തെക്കേ അമേരിക്കയിലെ സുപ്രധാനരാജ്യമായ അര്‍ജന്റീനയെ ഇനിയൊരു തീവ്രവലുതപക്ഷക്കാരന്‍ ഭരിക്കും. ടെലിവിഷന്‍ അവതാരകനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കു വഴി മാറിയ, കടുത്ത യാഥാസ്ഥിതകനും, വിടുവായനും ‘അര്‍ജന്റീനിയന്‍ ട്രംപ്’ എന്ന് വിളിക്കാന്‍ ‘ യോഗ്യനുമായ’ ഹാവിയര്‍ മിലേയാണ് അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മധ്യപക്ഷരാഷ്ട്രീയ പ്രതിനിധിയും രാജ്യത്തിന്റെ ധനമന്ത്രിയുമായിരുന്ന സെര്‍ജിയോ മാസ്സയെയാണ് ഹാവിയര്‍ മിലേ പരാജയപ്പെടുത്തിയത്. ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ മൊത്തം ചെയ്ത 99 ശതമാനം വോട്ടുകളില്‍ 55.69 ശതമാനം നേടിയാണ് മിലേ ജയം ഉറപ്പാക്കിയത്. മാസ്സയ്ക്ക് 44.3 ശതമാനം വോട്ടുകളാണ് കിട്ടിയത്. 11.5 മില്യണ്‍ വോട്ടുകള്‍ മാസ്സയ്ക്ക് കിട്ടിയപ്പോള്‍, 14.4 മില്യണ്‍ വോട്ടുകളാണ് ഒരു തീവ്രവലതുപക്ഷക്കാരനു വേണ്ടി അര്‍ജന്റീനയിലെ വോട്ടര്‍മാര്‍ നല്‍കിയത്. അര്‍ജന്റീനിയന്‍ തെരഞെടുപ്പ് ചട്ടമനുസരിച്ച് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് തന്റെ എതിരാളിയെക്കാള്‍ 45 ശതമാനം വോട്ടുകള്‍ നേടുകയോ, അതല്ലെങ്കില്‍ 10 പോയിന്റ് ലീഡോടു കൂടി 40 ശതമാനം വോട്ടുകള്‍ സ്വന്തമാക്കുകയോ ചെയ്താലാണ് വിജയം നേടാനാവുക. സെര്‍ജിയോ മാസ്സ പരാജയം സമ്മതിച്ചിട്ടുണ്ട്.
‘അര്‍ജന്റീനയുടെ പുനരുദ്ധാരണം ഇന്നു മുതല്‍ ആരംഭിക്കുകയാണ്, ഇത് അര്‍ജന്റീനയെ സംബന്ധിച്ച് ഒരു ചരിത്ര രാത്രിയാണ്’, ബ്യൂണസ് ഐറസിലെ പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചു കൂടിയ അണികളോടായി ഹാവിയര്‍ മിലേ വിളിച്ചു പറഞ്ഞ വാക്കുകളാണിത്.’ അത്ഭുതം’ എന്നാണ് തന്റെ വിജയത്തെ മിലേ വിശേഷിപ്പിച്ചത്.
ലാറ്റിന്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായി അറിയപ്പെടുന്ന രാജ്യമാണെങ്കിലും പണപ്പെരുപ്പവും പട്ടിണിയും മൂലം വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് അര്‍ജന്റീന. തന്ത്രപരമായ മാറ്റം കൊണ്ടുവരുമെന്നാണ് മിലേയുടെ വാഗ്ദാനം. അര്‍ജന്റീന തിരിച്ചു വരുമെന്ന സന്ദേശം ലോകത്തോടായും മിലേ നല്‍കുന്നുണ്ട്.
