December 09, 2024 |
Share on

ഒരു Macintosh LC II ഭാവി മാറ്റിയ, സ്വവര്‍ഗ ലൈംഗിതകയ്ക്ക് വേണ്ടി വാദിക്കുന്ന, സിലിക്കന്‍ വാലിയില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സാം ആള്‍ട്ട്മാന്‍

ഓപ്പണ്‍ എ ഐ യുടെ സഹസ്ഥാപകനെ കുറിച്ച് കൂടുതലായി അറിയാം

എന്താണ് ചാറ്റ് ജിപിടി? നിങ്ങളുടെ ജോലി തെറിപ്പിക്കുമോ ചാറ്റ് ജിപിടി? ഡോക്ടര്‍മാര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാത്ത നാലുവയസുകാരന്റെ രോഗം കണ്ടുപിടിച്ച് ചാറ്റ് ജിപിടി! ചാറ്റ് ജിപിടി പോലെ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തരംഗം സൃഷ്ടിച്ച മറ്റൊരു കണ്ടുപിടുത്തം ഇല്ലെന്നു തന്നെ പറയാം. ചാറ്റ് ജിപിടി 3.5, ചാറ്റ് ജിപിടി 4 എന്നിങ്ങനെ പല വേര്‍ഷനുകളായി അവ ഇപ്പോഴും തരംഗമാണ്.

‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലബോറട്ടറിയായ ഓപ്പണ്‍ എ ഐ ആണ് എന്നെ സൃഷ്ടിച്ചത്. സാം ആള്‍ട്ട്മാന്‍, എലോണ്‍ മസ്‌ക്, ഗ്രെഗ് ബ്രോക്ക്മാന്‍, ഇല്യ സറ്റ്സ്‌കേവര്‍, ജോണ്‍ ഷുല്‍മാന്‍, വോജ്സീച്ച് സരെംബ എന്നിവരുള്‍പ്പെടെ ഒരു കൂട്ടം സാങ്കേതിക സംരംഭകരും ഗവേഷകരും ചേര്‍ന്ന് 2015 ഡിസംബറിലാണ് സ്ഥാപിച്ചത്’; തന്റെ അസ്തിത്വത്തെ കുറിച്ച് ചാറ്റ് ജിപിടി തന്നെ പറയുന്ന വിവരമാണിത്. എന്നാല്‍ സാം ആള്‍ട്ട്മാനെ ഓപ്പണ്‍ എ ഐ യുടെ തലപ്പത്തു നിന്ന് നീക്കം ചെയ്തത് ചാറ്റ് ജിപിടി 3.5 അറിഞ്ഞിട്ടില്ല. സാം ആള്‍ട്ട്മാനെ കഴിഞ്ഞ ദിവസമാണ് ഓപ്പണ്‍ എ ഐ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഓപ്പണ്‍ എ ഐ-യെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കമ്പനി ബോര്‍ഡ് തീരുമാനം അറിയിച്ചത്. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍ തീരുമാനമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിച്ച കാലത്ത് വ്യക്തിപരമായി വലിയ രീതിയിലും സമൂഹത്തില്‍ ചെറിയ തോതിലും ഉണ്ടാക്കിയ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും അക്കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നുമായിരുന്നു സാം ആള്‍ട്ട്മാന്റെ പ്രതികരണം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എ ഐ രംഗത്തെ പുതിയ മാറ്റങ്ങള്‍ക്കും, ആധിപത്യമുറപ്പിക്കാനും സാം ആള്‍ട്ടമാനെ മൈക്രോസോഫ്റ്റില്‍ എത്തിച്ചിരിക്കുകയാണ് സത്യ നദെല്ല. ആള്‍ട്ട്മാനെ ഓപ്പണ്‍ എ ഐയിലേക്ക് തിരികെ കൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവുകള്‍ ശ്രമിച്ചിട്ടും തിരികെ വരില്ലെന്ന് ടെക് ന്യൂസ് സൈറ്റ് ദി ഇന്‍ഫര്‍മേഷന്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രഖ്യാപനം. ഓപ്പണ്‍ എ ഐയിലെ ആള്‍ട്ട്മാന്‍ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ വൈകാതെ മൈക്രോസോഫ്റ്റിലെത്തും എന്നാണ് സൂചന. ഓപ്പണ്‍ എ ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ ഗ്രെഗ് ബ്രോക്ക്മാനും അധികം താമസിയാതെ മൈക്രോസോഫ്റ്റില്‍ എത്തുമെന്നറിയുന്നു.

