UPDATES

ആരാണ് മീനാക്ഷി മുഖര്‍ജി?

പശ്ചിമ ബംഗാളില്‍ തിരിച്ചു വരവിനായി സിപിഎമ്മിനെ ഈ യുവ നേതാവ് നയിക്കുമോ?

                       

യുവാക്കള്‍ മാത്രമല്ല, വൃദ്ധരും കുട്ടികളുമെല്ലാം മണിക്കൂറുകള്‍ കാത്തു നിന്നു. ചിലരുടെ കൈയില്‍ പൂക്കളുണ്ടായിരുന്നു, പകലന്തിയോളം അദ്ധ്വാനിക്കുന്ന കൂലിയില്‍ ജീവിതം കഴിഞ്ഞുപോകാന്‍ ബുദ്ധിമുട്ടിയിരുന്നവരായിട്ടും ചില തൊഴിലാളി സ്ത്രീകള്‍ കൈയില്‍ അമ്പതു രൂപ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. എല്ലാവരും കാത്തിരുന്നത് ഒരു 39 കാരിയെയായിരുന്നു. അവള്‍ നടന്നു വരുന്ന വഴിയോരത്തെത്താന്‍ അവരൊക്കെ ഒരുപാട് കിലോമീറ്ററുകള്‍ താണ്ടിയിരുന്നു. ഈ മനുഷ്യരൊക്കെ ഇത്ര ആവേശത്തോടെ കാത്തു നിന്ന സ്ത്രീ ആരാണെന്നല്ലേ! അതാണ് മീനാക്ഷി മുഖര്‍ജി. ആ പേര് ഇന്ന് പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയൊരു ആവേശമാണ്. സംസ്ഥാനം ഭരിക്കുന്ന അതിശക്തയായൊരു സ്ത്രീക്ക് ബദലാകുമെന്ന് കരുതുന്ന മറ്റൊരു സ്ത്രീ.

ഡിവൈഎഫ്‌ഐ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായ മീനാക്ഷി മുഖര്‍ജി, സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചുവരവിന് കഠിനമായി പരിശ്രമിക്കുന്ന സിപിഎമ്മിന്റെ പുതിയ ജനകീയ മുഖമാണ്.

ബംഗാളില്‍ ഇടതുപക്ഷം സംഘടിപ്പിച്ച ഗ്രാന്‍ഡ് ബ്രിഗേഡ് റാലിയിലെ സജീവ സാന്നിധ്യമായിരുന്നു മീനാക്ഷി. 50 ദിവസം നീണ്ട, 2,900 കിലോമീറ്റര്‍ താണ്ടിയ ലോംഗ് മാര്‍ച്ചിലാണ് മീനാക്ഷിയെ കാണാനും, അവര്‍ക്ക് മധുപലഹാരം വാങ്ങാന്‍ പണം നല്‍കാനും പൂക്കള്‍ സമ്മാനിക്കാനും, ഒപ്പം നിന്നു ഫോട്ടോയെടുക്കാനും തൊഴിലാളികളും യുവാക്കളുമെല്ലാം വഴിയോരങ്ങളില്‍ മണിക്കൂറുകളോളം കാത്തു നിന്നത്.

സമീപകാലത്ത് ബംഗാളില്‍ ഇടതുപക്ഷം നടത്തിയ ഏറ്റവും ബൃഹത്തും വിജയകരവുമായ രാഷ്ട്രീയ പരിപാടിയായിരുന്നു ലോംഗ് മാര്‍ച്ചും ബ്രിഗേഡ് സമ്മേളനവും. സമാപന സമ്മേളനത്തിലെ ജനപങ്കാളിത്തം സിപിഎമ്മിന് പുത്തന്‍ രാഷ്ട്രീയോര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്.

സമാപന സമ്മേളനത്തില്‍ മിനാക്ഷി മുഖര്‍ജി നടത്തിയ 22 മിനിട്ട് നീണ്ട പ്രസംഗം മമത സര്‍ക്കാരിനെതിരായ കൃത്യമായ രാഷ്ട്രീയ പോര്‍വിളിയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ എഴുതുന്നത്. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അഴിമതി തുടങ്ങി വിവിധ വിഷയങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് അവര്‍ ശക്തമായ രാഷ്ട്രീയം പറഞ്ഞു. ബിജെപിക്കാര്‍ ഭഗവത് ഗീത പാരായണ പരിപാടി സംഘടിപ്പിച്ച അതേ സ്ഥലത്ത് വച്ചാണ് രണ്ടാഴ്ച്ചയ്ക്കിപ്പുറം മിനാക്ഷി രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ അവേശം കൊള്ളിച്ചതെന്നൊരു കൗതുകം കൂടി ദ വയറിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.

