UPDATES

വിദേശം

ആരാണ് എമേഴ്സണ്‍ മംഗഗ്വ; ദി ക്രോക്കഡൈല്‍?

വിജയിച്ചിട്ടും വിജയിക്കാതെ സിംബാവെ പ്രസിഡന്റ്

                       

തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും വിജയിക്കാതെ സിംബാവെപ്രസിഡന്റ് എമേഴ്സണ്‍ മംഗഗ്വ രണ്ടാമതും അധികാരത്തില്‍. നീണ്ട 37 വര്‍ഷം സിംബാവെയുടെ പ്രസിഡന്റ് ആയിരുന്ന റോബര്‍ട്ട് മുഗാബെയെ 2017ല്‍ മറികടന്ന് അധികാരത്തില്‍ എത്തിയ എമേഴ്സണ്‍ മംഗഗ്വയുടെ വിജയത്തെ പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും അംഗീകരിക്കാന്‍ തയ്യാറല്ല. ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ ഭരണം അവസാനിപ്പിച്ച് 1980 മുതല്‍ അധികാരത്തിലുണ്ടായിരുന്ന സിംബാവെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍- പേട്രിയോടിക് ഫ്രണ്ടിന് അനുകൂലമായ തരത്തില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ആരോപണം.

സിംബാവെ ഇലക്ടറല്‍ കമ്മീഷന്‍ ശനിയാഴ്ച വൈകി പ്രഖ്യാപിച്ച ഔദ്യോഗിക ഫലം അനുസരിച്ച് എമേഴ്സണ്‍ മംഗഗ്വയുടെ മുഖ്യ എതിരാളിയായ സിറ്റിസണ്‍ കോലിയേഷന്‍ ഫോര്‍ ചേഞ്ച് (സിസിസി) പാര്‍ട്ടി നേതാവ് നെല്‍സണ്‍ ചാമിസ 44 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ മംഗഗ്വ നേടിയത് 52.6 ശതമാനം വോട്ടുകളാണ്. വോട്ടെണ്ണലിന് തൊട്ടുപിന്നാലെ മംഗഗ്വ എമേഴ്സണ്‍ സിംബാവെയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായി സിംബാവെ ഇലക്ഷന്‍ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ചിംഗുംബ ഔദ്യാഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തീയതികളില്‍ കാലതമാസം വരുത്തിയത്, കള്ളവോട്ട്, വോട്ടര്‍മാരെ ഭീഷണിപെടുത്തല്‍ തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് ഫലത്തിന് എതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

ഇക്കാരണത്താല്‍ ചാമിസയുടെ സിസിസി പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫലത്തിന്റേതായി പുറത്തിറക്കിയ അന്തിമ ഫലങ്ങളില്‍ ഒപ്പു വെച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പ്രോമിസ് മക്വാനന്‍സി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ പാര്‍ട്ടി വക്താവ് പാര്‍ട്ടിയുടെ തുടര്‍ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. കൊളോണിയല്‍ ഭരണത്തിന് പിന്നാലെ അധികാരത്തില്‍ ഏറിയെങ്കിലും സിംബാവെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ പാര്‍ട്ടിയുടെ കഴിഞ്ഞ 43 വര്‍ഷത്തെ ദുര്‍ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള പരീക്ഷണമായാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിരീക്ഷിച്ചത്. പ്രാദേശികവും അന്താരാഷ്ട്രവുമായ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് മര്യാദകളും പാലിക്കുന്നതില്‍ സിംബാവെ സര്‍ക്കാര്‍ പരാജയപെട്ടെന്നും വിദേശീയരായ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉള്‍പെടെ ആരോപിക്കുന്നു.

ഭയഭീതമായ അന്തരീക്ഷത്തിലാണ് സിംബാവെയില്‍ തെരഞ്ഞെടുപ്പ് നടന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ റാലികള്‍ നിരോധിച്ചതും സംസ്ഥാന മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗും ഉള്‍പെടെയുള്ള സംഭവങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നിരീക്ഷണ ദൗത്യ സംഘം ഉള്‍പെടെ ചൂണ്ടിക്കാട്ടി. വിദേശ നിരീക്ഷകര്‍ക്ക് പുറമേ തെരഞ്ഞെടുപ്പ് തികച്ചും ക്രമക്കേടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് സിംബാവെയില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകനായ റിജോയ്സ് എന്‍ഗ്വെനിയ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ സിസിസിക്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുന്നതിനുള്ള തെളിവുകളും തക്കതായ കാരണങ്ങളുമുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാട്ടിയെന്നും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിച്ചെന്നുമുള്ള ആരോപണങ്ങളെ സിംബാവെ സര്‍ക്കാര്‍ നിരാകരിക്കുന്നു.

