UPDATES

വിദേശം

ആരാണ് സാം ബാങ്ക്മാൻ-ഫ്രൈഡ് ?

എഫ്ടിഎക്സ് എന്ന നുണകളുടെ ചീട്ടു കൊട്ടാരം തകർന്നടിഞ്ഞതെങ്ങനെ

                       

വർഷങ്ങളായി ഏറ്റവുമധികം ആളുകൾ ആകാംഷയോടെ നോക്കികണ്ട വഞ്ചന കേസുകളിൽ ഒന്ന് നാടകീയമായ അവസാനത്തിലെത്തി ചേർന്നിരിക്കുകയാണ്. ഒരിക്കൽ 32 ബില്യൺ ഡോളറിൻ്റെ ബിസിനസിന് ഉടമയായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡിന് ഇനി തൻ്റെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും. അടുത്ത വർഷങ്ങൾ വരെ ക്രിപ്റ്റോ ജയന്റ് എന്ന വിളിപ്പേരിൽ അറിയപ്പെട്ട സാം ബാങ്ക്മാൻ ഫ്രൈഡ് എന്ന മുപ്പത്തൊന്ന് വയസ്സുകാരന്റെ എഫ്.ടി.എക്സ് (ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ച്) ട്രേഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിക്ഷേപിക്കാനും അംഗീകാരം ലഭിക്കാനും ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു എന്നതാണ് വാസ്തവം.

എന്നാൽ സാം ബാങ്ക്മാന്റെ സാമ്രാജ്യം തകർന്നു വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഏഴ് കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാം ബാങ്ക്മാന്റെ നുണകളുടെ ചീട്ടു കൊട്ടാരം തകർന്നടിഞ്ഞു. ഇപ്പോൾ സാമിനെ കാത്തിരിക്കുന്നത് 110 വർഷം വരെ നീളുന്ന തടവ് ശിക്ഷയാണ്. ദശലക്ഷക്കണക്കിന് ഡോളർ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി സംഭാവന ചെയ്യുകയും കൂടാതെ തൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും നൽകാൻ ആഗ്രഹിക്കുന്നുവെന്ന് അഭിമുഖങ്ങളിൽ പറയുകയും ചെയ്തു.

ആരാണ് സാം ബാങ്ക്മാൻ-ഫ്രൈഡ്?

സ്റ്റാൻഫൊർഡ് ലോ സ്‌കൂളിലെ പ്രൊഫസർമാരായ ബാർബറ ഫ്രൈഡിന്റേയും ജോസഫ് ബാങ്ക്മാന്റേയും മകനായി 1992-ൽ ആണ് ബാങ്ക്മാൻ ഫ്രൈഡ് ജനിക്കുന്നത്. സിലിക്കൺ വാലിയുടെ തണലിൽ വളർന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് ചെറുപ്രായത്തിൽ തന്നെ ഗണിത പസിലുകളോട് അതിശയിപ്പിക്കുന്ന അഭിരുചി കാണിച്ചു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ജെയ്ൻ സ്ട്രീറ്റ് എന്ന വ്യാപാര സ്ഥാപനത്തിൽ ചേർന്നു. അവിടെ വച്ചാണ് അദ്ദേഹം തൻ്റെ ശമ്പളത്തിൻ്റെ പകുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ തുടങ്ങിയത്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തെളിവ് അടിസ്ഥാനമാക്കിയുള്ള സമീപനമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നാണ് വക്താക്കൾ പറഞ്ഞിരുന്നത്. ‘ ലോകത്തെ മാറ്റാനുള്ള പണം സമ്പാദിക്കാനുള്ള ഒരു മാർഗമായാണ് സാം ബാങ്ക്മാൻ ക്രിപ്‌റ്റോ കറൻസിയെ കണ്ടതെന്ന് താൻ വിശ്വസിക്കുന്നു’. എന്നാണ് സാം ബാങ്ക്മാൻ-ഫ്രൈഡിനെക്കുറിച്ചുള്ള  പുസ്തകത്തിൻ്റെ രചയിതാവ് മൈക്കൽ ലൂയിസ് ബിബിസിയോട് പറഞ്ഞത്.

