UPDATES

വിദേശം

അപ്രതീക്ഷിതം, 1584 പേരെ സ്വാതന്ത്ര്യത്തിലേക്ക് തുറന്നു വിട്ട് ബഹറിന്‍

അന്യായമായി തടവിലാക്കിയ 600 പേര്‍ ഇപ്പോഴും ജയിലുകള്‍ക്കുള്ളിലുണ്ട്

                       

രാഷ്ട്രീയ തടവുകാരടക്കം 1584  പേരെ നിരുപാധികം മോചിപ്പിച്ച് ബഹറിന്‍. 2011 ലെ അറബ് വസന്തം എന്നു വിശേഷിപ്പിക്കപ്പെട്ട വിപ്ലവത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം തടവുകാരെ മോചിപ്പിക്കുന്നത്.

അന്യായമായി തടവില്‍ പാര്‍പ്പിക്കുന്നവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അംനെസ്റ്റി ഇന്റര്‍നാഷണലും മറ്റ് മനുഷ്യവകാശ സംഘടനകളും വര്‍ഷങ്ങളായി രാജ്യത്തിനകത്ത് ക്യാമ്പയ്‌നുകള്‍ നടത്തി വരുന്നുണ്ടെങ്കിലും ഇപ്പോള്‍ നടന്നിരിക്കുന്ന കൂട്ട മോചിപ്പിക്കല്‍ തികച്ചും അപ്രതീക്ഷിതമാണ്. തടവുകാരെ മോചിപ്പിച്ചതിനെ സ്വാഗതാര്‍ഹമായ നടപടിയെന്നാണ് ആംനെസ്റ്റി ബഹറിന്‍ വിശേഷിപ്പിച്ചത്. തടവുകാരില്‍ അധികവും അനര്‍ഹമായ തടവ് ഏറ്റുവാങ്ങേണ്ടി വന്നവരായിരുന്നുവെന്നും ആംനെസ്റ്റി ചൂണ്ടിക്കാട്ടി. രാജ്യത്തെ യു എസ് എംബസിയും ജയില്‍ മോചനത്തെ സ്വാഗതം ചെയ്തു. വിട്ടയക്കപ്പെട്ടവര്‍ എത്രയും വേഗം പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരട്ടെയെന്നും അമേരിക്കന്‍ എംബസി ആശംസിച്ചു.

ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ് രാജാവാണ് തടവുകാരെ വിട്ടയക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹമദ് ബിന്‍ ഈസ ബഹറിന്‍ ഭരണാധികാരിയായി അധികാരമേറ്റതിന്റെ 25 ആം വാര്‍ഷികവും ചെറിയ പെരുന്നാളും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് തടവുകാര്‍ മോചിതരായത്.

ജൗ ജയിലില്‍ പാര്‍പ്പിച്ചിരുന്നവരാണ് മോചിതരായവരില്‍ അധികവും. ഇനിയും 600-ല്‍ അധികം രാഷ്ട്രീയ തടവുകാര്‍ ഇവിടെ ശേഷിക്കുന്നുണ്ടെന്നാണ് തടവുകാരെ മോചിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. തടവുകാരില്‍ പലരും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ ആവശ്യമുന്നയിച്ച് ജയിലിനുള്ളില്‍ തടവുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. 500 ഓളം തടവുകാര്‍ നിരാഹര സമരത്തില്‍ ഏര്‍പ്പെട്ടു. പ്രതിപക്ഷ സഖ്യമായ അല്‍-ഹഖിന്റെ തലവന്‍ ഹസന്‍ മുഷയ്മ, ഡാനിഷ്-ബഹറിന്‍ വംശജനായ മനുഷ്യാവകാശ പ്രവര്‍ത്തകനായ അബ്ദുള്‍ഹാദി അല്‍-ഖ്വാജ എന്നിവരെ പോലുള്ളവര്‍ ജീവപര്യന്തം തടവുകാരായി ജയിലുകളില്‍ കിടപ്പുണ്ട്.

