അന്വേഷണ റിപ്പോര്‍ട്ട്-ഭാഗം 2
ബാബ രാംദേവും പതഞ്ജലി ഗ്രൂപ്പും നിയമവിരുദ്ധ ഷെല്‍ കമ്പനികളുടെ മറവില്‍ നടത്തിക്കൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. രണ്ട് ഭാഗങ്ങളായുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം–ബാബ രാംദേവ് എന്ന റിയല്‍ എസ്റ്റേറ്റ് മുതലാളിയും മംഗര്‍ വനമേഖലയില്‍ നടത്തുന്ന ലാഭകരമായ ഭൂമിക്കച്ചവടവും
.
2015 ഏപ്രിലില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബാബാ രാംദേവിന് സംസ്ഥാന കാബിനറ്റ് മന്ത്രി പദവി വാഗ്ദാനം ചെയ്തു. ഹരിയാനയും രാജ്യവും ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) സവിശേഷനായ, വിശുദ്ധനായ രാംദേവ് ഈ വാഗ്ദാനം നിരസിച്ചു. ”ഇപ്പോള്‍, പ്രധാനമന്ത്രി നമ്മുടേതാണ്, മുഴുവന്‍ മന്ത്രിസഭയും നമ്മുടേതാണ്, ഹരിയാന മുഖ്യമന്ത്രി നമ്മുടേതാണ്, അദ്ദേഹത്തിന്റെ മന്ത്രിസഭ നമ്മുടേതാണ്, അതിനാല്‍ ബാബ (സന്യാസി) ഒരു ബാബയായി തുടരട്ടെ,” എന്നായിരുന്നു രാംദേവിന്റെ പ്രതികരണം.
അധികാരത്തിന്റെ കുടുക്കുകള്‍ രാംദേവിന് ആവശ്യമായിരുന്നില്ല. ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും തെരഞ്ഞെടുപ്പില്‍ ശക്തമായ പിന്തുണ നല്‍കിയതിലൂടെ അധികാരത്തിലേക്കുള്ള തന്റെ സാമീപ്യം അദ്ദേഹം നേരത്തെ തന്നെ കെട്ടിപ്പടുത്തിരുന്നു. ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ രാംദേവിനും അദ്ദേഹത്തിന്റെ പതഞ്ജലി ഗ്രൂപ്പിനും നേട്ടമാണ് ഉണ്ടാക്കി കൊടുത്തത്.
അതിന്റെ തെളിവുകള്‍ നമുക്ക് ഹരിയാനയിലെ ആരവല്ലി റേഞ്ചിലെ വനഭൂമിയില്‍ കാണാന്‍ സാധിക്കും.
ജുഡീഷ്യല്‍ രേഖകളും നയരേഖകളും സര്‍ക്കാര്‍ രേഖകളും പരിശോധിക്കുമ്പോള്‍ അതീവ സെന്‍സിറ്റീവ് ഭൂപ്രദേശമായ ആരവല്ലി പര്‍വതനിരകള്‍ക്ക് ഒരു സംരക്ഷണവും ഹരിയാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മനസിലാകും. ഈ വനപ്രദേശത്തിന് സംരക്ഷണം വാഗ്ദാനം ചെയ്തകൊണ്ടുള്ള 1996-ലെയും 2022-ലെയും രണ്ട് നിര്‍ണായക സുപ്രീം കോടതി ഉത്തരവുകള്‍, സംസ്ഥാന വനനശീകരണ നിയമങ്ങള്‍ എന്നിവ ഡല്‍ഹിയിലും പരിസരങ്ങളിലുമായുള്ള പാരിസ്ഥിതികമായ പ്രധാന്യമുള്ള ഭൂമികള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
ഇത്തരത്തില്‍ ആരവല്ലിയിലെ വനഭൂമിയില്‍ ഒരു രഹസ്യ റിയല്‍ എസ്റ്റേറ്റ് മാഫിയ തഴച്ചുവളരാന്‍ ഹരിയാന സര്‍ക്കാര്‍ കളമൊരുക്കുകയായിരുന്നു. പതഞ്ജലി ഗ്രൂപ്പ് അറിയപ്പെടുന്നത്, ആയുര്‍വേദ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഭക്ഷണം, മറ്റ് അതിവേഗ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന രാംദേവിന്റെ കമ്പനി ആയാണ്. എന്നാല്‍, ഇത്തരം ബിസിനസിന്റെ മറവില്‍ സംശയാസ്പദമായ സ്ഥാപനങ്ങളിലൂടെയും ഷെല്ലുകളിലൂടെയും ആരവല്ലിയില്‍ വന്‍തോതില്‍ ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യമാണ് രാംദേവിന്റേതെന്ന് ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ പഠനം സൂചിപ്പിക്കുന്നു.
ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള 14 കമ്പനികളും രണ്ട് ട്രസ്റ്റുകളും മംഗാര്‍ ഗ്രാമത്തില്‍ വ്യാപാരം നടത്തിയതായി ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ 14 കമ്പനികളില്‍ നാലെണ്ണവും രണ്ട് ട്രസ്റ്റുകളിലൊന്നും മംഗാറിലെ മറ്റു റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരായ കോര്‍പ്പറേറ്റുകള്‍ക്ക് സ്വന്തം നിയലയില്‍ ഭൂമി വിറ്റതിന്റെ തെളിവുകളും ഞങ്ങള്‍ കണ്ടെത്തി.
ഇതില്‍, 12 കമ്പനികളും ഒരു ട്രസ്റ്റും മംഗറിലെ വനഭൂമി കൈവശം വെച്ചിരിക്കുന്നത് ഇപ്പോളും തുടരുന്നു. ഇത് ഹരിയാന സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഭൂമി രേഖകള്‍ പ്രകാരം കുറഞ്ഞത് 123 ഏക്കറെങ്കിലും വരും.
ഫരീദാബാദിലെ കോട്ട് എന്ന മറ്റൊരു ഗ്രാമത്തില്‍ രാംദേവിന്റെ കമ്പനികള്‍ക്ക് ഭൂമിയുണ്ടെന്ന് നേരത്തെ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, ഭൂമി കൈവശാധികാരം തുടരുന്നവര്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ള ഹരിയാന സര്‍ക്കാരിന്റെ മറ്റു ചില ഇടപാടുകളിലെ കൗശലവും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ചൂണ്ടി കാണിക്കുന്നുണ്ട്. ബാബാ രാംദേവ് എത്തരത്തിലാണ് ഭൂമി ഇടപാടുകളിലൂടെ ഇത്രയധികം സാമ്പാദിക്കുന്നതെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനായി എങ്ങനെ ഉപയോഗപ്പെടുത്തുവെന്നും കളക്ടീവിന്റെ അന്വേഷണം കണ്ടെത്തിയിട്ടുണ്ട്. ഹരിയാന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ പതഞ്ജലി ഗ്രൂപ്പിന്റേതുള്‍പ്പെടെയുള്ള ഫരീദാബാദിലെ ഇത്തരം റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ക്ക് എങ്ങനെ വന്‍ ലാഭമുണ്ടാക്കാന്‍ സഹായിച്ചുവെന്നും അന്വേഷണം വെളിപ്പെടുത്തുന്നു.
ഒരു കമ്പനി അതിന്റെ വാര്‍ഷിക കോര്‍പ്പറേറ്റ് ഫയലിംഗില്‍ ഒരു പ്രത്യേക ഭൂമി കച്ചവടത്തിലെ ലാഭം കൃത്യമായി രേഖപ്പെടുത്തേണ്ടതായി നിര്‍ബന്ധമില്ല. എന്നാല്‍, പതഞ്ജലിയുടെ ഷെല്‍ കമ്പനിയായ കംഖല്‍ ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിന് എതിരായി ഭൂമി വാങ്ങിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ക്രോസ്-റഫറന്‍സ് രേഖകള്‍ ഉപയോഗിച്ച് ഞങ്ങള്‍ കൂടുതല്‍ വിവരങ്ങളും രാംദേവ് ഭൂമി ഇടപാടുകളിലൂടെ നേടിയ ഭീകര ലാഭത്തിന്റെ വിവരങ്ങളും കണ്ടത്തി.
ഞങ്ങള്‍ക്ക് മാപ്പ് ചെയ്യാന്‍ കഴിയുന്ന ഒരു ഭൂമി ഇടപാടില്‍ മാത്രം കംഖല്‍ ആയുര്‍വേദത്തിന് 365% ലാഭമാണു ലഭിച്ചത്. കൂടാതെ, രാംദേവിന്റെ വലംകൈയായ ആചാര്യ ബാലകൃഷ്ണ ഉള്‍പ്പെടുന്ന അതിന്റെ പ്രൊമോട്ടര്‍മാര്‍ ഔദ്യോഗികമായി പറയുന്ന ബിസിനസ് ഇതുവരെ ചെയ്യാത്ത ഒരു ഷെല്‍ കമ്പനിയാണ് ഇത്. രാംദേവ് തന്റേതാണെന്ന് പരസ്യമായി സമ്മതിക്കുന്ന മറ്റൊരു ബിസിനസില്‍ നിന്നും അയാള്‍ക്ക് ഇത്രയധികം ലാഭം ലഭിക്കുകയില്ല എന്നതും പ്രസക്തമാണ്.
സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ റവന്യൂ രേഖകള്‍ (ജമാബന്ദി) പ്രകാരം മംഗാര്‍ വില്ലേജിലെ പതഞ്ജലിയുടെ കൈവശമുള്ള ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെയുള്ള മാപ്പ് പ്രതിനിധീകരിക്കുന്നു. ഹരിയാനയിലെ 2018-19 കാലയളവിലെ ഡിജിറ്റല്‍ ഭൂരേഖകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
മാപ്പിലെ മഞ്ഞ ഡോട്ടുകള്‍ പതഞ്ജലി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഭൂവുടമകളെ സൂചിപ്പിക്കുന്നു. ഇളം പച്ച നിറത്തിലുള്ള പ്രദേശം പഞ്ചാബ് ലാന്‍ഡ് പ്രിസര്‍വേഷന്‍ ആക്ടിന്റെ നിയന്ത്രണത്തിലാണുള്ളത്. ഇളം പച്ച നിറത്തിലുള്ളത് ഔപചാരികമായി നിയുക്ത വനവും തവിട്ട് നിറത്തിലുള്ളത് ‘ഗൈര്‍ മമ്മിന്‍ പഹാഡ്’ അല്ലെങ്കില്‍ കൃഷിയോഗ്യമല്ലാത്ത ഭൂമിയും ആയി തരംതിരിച്ചിരിക്കുന്നു. പതഞ്ജലി ഗ്രൂപ്പ് കമ്പനികളുടെ ഭൂരിഭാഗം സ്ഥലങ്ങളും ഞങ്ങള്‍ മാപ്പ് ചെയ്തിരിക്കുന്നത് ഈ വിഭാഗത്തിലാണ്. ഹരിയാന സര്‍ക്കാറിന്റെ സംരക്ഷണ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയ വനഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് ഡീലര്‍മാരുടെ മേച്ചില്‍ സ്ഥലമായി അവശേഷിക്കുന്നത്.
കളക്റ്റീവ് മംഗറിന്റെ റവന്യൂ മാപ്പ് ആക്സസ് ചെയ്തത്തിലൂടെയാണ് അവിടെത്തെ യഥാര്‍ത്ഥ ഭൂപടം ഞങ്ങള്‍ക്ക് മനസിലായത്. അതില്‍ നൂറുകണക്കിന് പ്ലോട്ടുകളുടെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്ലോട്ടുകളുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരാണെന്നു മനസിലാകാന്‍ സംസ്ഥാന ഡിജിറ്റല്‍ ലാന്‍ഡ് റെക്കോര്‍ഡുകളും ഞങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് പതഞ്ജലി ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഞങ്ങള്‍ ഫില്‍ട്ടര്‍ ചെയ്തു. ഷാഡോ കമ്പനികളുടെ വെബ് വഴി മംഗറിലെ രാംദേവിന്റെ ഭൂമിയുടെ പൂര്‍ണമായ ചിത്രം നിര്‍മിക്കുന്നതിനായി റവന്യൂ മാപ്പില്‍ ഇവയെ ജിയോ ടാഗും ചെയ്തു.
സിന്‍ഡ്രെല്ലയുടെ ഗ്ലാസ് ഷൂസ്
ഏറ്റവും പഴക്കമേറിയ പര്‍വതനിരയായ ആരവല്ലി കുന്നുകള്‍ ഗുജറാത്തില്‍ നിന്ന് വടക്കുകിഴക്കായി രാജസ്ഥാന്‍ വഴി ഹരിയാനയിലേക്ക് പോകുന്നു. ഇതിനെ ഡല്‍ഹിയുടെ ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്.
ആരവല്ലിയിലെ ഈ വിശാലമായ ഭൂമിയെ അംഗീകൃത വനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ഹരിയാന സര്‍ക്കാരിന്റെ നിരന്തരമായ ശ്രമങ്ങളാണ് പതഞ്ജലിയുടെ ലാഭകരമായ ഭൂമി ഇടപാടുകള്‍ക്ക് സഹായകമായത്. ഹരിയാനയിലെ ആരവല്ലി മലനിരകളുടെ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ ഹരിയാനയുടെ സംരക്ഷണ നിയമമായ പഞ്ചാബ് ലാന്‍ഡ് പ്രിസര്‍വേഷന്‍ ആക്ട്, 1990 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ. റിയല്‍ എസ്റ്റേറ്റ് വിപണി കുതിച്ചുയരുന്ന ഡല്‍ഹിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗുഡ്ഗാവിലും ഫരീദാബാദിലും വലിയ വനപ്രദേശങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഗുഡ്ഗാവിലെ 40% കുന്നുകളും ഫരീദാബാദിലെ 36.8% കുന്നുകളും വനങ്ങളായി വിജ്ഞാപനം ചെയ്യപ്പെടാത്തതും നിയമപരമായി സംരക്ഷിക്കപ്പെടാത്തവയുമാണ്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (എന്‍ജിടി) സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ അനാസ്ഥ കാണിച്ചാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചത്.
‘ഗൈര്‍ മമ്മിന്‍ പഹാദ്’ അഥവാ കൃഷി ചെയ്യാത്ത വനഭൂമിയും പൊതുവായ ഭൂമിയുടെ വര്‍ഗ്ഗീകരണവും ഉടമസ്ഥതയിലും നിയന്ത്രണത്തിലും തര്‍ക്കം നടന്നിരുന്നു. 960-കള്‍ വരെ, പഞ്ചായത്തുകളുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയെ ‘പൊതുഭൂമി’ ആയി കണക്കാക്കിയിരുന്നത്. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യവത്കരിക്കുകയും അവയെ വിറ്റഴിക്കുകയും ചെയ്യുകയായിരുന്നു.