ദി ക്രോക്കഡൈല്‍
ദി ക്രോക്കഡൈല്‍ എന്ന് വിളിപ്പേരുള്ള എമേഴ്സണ്‍ മംഗഗ്വ ദീര്‍ഘകാലം മുഗാബെയുടെ വലം കൈയായി പ്രവര്‍ത്തിച്ച് 2017ലാണ് എതിര്‍പ്പുകള്‍ മറികടന്ന് രോഗിയായ മുഗാബെയെ പിന്തള്ളി അധികാരത്തില്‍ എത്തിയത്. 2018ല്‍ പ്രതിപക്ഷ നേതാവ് ചാമിസയെ നേരിയ ഭൂരിപക്ഷത്തില്‍ പരാജയപെടുത്തിയാണ് മംഗഗ്വ അധികാരത്തില്‍ ഏറിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് എതിരെ അന്ന് നെല്‍സണ്‍ ചാമിസ ഭരണഘടന കോടതിയില്‍ പരാതി നല്‍കിയെങ്കിലും പരാജയപെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി കേന്ദ്രവും സിംബാവെയുടെ തലസ്ഥാനവുമായ ഹരാരെയില്‍ ബാലറ്റ് പേപ്പറുകള്‍ ഒരു ദിവസം വൈകിയാണ് എത്തിച്ചത്. ബാലറ്റ് പേപ്പറുകളുടെ അച്ചടി വൈകിയതാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് ചാമിസ ആരോപിക്കുന്നു. ബ്രിട്ടീഷുകാരുടെ സാമ്രാജ്യമായിരുന്ന റോഡേഷ്യയാണ് 1965ല്‍ ബ്രിട്ടനുമായി വേര്‍പെട്ടതിനെ തുടര്‍ന്ന് പിന്നീട് സിംബാവെ ആകുന്നത്. ദീര്‍ഘകാലത്തെ ഗറില്ലാ യുദ്ദത്തിന് ശേഷം 1980ലാണ് സിംബാവെ എന്ന് പുനഃര്‍നാമകരണം ചെയ്തത്.

എന്നാല്‍ സിംബാവെയുടെ സ്വാതന്ത്യ സമര സേനാനിയും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ റോബര്‍ട്ട് മുഗാബയുടെ ഭരണത്തിന്‍ കീഴില്‍ സിംബാവെയ്ക്ക് കാര്യമായ പുരോഗതികള്‍ നേടാനായില്ല. സമ്പദ്വ്യവസ്ഥ തികച്ചും താറുമാറായി, നിയന്ത്രണാതീതമായ പണപെരുപ്പം ജനങ്ങളുടെ സമ്പാദ്യത്തെ ഇല്ലാതാക്കി, നിക്ഷേപങ്ങളെ തടഞ്ഞു. ഇക്കാലത്ത് സുരക്ഷാ വകുപ്പ് മന്ത്രി, നീതിന്യായ വകുപ്പ് മന്ത്രി, വൈസ് പ്രസിഡന്റ് ഉള്‍പെടെയുള്ള നിരവധി നിര്‍ണായക സ്ഥാനങ്ങള്‍ നിര്‍വഹിച്ചിരുന്ന, സര്‍ക്കാരിലെ ഏറ്റവും പ്രബലനായ വ്യക്തിയായിരുന്നു മംഗഗ്വ. മുഗാബെയുടെ അനുചരനായ എമേഴ്സണ്‍ മംഗഗ്വ അധികാരത്തില്‍ എത്തിയാലും സിംബാവെയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന് തിറിച്ചറിഞ്ഞ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് പ്രതിപക്ഷം ഇത്തവണ മത്സരത്തിന് ഇറങ്ങിയത്. ഭൂരിപക്ഷ വോട്ട് സമ്പ്രദായം പിന്തുടരുന്ന സിംബാവെയില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ 210 പാര്‍ലമെന്ററി സീറ്റുകളില്‍ 36 സീറ്റുകളാണ് ഭരണകക്ഷികളായ സിംബാവെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ നേടിയത് മുഖ്യ എതിരാളികളായ സിസിസി 73 സീറ്റുകളും നേടി. ഒരു സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ആ സീറ്റ് മാത്രം ഒഴിഞ്ഞു കിടക്കുന്നു. ആനുപാതിക പ്രാതിനിധ്യത്തിന്റെ പാര്‍ട്ടി ലിസ്റ്റ് സമ്പദ്രായത്തിലൂടെ നിയമിക്കപെടുന്ന സ്ത്രീകള്‍ക്കായി 60 സീറ്റുകള്‍ കൂടി സംവരണം ചെയ്തിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