ബംഗാളിന്റെ ദീദിയെ, സാക്ഷാല്‍ മമത ബാനര്‍ജിയെ കടന്നാക്രമിക്കാന്‍ ഒട്ടും മടി കാണിച്ചില്ല മിനാക്ഷി. ‘ കളി തുടരട്ടെ’ എന്ന മമതയുടെ മുദ്രവാക്യത്തിന്, ‘നിങ്ങള്‍ കളിക്കാന്‍ തെരഞ്ഞെടുത്ത കളത്തിന്റെ നിയന്ത്രണം ഞങ്ങള്‍ പിടിച്ചെടുക്കുമെന്നാണ്’ മീനാക്ഷി പറഞ്ഞത്. ഹിന്ദിയിലും ബംഗാളിയിലും അവര്‍ക്കുള്ള ഭാഷാ പാണ്ഡിത്യവും മീനാക്ഷിയുടെ പ്രസംഗങ്ങളുടെ പ്രത്യേകതയാണ്.

‘ അവള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നു വരുന്നൊരു താരമാണ്’ എന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ ബിശ്വനാഥ് ചക്രബര്‍ത്തി ദ വയറിനോട് പറയുന്നത്.

ബംഗാളിലെ വ്യാവസായിക നഗരമായ കുള്‍ട്ടിയാണ് മീനാക്ഷിയുടെ ജന്മസ്ഥലം. അവര്‍ ആദ്യമായി രാഷ്ട്രീയ ശ്രദ്ധ നേടുന്നത് 2021-ല്‍ രാജ്യശ്രദ്ധ നേടിയ നന്ദിഗ്രാം മണ്ഡലത്തില്‍ മമത ബാനര്‍ജിക്കെതിരേ സിപിഎം സ്ഥാനാര്‍ത്ഥി ആയതോടെയാണ്. ആ മത്സരത്തില്‍ കെട്ടിവച്ച പണം പോലും കിട്ടാത്ത വിധം തോറ്റു. പക്ഷേ, തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ അവരുടെ ജനകീയ ഇടപെടലുകളും പ്രസംഗങ്ങളും മീനാക്ഷിയുടെ രാഷ്ട്രീയ യാത്രയ്ക്ക് വഴിയൊരുക്കുന്നതായിരുന്നു.

ഇപ്പോള്‍ സമാപിച്ച ഇന്‍സാഫ് യാത്രയിലും ബ്രിഗേഡ് റാലിയിലും കണ്ട സ്ത്രീകളുടെയും പാര്‍ശ്വവത്കൃത വിഭാഗത്തിന്റെയും വലിയ തോതിലുള്ള പങ്കാളിത്തത്തിന് മീനാക്ഷിയുടെ പ്രവര്‍ത്തനങ്ങളും സഹായകരമായിട്ടുണ്ടെന്ന് പാര്‍ട്ടി കരുതുന്നു.