ഓപ്പണ്‍ എ ഐയുടെ സഹസ്ഥാപകനും സിഇഒയുമായ 38-കാരനായ സാം ആള്‍ട്ട്മാന്‍ പുറത്താക്കപ്പെട്ടതു മുതല്‍, ചാറ്റ് ജിപിടി നിര്‍മാതാവെന്ന നിലയില്‍ സ്ഥാപനത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങലും, 1985-ല്‍ സ്റ്റീവ് ജോബ്‌സിനെ ആപ്പിള്‍ പുറത്താക്കിയതും തമ്മിലുള്ള സാഹചര്യങ്ങളില്‍ സമാനതകളുണ്ട്. സ്റ്റീവ് വര്‍ഷങ്ങള്‍ക്ക് ശേഷം, വീണ്ടും ആപ്പിളിലേക്ക് വിജയകരമായ തിരിച്ചു വരവ് നടത്തിയിരുന്നു. സിലിക്കണ്‍ വാലിയെ പിടിച്ചു കുലുക്കിയ ആശയവിനിമയത്തിന്റെ പേരിലുള്ള ആള്‍ട്ട്മാന്റെ പുറത്താക്കല്‍ അദ്ദേഹത്തെ സംബന്ധിച്ച് തിരിച്ചു പോകാനുള്ള അവസരത്തെ ചോദ്യം ചെയ്തുകൊണ്ട് കൂടിയാണ്. മൈക്രോസോഫ്റ്റിന്റെ പുതിയ അഡ്വാന്‍സ്ഡ് എഐ റിസര്‍ച്ച് ടീമിനെ നയിക്കാന്‍ ആള്‍ട്ട്മാന്‍ തയ്യാറാക്കെടുക്കുകയാണ്.

ചാറ്റ് ജിപിടിയുടെ മുഖം തന്നെയായിരുന്ന ആള്‍ട്ട്മാനെക്കുറിച്ച് കൂടുതല്‍ അറിയാം.

ജീവിതത്തിലെ വഴിത്തിരിവ്

1985-ല്‍ ഷിക്കാഗോയിലാണ് സാം ആള്‍ട്ട്മാന്റെ ജനനം. പ്രശസ്തമായ ജോണ്‍ ബറോസ് സ്‌കൂളിലെ പഠന കാലത്തു തന്നെ അദ്ദേഹം തന്റെ മികവ് തെളിയിച്ചിരുന്നു. ഒരു ‘മധ്യവര്‍ഗ ജൂതകുടുംബം’ എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന കുടുംബത്തിലെ നാല് സഹോദരങ്ങളില്‍ ഏറ്റവും മൂത്ത ആളായിരുന്നു അദ്ദേഹം. ആള്‍ട്ട്മാന് എട്ടു വയസുള്ളപ്പോഴാണ്, മാതാപിതാക്കള്‍ Macintosh LC II വീട്ടിലെത്തിക്കുന്നത്. ന്യൂയോര്‍ക്ക് മാഗസിനുമായുള്ള ഒരു അഭിമുഖത്തില്‍, പ്രോഗ്രാമിംഗിനോടുള്ള തന്റെ അഭിനിവേശം ജ്വലിപ്പിക്കുന്നതിന് ഈ സംഭവം വഹിച്ച പ്രാധന്യത്തെ പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. ”എന്റെ ജീവിതത്തെ രണ്ടായി വിഭജിക്കാം മാക് വരുന്നതിന് മുമ്പും ശേഷവും.’