എന്താണ് എഫ് ടി എക്സ് (FTX )

ചില സുഹൃത്തുക്കളുമായി ചേർന്ന് 2017-ൽ അലമേഡ റിസേർച്ചെന്ന കമ്പനി തുടങ്ങിയായിരുന്നു തുടക്കം. 2018-ൽ ദിവസേന പത്ത് ലക്ഷം ഡോളർ സമ്പാദിക്കുന്ന കമ്പനിയായി അലമേഡ മാറി. സാം ബാങ്ക്മാൻ-ഫ്രൈഡും അദ്ദേഹത്തിൻ്റെ മുൻ എം ഐ ടി സഹപാഠിയായ ഗാരി വാംഗും ചേർന്ന് 2019-ലാണ് എഫ് ടി എക്സ് ആരംഭിക്കുന്നത്. തന്റെ സ്വപ്നങ്ങളെ പണത്തിന് മുകളിൽ പ്രതിഷ്ഠിച്ചായിരുന്നു എസ്.ബി.എഫ് എന്ന ചുരുക്കപ്പേരിൽ അറിയിപ്പെട്ടിരുന്ന സാം ബാങ്ക്മാൻ എഫ്.ടി.എക്സ് (ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ച്) ട്രേഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയെ ബഹമാസിൽ പടുത്തുയർത്തിയത്. ബിറ്റ് കോയിൻ ഉൾപ്പെടെയുള്ളവയുടെ വിനിമയവും വിപണനവും സുഗമമാക്കുന്ന എക്സ്ചേഞ്ച് കമ്പനിയായിരുന്നു എഫ്.ടി.എക്സ്. ന്യൂജൻ സമ്പാദ്യമെന്ന് പേര് കേട്ട ക്രിപ്റ്റോ കറൻസിയിൽ ബാങ്ക്മാൻ ലക്ഷ്യമിട്ടതോടെ കൂടെ കൂടിയത് ലക്ഷക്കണക്കിന് ഉപയോക്താക്കളായിരുന്നു. എല്ലാ ദിവസവും 10 ബില്യൺ ഡോളർ മുതൽ 15 ബില്യൺ ഡോളർ വരെ വ്യാപാരം നടത്താൻ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നതായി എഫ്‌ടിഎക്‌സ് എക്‌സിക്യൂട്ടീവുകൾ വാഗ്‌ദാനം ചെയ്തിരുന്നു. 2022-ൻ്റെ തുടക്കത്തിൽ,എഫ് ടി എക്സിന്റെ മൂല്യം 32 ബില്യൺ ഡോളർ ആയിരുന്നു ഏകദേശം 26,67,85,28,00,000 ഇന്ത്യൻ രൂപ. സുരക്ഷിത നിക്ഷേപം തേടി എഫ്.ടി എക്സിന്റെ ഫാനാവാൻ ഓരോ ദിവസവുമെത്തിയത് ലക്ഷക്കണക്കിന് ആളുകളാണ്. ക്രിപ്റ്റോ ബോധവൽക്കരണത്തിന്റെ പ്രധാന മുഖമായി ബാങ്ക്മാൻ അവതരിക്കപ്പെട്ടു.

ഫ്‌ടിഎക്‌സിനെക്കുറിച്ചുള്ള ഒരു ബോംബ് ഷെൽ അന്വേഷണത്തിന് പിന്നാലെയാണ് സാം ബാങ്ക്മാൻ-ഫ്രൈഡിൻ്റെ സാമ്രാജ്യത്തിൻ്റെ പൊട്ടിത്തെറി ആരംഭിച്ചത്. കോയിൻഡെസ്‌ക് വാർത്താ സൈറ്റ്, അദ്ദേഹത്തിൻ്റെ കമ്പനികൾ അപകടകരമായ സാമ്പത്തിക സ്ഥിതിയിലാണെന്ന് പറയുകയും എഫ് ടി എക്സ് ഉപഭോക്തൃ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി. പരിഭ്രാന്തരായ ഉപഭോക്താക്കൾ എഫ്‌ടിഎക്‌സ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമിൽ നിന്ന് കോടിക്കണക്കിന് ഡോളർ പിൻവലിക്കാൻ ശ്രമിച്ചു. എഫ്ടിഎക്സിന്റെ പ്രധാന എതിരാളിയായ ബിനാൻസ് എഫ്ടിഎക്സുമായി ബന്ധപ്പെട്ട തങ്ങളുടെ എല്ലാ ഓഹരികളും പരസ്യമായി വിറ്റഴിക്കാൻ തുടങ്ങിയതോടെയാണ് എഫ്ടിഎക്സ് തകർച്ചയുടെ യഥാർഥ സത്യം ഉപഭോക്താക്കൾ തിരിച്ചറിഞ്ഞത്. പരിഭ്രാന്തരായ ഉപഭോക്താക്കൾ എഫ്‌ടിഎക്‌സ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമിൽ നിന്ന് കോടിക്കണക്കിന് ഡോളർ പിൻവലിക്കാൻ ശ്രമിച്ചു, 2022 നവംബർ 11-ന് പാപ്പരത്തത്തിനായി സാം ബാങ്ക്മാൻ ഫയൽ ചെയ്തു.