2022 ഏപ്രിലില്‍, സ്വകാര്യവത്കരിക്കപ്പെട്ട പൊതുഭൂമികള്‍ പഞ്ചായത്തുകള്‍ക്ക് തിരികെ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് മംഗാര്‍ വനങ്ങള്‍ക്കും ബാധകമായിരുന്നെങ്കിലും ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ റവന്യൂ, പഞ്ചായത്ത് വകുപ്പുകളും ജില്ലാ ഭരണകൂടവും പിന്നോട്ട് പോയി.
ആരവല്ലിയിലെ വനഭൂമിക്ക് നിയമപരമായ പരിരക്ഷ നിഷേധിക്കപ്പെട്ടതിനാല്‍ പതഞ്ജലിയും മറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനികളും ഈ ഭൂമിയില്‍ പ്ലോട്ടുകള്‍ വാങ്ങി. ഉടമസ്ഥാവകാശത്തെകുറിച്ച തര്‍ക്കം നിലനിന്നിരുന്നതിനാല്‍ ഭൂമിയുടെ വിലയില്‍ വലിയ കുറവ് വന്നിരുന്നു. അത്തരത്തില്‍ വിലകുറഞ്ഞ ഭൂമിയായതിനാല്‍ ശക്തരായ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഈ ഭൂമികള്‍ റ്റെടുക്കുകയും രാഷ്ട്രീയ-ബ്യൂറോക്രാറ്റിക് സംവിധാനം ഉപയോഗപ്പെടുത്തികൊണ്ട് അവയെ ഒരു ബംബര്‍ ആക്കി മാറ്റുകയും വമ്പന്‍ ലാഭത്തിന് വില്‍ക്കുകയും ചെയ്യുന്നു. അങ്ങനെ പതഞ്ജലി ഗ്രൂപ്പും അവരുടെ ഷെല്‍ സ്ഥാപനങ്ങളിലൂടെ, ഈ ഭൂമി ഇടപാടുകളില്‍ ഒരു പ്രധാന പങ്കാളിയായി.
ഇതുപോലെത്തന്നെ, 1996 ലെ മറ്റൊരു സുപ്രധാനമായ സുപ്രീം കോടതി വിധിയെയും ഹരിയാന സര്‍ക്കാര്‍ നിഷേധിച്ചത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ എല്ലാ വനങ്ങളും കണ്ടെത്തി സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിധി നടപ്പിലാക്കുന്നതില്‍ ഹരിയാന സര്‍ക്കാരിന് വീഴ്ച വന്നിട്ടുണ്ട്.
കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം വനമായി സംരക്ഷിക്കേണ്ട ഭൂമി ഏതൊക്കെയാണെന്ന് ഉത്തരവില്‍ വീണ്ടും ഊന്നിപ്പറയുന്നുണ്ടായിരുന്നു. അതിന് കീഴില്‍, ഒരു സര്‍ക്കാര്‍ ഭൂമിയെ വനമായി തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, അത് വനപ്രദേശമാണെങ്കില്‍, വനഭൂമി ആരുടേതായാലും അത് സംരക്ഷിക്കപ്പെടണം എന്നതാണ് നിലനില്‍ക്കുന്ന നയം. പതഞ്ജലി വാങ്ങാന്‍ തുടങ്ങിയ ‘ഗൈര്‍ മമ്മിന്‍ പഹാദ്’ (കൃഷിയോഗ്യമല്ലാത്ത വനഭൂമി) ഈ നിര്‍വചനത്തില്‍ പെടുന്നവയാണ്. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ 27 വര്‍ഷമായി ഈ കോടതി വിധിയെ അവഗണിക്കുവാണ്. ‘ഗൈര്‍ മമ്മിന്‍ പഹാഡ്’ ഭൂമിയില്‍ ചിലതിനെ വനഭൂമി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു.
പരിസ്ഥിതി ലോല പ്രദേശമായ ഇത്തരം കുന്നുകളും വനങ്ങളും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായ ബാധ്യതകളുണ്ടായിരുന്നു. ഒന്നമതായി, ഈ വനങ്ങളെ പഞ്ചാബ് ലാന്‍ഡ് പ്രിസര്‍വേഷന്‍ ആക്ടിന് കീഴില്‍ കൊണ്ടുവരേണ്ടതുണ്ടായിരുന്നു (ഇപ്പോഴും ഹരിയാന പഞ്ചാബിന്റെ ഭാഗമായിരുന്ന കാലഘട്ടത്തില്‍ പുറപ്പെടുവിച്ച വിധിയായതിനാല്‍ ഹരിയാനക്ക് അത് നടപ്പിലാക്കാന്‍ ബാധ്യതയുണ്ട്). കൂടാതെ, കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമപ്രകാരം ദേശീയ തലസ്ഥാന മേഖലാ ആസൂത്രണ ബോര്‍ഡ് നടപ്പിലാക്കുന്ന ‘പ്രകൃതി സംരക്ഷണ മേഖല’യുടെ കീഴില്‍ ഈ വനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതിര്‍ത്തി നിര്‍ണയിക്കപ്പെട്ട പ്രദേശങ്ങളിലെ വനനശീകരണവും റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളും തടയുകയാണ് ഇവ രണ്ടും ലക്ഷ്യമിടുന്നത്.
