് പുലർത്തുന്ന സമീപനത്തെ എങ്ങനെ വിലയിരുത്തുന്നു ?

പ്രസ്തുത വിഷയത്തിൽ കോൺഗ്രസ് അല്ലെങ്കിൽ വിദ്യാർത്ഥി സംഘടനയായ കെ എസ് യു സ്വീകരിച്ചിരിക്കുന്ന നിലപാട് ഖേദകരമാണ്.ഗവർണർ നടത്തിവരുന്ന കാവിവൽക്കരണത്തിനെതിരെ കോൺഗ്രസ്സ് ശബ്ദം ഉയർത്തുന്നില്ല. അതോടൊപ്പം ഗൗരവമായി കണക്കാക്കേണ്ട മറ്റൊരു വസ്തുത എന്തെന്നാൽ അതിനെതിരെ നടക്കുന്ന സമരങ്ങളോട് സ്വീകരിക്കുന്ന അധിക്ഷേപപരമായ നിലപാടുകളാണ്.ഗവർണർക്കെതിരെ സമരം ചെയ്യുന്നവർക്ക് നേരെ പ്രതിഷേധിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.ഇതിലൂടെ ഗവർണർക്ക് ഒപ്പമാണ് തങ്ങളെന്ന് പ്രസ്താവിക്കുക കൂടിയാണ് കോൺഗ്രസ്. ഇത്തരം സമീപനം സ്വീകരിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിക്ക് എങ്ങനെയാണ് സംഘപരിവാറിന്റെ വർഗീയതയെയും,കാവിവൽക്കരണത്തെയും പ്രതിരോധിക്കാനാവുക? സെനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള പട്ടികയിൽ 8 പേരുടെ നാമനിർദേശം നൽകും. വൈസ് ചാൻസിലർക്ക് സമർപ്പിക്കുന്ന ഈ പട്ടികയിൽ നിന്നും ചാൻസിലർ 4 പേരെ സെനറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കും.ചാൻസിലർ പദവിയിലിരിക്കുന്ന ഗവർണർ കേരള സർവകലാശാലകളിലെ വിദ്യാർത്ഥികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഒരാളല്ല, അതുകൊണ്ടുതന്നെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ലിസ്റ്റിലുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കാലങ്ങളായി നടന്നുവരുന്ന സുതാര്യമായ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സ്പോർട്സ്,ആർട്സ് , അക്കാദമി എന്നിവയിലെല്ലാം പുലർത്തുന്ന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ്.ഇതിനു സമാനമായി ഹ്യൂമാനിറ്റീസ് സയൻസ് എന്നീ വിഷയങ്ങളിൽ മികച്ച പഠന നിലവാരം കാഴ്ചവയ്ക്കുന്ന റാങ്ക് ഹോൾഡേഴ്സിന്റെയും സർവ്വകലാശാല കലാപ്രതിഭയെയും, ദേശീയതലത്തിൽ വെങ്കലം നേടിയ വിദ്യാർത്ഥിയെയും ഉൾപ്പെടുത്തിയുള്ള ലിസ്റ്റാണ് കേരള സർവകലാശാല ചാൻസിലർക്ക് സമർപ്പിച്ചത്. ഈ ലിസ്റ്റിനെ തള്ളിക്കൊണ്ടാണ് എബിവിപി വിദ്യാർത്ഥികളെ സെനറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തത്. മാനദണ്ഡം അട്ടിമറിച്ചു കൊണ്ട് ചാൻസലർക്ക് വ്യക്തിപരമായി പരിചിതരല്ലാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ടത് പരോക്ഷമായി ആരുടെയെങ്കിലും നിർദ്ദേശപ്രകാരമായിരിക്കണം. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സെനറ്റ് അംഗങ്ങളെ ഗവർണർ തിരഞ്ഞെടുത്തത് എന്ന ചോദ്യം മാത്രമെ ഞങ്ങൾ ഉന്നയിക്കുന്നുള്ളു. ചാൻസിലർ അദ്ദേഹത്തിന്റെ രാഷ്ട്രീയ താൽപര്യമനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാനദണ്ഡങ്ങൾക്കനുസൃതമായി അംഗങ്ങളാകേണ്ടിയിരുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട നീതിയാണ് നിഷേധിക്കപ്പെടുന്നത്. ഈ നീതി നിഷേധം കൂടിയാണ് എസ്എഫ്ഐ ആദ്യഘട്ടം മുതൽ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇത് കണക്കിലെടുത്തുകൊണ്ടാണ് ഹൈക്കോടതി നിലവിൽ സെനറ്റ് അംഗങ്ങളായി നാമനിർദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് സ്റ്റേ ചെയ്തിരിക്കുന്നത്.വിഷയത്തിൽ നീതി ഉറപ്പാകും വരെ എസ്എഫ്ഐ സമരം തുടരും.