പശ്ചിമ ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ കാലങ്ങളോളം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാല്‍ 2000-ന്റെ പകുതിയോടെ അവസ്ഥ മാറി. അതിന് പ്രധാനമായൊരു കാരണം നന്ദിഗ്രാം തന്നെയായിരുന്നു. മറ്റൊന്ന് കാമുകിയുടെ വ്യവസായികളായ കുടുംബക്കാരാല്‍ കൊല്ലപ്പെട്ട റിസ്വാനൂര്‍ റഹ്‌മാന്‍ എന്ന യുവാവും. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 51 ശതമാനം മുസ്ലിം വോട്ടുകളും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അത് 70 ശതമാനമായി. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 75 ശതമാനമായി ഉയര്‍ന്നു എന്നാണ് സിഎസ്ഡിഎസ് റിപ്പോര്‍ട്ട് പ്രകാരം വയര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍, 2022 കാര്യങ്ങള്‍ക്ക് വീണ്ടും മാറ്റം വന്നിട്ടുണ്ടെന്നാണ് വയര്‍ പറയുന്നത്. വിദ്യാര്‍ത്ഥി നേതാവ് അനിസ് ഖാന്റെ കൊലപാതകം, ബോഗ്തുയി കൂട്ടക്കൊല, മമത ബാനര്‍ജി പറയുന്ന ഹിന്ദു പാരമ്പര്യം എന്നിവ തങ്ങളോടുള്ള വിവേചനമായി ഒരു വിഭാഗം മുസ്ലിങ്ങള്‍ കണക്കാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുസ്ലിങ്ങള്‍ നടത്തിയ പുനര്‍ചിന്തനത്തിന്റെ പ്രതിഫലനങ്ങള്‍ 2023-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാണുകയും ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ്, നാഡിയ, മുര്‍ഷിദാബാദ്, മാല്‍ഡ തുടങ്ങിയ ന്യൂനപക്ഷ മേഖലകളില്‍ 2021 നെ അപേക്ഷിച്ച് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും നൗഷാദ് സിദ്ദിഖീ നയിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ മുന്നണിക്കും കഴിഞ്ഞു.

ഇത്തരമൊരു മുന്നേറ്റത്തിന് ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിമ്മിന് മീനാക്ഷിയുടെ രാഷ്ട്രീയ പോരാട്ടങ്ങളും സഹായകമായിട്ടുണ്ട്. അനിസ് ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെ പ്രധാന മുഖം മീനാക്ഷിയായിരുന്നു. വളഞ്ഞു നിന്നുള്ള പൊലീസുകാരുടെ മര്‍ദ്ദനങ്ങളെ ഒറ്റയ്ക്ക് ചെറുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടു ദിവസം അവര്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു.

ബ്രിഗേഡ് റാലി സമ്മേളന വേദിയിലേക്ക് അനിസ് ഖാന്റെ വൃദ്ധനായ പിതാവിനെ മീനാക്ഷി ക്ഷണിച്ചുകൊണ്ടുവന്നിരുത്തിയത് അവിടെ കൂടിയിരുന്നവരില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും ആവേശം കൊള്ളിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയിലെ അഴിമതിക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് കസ്റ്റഡിയില്‍ പീഡനം നേരിടേണ്ടി വന്ന പുര്‍ബ മേദിനിപൂരില്‍ നിന്നുള്ള അര്‍ജുന ബീബി, രാഷ്ട്രീയ അക്രമത്തിന്റെ ഇരകളായ റജിബുള്‍ ഇസ്ലാം, മൊയ്ദുല്‍ മിദ്ദ്യ, സല്‍ക്കു സോറന്‍ എന്നിവരെയെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു മീനാക്ഷിയുടെ പ്രസംഗം.

കഴിഞ്ഞ രണ്ടു മാസത്തില്‍ അവള്‍ 300 റാലികളെയാണ് അഭിസംബോധന ചെയ്തത്. അവളുടെ ഓരോ പ്രസംഗങ്ങളും വ്യത്യസ്തമായിരുന്നു. വടക്കന്‍ ബംഗാളില്‍ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു, മുര്‍ഷിദാബാദില്‍ കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും പറഞ്ഞു, കൊല്‍ക്കൊത്തയുടെ നഗരപ്രാന്തങ്ങളില്‍ ചെന്നപ്പോള്‍ പൊതുഗതാഗതത്തിന് ഊന്നല്‍ നല്‍കി’ മിനാക്ഷിയെ പിന്തുടരുന്ന ഒരു ബംഗാളി മാധ്യമപ്രവര്‍ത്തകന്‍ വയറിനോട് ചൂണ്ടിക്കാണിക്കുന്നതാണ്.

2023ലെ വേനല്‍ക്കാലത്ത് മറ്റൊരു യാത്ര ബംഗാള്‍ കണ്ടിരുന്നു. തൃണമൂലില്‍ മമതയുടെ പിന്‍ഗാമിയായി കരുതപ്പെടുന്ന അഭിഷേക് ബാനര്‍ജി നയിച്ച ജോനോ സന്‍ജോഗ് യാത്ര. ഒരു പൊളിറ്റക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഏകോപിപ്പിച്ച ആ യാത്രയും ലാളിത്യം കൊണ്ട് ശ്രദ്ധേയമായ ഇന്‍സാഫ് യാത്രയും തമ്മില്‍ കടുത്ത അന്തരമുണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്.