ഒക്ടോബറില്‍ 22 നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ സെര്‍ജിയോ മാസ്സയോട് അടിത്തെറ്റിയതാണ് മിലേയ്ക്ക്. അന്ന് വലിയ പ്രതിക്ഷകളുമായി നിന്നിരുന്ന മിലേയ്ക്കും ആരാധകര്‍ക്കും തോല്‍വി വലിയ തിരിച്ചടിയായിരുന്നു നല്‍കിയിരുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ആകെ ചെയ്ത 97 ശതമാനം വോട്ടില്‍ 36.6 ശതമാനം പെറോണിസ്റ്റ് നേതാവ് സെര്‍ജിയോ മാസ്സാ നേടിയപ്പോള്‍ മിലെയ്ക്ക് കിട്ടിയത് 26.3 ശതമാനം മാത്രമായിരുന്നു. ഞായറാഴ്ച്ച(നവംബര്‍ 19) നടന്ന രണ്ടാം ഘട്ടത്തില്‍ വലിയ തോതിലുള്ള വോട്ട് വ്യത്യാസത്തിലാണ് മിലേ എതിരാളിയെ തകര്‍ത്തിരിക്കുന്നത്. ഒക്ടോബര്‍ 22-ന് നടന്ന പൊതു തെരഞ്ഞെടുപ്പ് അര്‍ജന്റീന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ദേശീയ കോണ്‍ഗ്രസ് പ്രതിനിധികള്‍, ഭൂരിഭാഗ പ്രവിശ്യകളുടെയും ഗവര്‍ണര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയായിരുന്നു. നിലവിലെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസും, വൈസ് പ്രസിഡന്റും മുന്‍ പ്രസിഡന്റുമായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനറും തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ യോഗ്യരായിരുന്നിട്ടും വീണ്ടും മത്സര രംഗത്തിറങ്ങിയില്ല. ഇതോടെയാണ് 51 കാരനായ മസ്സായും 53 കാരനായ മിലെയും നേര്‍ക്കുനേര്‍ വന്നത്.
2018 ല്‍ ബ്രസീലിനെ ഞെട്ടിച്ച് ജായിര്‍ ബോള്‍സൊനാരോ പ്രസിഡന്റായതുപോലെ തങ്ങളുടെ നേതാവിന് അര്‍ജന്റീനയുടെ പ്രസിഡന്റാകാന്‍ വഴിയൊരുങ്ങുമെന്നു തന്നെയായിരുന്നു മിലേയുടെ അണികള്‍ വിശ്വസിച്ചിരുന്നത്. അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു. ഫ്രീഡം അഡ്വാന്‍സസ് എന്ന പാര്‍ട്ടി രൂപീകരിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചിരിക്കുകയാണ് ഹാവിയേര്‍ മിലേ. ‘മൂന്നില്‍ രണ്ട് അര്‍ജന്റീനക്കാരും മാറ്റത്തിനായി വോട്ട് ചെയ്തു. ഒന്നുകില്‍ നമ്മള്‍ മാറും, അല്ലെങ്കില്‍ മുങ്ങിത്താഴും” ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം വന്നശേഷമുള്ള മിലെയുടെ വാക്കുകളായിരുന്നു ഇത്.
ഒന്നാംഘട്ടത്തില്‍ വിജയം നേടാനായെങ്കിലും പ്രസിഡന്റിന്റെ കസേരയില്‍ മാസ്സ തന്നെയിരിക്കുമെന്നായിരുന്നു അന്നേ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. വലതുപക്ഷക്കാരായ കണ്‍സര്‍വേറ്റീവുകള്‍ മിലെയെ പിന്തുണയ്ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു അത്തരം നിരീക്ഷണങ്ങള്‍. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
ചെറുപ്പക്കാരായ വോട്ടര്‍മാര്‍ക്ക് പരമ്പരാഗത രാഷ്ട്രീയക്കാരോട് എതിര്‍പ്പുണ്ടായിരുന്നു. രാജ്യത്തെ പണപ്പെരുപ്പത്തിലേക്കും പട്ടിണിയിലേക്കും തള്ളി വിട്ടതവരാണെന്നായിരുന്നു പരാതി. നിലവിലെ അവസ്ഥയില്‍ അര്‍ജന്റീനയെ രക്ഷിക്കാന്‍ മിലെയ്ക്ക് മാത്രമെ കഴിയൂ എന്നവര്‍ വിശ്വസിക്കുകയും ചെയ്തു. തെക്കന്‍ അമേരിക്കയിലെ തീവ്രവലുതപക്ഷ സഖ്യം അര്‍ജന്റീനയില്‍ മിലെ വരാന്‍ കാര്യമായി തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു.
ആരാണ് ഹാവിയേര്‍ മിലെ?