”ഗവർണർ കാറിന്റെ വാതിൽതുറന്നപ്പോൾ ഓടിയ SFI-ക്കാർ തിരിച്ചുവരണം,പരിശീലനം കെ എസ് യു നൽകാം ”രാഹുൽമാങ്കൂട്ടത്തിന്റെ ഈ പരാമർശത്തോട് പ്രതികരിക്കുന്നുണ്ടോ?

പോലീസുകാരിൽ നിന്ന് എങ്ങനെ ഓടി രക്ഷപ്പെടണം എന്നതിനെക്കുറിച്ച് രാഹുൽമാങ്കൂട്ടത്തിൽ എടുത്തുകൊടുക്കുന്ന ക്ലാസ്സ് പോലെ സമഗ്രമായി ഒരു ക്ലാസ് നൽകാൻ കഴിവും ശേഷിയും അനുഭവ സമ്പത്തും എസ്എഫ്ഐ പ്രവർത്തകർക്ക് ഉണ്ടാകണമെന്നില്ല.കഴിഞ്ഞ ദിവസം വളരെ പക്വതയോട് കൂടി ആസൂത്രണം ചെയ്താണ് കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐ നടത്തിയിരുന്നത്.എന്നാൽ വി വി ഐ പി സെഡ് പ്ലസ് കാറ്റഗറിയിലുള്ള ഗവർണർ പ്രോട്ടോകോൾ ലംഘനം നടത്തിയാണ് വിദ്യാർഥികൾക്കിടയിലേക്ക് കാർ തുറന്ന് ഇറങ്ങി വന്നത്.ജനാധിപത്യപരമായി നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടയിലേക്ക് ബോധപൂർവ്വം ഒരു രംഗം സൃഷ്ടിക്കാനായി ഗവർണർ ഇറങ്ങി വരുകയായിരുന്നു.എസ് എഫ് ഐ പ്രവർത്തകരെ അസഭ്യം പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിദ്യാർത്ഥികൾക്കിടയിലേക്ക് എത്തിയത്.വളരെ പക്വതയോടു കൂടിയാണ് എസ്എഫ് ഐ പ്രവർത്തകർ ഈ രംഗം കൈ കാര്യം ചെയ്തത്.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗവർണറുടെ ആവശ്യപ്രകാരം ഐപിസി 124 കൂടി ചേർത്ത് കൊണ്ട് കേസ് എടുത്തത് പ്രതികാരനടപടിയായി കണക്കാക്കാമോ ?

സർവ്വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്നം മുതൽ പരിശോധിക്കുകയാണെങ്കിൽ ഗവർണർ അദ്ദേഹത്തിന്റെ അധികാരപരിധി എല്ലാ ഘട്ടങ്ങളിലും തന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയതായി കാണാൻ സാധിക്കും.ഈ സമരം എസ് എഫ് ഐ ഏറ്റെടുക്കുന്ന ഘട്ടത്തിൽ തന്നെ ഇത്തരം പ്രത്യാഘാതങ്ങളെ കുറിച്ച് ധാരണയുണ്ട്.കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചരിത്രമുൾപ്പെടെ ഏറ്റുപിടിച്ച് കടന്നു വന്ന സംഘടനയാണ് എസ് എഫ് ഐ.ഇതിനുമുൻപും പല സന്ദർഭങ്ങളിലും കരിങ്കൊടി പ്രതിഷേധം നടത്തി ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ട് തന്നെ ഈ വകുപ്പുകൾ കണ്ടു ഭയന്ന് പാതി വഴിയിൽ സമരം നിർത്താൻ എസ്എഫ്ഐ ഒരുക്കമല്ല.സർവകലാശാലകളിലെ കാവിവൽക്കരണം തടയുന്നതിനായി ഏതറ്റം വരെയും ഞങ്ങൾ മുന്നോട്ടു വരും. ആത്യന്തികമായി ഈ കാവി വൽക്കരണത്തിനെതിരെ മുദ്രവാക്യം വിളിക്കേണ്ടത് എസ് എഫ് ഐ മാത്രമായിരുന്നില്ല.ദൗർഭാഗ്യവശാൽ എസ്എഫ്ഐക്ക് മാത്രം ഇത് ഏറ്റെടുക്കേണ്ടി വരുന്നു.പ്രതികരിക്കാൻ ചുമതലയുള്ളവർ കൂടി ഇതിനെതിരെ മുഖം തിരിച്ചു കൊണ്ട് ഒറ്റകെട്ടായി നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം.