എന്നാല്‍, ഇതൊന്നും സിപിഎമ്മിന്റെ വഴികള്‍ എളുപ്പമാക്കിയിട്ടില്ലെന്നാണ് വയര്‍ പറയുന്നത്. 13 വര്‍ഷമായി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടു നില്‍ക്കുന്ന സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത് ജനകീയ ശ്രദ്ധ നേടിയെടുക്കാന്‍ വേണ്ടിയാണ്. അതും ഇന്ത്യയിലെ സമ്പന്നരായ രണ്ടു പാര്‍ട്ടികളുമായി എതിരിട്ടുകൊണ്ട്. അവരാകട്ടെ, ഗ്രൗണ്ടില്‍ ഇറങ്ങിയും അതേസമയം തന്നെ ഡിജിറ്റല്‍ ലോകത്തും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ സജ്ജമായ പ്രൊഫഷണല്‍ സംഘങ്ങളുമായി മുന്നോട്ടു പോകുന്നവരും. അവയൊക്കെ നേരിട്ട് വേണം ഇടതുപക്ഷത്തിന് ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍.

മീനാക്ഷി മുഖര്‍ജിയെ പോലുള്ളവര്‍ ഭൂതകാലത്തില്‍ നിന്നും രക്ഷപ്പെടാന്‍ സിപിഎമ്മിനെ സഹായിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ കാണുന്ന ആവേശം വോട്ട് ആയി മാറിയാല്‍ മാത്രമാണ് കാര്യമുള്ളതെന്നാണ് ദ വയര്‍ അവരുടെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നിരുന്നാലും മീനാക്ഷി മുഖര്‍ജിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി സിപിഎമ്മിന് അനുകൂലമായ മാറ്റത്തെ സൂചിപ്പിക്കുന്നതാണ്. യുവാക്കളുടെ ഇടപെടലിലൂടെ, ഒരു കാലത്ത് അതിശക്തമായിരുന്ന സംഘടനയുടെ പുനരുജ്ജീവനം സാധ്യമാകുമെന്നും കരുതാം.

ബ്രിഗേഡ് മൈതാനിയില്‍ നടന്ന പരിപാടി ഒരര്‍ത്ഥത്തില്‍ ബംഗാള്‍ സിപിഎമ്മിലെ തലമുറ മാറ്റത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. മുതിര്‍ന്ന നേതാക്കള്‍ കാണികളായി മാറിയപ്പോള്‍, മീനാക്ഷിയെ പോലുള്ള യുവത്വമായിരുന്നു വേദിയില്‍ സാന്നിധ്യമായത്. അതുപോലെ തന്നെ, ആണ്‍നേതൃത്വ സംവിധാനത്തിന്റെ പൊളിച്ചെഴുത്തുകള്‍ കൂടി മീനാക്ഷിയെ പോലുള്ളവരിലൂടെ നിശബ്ദമായി നടപ്പാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

‘ തിരിച്ചു വരവിനായുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ഇതൊരു ടി-20 മത്സരം അല്ലെന്നും ടെസ്റ്റ് ആണെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ ചിലപ്പോള്‍ കളിയുടെ ഗതി മാറ്റാനായി ദക്ഷിണാഫ്രിയ്‌ക്കെതിരേ അടുത്തിടെ നടന്ന ടെസ്റ്റ് മത്സരത്തില്‍ മുഹമ്മദ് സിറാജ് നടത്തിയതുപോലുള്ള പ്രകടനം നടത്താനായി ഒരു കളിക്കാരന്‍ എത്തും’ ഇതാണ് ബംഗാള്‍ സിപിഎമ്മിലെ യുവത്വത്തിന്റെ കാഴ്ച്ചപ്പാട്. കളി കഴിയാതെ മത്സര ഫലത്തെക്കുറിച്ച് പറയാന്‍ കഴിയില്ലല്ലോ!

Share on

മറ്റുവാര്‍ത്തകള്‍