UPDATES

വിദേശം

ആരാണ് ഹൂതികൾ

എന്താണ് ചെങ്കടലില്‍ നടക്കുന്നത്?

                       

ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് യെമനിലെ വിമത സംഘമായ ഹൂതികള്‍ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ തുടങ്ങിയത്. യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബര്‍ മുതല്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകളെയാണ് പ്രധാനമായും ആക്രമിച്ചു കൊണ്ടിരുന്നത്. നവംബര്‍ 19 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ 20ലധികം തവണ ഏകദേശം 12 കപ്പലുകലോളം അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ആഗോള എണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയിലായിരുന്നു ലോകം. റഷ്യയും ചൈനയും വിട്ടുനിന്നെങ്കിലും ഹൂതി വിമതര്‍ ചെങ്കടലില്‍ കപ്പല്‍ ഗതാഗതത്തിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ട് ജനുവരി 11 ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ പുതുവര്‍ഷത്തില്‍ ആക്രമണം ചെറുത്ത അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററുകള്‍ മൂന്നു ഹൂതി ബോട്ടുകള്‍ മുക്കിയാതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ 10 ഹൂതികളെ വധിക്കുകയും ചെയ്തതായി യുഎസ് അധികൃതര്‍ അറിയിച്ചിരുന്നു. യുഎസ് ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ഹൂതികള്‍ ഉപയോഗിക്കുന്ന ഒരു ഡസനിലധികം സൈറ്റുകളില്‍ യുഎസും യുകെയും വ്യോമാക്രമണം നടത്തിയതായി പറയുന്നു. ഈ നടപടി ഒരിക്കലും വച്ചുപൊറുപ്പിക്കാനാകില്ലെന്ന സന്ദേശം നല്‍കാനാണ് ഹൂതി കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ആവശ്യമെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും പ്രസിഡന്റ് ബൈഡന്‍ വ്യാഴാഴ്ച വൈകി നടത്തിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി ഒമ്പതിന് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണം നടന്ന് മണിക്കൂറുകള്‍ പിന്നിടവെയാണ് യെമനിലെ തിരിച്ചടി.

ആരാണ് ഹൂതികള്‍?