ആരവല്ലി കുന്നുകളെ ഈ രണ്ടു സാധ്യതകളിലൂടെയും സംരക്ഷികാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. വര്‍ഷങ്ങളായി ഹരിയാന സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. നിര്‍ണായക ഭൂമിയെ വനനശീകരണത്തില്‍ നിന്നും മരുഭൂകരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായാണ് പഞ്ചാബ് ലാന്‍ഡ് പ്രിസര്‍വേഷന്‍ ആക്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
2013 മെയ് മാസത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പഞ്ചാബ് നിയമത്തിന് കീഴിലുള്ള ഭൂമി വനമായി കണക്കാക്കണമെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ വനസംരക്ഷണ നിയമപ്രകാരം ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. അപ്പോള്‍ മാത്രമാണ് ഹരിയാന സര്‍ക്കാരിന് ഭയപ്പാട് ഉണ്ടായത്. ആരവല്ലി മലനിരകളില്‍ നഗരവത്കരണം വേരൂന്നിയ ഗുരുഗ്രാം, ഫരീദാബാദ് ജില്ലകള്‍ നശിച്ചുപോകുമെന്ന് പറഞ്ഞുകൊണ്ട് എന്‍ജിടി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
വലിയ നഗരപ്രദേശങ്ങള്‍ വനമായി പ്രഖ്യാപിക്കപ്പെടുമെന്നാണ് ഹരിയാന വാദിച്ചത്. അത് കള്ളമാണെന്ന് കോടതി കണ്ടെത്തി. ഹരിയാനയിലെ 22 ജില്ലകളിലെ 7.1% ഭൂമി മാത്രമേ ബാധിക്കപ്പെടുകയുള്ളൂവെന്നു കോടതി കണ്ടെത്തി.
2022 ജൂലൈയില്‍ സംസഥാനം ഉന്നയിച്ച വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പലതും അതിശയോക്തി കലര്‍ന്നതാണെന്നും പറഞ്ഞുകൊണ്ട് സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് ഭൂസംരക്ഷണ നിയമത്തിന് കീഴില്‍ വിജ്ഞാപനം ചെയ്ത ഭൂമി വനനശീകരണമാണ് നടക്കുന്നതെന്നും കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്നും ചൂടികാട്ടിയിരുന്നു.
പഞ്ചാബ് ഭൂസംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഹരിയാനയിലെ വനങ്ങളുടെ വലിയൊരു ഭാഗത്തെയും ഈ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിരുന്നു. അവയില്‍ സ്‌ക്രബ് ഉള്ള പ്രദേശങ്ങള്‍ (ഗൈര്‍ മമ്മിന്‍ പഹാഡുകള്‍ അല്ലെങ്കില്‍ പതഞ്ജലിയുടെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളോ ഷെല്‍ കമ്പനികളോ ചൂഷണം ചെയ്യാന്‍ തുടങ്ങിയ കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങള്‍) ഉള്‍പ്പെടുന്നു. വിദഗ്ധര്‍ പറയുന്നതനുസരിച്ച് തുറന്നതും ഇടതൂര്‍ന്നതുമായ വനമേഖല, ‘ഡീംഡ് ഫോറുകള്‍’ അല്ലെങ്കില്‍ വനങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാന്‍ സാധ്യതയുള്ളവയാണ് ഇവ. 1996ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തിലെ അര്‍ത്ഥവും പട്ടികപ്പെടുത്തലും വരുന്നത്.
2014-ല്‍, പ്രകൃതി സംരക്ഷണ മേഖലയ്ക്ക് കീഴിലുള്ള പ്രദേശങ്ങളെ നിര്‍വചിക്കാനും നിഘണ്ടു അര്‍ത്ഥം അനുസരിച്ച് വനങ്ങളായ ‘ഡീംഡ് ഫോറുകള്‍’ അവയ്ക്ക് കീഴില്‍ കൊണ്ടുവരാനും കേന്ദ്രം ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1996ലെ സുപ്രിം കോടതി ഉത്തരവുണ്ടായിട്ടും അത്തരം വനങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള പാരാമീറ്ററുകള്‍ നിശ്ചയിക്കുന്ന ജോലി ഹരിയാന അതുവരെ ചെയ്തിരുന്നില്ല.