ഇപ്പോഴത്തെ നിലപാടുകള്‍ക്ക് പിന്നില്‍ ആഗോള സമൂഹത്തിന് മുന്നില്‍ തങ്ങളുടെ പേര് മെച്ചപ്പെടുത്താനുള്ള ബഹറിന്റെ ശ്രമങ്ങള്‍ കൂടിയുണ്ടെന്നാണ് ദ ഗാര്‍ഡിയന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. ആഭ്യന്തര ടൂറിസം വികസിപ്പിക്കാനും നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ബഹറിന്‍ ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. ബഹറിന്‍ കിരീടാവകാശിയുടെ സൗദി സന്ദര്‍ശനത്തിന് പിന്നാലെയാണ് തടവുകാരുടെ മോചനം ഉണ്ടായതനെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ സൗദിയുടെ പ്രോത്സാഹനവും ഉണ്ടെന്ന് അനുമാനിക്കാം.

തടവില്‍ നിന്നും വിട്ടയക്കപ്പെട്ടവരും കുടുംബവും തമ്മിലുള്ള പുനസമാഗമത്തിന്റെ വൈകാരിക രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. പലരും ഒരു പതിറ്റാണ്ടിനപ്പുറമായി പ്രിയപ്പെട്ടവരെ കാണാനാകാതെ തടവറയില്‍ കഴിഞ്ഞു വന്നവരായിരുന്നു.

തികച്ചും അപ്രതീക്ഷിതമായ ഭരണകൂട തീരുമാനമെന്ന നിലയില്‍ രാഷ്ട്രീയ-സാമൂഹിക നിരീക്ഷകരടക്കം ഞെട്ടിപ്പോയ അവസ്ഥയാണ്. യാതൊരുവിധ സൂചനയും ഇല്ലായിരുന്നു, പൂര്‍ണമായും അമ്പരപ്പിച്ച നീക്കം, 2011 മുതലുള്ള കാര്യമെടുത്താല്‍ ഏറ്റവും സുപ്രധാനമായ വിട്ടയക്കല്‍ പദ്ധതിയാണിത്- ബ്രിട്ടീഷ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസിയുടെ പ്രതിനിധിയായ സയിദ് അഹമ്മദ് അല്‍വാദായി ദ ഗാര്‍ഡിയനോട് പറയുന്നു. എന്നിരുന്നാലും, വധശിക്ഷ കാത്തിരിക്കുന്നവര്‍ ഉള്‍പ്പെടെ 600 രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും കാരാഗൃഹങ്ങളില്‍ കിടക്കുന്നുണ്ട് എന്നതിനാല്‍ ഇപ്പോഴത്തെ മോചന നടപടിക്ക് അത്രയധികം മധുരമില്ലെന്നാണ് അല്‍വദായി പറയുന്നത്.

ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്ന പേരില്‍ രാജ്യത്തിനകത്ത് അസ്വാസ്ഥ്യങ്ങള്‍ നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഭരണകൂടം ‘ മോചന നടപടി’ സ്വീകരിച്ചിരിക്കുന്നത്. മോചിതരായവരില്‍ പലരും ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.

യുകെയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ബഹറിന്‍ അമേരിക്കയുടെ അഞ്ചാം നാവികപ്പടയുടെ ആസ്ഥാനവുമാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനു പിന്നാലെ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും കൂടിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുത്താനുള്ള ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള യു എസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തെ പരസ്യമായി പിന്തുണച്ച ഏക ഗള്‍ഫ് രാജ്യവും ബഹറിന്‍ ആണ്.

ലോകത്തിന് മുന്നില്‍ തന്ത്രപരമായ നയതീരുമാനങ്ങള്‍ എടുക്കുന്ന ഗള്‍ഫ് രാജ്യമാണ് ബഹ്‌റിന്‍. അവര്‍ ഒരേ സമയം ഇസ്രയേലുമായി ബന്ധം പുലര്‍ത്തുകയും അവരെ വിമര്‍ശിക്കുകയും ചെയ്യും, ഇപ്പുറത്ത് ഹമാസിനെയും കുറ്റപ്പെടുത്തും.

Share on

മറ്റുവാര്‍ത്തകള്‍