സബയന്‍, ഹിംയറൈറ്റ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാതന നാഗരികതകളുടെ ആസ്ഥാനമായിരുന്ന, മധ്യപൂര്‍വേഷ്യയിലെ അറേബ്യന്‍ പെനിന്‍സുലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് യെമന്‍. മതപരമായ വൈവിധ്യം ഉള്‍കൊള്ളുന്നുണ്ടെങ്കിലും ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ലിങ്ങളാണ്. സുന്നി, ഷിയ വിഭങ്ങളാണ് ഇവയില്‍ ഏറ്റവും പ്രധാനികള്‍. അന്‍സാര്‍ അല്ലാഹു എന്നറിയപ്പെടുന്ന ഹൂതി പ്രസ്ഥാനം ആദ്യമായി ഉത്ഭവിക്കുന്നത് യെമന്റെ വടക്കന്‍ ഭാഗങ്ങളിലാണ്. പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഹുസൈന്‍ ബദ്രിദ്ദീന്‍ അല്‍-ഹൂതിയുടെ പേരാണ് പ്രസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. 1990കളുടെ തുടക്കത്തില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനം സെയ്ദി ഷിയാ വിഭാഗങ്ങള്‍ക്കു നേരെ നടന്ന വിവേചനങ്ങളുടെയും, അടിച്ചമര്‍ത്തലത്തിന്റെയും പ്രതികരണമെന്ന നിലയ്ക്കായിരുന്നു. സുന്നി ഭൂരിപക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്ക് ഭാഗത്ത്, സൈദികള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരായിരുന്നു. സെയ്ദി ഷിയാ സമുദായം ചരിത്രപരമായി യെമനില്‍ രാഷ്ട്രീയ അധികാരം കൈവശം വച്ചിരുന്നുവെങ്കിലും കാലക്രമേണ അവരുടെ സ്വാധീനം കുറയുകയായിരുന്നു. യെമനിലെ വിദേശ ഇടപെടലിനെതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ ശക്തിയായാണ് ഹൂതി പ്രസ്ഥാനം സ്വയം രൂപപ്പെട്ടത്. 2000-കളുടെ തുടക്കത്തിലാണ് അമേരിക്കയുടെയും സൗദി അറേബ്യയുടെയും പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ ഹൂതികളെ ലക്ഷ്യം വച്ചുള്ള അടിച്ചമര്‍ത്തല്‍ ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ക്ക് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കി. 2014-ല്‍ യെമന്‍ തലസ്ഥാനമായ സനയുടെ നിയന്ത്രണം ഹൂതികള്‍ ഏറ്റെടുക്കുകയും പിന്നീട് രാജ്യത്തുടനീളം തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയും ചെയ്തതോടെ രാജ്യത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതോടെ യെമന്‍ ഗവണ്‍മെന്റ്, ഹൂതി വിമതര്‍, പ്രാദേശിക ശക്തികള്‍ എന്നിങ്ങനെ ചേരി തിരിഞ്ഞുള്ള സങ്കീര്‍ണ്ണമായ രാഷ്രീയ പ്രക്ഷുബ്ദതയിലേക്ക് രാജ്യത്തെ നയിച്ചു. യെമന്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിനും ഹൂതി വിമതരെ നേരിടുന്നതിനുമായി 2015 ല്‍ യുഎസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയോടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ഈ സംഘര്‍ഷത്തില്‍ ഇടപെട്ടു. വ്യാപകമായ കുടിയൊഴിപ്പിക്കല്‍, ഭക്ഷ്യക്ഷാമം, തകര്‍ച്ചയുടെ വക്കില്‍ നിന്നിരുന്ന ആരോഗ്യസംരക്ഷണ സംവിധാനം എന്നീ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുകയായിരുന്നു സൗദിയുടെ ഇടപെടല്‍. ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് ഈ സംഘര്‍ഷം കലാശിച്ചത്. വിവിധ പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലുള്ള സംഘര്‍ഷങ്ങളുടെ ആഘാതം പേറുകയാണ് വിമത സംഘടനായ ഹൂതി ഉള്‍പ്പെടുന്ന യെമന്‍. ഏകദേശം 20,000 ത്തിലധികം അംഗങ്ങളുള്ള സംഘടന പടിഞ്ഞാറന്‍ യെമന്റെയും ചെങ്കടലിന്റെയും ചുമതല വഹിക്കുന്നുണ്ട്.

ഗാസ യുദ്ധത്തിന് മുമ്പ് യെമനില്‍ എന്താണ് സംഭവിച്ചത്?

സ്വേച്ഛാധിപത്യ ഭരണാധികാരിയും സൗദി സഖ്യകക്ഷിയുമായ അലി അബ്ദുല്ല സാലിഹിന്റെ ദീര്‍ഘകാല അഴിമതിയിലും ക്രൂരതയിലും മടുത്ത ഷിയ യെമനികള്‍ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹൂതികളെ പിന്തുണച്ചു തുടങ്ങി. അമേരിക്കയുടെ ഇറാന്‍ അധിനിവേശ സമയത്ത് ഇതിന്റെ ആക്കം കൂടി.ജനകീയ പ്രതിഷേധങ്ങളും നിരവധി കൊലപാതക ശ്രമങ്ങളും സാലിഹിനെ 2012-ല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി. എന്നാല്‍, 2014-ല്‍ സാലിഹുമായി ശത്രുത പുലര്‍ത്തിയിരുന്ന ഹൂതികള്‍ അദ്ദേഹത്തോടൊപ്പം ചേരുകയും തലസ്ഥാന നഗരമായ സന പിടിച്ചടക്കുകയും പുതിയ പ്രസിഡന്റ് അബ്ദുറബ്ബു മന്‍സൂര്‍ ഹാദിയെ പുറത്താക്കുകയും ചെയ്തു. ഹാദി പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. ഇതോടെ രാജ്യത്തിന് പുറത്ത് നിന്നുകൊണ്ട് ഹാദി സര്‍ക്കാര്‍ സൗദി അറേബ്യയിലെയും യുഎഇയിലെയും സഖ്യകക്ഷികളോട് ഹൂതികളെ യെമനില്‍ നിന്ന് തുരത്താന്‍ സൈനിക പ്രചാരണം നടത്താന്‍ ആവശ്യപ്പെട്ടു. വിനാശകരമായ ഒരു ആഭ്യന്തരയുദ്ധത്തിലേക്കാണ് ഇത് രാജ്യത്തെ നയിച്ചത്. 2021 ന്റെ അവസാനത്തോടെ ഏകദേശം 377,000 മരണങ്ങളും 4 ദശലക്ഷം ആളുകള്‍ പലായനം ചെയ്യപ്പെട്ടുവെന്നും യുഎന്‍ കണക്കുകള്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വിനാശകരമായ ഈ ആഭ്യന്തരയുദ്ധത്തിനൊടുവില്‍ ഹൂതികള്‍ വിജയിച്ചു. 2022 ഏപ്രിലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും അക്രമം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ ഔദ്യോഗികമായി അവസാനിച്ചതോടെ, വിനാശകരമായ സംഘട്ടനത്തിന് താല്‍ക്കാലിക വിരാമമിട്ടു.