2015-ല്‍, ഹരിയാന സര്‍ക്കാര്‍ ഇത്തരം വനങ്ങളെ സംരക്ഷണ പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവരുന്നതിനായി അവയെ ‘തീരുമാനിക്കേണ്ടവ’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അവയുടെ നിലയില്‍ മാറ്റമുണ്ടായില്ല. കളക്ടീവ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പകരം, ഹരിയാന സര്‍ക്കാര്‍ 2021-ല്‍ ഒരു പ്രാദേശിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ആരവല്ലി കുന്നുകളെ അതിന്റെ ‘പ്രകൃതി സംരക്ഷണ മേഖല’ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി. അതിലൂടെ ആ ഭൂപ്രദേശത്തിന് നിലനിന്നിരുന്ന നിര്‍മാണ പ്രവത്തനങ്ങളെ തടഞ്ഞുകൊണ്ടുള്ള വിലക്കിനെ ഒഴിവാക്കാന്‍ സാധിച്ചു. വാണിജ്യ പ്രവര്‍ത്തനങ്ങളെ നിയന്തിരക്കുന്ന ഭൂപ്രദേശം എന്ന് സൂചിപ്പിക്കുന്നതിനായുള്ള എന്‍സിആറിലെ പച്ച പാച്ചുകളില്‍ ഇനി ആ പ്രദേശം ഉള്‍പ്പെടില്ല. അതുകൊണ്ടു തന്നെ, ആരവല്ലിക്ക് ലഭിക്കേണ്ട സംരക്ഷണവും ഇനി ലഭിക്കില്ല.
ഹരിയാന സര്‍ക്കാരിനും കേന്ദ്ര ഗവണ്‍മെന്റിനും അവരുടെ സംരക്ഷണ നയങ്ങളെക്കുറിച്ച് വിശദമായ ചോദ്യാവലി ഞങ്ങള്‍ മെയ്ല്‍ ചെയ്തു. ഫരീദാബാദിലെ മാംഗറിലെ ഭൂമി ഇടപാടുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന പതഞ്ജലിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും ഞങ്ങള്‍ ചോദ്യങ്ങള്‍ അയച്ചിരുന്നു. സംസ്ഥാനത്തിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഇതിലും കാര്യങ്ങള്‍ അവസാനിക്കുന്നില്ല. ‘തീരുമാനിക്കേണ്ടവ’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഡീംഡ് വനങ്ങള്‍ക്കും ഇപ്പോള്‍ നിയമപരമായ പരിരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.
1996-ലെ സുപ്രീം കോടതി ഉത്തരവിനെ തുരങ്കംവച്ചുകൊണ്ട് 2023-ല്‍ കേന്ദ്രസര്‍ക്കാര്‍ വനസംരക്ഷണ നിയമം ഭേദഗതി ചെയ്തു. ഏറ്റവും പുതിയ ഭേദഗതികള്‍ പ്രകാരം ‘ഡീംഡ് ഫോറസ്റ്റ്’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശത്തിനു സംരക്ഷണം ലഭ്യമല്ല. സര്‍ക്കാര്‍ രേഖകളില്‍ വനമെന്ന് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങള്‍ മാത്രമേ നിയമം സംരക്ഷിക്കപ്പെടുകയുള്ളു. ഇതില്‍ പഞ്ചാബ് ലാന്‍ഡ് പ്രിസര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍ വരാത്ത എല്ലാ ഭൂമിയും ഒഴിവാക്കുകയും ചെയ്തു.
ഔദ്യോഗികമായി വര്‍ഗീകരിക്കപ്പെടാനുള്ള അവസരം നഷ്ടപ്പെട്ട വനത്തിനടിയില്‍ ഭൂമി സ്വരൂപിക്കുന്ന പതഞ്ജലി ഗ്രൂപ്പിന് ഇത് ഒരു അനുഗ്രഹമായി മാറുകയും ചെയ്തു.
ലാഭത്തിന്റെ തോത് എത്രത്തോളം വലുതാണ് എന്ന് മനസിലാക്കാന്‍ പതഞ്ജലി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനിയായ കംഖല്‍ ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് രജിസ്ട്രിയും ഭൂമി ഇടപാട് രേഖകളും നോക്കാം. കംഖല്‍ ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് ഭൂമികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന അതില്‍ നിന്നും ലഭിച്ച സൂപ്പര്‍ ലാഭം മറ്റ് പതഞ്ജലിയിലേക്ക് പണം പമ്പ് ചെയ്യുകയും മാത്രം ചെയ്തുകൊണ്ടിരുന്ന ഒരു കമ്പനിയാണ്.