സ്വകാര്യ ജീവിതവും വെല്ലുവിളികളും

ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആള്‍ട്ട്മാന്‍ തന്റെ ലൈംഗികതയെക്കുറിച്ച് ആദ്യമായി തുറന്ന് പറയുന്നത്. 2000-ങ്ങളില്‍ മിഡ്വെസ്റ്റില്‍ ഒരു ഹോമോ സെക്ഷ്വലായി വളരുന്നത് അത്രകണ്ട് എളുപ്പമുള്ള ഒന്നായിരുന്നില്ല. സ്‌കൂളിലെ കുട്ടികള്‍ക്കിടയിലുള്ള ഇത്തരം ലൈംഗികതയെ ഒരു ക്രിസ്ത്യന്‍ ഗ്രൂപ്പ് ബഹിഷ്‌കരിച്ചതിന് പകരമായി തന്റെ 17-ാം വയസ്സില്‍, നാഷണല്‍ കമിംഗ് ഔട്ട് ഡേയ്ക്ക് ആ മുഴുവന്‍ സമൂഹത്തെയും അന്ന് അദ്ദേഹം അഭിസംബോധന ചെയ്തു. തന്റെ സെക്ഷ്വല്‍ ഓറിയന്റഷന്‍ തുറന്ന് പറയുന്നതിനൊപ്പം ആ സ്‌കൂള്‍ ഒന്നടങ്കം ഈ ലൈംഗികതയെ ഒന്നുകില്‍ അടിച്ചമര്‍ത്തണമെന്നും അല്ലങ്കില്‍ ഈ വൈവിധ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവിശ്യപെട്ടു. ഓസ്ട്രേലിയന്‍ പ്രോഗ്രാമറായ ഒലിവര്‍ മള്‍ഹെറാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളി.

സ്റ്റാന്‍ഫോര്‍ഡും, സംരംഭകത്വ യാത്രയുടെ തുടക്കവും

കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉന്നത ബിരുദ പഠനത്തിന് ആള്‍ട്ട്മാന്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു, എന്നാല്‍ അദ്ദേഹവും രണ്ടു സഹപാഠികളും ലൂപ്റ്റില്‍ ജോലി ചെയ്യുന്നതിനായി പഠനം ഉപേക്ഷിച്ചു. സ്റ്റാര്‍ട്ടപ്പുകളെ വളരാന്‍ സഹായിക്കുന്ന കമ്പനിയായ വൈ കോമ്പിനേറ്ററിന്റെ ഉദ്ഘാടന ബാച്ചിലേക്ക് അദ്ദേഹത്തിന്റെ സ്റ്റാര്‍ട്ടപ്പ് തിരഞ്ഞെടുക്കപ്പെട്ടു. തുടക്കം മുതലേ, ആള്‍ട്ട്മാന്‍ തന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നെറ്റ്വര്‍ക്കിംഗിലും പണം സ്വരൂപിക്കുന്നതിലും വൈദഗ്ധ്യം തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും ശ്രമഫമായി ലൂപ്റ്റിന്റെ മൂല്യം 175 മില്യണ്‍ ഡോളറിലെത്തി, എന്നിരുന്നാലും ആപ്പിന് കൂടുതല്‍ ജനസ്വീകാര്യത നേടാനായില്ല, 2012 ല്‍ ലൂപ്റ്റിനെ 43 മില്യണ്‍ ഡോളറിന് വിറ്റു. ലൂപ്റ്റിന് ശേഷം, ആള്‍ട്ട്മാന്‍ തന്റെ സഹോദരന്‍ ജാക്ക് ആള്‍ട്ട്മാനുമായി ചേര്‍ന്ന് ഹൈഡ്രസൈന്‍ ക്യാപിറ്റല്‍ എന്ന പേരില്‍ ഒരു വെഞ്ച്വര്‍ ഫണ്ട് സ്ഥാപിച്ചു. 21 മില്യണ്‍ ഡോളറാണ് ഇതിലൂടെ ഇരുവരും സമാഹരിച്ചത്. ലൈഫ് സയന്‍സസ്, ഇ-മാര്‍ക്കറ്റ്പ്ലെയ്സുകള്‍, ബിഗ് ഡാറ്റ, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ നെറ്റ്വര്‍ക്കുകള്‍, എന്റര്‍പ്രൈസ് സോഫ്റ്റ്വെയര്‍, ഇന്റര്‍നെറ്റ് കണക്റ്റഡ് ഹാര്‍ഡ്വെയര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. ആള്‍ട്ട്മാന്‍ 2011-ല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ വൈ കോമ്പിനേറ്ററില്‍ പങ്കാളിയായി മാറി. പിന്നീട്, 2014-ല്‍, സഹസ്ഥാപകനായ പോള്‍ ഗ്രഹാമിന്റെ പിന്‍ഗാമിയായി, വൈ കോമ്പിനേറ്ററിന്റെ പ്രസിഡന്റായി ആള്‍ട്ട്മാന്‍ നിയമിതനായി. ആള്‍ട്ട്മാന്റെ ചിറകുകള്‍ക്ക് കീഴില്‍, ഈ ബിസിനസുകള്‍ തഴച്ചുവളരുന്ന കാലമായിരുന്നു അത്. 2016-ഓടെ, സിലിക്കണ്‍ വാലിയുടെ അഭിമാനകരമായ സ്റ്റാര്‍ട്ടപ്പ് ക്യൂറേറ്റര്‍ വൈ കോമ്പിനേറ്റര്‍ (YC) യുടെ പ്രസിഡന്റായി ആള്‍ട്ട്മാന്‍ മാറിയിരുന്നുവെങ്കിലും 2019-ല്‍ അദ്ദേഹം ആ സ്ഥാനത്തുനിന്നും പടിയിറങ്ങി. ഈ സമയത്ത്, സിലിക്കണ്‍ വാലിയിലെ ആള്‍ട്ട്മാന്റെ സ്ഥാനം ഉയരുകയായിരുന്നു. 29-ആം വയസ്സില്‍ വെഞ്ച്വര്‍ ക്യാപിറ്റലിനായുള്ള ഫോര്‍ബ്‌സ് മഗാനസിന്റെ 30 അണ്ടര്‍ 30(മുപ്പത് വയസില്‍ താഴെയുള്ള 30 പേര്‍) പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചു.

