1986- ലെ രാജീവ് ഗാന്ധി ഭരണ കാലയളവിലെ റെക്കോര്‍ഡ് തകര്‍ത്ത് രണ്ടാം മോദി സര്‍ക്കാര്‍
പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാരെയെല്ലാം സസ്‌പെന്‍ഡ് ചെയ്ത് റെക്കോര്‍ഡ് ഇടുകയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. ഏറ്റവും കൂടുതല്‍ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിന്റെ ‘ നേട്ടം’ ഈ ശീതകാല സമ്മേളനത്തിന് സ്വന്തമായിരിക്കുകയാണ്. ഒക്ടോബര്‍ 13 ന് ലോക്‌സഭയില്‍ നടന്ന അതിക്രമത്തിന്റെ പേരില്‍ സുരക്ഷ വീഴ്ച്ച ചോദ്യം ചെയ്തവരെയാണ് കൂടുതലായും സഭയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്!
ഡിസംബര്‍ 18, തിങ്കളാഴ്ച്ച ലോക്‌സഭയില്‍ നിന്നും 33 എംപിമാരെയും രാജ്യസഭയില്‍ നിന്ന് 45 അംഗങ്ങളെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞാഴ്ച്ച, ലോക്‌സഭ ആക്രമണത്തിന് പിന്നാലെ 14 എംപിമാരെ പുറത്താക്കിയിരുന്നു. മൊത്തം 92 പേരെ! 1986-ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് 63 എംപിമാരെ പുറത്താക്കിയുണ്ടാക്കിയ ‘ റെക്കോര്‍ഡ്’ ആണ് രണ്ടാം മോദി സര്‍ക്കാര്‍ 2023-ല്‍ തങ്ങളുടെ കാലയളവിലെ അവസാന പാര്‍ലമെന്റ് സെഷനില്‍ തകര്‍ത്തിരിക്കുന്നത്!
രാജ്യത്ത് നടന്നതും, നടക്കുന്നതുമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സഭയില്‍ ശബ്ദമുയര്‍ത്തിയവരെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. മണിപ്പൂര്‍ കലാപം, വിലക്കയറ്റം, ഡല്‍ഹി സര്‍വീസ് നിയമം, പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയവരെയൊക്കെ സഭ നടപടികള്‍ തടസപ്പെടുത്തിയെന്നതടക്കമുള്ള കുറ്റം ചൂണ്ടിക്കാട്ടി പുറത്താക്കുകയാണ്. പ്രതിഷേധിക്കുന്നവര്‍ സഭയ്ക്ക് പുറത്താകുന്ന പ്രവണത 2019 മുതല്‍ വ്യാപകമായി വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്.
ശബ്ദവോട്ടില്‍ പാസാക്കിയാണ് തിങ്കളാഴ്ച്ച 45 എംപിമാരെ രാജ്യസഭയില്‍ നിന്നും പുറത്താക്കിയത്. ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തവരില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി നേതാവ് അധീര്‍ രഞ്ചന്‍ ചൗധരി, ഡിഎംകെയുടെ ടി ആര്‍ ബാലു, ദയാനിധി മാരന്‍, തൃണമൂലിന്റെ സൗഗത റോയ് എന്നിവരുമുണ്ട്. ലോക്‌സഭയില്‍ അക്രമം നടന്നിട്ട് നാല് ദിവസത്തോളം പ്രധാനമന്ത്രി ഒരക്ഷരം മിണ്ടാതിരുന്നത് ചോദ്യം ചെയ്യുകയായിരുന്നു അധീര്‍ രഞ്ചന്‍ ചൗധരി.