പതഞ്ജലിയുടെ ആചാര്യ ബാല്‍കൃഷ്ണയും സ്വാമി മുക്താനന്ദും ചേര്‍ന്നാണ് 2006 ഓഗസ്റ്റില്‍ കംഖല്‍ ആയുര്‍വേദം സംയോജിപ്പിച്ചത്. കടലാസുകളില്‍ ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി, അലോപ്പതി മരുന്നുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആയിരുന്നെങ്കിലും അവയൊന്നും നിര്‍മിക്കുകയോ വില്‍ക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. മാത്രമല്ല, ഈ കമ്പനി കോടികളാണ് സാമ്പാദിച്ചിരിക്കുന്നതെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ആദ്യ വര്‍ഷങ്ങളില്‍, ബാലകൃഷ്ണ നേരിട്ടും പതഞ്ജലിയുമായി ബന്ധപ്പെട്ട മറ്റ് കമ്പനികള്‍ വഴിയും കംഖല്‍ ആയുര്‍വേദത്തിലേക്ക് പണം പമ്പ് ചെയ്തു പോന്നിരുന്നു. ഈ വര്‍ഷങ്ങളില്‍ കംഖല്‍ ആയുര്‍വേദ് മംഗാര്‍ വനങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടികൊണ്ടിരുന്നു. കമ്പനിയുടെ അവകാശവാദങ്ങള്‍ അനുസരിച്ച് ഈ ഭൂമി വാങ്ങിയത് ‘ആയുര്‍വേദ മരുന്നുകളും ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന വ്യവസായം സ്ഥാപിക്കുന്നതിന്’ വേണ്ടിയാണെന്ന് കമ്പനി ഓഡിറ്റര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
അതൊരു വലിയ നുണയായിരുന്നു. കമ്പനി ഒരിക്കലും അത്തരം വസ്തുക്കളുടെ ബിസിനസ് ചെയ്തിട്ടില്ല. പകരം, ആരവല്ലി ഭൂമിയുടെ ഭൂരിഭാഗവും ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വിറ്റ്‌കൊണ്ട് വലിയ ലാഭം ഉണ്ടാക്കുകയായിരുന്നു. അത് ഉണ്ടാക്കിയ വമ്പന്‍ ലാഭം പിന്നീട് പതഞ്ജലി ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളിലേക്ക് പമ്പ് ചെയ്യപ്പെട്ടു. ഈ കമ്പനികളിലേക്കുള്ള പണവും നിക്ഷേപവും പിന്നീട് കൈമാറ്റം ചെയ്തുകൊണ്ടിരുന്നു.
വിശദാംശങ്ങള്‍ ഇവിടെ കൊടുക്കുന്നു.
2009-നും 2011-നും ഇടയില്‍ കംഖല്‍ ആയുര്‍വേദ് മംഗറില്‍ 43 ഏക്കറിലധികം ഭൂമി വാങ്ങി. തുടര്‍ന്ന് 2011 ഓഗസ്റ്റില്‍ 2.66 കോടി രൂപയ്ക്ക് വാങ്ങിയ 41 ഏക്കര്‍ ഭൂമി ഡല്‍ഹി ആസ്ഥാനമായുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ടോപസ് പ്രോപ്ബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റു. 12.38 കോടി രൂപയ്ക്ക് ഭൂമി വിറ്റതായി ടോപാസിന്റെ ബാലന്‍സ് ഷീറ്റ് കാണിക്കുന്നുണ്ട്. അതായത്, പതഞ്ജലിയെന്ന സീറോ റവന്യൂ ഉള്ള സ്ഥാപനം 9.72 കോടി രൂപ (365% ലാഭം) ഉണ്ടാക്കി.
2008-ല്‍ ആരംഭിച്ച ടോപസ് പ്രോപ്പ് ബില്‍ഡ് വിവാദമായ ഗുഡ്ഗാവ് റിയല്‍ടര്‍ ഐറിയോയുമായി ബന്ധമുള്ള ഒരു പൂജ്യം വരുമാന സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെയും ഐറിയോ വിക്ടറി വാലി പ്രൈവറ്റ് ലിമിറ്റഡിന്റേയും വിലാസം ഒന്നാണ്. അതിന്റെ പകുതി ഓഹരികളും മയൂര്‍ പ്രോപ്മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിന്റെയും വിലാസം ഐറിയോ വിക്ടറി വാലി പ്രൈവറ്റ് ലിമിറ്റഡിന്റേത് തന്നെയാണ്. പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തില്‍ ഐറിയോയുമായി ബന്ധിപ്പിച്ചിട്ടുള്ള മൗറീഷ്യസ് ആസ്ഥാനമായുള്ള ഫണ്ടില്‍ നിന്ന് കമ്പനിക്ക് ഷെയര്‍ അപേക്ഷ തുകയായി 5,000 യുഎസ് ഡോളര്‍ ലഭിച്ചു.
കംഖല്‍ ആയുര്‍വേദം ഒരുദാഹരണമാണ് മാത്രമാണ്. അത്തരത്തില്‍ അനേകം കമ്പനികള്‍ പതഞ്ജലിയുടെ ഷെല്‍ കമ്പനിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ അവലോകനം ചെയ്ത പതഞ്ജലിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ആരവല്ലികളില്‍ ഭൂമി വാങ്ങുന്നതിനായി ഒരേ തന്ത്രങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. പതഞ്ജലിയുമായി ബന്ധമുള്ള ഷെല്‍, അവ്യക്ത കമ്പനികള്‍ എന്നിവയെല്ലാം രാംദേവിന്റെ അടുത്ത ബിസിനസ് കൂട്ടാളികളും കുടുംബാംഗങ്ങളും നിയന്ത്രിക്കുന്നവയായിരുന്നു. വായ്പകളായും മറ്റു പല മാര്‍ഗങ്ങളിലൂടെ ഫണ്ടുകള്‍ സ്വീകരിച്ച് വന്‍തുക ലാഭമാക്കി സമ്പന്നരായിക്കൊണ്ടിരിക്കുകയാണ് ഇത്തരം കമ്പനികള്‍ എല്ലാം തന്നെ.