എന്താണ് സാം ബാങ്ക്മാൻ-ഫ്രൈഡിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം

ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഡാമിയൻ വില്യംസിൻ്റെ അഭിപ്രായ പ്രകാരം, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് സാം ബാങ്ക്മാൻ-ഫ്രൈഡ് നടത്തിയത്. അലമേഡ റിസർച്ചിലെ അപകടസാധ്യതയുള്ള സ്വാകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാം ബാങ്ക്മാൻ-ഫ്രൈഡ് ഉപഭോക്തൃ ഫണ്ടുകൾ ഉപയോഗിച്ചുവെന്നായിരുന്നു കേന്ദ്ര ആരോപണം.

ആഡംബര ജീവിതത്തിനും രാഷ്ട്രീയ സംഭാവനകൾക്കുമായി നിക്ഷേപങ്ങളിൽ നിന്ന് എടുത്ത ദശലക്ഷക്കണക്കിന് ഡോളർ അദ്ദേഹം ചെലവഴിച്ചതായി പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നു. എഫ് ടി എക്സ് തകർന്നപ്പോൾ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ പണം കൃത്യസമയത്ത് പിൻവലിക്കാൻ കഴിയാതെ പോയിരുന്നു. സാം ബാങ്ക്മാൻ-ഫ്രൈഡിൻ്റെ മുൻ കാമുകി കരോലിൻ എലിസൺ ഉൾപ്പെടെ നിരവധി സഹപ്രവർത്തകർ ഇതിനോടകം തന്നെ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

വിചാരണ

വയർ തട്ടിപ്പ് ( മറ്റൊരാളെ തട്ടിപ്പിനിരയാക്കാൻ ഫിസിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് മെയിൽ സിസ്റ്റം ഉപയോഗിക്കുന്ന രീതി ) സെക്യൂരിറ്റീസ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെ ഏഴ് ഫെഡറൽ നിയമ ലംഘനങ്ങളിൽ സാം ബാങ്ക്മാൻ-ഫ്രൈഡ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിചാരണയ്ക്കിടെ, മുൻ ചീഫ് ടെക്നോളജി ഓഫീസർ ഗാരി വാങ്, മുൻ എഞ്ചിനീയറിംഗ് മേധാവി നിഷാദ് സിംഗ്, കരോലിൻ എലിസൺ എന്നിവരുൾപ്പെടെ നിരവധി മുൻ എഫ് ടി എക്സ് സ്റ്റാഫ് അംഗങ്ങളിൽ നിന്നും എക്സിക്യൂട്ടീവുകളിൽ നിന്നും വാദങ്ങൾ ജൂറിമാർ കേട്ടിരുന്നു.

തൻ്റെ സാക്ഷ്യത്തിൽ, അദ്ദേഹം സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചു, തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും എങ്കിലും താൻ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചതെന്ന് അവകാശപ്പെടുകയും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതാണ് എഫ് ടി എക്സിന്റെ മുൻഗണനയെന്നും സാം ബാങ്ക്മാൻ കോടതിയിൽ വാദിച്ചു. ഒരു മാസത്തെ വിചാരണയ്‌ക്കൊടുവിൽ, ജൂറി അഞ്ച് മണിക്കൂറിൽ താഴെ സമയമെടുത്താണ് ജൂറി വിധി പറഞ്ഞത്. സാം ബാങ്ക്മാൻ-ഫ്രൈഡ് 110 വർഷം തടവും. അഞ്ച് കുറ്റങ്ങൾക്ക് 20 വർഷം വീതം നിയമാനുസൃതമായ പരമാവധി ശിക്ഷയും ബാക്കിയുള്ള രണ്ട് പേർക്ക് പരമാവധി അഞ്ച് വർഷം വീതവും ലഭിക്കും.

Share on

മറ്റുവാര്‍ത്തകള്‍