ഒരു വിടുവായന്‍! സ്വയം പ്രഖ്യാപിത താന്ത്രിക ലൈംഗികാചാര്യന്‍, തീവ്രവലുതപക്ഷ രാഷ്ട്രീയക്കാരന്‍. അയാള്‍ സ്വയം വിവരിക്കുന്നത്, താന്‍ ബോറിസ് ജോണ്‍സന്റെയും കൊലയാളി പാവ ‘ചക്കി’യുടെയും സങ്കരയിനമാണെന്നാണ്. തെക്കേ അമേരിക്കയിലെ പ്രധാന രാജ്യമായ അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റിനെ അയാളുടെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് ഡോണാള്‍ഡ് ട്രംപും ബോറിസ് ജോണ്‍സണും ജായിര്‍ ബോള്‍സൊനാരയും ചേര്‍ന്ന നേതാവ് എന്നാണ്.
തന്റെ മുഖത്തിന് വന്യമായൊരു ഭാവം പകരുന്ന തലമുടിയുമായി നടക്കുന്ന ഹാവിയേര്‍ മിലേ 2020 വരെ രാഷ്ട്രീയമായി ഒന്നുമല്ലായിരുന്നു. രാഷ്ട്രീയത്തിലേക്ക് വന്നയുടന്‍ അയാള്‍ പ്രതിജ്ഞയെടുത്തത്, അര്‍ജന്റീനയെ ഒരു ലിബറല്‍ പറുദീസയാക്കി മാറ്റുന്നതിന് ഒരു ‘സാംസ്‌കാരിക യുദ്ധം’ നടത്തുമെന്നായിരുന്നു. രാജ്യത്ത് സാമൂഹികമായ സഹായം ചെയ്യുന്നതിനായി മുതലാളിത്തം കാര്യക്ഷമമാക്കും, നികുതികള്‍ കുറയ്ക്കും, പണമില്ലാത്ത മനുഷ്യര്‍ക്ക് അവരുടെ ശരീരാവയവങ്ങള്‍ തുറന്ന വിപണിയില്‍ വില്‍ക്കാന്‍ അനുവദിക്കും…ഇതൊക്കെ മിലെയുടെ വാഗ്ദാനങ്ങളായിരുന്നു. ഹാവിയേര്‍ മിലെ ഒരു മുഴുവന്‍ രാഷ്ട്രീയക്കാരനല്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയിലോ സംഘടനയിലോ അംഗമല്ലാതിരുന്ന അയാള്‍ രാജ്യത്ത് അറിയപ്പെടുന്നൊരാളായത്, സാമ്പത്തിക നയങ്ങളെയും ലൈംഗികതയെയും കുറിച്ചുള്ള ടെലിവിഷന്‍ ചാറ്റ് ഷോകളിലൂടെയാണ്.
ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബ്യൂണസ് അയറസിലെ 15,000 പേരെ ഉള്‍ക്കൊള്ളുന്ന ഒരു സ്റ്റേഡിയത്തിലായിരുന്നു ഹാവിയേര്‍ മിലെയുടെ അവസാനവട്ട കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നത്. അവിടുത്തെ സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡില്‍ ഈ അരാജകത്വ-മുതലാളിയെ വിശേഷിപ്പിച്ചിരുന്നത്; അര്‍ജന്റീനയുടെ സാമ്പത്തിക പ്രതിസന്ധിക്കുള്ള ‘ഏക പരിഹാരം’ എന്നായിരുന്നു.
ഹാവിയേര്‍ മിലെയുടെ സഖ്യത്തിലെ പങ്കാളിയായ റമിറോ മറായ അന്നു പറഞ്ഞത്; ‘നമ്മള്‍ ലോകകപ്പ് ജയിച്ചു. ഇനി നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങളുമായി ഈ രാജ്യത്തിന്റെ അധികാരം പിടിക്കാന്‍ പോവുകയാണ്’ എന്നായിരുന്നു.
മൂന്നക്കമുയര്‍ന്ന പണപ്പെരുപ്പം അര്‍ജന്റീനയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യയില്‍ 40 ശതമാനത്തോളം പട്ടിണിയിലാണ്. ഹാവിയേര്‍ മിലെ പരിഹസിച്ചത്, ഇതൊരു മോശം രാജ്യമാണെന്നായിരുന്നു. തന്റെ എതിരാളികളെ അധിക്ഷേപിക്കാനാണ് അയാള്‍ ശ്രമിച്ചതെങ്കിലും അയാളൊരു വിടുവായനാണ്. മിലേയ്ക്കുള്ളത് മോശവും അപകടകരവുമായ ആശയങ്ങളാണെന്നാണന്നായിരുന്നു പാട്രീഷ്യ ബുള്‍റിക് കുറ്റപ്പെടുത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനാര്‍ത്ഥിയായ പാട്രീഷ്യ രാജ്യത്തിന്റെ മുന്‍ സുരക്ഷ മന്ത്രിയായിരുന്നു.
സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടും, തോക്ക് നിയമങ്ങള്‍ ലഘൂകരിക്കും, മനുഷ്യാവയവ വില്‍പ്പന നിയമവിധേയമാക്കും എന്നതൊക്കെ മിലെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. പാട്രീഷ്യ മോശവും അപകടകരവും എന്നു കുറ്റപ്പെടുത്തിയത് ഇത്തരം വാഗ്ദാനങ്ങളെയാണ്. മാതാപിതാക്കള്‍ അവരുടെ മക്കളെ മിലെയെ പിന്തുണയ്ക്കുന്നതില്‍ നിന്നും വിലക്കണമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് നേതാവായ പാട്രീഷ്യ ആവശ്യപ്പെട്ടത്. മിലേ തങ്ങളുടെ മിശിഹ ആണെന്നു സങ്കല്‍പ്പിക്കുന്ന അര്‍ജന്റീനിയന്‍ യുവത്വവും രാജ്യത്തുണ്ടായിരുന്നു. അവരൊക്കെയും അയാളില്‍ മാത്രമായി വിശ്വസിക്കുന്നുവെന്നതാണ് മിലേയുടെ വിജയം കാണിക്കുന്നത്.
അരാജകവാദിയായ ഈ ടെലിവിഷന്‍ വ്യക്തിത്വം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് 2021-ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ്. മിലെയുടെ രാഷ്ട്രീയ പ്രവേശനം അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി അയാളെ താരതമ്യം ചെയ്യുന്നതിന് കാരണമായിരുന്നു. മിലേ പലവട്ടം പ്രശംസിച്ചിട്ടുള്ളയാളുമാണ് ട്രംപ്. ആഗോളതലത്തില്‍ സോഷ്യലിസത്തിനെതിരേ പോരാടാന്‍ തയ്യാറുള്ള എല്ലാവരുമായി യോജിക്കുമെന്നായിരുന്നു ട്രംപിനോട് തനിക്കുള്ള യോജിപ്പ് പ്രകടമാക്കി കൊണ്ട് സെപ്തംബറില്‍ ‘ഇക്കണോമിസ്റ്റി’ന് നല്‍കിയ അഭിമുഖത്തില്‍ മിലെ പറഞ്ഞത്.
ഹാവിയര്‍ മിലേ അര്‍ജന്റീനയില്‍ അധികാരത്തില്‍ വരാന്‍ ആ രാജ്യത്തിനു പുറത്തുള്ളവരും ആഗ്രഹിച്ചിരുന്നു. അതിനായി പ്രവര്‍ത്തിച്ചിരുന്നു. അതിലൊരാളായിരുന്നു ജായിര്‍ ബോള്‍സൊനാരോ.
ബ്രസീലിനെ ഭരിച്ച തീവ്രവലുതപക്ഷക്കാരന്‍ പ്രസിഡന്റായ ജായിര്‍ ബോള്‍സൊനാരോ തന്റെ അയല്‍രാജ്യത്ത് ഹാവിയേര്‍ മിലേ പ്രസിഡന്റായി വരുന്നത് ആഗ്രഹിച്ചിരുന്നു. യഥാര്‍ത്ഥ മാറ്റം കൊണ്ടുവരുന്നതിനായി എല്ലാ അര്‍ജന്റീനക്കാരും മിലെയെ പിന്തുണയ്ക്കണമെന്ന് ബോള്‍സൊനാരോ ആഹ്വാനം ചെയ്തിരുന്നു. ബോള്‍സൊനാരയെ ബ്രസീലില്‍ അധികാരത്തില്‍ എത്തിച്ചതിന് സമാനമായ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെയായിരുന്നു മിലെയ്ക്കു വേണ്ടിയും തയ്യാറാക്കിയിരുന്നത്. 2018-ല്‍ ബോള്‍സൊനാരോയെ വിജയിപ്പിച്ച ടീമിലുണ്ടായിരുന്ന ഫെര്‍ണാണ്ടോ സെറിമെഡോ തന്നെയായിരുന്നു മിലെയുടെ സോഷ്യല്‍ മീഡിയ തലവനും. അപ്പപ്പോള്‍ സംഭവിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മുന്‍കൂട്ടി തയ്യാറാക്കിയ കാര്യങ്ങളാണ് ബോള്‍സൊനാരോയുടെ പ്രചാരണത്തിലെന്ന പോലെ മിലെയുടെ കാമ്പയിനുകളിലും നടന്നിരുന്നത്.