മുഖ്യമന്ത്രിക്കെതിരെ സമാധനപരമയി പ്രതിഷേധം നടത്തുന്നവരെ ആക്രമിക്കുന്ന,അല്ലെങ്കിൽ ഗവർണറെ കയ്യേറ്റം ചെയ്യുന്ന ”എസ്എഫ്ഐ ഗുണ്ടകൾ ” എന്ന ശശി തരൂരിന്റേതടക്കമുള്ള വിമർശനങ്ങളെ എങ്ങനെ നോക്കികാണുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണെങ്കിലും ശശി തരൂർ ആണെങ്കിലും അവരുടെ പ്രവർത്തകർക്കിടയിൽ പരസ്പരം ഉപയോഗിക്കുന്ന വാചകങ്ങളായിരിക്കാം ഇവയെല്ലാം. അതുകൊണ്ടു തന്നെ ഇത്തരം വാചക പ്രയോഗങ്ങൾ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടത്തേണ്ടതില്ല.കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും ഫാസിസ്റ്റു നയങ്ങൾക്കെതിരെ കെ എസ് യു വിദ്യാർത്ഥികൾ എന്തെങ്കിലും തരത്തിൽ പ്രതിഷേധം നടത്തിയിട്ടുണ്ടോ?ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഒരു മുദ്രവാക്യം കൊണ്ട് പോലും കെ എസ് യുവിന് പ്രതികരിക്കാൻ സാധിച്ചിട്ടില്ല.എസ്എഫ്ഐയുടെ സമര രീതിയെ വിമർശിക്കുന്നതിന് പകരം ഇക്കാര്യങ്ങളിലുള്ള കെ എസ് യുവിന്റെ പ്രവർത്തനങ്ങളായാണ് വിലയിരുത്തേണ്ടത്.എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയോ,മറ്റു ഔദ്യോദിക ഘടകമോ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധങ്ങളെ അടിച്ചൊതുക്കണമെന്ന് പ്രഖ്യാപിച്ചിട്ടില്ല.നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകളിൽ നിന്നുണ്ടായ സംഭവങ്ങൾ എസ്എഫ്ഐ പ്രഖ്യാപിപിച്ച നയമല്ല.ജനാധിപത്യപരമായി കരിങ്കൊടി പ്രതിഷേധം ഏതു സംഘടനക്കും ഏറ്റെടുക്കാം.അതിനുമപ്പുറം ഷൂ എറിയൽ പോലുള്ള സമരമുറകളാണ് കെ എസ് യുവിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. പിന്നീടത് എല്ലാ ജില്ലകളിലും തുടർന്ന് കൊണ്ടുപോകുമെന്ന് പറയുകയും എന്നാൽ അടുത്ത ദിവസം തെറ്റാണെന്ന് ഏറ്റുപറയുകയും ചെയ്യുന്നു.എന്തിനു വേണ്ടി ഇത്തരം സമരം നടത്തുന്നു ? ,അല്ലെങ്കിൽ എന്ത് മുദ്രവാക്യമാണ് തുടരേണ്ടത്. തുടങ്ങിയ കാര്യങ്ങളിൽ യാതൊരു ധാരണയും പുലർത്താത്തവരായി കെ എസ് യു മാറുകയാണ്.എന്തുകൊണ്ടാണ് മുഖ്യമന്തിക്കൊപ്പം തന്നെ ഗവർണർക്കെതിരെയും പ്രതിഷേധം നടത്താൻ കെ എസ് യു തയ്യാറാവാത്തത്.ഒരേ സമയം രണ്ടു പ്രതിഷേധവും മുന്നോട്ടു കൊണ്ടുപോവാനുള്ള പ്രവർത്തകരുടെ കുറവ് കെ എസ് യു നേരിടുന്നില്ല.എന്നിട്ടും എന്തുകൊണ്ടാണ് ഒരു പോസ്റ്ററിലൂടെ പോലും പ്രതിഷേധം അറിയിക്കാൻ കെ എസ് യു തയ്യാറവാത്തത് .ഇത്തരം കാര്യങ്ങളാണ് ശശി തരൂരിനെ പോലുള്ളവർ ചർച്ച ചെയ്യേണ്ടത്.അല്ലാത്തപക്ഷം ഗവർണറുടെ നിലപാടുകൾക്ക് മൗനാനുവാദവും,വർഗീയവൽക്കരണത്തിനൊപ്പം നിൽക്കാനുള്ള കോൺഗ്രസിന്റെയും നേതാക്കളുടെയും തീരുമാനങ്ങളുമാണ് ഈ വിമർശനങ്ങളിൽ നിന്ന് ഉൾക്കൊള്ളാനാകുന്നത്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