എലോണ്‍ മസ്‌ക്, ഗ്രെഗ് ബ്രോക്ക്മാന്‍, പമേല വഗത, ഇല്യ സറ്റ്സ്‌കേവര്‍, വോജ്സീച്ച് സരെംബ എന്നിവരുള്‍പ്പെടെ ഒരു കൂട്ടം സാങ്കേതിക സംരംഭകരും ഗവേഷകരുമായി 2015-ലാണ് ഓപ്പണ്‍ എഐ സ്ഥാപിക്കുന്നത്. സ്പേസ് എക്സിന്റെയും ടെസ്ലയുടെയും സിഇഒ എലോണ്‍ മസ്‌കില്‍ നിന്ന് ആള്‍ട്ട്മാന് ഒരു ഇമെയില്‍ ലഭിച്ചതോടെയാണ് ഓപ്പണ്‍ എഐയുടെ യാത്ര ആരംഭിച്ചത്. സുരക്ഷിതവും പ്രയോജനകരവുമായ എ ഐ യുടെ വികസനത്തിന് മുന്‍ഗണന നല്‍കുന്ന ഒരു ഗവേഷണ സ്ഥാപനത്തിന്റെ സൃഷ്ടി പര്യവേക്ഷണം ചെയ്യാന്‍ മസ്‌ക് ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് ഓപ്പണ്‍ എ ഐ ഒരു പ്രമുഖ ഗവേഷണ-വിന്യാസ സ്ഥാപനമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) രൂപീകരിച്ചു. ഓപ്പണ്‍ എഐയുടെ സിഇഒ ആയി 2019 മെയ് മാസത്തില്‍ ഓള്‍ട്ട്മാന്‍ ചുമതലയേറ്റു. തുടര്‍ന്ന് അദ്ദേഹം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുമായി കൂടിക്കാഴ്ച്ച നടത്തി, ഓപ്പണ്‍എഐയുടെ AI മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. അതിനുശേഷമാണ്, ഓപ്പണ്‍ എ ഐ , 2019-ല്‍ മൈക്രോസോഫ്റ്റില്‍ നിന്ന് ഒരു ബില്ല്യണ്‍ നിക്ഷേപം സ്വീകരിക്കുന്നത്. തുടര്‍ന്നങ്ങോട്ട്, മൈക്രോസോഫ്ട് ഓപ്പണ്‍ എ ഐയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുക മാത്രമല്ല, സാങ്കേതികവിദ്യയെ അതിന്റെ ബിങ് സെര്‍ച്ച് എഞ്ചിന്‍, ഗിറ് ഹബ് കോഡിംഗ് ടൂളുകള്‍, മൈക്രോസോഫ്ട് 365 പ്രൊഡക്ടിവിറ്റി ബണ്ടില്‍, എന്നിവയില്‍ സമന്വയിപ്പിക്കുകയും ചെയ്തു. 2022 നവംബറില്‍ ഓപ്പണ്‍ എ ഐ ചാറ്റ് ജി പി ടി സമാരംഭിച്ചതാണ് സാങ്കേതിക വ്യവസായത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി കണക്കാക്കുന്നത്. ഇമെയിലുകള്‍ ഡ്രാഫ്റ്റ് ചെയ്യുന്നത് മുതല്‍ ക്വാണ്ടം ഫിസിക്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നത് വരെ, നിങ്ങള്‍ ചോദിക്കുന്ന എന്തിനും മനുഷ്യ-ശബ്ദമുള്ള ഉത്തരങ്ങള്‍ എഴുതാന്‍ കഴിയുന്ന എ ഐ ചാറ്റ്ബോട്ട് സാങ്കേതികവിദ്യയുടെ മികവ് കൊണ്ട് ലോകത്തെ വിറപ്പിച്ചു. പുറത്തിറങ്ങിയപ്പോള്‍, ചാറ്റ് ജി പി ടി ഒരു വൈറല്‍ സെന്‍സേഷനായി മാറുകയും സാങ്കേതികവിദ്യയില്‍ ‘ജനറേറ്റീവ്’ എ ഐ യുടെ യുഗത്തിന് തുടക്കമിടുകയും ചെയ്തു.