കംഖല്‍ ആയുര്‍വേദം ഈ ഭൂമി വാങ്ങുന്നത് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാനാണെന്ന് വര്‍ഷങ്ങളായി അവയുടെ ഓഡിറ്റര്‍മാര്‍ അവകാശപെടുമ്പോഴും 2022 സാമ്പത്തിക വര്‍ഷത്തോടെ മംഗാര്‍ വില്ലേജില്‍ 10,93,000 രൂപ വിലയുള്ള ഭൂമി അവരുടെ ഉടമസ്ഥാവകാശത്തില്‍ ഉണ്ട്. ഇവയില്‍ ഒരു ഫാക്ടറിയോ മറ്റു നിര്‍മാണങ്ങളോ ഇതുവരെ നടത്തിയിട്ടുമില്ല. മാത്രമല്ല, ഒരു കസേരയോ മേശയോ അങ്ങനെ ഒരു തരത്തിലുള്ള ഫര്‍ണിച്ചറുകളോ വാങ്ങിയിട്ടില്ലായെന്നതും പ്രസക്തമാണ്.
പകരം, കമ്പനി ഭൂമി വില്‍പ്പനയിലൂടെ നേടിയ വരുമാനം പതഞ്ജലിയുമായി ബന്ധപ്പെട്ട മറ്റ് 16 കമ്പനികളിലേക്കും ഗുണ എയര്‍ലൈന്‍സ് എന്ന നേപ്പാള്‍ ആസ്ഥാനമായുള്ള ഒരു എയര്‍ലൈന്‍ കമ്പനിയിലേക്കും പമ്പ് ചെയ്തുകൊണ്ടിരുന്നു. കൂടാതെ സംശയാസ്പദമായ വഴിയിലൂടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കൂടുതല്‍ ഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ കോര്‍പ്പറേറ്റ് ഫയലിംഗുകള്‍ പ്രകാരം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലായി ഇവര്‍ക്ക് ഭൂമിയുണ്ട്.
കംഖല്‍ ആയുര്‍വേദിലേക്കും അതിലേക്ക് പണം അഡ്വാന്‍സ് ചെയ്ത സ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്കും വിശദമായ ചോദ്യങ്ങള്‍ ഞങ്ങള്‍ മെയിലയച്ചിരുന്നു. ഇമെയ്ല്‍ വഴി അയച്ച ചോദ്യാവലിയുടെ പകര്‍പ്പ് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്കും (സിഒഒ) അയച്ചിരുന്നു. ബാബ രാംദേവിന്റെ വക്താവും ആസ്ത ടിവിയുടെ ദേശീയ തലവനുമായ എസ് കെ തിജാരവാലയുടെ പേരുകളും എല്ലാ മെയിലുകളിലും കോപ്പി ചെയ്തിരുന്നു.
കമ്പനികളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുപോലെയുള്ള കോപ്പി-പേസ്റ്റ് പ്രതികരണങ്ങള്‍ ലഭിച്ചത്. പതഞ്ജലി ആയുര്‍വേദ് സിഒഒയ്ക്കും തിജരാവാലയ്ക്കും ഞങ്ങള്‍ പ്രതികരങ്ങള്‍ അയച്ചിരുന്നു. ഇതില്‍ നിന്നും ഈ സ്ഥാപനങ്ങളെല്ലാം രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും ഇവയെല്ലാം രാംദേവിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തുന്ന സ്വതന്ത്ര സ്ഥാപനങ്ങളല്ലെന്നും സ്ഥിരീകരിക്കാനായി.
നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് അവര്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ളതെന്നും പൂര്‍ണമായും ഭൂമി ഏറ്റെടുക്കലിനെ നിയന്ത്രിക്കുന്ന ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നുമാണ് അവര്‍ മറുപടിയില്‍ പറഞ്ഞത്.
രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ രഹസ്യ റിയല്‍ എസ്റ്റേറ്റ് ബിസിനസോ സാമ്പത്തിക ഇടപാടുകളോ ടര്‍ബോ ചാര്‍ജ് ചെയ്യുന്നതിനായി സ്ഥാപിച്ച ഈ ഷെല്‍ കമ്പനികളെ അധികാരികള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പൊതുരേഖകളൊന്നുമില്ല. 2012ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് രാംദേവിനെതിരെ അഴിമതി ആരോപണവും തുടര്‍ അന്വേഷണവും നടന്നത്.
ഇപ്പോള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഉയര്‍ച്ചയ്ക്കൊപ്പം പതഞ്ജലി ഗ്രൂപ്പും വമ്പന്‍ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പതഞ്ജലി ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് അവതാരം പൊതുജനങ്ങളില്‍ നിന്നും മറഞ്ഞിരിക്കുകയാണ്.
രണ്ടു ഭാഗങ്ങളിലായുള്ള ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിക്കുന്നത് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ആണ്. ഔദ്യോഗികമായ അനുമതിയോടെയാണ് അഴിമുഖം മലയാളത്തില്‍ ഈ അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്നത്.