ഇറാനും ഗാസയിലെ യുദ്ധവുമായുള്ള ഹൂതികളുടെ ബന്ധം എന്താണ്?

ഗാസയിലെ യുദ്ധത്തില്‍ ഹമാസിനെ പിന്തുണച്ചുകൊണ്ട് ഇസ്രയേലിനെതിരെ രംഗത്തുവന്ന ഇറാനാണ് സൗദി അറേബ്യയുമായി കാലങ്ങളായി ശത്രുതയിലുള്ള ഹൂതികള്‍ക്കും പിന്തുണ നല്‍കുന്നത്. പലസ്തീന്‍ ജനതയ്ക്ക് ഐക്യദര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശത്രുവിനെതിരെ പോരാടാന്‍ ലക്ഷക്കണക്കിന് ആളുകള്‍ തയ്യാറാണെന്ന് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതി രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 7 ന് നടന്ന ഹമാസ് കൂട്ടക്കൊലയ്ക്ക് പിന്നെയായിരുന്നു ഹൂതി നേതാവ് പിന്തുണയുമായി എത്തിയത്.

ചെങ്കടലിലെ സംഘര്‍ഷാവസ്ഥ എന്താണ്?

സൂയസ് കനാലിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെങ്കടല്‍, ലോകത്തിലെ ഏറ്റവും തിരക്കേറിയ കടല്‍ പാതകളിലൊന്നാണ്. ലോക വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്നതും ചെങ്കടല്‍ വഴിയാണ്. ഗാസ യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഹൂതികള്‍ ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി, അവയില്‍ മിക്കതും യുഎസും ഇസ്രയേലിയും പ്രതിരോധ നടപടികളാല്‍ തടഞ്ഞിരുന്നു. ഈ ആക്രമണങ്ങള്‍ മൂലം പല ഷിപ്പിങ് കമ്പനികളും ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരുന്നു. നവംബര്‍ 19 ന്, ജാപ്പനീസ് കമ്പനി ചാര്‍ട്ടേഡ് ചെയ്ത ഒരു കാര്‍ കാരിയര്‍ പിടിച്ചെടുക്കാന്‍ തീവ്രവാദികള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും ഒരു ഇസ്രയേലി വ്യവസായിയുമായി ബന്ധമുള്ളതുമായ സംഘത്തെ തട്ടിക്കൊണ്ടുപോയതോടെയാണ് സ്ഥിതിഗതികള്‍ വഷളാവുന്നത്. ഇസ്രയേലുമായോ സഖ്യകക്ഷികളുമായോ ബന്ധമുള്ളതായി തങ്ങള്‍ കരുതുന്ന എല്ലാ കപ്പലുകളും സായുധ സേനയുടെ നിയമപരമായ ലക്ഷ്യമായി മാറുമെന്ന് ഹൂതികള്‍ അറിയിപ്പ് നല്‍കിയിരുന്നു. കപ്പലുകള്‍ക്ക് നേരെയുള്ള ഒന്നിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ തുടര്‍ന്നെങ്കിലും പലതും പരാജയപ്പെട്ടിരുന്നു. സംഘര്‍ഷം വര്‍ദ്ധിച്ചതോടെ പല ഷിപ്പിംഗ് കമ്പനികളും ചെങ്കടല്‍ പാതയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ഗുഡ് ഹോപ്പിന് ചുറ്റും വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചു, യാത്രാ സമയവും ചെലവും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഈ വഴി തിരിച്ചുവിടല്‍ ഷിപ്പിംഗ് കമ്പനികളെ സംബന്ധിച്ച് പ്രായോഗികമല്ലതാനും. തുടര്‍ന്ന് ചെങ്കടലിലെ വാണിജ്യ ഗതാഗതം സംരക്ഷിക്കുന്നതിനായി ഡിസംബറില്‍ ഇരുപതിലധികം രാജ്യങ്ങള്‍ ചേര്‍ന്ന് ‘ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍’ എന്ന പ്രതിരോധ സഖ്യവും രൂപീകരിച്ചിരുന്നു. എന്നാല്‍ അമേരിക്കയും ബ്രിട്ടനും നടത്തിവരുന്ന നിലവിലെ പ്രതിരോധ അക്രമണങ്ങള്‍ക്ക് സഖ്യത്തിന് പങ്കില്ലെന്നാണ് സൂചന.

