January 14, 2025 |
Share on

ഡല്‍ഹി സ്‌കൂളുകളിലെ ബോംബ് ഭീഷണി തെരഞ്ഞെടുപ്പ് തന്ത്രമോ?

254 സ്‌കൂളികളിലാണ് വ്യാജ ഭീഷണി ഈമെയിലുകള്‍ വന്നത്

ഡല്‍ഹിയിലും സമീപ മേഖലയിലുമായി 254 സ്‌കൂളുകളിലാണ് ബുധനാഴ്ച്ച ബോംബ് ഭീഷണിയും തീവ്രവാദ ആക്രമണ മുന്നറിയിപ്പും നല്‍കിക്കൊണ്ടുള്ള സൂചനാ ഈമെയിലുകള്‍ വന്നത്. ഇതില്‍ 242 സ്‌കൂളുകളും ഡല്‍ഹിയിലാണ്. വ്യത്യസ്ത സമയങ്ങളിലാണ് ഇമെയിലുകള്‍ സ്‌കൂളുളില്‍ ലഭിച്ചത്. ഭീകരാക്രമണ ഭീഷണികള്‍ക്കു പിന്നില്‍ മെയ് 25ന് നടക്കുന്ന തിരഞ്ഞെടുപ്പാണോ ലക്ഷ്യം എന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. വോട്ടര്‍മാര്‍ക്കിടയില്‍ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുകയെന്നതായിരിക്കാം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഭീഷണിയുടെ ലക്ഷ്യമെന്നു പറയപ്പെടുന്നു. ഖുര്‍ആനില്‍ നിന്നുള്ള വാചകങ്ങള്‍ മനപൂര്‍വം ഭീഷണികളില്‍ ചേര്‍ത്തിരിക്കുന്നത് മുസ്ലിം വിരുദ്ധത വികാരം വോട്ടര്‍മാര്‍ക്ക് ഇടയില്‍ ഉണ്ടാക്കിയെടുക്കുക എന്നുള്ള ലക്ഷ്യം വച്ചാണെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ നീക്കം തന്നെയാണ് ബോംബ് ഭീഷണി സന്ദേശമെന്ന് വ്യാപകമായ സംസാരമുണ്ട്.

എല്ലാ ഇമെയിലും ഒരേ വിലാസത്തില്‍ നിന്നുള്ളതാണെന്ന് പോലീസ് നല്‍കുന്ന വിവരം. [email protected] എന്ന വിലാസത്തില്‍ നിന്നാണ് പല സമയങ്ങളിലായി 254 ഇമെയിലുകള്‍ വന്നത്. 2023ലും റഷ്യയില്‍ നിന്ന് സമാനമായ രീതിയില്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഭീഷണി വ്യാജമാണെന്ന് ഭീഷണി ഉണ്ടായ സ്‌കൂളുകളില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ഡല്‍ഹി പോലീസ് പറഞ്ഞു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (VPN) വഴിയാണ് വ്യാജ ഭീഷണി ഇപ്പോള്‍ ഉണ്ടായത്. ഇതുവഴി ഇമെയില്‍ അയക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ മറയ്ക്കപ്പെടും. അതുകൊണ്ടുതന്നെ ഇമെയില്‍ അയച്ച സെര്‍വര്‍ കണ്ടെത്തുക എന്നുള്ളത് ദുഷ്‌കരമായ ശ്രമമാണ്. ഭീഷണി അയച്ച വ്യക്തിയുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിന് ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


രാജ്യവ്യാപകമായി തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ വ്യാപകമാകുന്നതും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വ്യാജ ബോംബ് ഭീഷണിയുമായി കൂട്ടി വായിക്കാവുന്നതാണ്. ഡല്‍ഹിയില്‍ വിജയം കൈവരിക്കുന്നതിന് മുസ്ലിം സമുദായത്തിന്റെ പിന്തുണ കൂടി ആവശ്യമാണ് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഹിന്ദു സമൂഹം കൂടുതലുള്ള രാജ്യ തലസ്ഥാനത്ത് മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുക എന്നുള്ള രാഷ്ട്രീയ തന്ത്രം കാലങ്ങളായി നടക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വ്യാജ ബോംബ് ഭീഷണി തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ഉണ്ടായതാണെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.

നിലവില്‍ ഡല്‍ഹി മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി എന്നിവരെയടക്കം ജയിലില്‍ അടച്ചിരിക്കുന്നത് ബിജെപിക്ക് രാഷ്ട്രീയമായ തിരിച്ചടി നല്‍കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡല്‍ഹിയില്‍ ഏഴു സീറ്റുകളില്‍ കഴിഞ്ഞതവണ വിജയിച്ചത് ബിജെപിയായിരുന്നു. മെയ് 25ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും നിലനിര്‍ത്തുക എന്നുള്ളത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെ പിക്ക് ദുഷ്‌കരമാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും രണ്ടായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ ഇരുവരും ഒരുമിച്ചാണ് മത്സരിക്കുന്നത് എന്നുള്ളതും ഡല്‍ഹി രാഷ്ട്രീയത്തില്‍ വലിയ ഭീഷണിയാണ് ബിജെപിക്ക് നല്‍കുന്നത്.

Post Thumbnail
ദസ്ത്കർ വിന്റർ മേള; ഇന്ത്യൻ കരകൗശല വസ്തുക്കളുടെ ആഘോഷംവായിക്കുക

English Summary; fake bomb threatening in delhi schools

×