ഓള്‍ട്ട്മാന്റെ പുറത്താക്കലിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് പ്രധാന പങ്കാളിയായ മൈക്രോസോഫ്റ്റിന് അറിയിപ്പ് ലഭിച്ചത്. മിരാ മുരട്ടിയെ ഇടക്കാല സിഇഒ ആയി നിയമിക്കുകയും ചെയ്തു. പിന്നീട്, സിഇഒ ആയി മടങ്ങിവരാന്‍ സാം ആള്‍ട്ട്മാനെ പ്രേരിപ്പിക്കാന്‍ മൈക്രോസോഫ്റ്റും ബോര്‍ഡും ശ്രമങ്ങള്‍ നടത്തുന്നതായി ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ബോര്‍ഡ് ഓപ്പണ്‍ എഐയുടെ പുതിയ സിഇഒ ആയി മുന്‍ ട്വിച്ച് സിഇഒ എംമെറ്റ് ഷിയറിനെ തെരഞ്ഞെടുത്തു, ആള്‍ട്ട്മാന്‍ സഹസ്ഥാപിച്ച കമ്പനിയിലേക്ക് മടങ്ങാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടായിരുന്നു ഈ നീക്കം. ഈ പ്രഖ്യാപനം പരസ്യമാക്കി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനും സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാനും കമ്പനിയുടെ പുതിയ അഡ്വാന്‍സ്ഡ് എഐ റിസര്‍ച്ച് ടീമില്‍ ചേരുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല വെളിപ്പെടുത്തുന്നത്. ഓപ്പണ്‍ എ ഐ ക്ക് വെല്ലുവിളി തീര്‍ക്കാന്‍ പുതിയ കണ്ടെത്തുലുമായി സത്യ നാദെല്ലെ ആള്‍ട്ട്മാന്‍ കൂട്ടുകെട്ട് രംഗത്തെത്തുമോയെന്ന ആകാംഷയിലാണ് സിലിക്കണ്‍ വാലിയും ലോകവും.

Advertisement
×