അമേരിക്കയുടെ പ്രതികരണം എന്താണ്?

ഡിസംബര്‍ 31 വരെ അമേരിക്ക ഈ സംഘര്‍ഷാവസ്ഥയില്‍ നിന്ന് പ്രത്യക്ഷത്തില്‍ ഒഴിഞ്ഞു നിന്നിരുന്നു. എന്നാല്‍ അന്ന്, ചരക്ക് കപ്പലില്‍ സംരക്ഷണം തേടി കയറാന്‍ ശ്രമിച്ച ഒരു കൂട്ടം ചെറിയ ബോട്ടുകളെ യുഎസ് നേവി ഹെലികോപ്റ്ററുകള്‍ ആക്രമിച്ചു. 10 തീവ്രവാദികളുടെ മരണത്തിനിടയ്ക്കിയ സംഭവത്തോടെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായി. കൂടാതെ ജനുവരി ആദ്യ ആഴ്ചയില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നു ആവിശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അമേരിക്കയും ഉള്‍പ്പെട്ടിരുന്നു. പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു പ്രസ്താവന.

യെമനിലും സൗദി അറേബ്യയിലും ഹൂതികളുടെ ആക്രമണങ്ങള്‍ എങ്ങനെയാണ് വിലയിരുത്തപ്പെടുന്നത്?

പലസ്തീനിയന്‍ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനായി ഇസ്രയേലിനും അതിന്റെ സഖ്യകക്ഷികള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നിയമാനുസൃതമായ മാര്‍ഗമായാണ് പല യെമനികളും ഈ പ്രവര്‍ത്തനങ്ങളെ കാണുന്നത്, ഹൂതികളുടെ ഇടപെടല്‍ അവരുടെ ആഭ്യന്തര പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചതായി രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു ഗവണ്‍മെന്റിന്റെ സാന്നിധ്യമുണ്ടായിട്ടും, ചെങ്കടലിലെ ആക്രമണങ്ങള്‍ തങ്ങളെ കൂടുതല്‍ പ്രാധാന്യമുള്ള ആഗോള പ്രധാനിയാക്കി മാറ്റുമെന്ന് ഹൂതി വിമതരും വിശ്വസിക്കുന്നുണ്ട്. അതേസമയം, ഇറാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനായി യെമന്റെ വടക്ക് ഭാഗത്തുള്ള ഹൂതികളുടെ നിയന്ത്രണം അംഗീകരിക്കുന്ന സമാധാന കരാറിന് അന്തിമരൂപം നല്‍കാനുള്ള ശ്രമത്തിലാണ് സൗദി സര്‍ക്കാര്‍.

Share on

മറ്റുവാര്‍ത്തകള്‍