കമ്യൂണിസ്റ്റുകളെ തുരത്താന്‍ സ്വര്‍ഗത്തില്‍ നിന്നയക്കപ്പെട്ട കുരിശുയുദ്ധക്കാരായാണ് ബ്രസീലില്‍ ബോള്‍സൊനാരോയും അര്‍ജന്റീനയില്‍ മിലെയും സ്വയം അവരോധിക്കപ്പെട്ടിരുന്നത്. ഇടതുപക്ഷക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ദൈവികപ്രവര്‍ത്തിയാണ് തങ്ങളുടെതെന്നായിരുന്നു അവരുടെ അവകാശവാദം.
നിലവിലുള്ള ഭരണകൂടത്തിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറി പോലെ യാതൊരുവിധ തെളിവുകളുമില്ലാത്ത പരാതികളും പറയും. ഓഗസ്റ്റില്‍ നടന്ന പ്രൈമറി റൗണ്ടില്‍ തന്റെ പാര്‍ട്ടിയുടെ രണ്ടര മുതല്‍ അഞ്ചു ശതമാനം വരെ വോട്ട് എണ്ണിയില്ലെന്നായിരുന്നു മിലെ ആരോപിച്ചത്. പ്രൈമറി റൗണ്ടില്‍ അയാള്‍ വിജയിച്ചിരുന്നു. ഇങ്ങനെ തന്നെയായിരുന്നു ബ്രസിലീല്‍ ബോള്‍സൊനാരോയും.
ട്രംപിനെ പോലെ, ബോള്‍സൊനാരോയെ പോലെ തന്റെ എതിരാളികളായി കാണുന്ന ആര്‍ക്കെതിരേയും ദുഷിച്ച വാക്കുകള്‍ പറയാന്‍ ഒട്ടും മടി കാണിച്ചിട്ടില്ല ഹാവിയേര്‍ മിലെ. അയാളുടെ അപമാനം നേരിട്ടവരിലൊരാള്‍ അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്ന പാപ്പയെ അയാള്‍ അധിക്ഷേപിച്ചത്, നശിച്ച കമ്യൂണിസ്റ്റ് എന്നാണ്. അധസ്ഥിതരെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് പാപ്പ മിലെയെ സംബന്ധിച്ച് ‘ ഭൂമിയിലെ ദുഷ്ടന്റെ പ്രതിനിധി’യാണ്.
മാര്‍പാപ്പയെ കുറിച്ചുള്ള അധിക്ഷേപം കേട്ടശേഷം ജോസ് മരിയ പെപ്പെ ഡി പവോല എന്ന പുരോഹിതന്‍ നിരാശയോടെ പറഞ്ഞത്, ഇതുപോലൊരു രാഷ്ട്രീയക്കാരനെ കണ്ടിട്ടേയില്ലെന്നാണ്.
അര്‍ജന്റീയയുടെ സംരക്ഷകനായ മിശിഹ എന്ന് മിലെ അവകാശപ്പെട്ടുകൊണ്ടു നടക്കുന്നതിനിടയില്‍ തന്റെ രാജ്യത്തിനായി ഒരു സന്ദേശം മാര്‍പാപ്പ അയച്ചിരുന്നു. അതാരെയും നേരിട്ട് പരാമര്‍ശിക്കുന്നതായിരുന്നു. ‘ഒരേയൊരു മിശിഹയെയുള്ളൂ’ എന്നു മാത്രമായിരുന്നു പാപ്പയുടെ സന്ദേശം. മിലെയെ പ്രകോപിക്കാന്‍ അത് ധാരാളമായിരുന്നു.
അര്‍ജന്റീനയുടെ ഏറ്റവും പ്രക്ഷുബ്ദമായൊരു കാലഘട്ടമായിരിക്കും മിലെയുടെ ഭരണം വന്നാലുണ്ടാവുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഹാവിയേര്‍ മിലേ അര്‍ജന്റീനയുടെ പ്രസിഡന്റായിരിക്കുന്നു; ഇനി ആ രാജ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്നത് പ്രവചനങ്ങള്‍ക്ക് അപ്പുറമായിരിക്കുമെന്നാണ് നിരീക്ഷകര്‍ വീണ്ടും നല്‍കുന്ന മുന്നറിയിപ്പ്.