അയോധ്യയിലെ രാമക്ഷേത്രം. യൂണിഫോം സിവില്‍ കോഡ് എന്നിവ പോലെ ബിജെപിയുടെ പ്രഖ്യാപിത മൂന്നു അജണ്ടകളിലൊന്നായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭകാലത്ത് തന്നെ, മോദി-അമിത് ഷാ സഖ്യം ആ അജണ്ട നടപ്പാക്കി. ഇപ്പോഴിതാ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ശരിവച്ചുകൊണ്ട് സുപ്രിം കോടതി ഭരണഘടന ബഞ്ചും വിധി പറഞ്ഞതോടെ ബിജെപി നേടിയിരിക്കുന്നത് വലിയൊരു രാഷ്ട്രീയ വിജയമാണ്. ദീര്‍ഘനാളായുള്ള അവരുടെ ലക്ഷ്യമാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. അതും പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മൂന്നാം തവണയും മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം മുഴക്കാന്‍ ബിജെപിക്ക് കൂടുതല്‍ കരുത്ത് നല്‍കുന്ന സഹായമാണ് സുപ്രിം കോടതി വിധിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ചുള്ള ആ സംഘടനയുടെ എതിര്‍പ്പിന് പ്രത്യയശാസ്ത്രരൂപം നല്‍കിയത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ എതിര്‍ത്ത് ഹിന്ദു മഹാസഭയുടെയും രാമരാജ്യ പരിഷത്തിന്റെയും പിന്തുണയോടെ അദ്ദേഹം ഒരു സത്യാഗ്രഹം നടത്തുകയുമുണ്ടായി.
ആര്‍ട്ടിക്കിള്‍ 370-നെപ്പറ്റിയുള്ള പാര്‍ലമെന്റ് സംവാദങ്ങളില്‍ അതിനുവേണ്ടി ഏറ്റവും ശക്തമായി വാദിച്ചത് നെഹ്‌റുവിന്റെ വിശ്വസ്തനും ഹരിസിംഗിന്റെ മുന്‍ ദിവാനുമായിരുന്ന ഗോപാലസ്വാമി അയ്യങ്കാരാണ്. ആദ്യത്തെ യൂണിയന്‍ കാബിനറ്റില്‍ വകുപ്പില്ലാത്ത മന്ത്രിയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിളിന്റെ പ്രധാന രൂപകര്‍ത്താവും അദ്ദേഹം തന്നെയായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് മറ്റു പ്രിന്‍സ്ലി സ്‌റേറ്റ്കളില്‍ നിന്ന് വ്യത്യസ്തമായി ജമ്മു കാശ്മീര്‍ ഏകീകരണത്തിനു തയാറായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
എന്താണ് ആര്‍ട്ടിക്കിള്‍ 370?
ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം ഖണ്ഡത്തിലാണ് ഇത് വരുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും കശ്മീരിന് ബാധകമല്ല. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മു കശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവ സംസ്ഥാനത്ത് നടപ്പാക്കാനാകില്ല എന്നായിരുന്നു ആര്‍ട്ടിക്കിള്‍ 370-ല്‍ പറഞ്ഞിരുന്നത്.
370-ാം വകുപ്പ് സ്ഥാപിക്കാന്‍ ബി ആര്‍ അംബേദ്കര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കശ്മീര്‍ നേതാവായിരുന്ന ഷെയ്ക്ക് അബ്ദുള്ളയുമായി (മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ മുത്തച്ഛന്‍) ചേര്‍ന്ന് നെഹ്‌റു നടത്തിയ നീക്കുപോക്കുകളുടെ ഭാഗമായാണ് ഒടുവില്‍ ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയിലുള്‍പ്പെട്ടത്.
ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ കടുത്ത സമ്മര്‍ദ്ദങ്ങളുടെ ഫലമായി മഹാരാജാ ഹരിസിങ് സമ്മതിച്ചപ്പോള്‍ ഉണ്ടാക്കിയ ഉടമ്പടികളുടെ ഭാഗമായിരുന്നു ആര്‍ട്ടിക്കിള്‍ 370-ലെ വ്യവസ്ഥകള്‍. 1952 ലെ ഡല്‍ഹി ഉടമ്പടി പ്രകാരം ജമ്മു കശ്മീരിന് ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളും മറ്റും ജമ്മു കശ്മീര്‍ ജനതയ്ക്കും ലഭ്യമായിരിക്കുമെന്നും സുപ്രിം കോടതിയുടെ അധികാരപരിധിയില്‍ തന്നെയാണ് ഈ ഭൂപ്രദേശവും വരികയെന്നും രാഷ്ട്രപതിയുടെ ഉത്തരവ് അന്ന് സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി അറിവോടെ അവശ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയുമായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ആവശ്യമാണെന്ന കോണ്‍ഗ്രസ് നിലപാട് സമയാസമയങ്ങളില്‍ പുതുക്കി ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. 1974ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജാ ഹരിസിങ് നിയോഗിച്ച ജമ്മുകാശ്മീര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് ഈ ഉടമ്പടി ഒന്നുകൂടി പുതുക്കുകയുണ്ടായി.
ആര്‍ട്ടിക്കിള്‍ 370-യുടെ ഭാഗമായാണ് ആര്‍ട്ടിക്കിള്‍ 35എ നിലവില്‍ വന്നത്. ആരൊക്കെയാണ് ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാര്‍ എന്ന് നിര്‍വചിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്ക് ആര്‍ട്ടിക്കിള്‍ 35എ പ്രകാരമുണ്ടായിരുന്നു. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി അടക്കമുള്ള ഏത് സ്ഥാവര വസ്തു വാങ്ങുന്നതിനും ഈ വകുപ്പ് പ്രകാരം വിലക്കുണ്ടായിരുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആരും കശ്മീരില്‍ സ്ഥിരമായി വന്നു പാര്‍ക്കുന്നതിനെയും തടഞ്ഞിരുന്നു ആര്‍ട്ടിക്കിള്‍ 35എ. സര്‍ക്കാര്‍ ജോലികള്‍ നേടുന്നതിനും ക്ഷേമ പദ്ധതികളില്‍ ഏര്‍പ്പെടുന്നതിനുമെല്ലാം വിലക്കുണ്ടായിരുന്നു.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന കശ്മീരി സ്ത്രീകള്‍ക്ക് ഭൂമിയിന്മേലുള്ള അവകാശം നഷ്ടമാകുന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ വ്യവസ്ഥ പിന്നീട് കശ്മീര്‍ ഹൈക്കോടതി ഇടപെട്ട് നീക്കം ചെയ്യുകയുണ്ടായി. 2002ലായിരുന്നു ഇത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കശ്മീരിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കി. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നത് വലിയ നിയമ-ഭരണഘടനാ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നായിരുന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ആര്‍ട്ടിക്കിള്‍ 370(1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്നതാണ് 35എ. ഇവയില്‍ വരുത്തുന്ന ഏത് മാറ്റവും മഹാരാജാ ഹരിസിങ്ങുമായി ഇന്ത്യന്‍ യൂണിയന്‍ ഏര്‍പ്പെട്ട ട്രീറ്റി ഓഫ് ആക്‌സഷന്‍ അസാധുവാക്കുമെന്ന വാദമുണ്ടായിരുന്നു.
1954നു ശേഷം ആര്‍ട്ടിക്കിള്‍ 370 നെ മാറ്റിപ്പണിയുന്ന 48ഓളം രാഷ്ട്രപതി ഉത്തരവുകള്‍ വരികയുണ്ടായി. ഗണ്യമായ മാറ്റങ്ങള്‍ ഇവമൂലം ആര്‍ട്ടിക്കിള്‍ 370-ല്‍ വന്നിട്ടുണ്ടായിരുന്നു.
ഏഴ് പതിറ്റാണ്ട് കാലമായി ആര്‍ എസ് എസ് അക്ഷീണം പ്രയത്‌നിക്കുകയായിരുന്ന ഒരു കാര്യമായിരുന്നു നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇപ്പോഴതിന് ഭരണഘടന പിന്തുണയും നല്‍കികൊണ്ട് സുപ്രിം കോടതിയും വിധി പറയുമ്പോള്‍, ലക്ഷ്യപ്രാപ്തി നേടിയതിന്റെ ആഹ്ലാദത്തിലാണ് ബിജെപിയും ആര്‍എസ്എസും.