കഴിഞ്ഞ ശീതകാല സമ്മേളന കാലയളവില്‍ നാല് എംപിമാര്‍ക്കായിരുന്നു സസ്‌പെന്‍ഷന്‍. ഇത്തവണയത് പലമടങ്ങായി കൂടി. ജൂലൈ 24 ന് എ എ പി എംപി സഞ്ജയ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്, മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി തുടരുന്ന മൗനം ചോദ്യം ചെയ്ത് രാജ്യസഭ ചെയര്‍മാന്റെ പോഡിയത്തിന് സമീപം പോയി മുദ്രാവാക്യം മുഴക്കിയെന്ന കുറ്റത്തിനായിരുന്നു. സഭയുടെ മര്യാദകള്‍ക്കും നിയമങ്ങള്‍ക്കും എതിരായ പ്രവര്‍ത്തിയെന്നാരോപിച്ചായിരുന്നു സിംഗിനെതിരേ സസ്‌പെന്‍ഷന്‍ ശബ്ദവോട്ടില്‍ ബിജെപി പാസ്സാക്കിയെടുത്തത്. ഡല്‍ഹി സര്‍വീസ് ബില്ലിനെതിരേ പ്രതിഷേധിച്ചതിനാണ് ലോക്‌സഭയില്‍ നിന്നും ഓഗസ്റ്റില്‍ എഎപി അംഗം സുശീല്‍ കുമാര്‍ റിങ്കുവിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സ്പീക്കറുടെ ചേംബറിനു നേര്‍ക്ക് കടലാസുകള്‍ കീറിയെറിഞ്ഞതിന് സ്പീക്കര്‍ ഓം ബിര്‍ളയാണ് എഎപി അംഗത്തെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാസാക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയോട് ആവശ്യപ്പെട്ടത്. ഓഗസ്റ്റില്‍ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്യുന്നത്, രാജ്യസഭ ചെയര്‍മാനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിനായിരുന്നു. ഇതിനു രണ്ടു ദിവസത്തിനു ശേഷം ലോക്‌സഭയില്‍ നിന്നും കോണ്‍ഗ്രസ് സഭ കക്ഷി നേതാവ് അധീര്‍ രഞ്ചന്‍ ചൗധരിയെയും സസ്‌പെന്‍ഡ് ചെയ്തു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ മോശമായി പെരുമാറിയെന്നതായിരുന്നു ആരോപിച്ച കുറ്റം. തുടര്‍ന്ന് നടന്ന സസ്‌പെന്‍ഷന്‍ എഎപി അംഗം രാഘവ് ഛദ്ദയുടെതായിരുന്നു, രാജ്യസഭയില്‍ നിന്നും.
2023-ലെ ബഡ്ജറ്റ് സെഷന്‍ നടന്ന ഫെബ്രുവരിയില്‍ ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത് കോണ്‍ഗ്രസ് എംപി രജനി പാട്ടില്‍ ആണ്. രാജ്യഭയില്‍ മോദിയുടെ പ്രസംഗ സമയത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധം വീഡിയോയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നു രജനിക്കെതിരേ ബിജെപി നല്‍കിയ പരാതി അംഗീകരിച്ചാണ് അച്ചടക്കലംഘനത്തിന് ജഗ്ദീപ് ധന്‍കര്‍ നടപടിയെടുത്തത്.
വിലക്കയറ്റത്തിനും നികുതി വര്‍ദ്ധനവിനും എതിരേ സഭയില്‍ പ്രതിഷേധമുണ്ടാക്കിയതിന് 19 പ്രതിപക്ഷ എംപിമാരെയാണ് 2022 ഫെബ്രുവരിയിലെ മണ്‍സൂണ്‍ സമ്മേളന കാലത്ത് രാജ്യസഭയില്‍ നിന്നും ഒരാഴ്ച്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സിപിഎം-സിപിഐ എംപിമാരും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന് ഒരു ദിവസം മുമ്പാണ് സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, എസ് ജോതിമണി എന്നിവരെ സമ്മേളന കാലയളവ് വരെ സസ്‌പെന്‍ഡ് ചെയ്തത്.
2021 ല്‍ സഭ സമ്മേളനത്തിന്റെ തുടക്ക ദിവസം തന്നെ രാജ്യസഭയില്‍ നിന്നും 19 പ്രതിപക്ഷ എംപിമാരെയാണ് പുറത്താക്കിയത്. അച്ചടക്കലംഘനം, സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കാര്‍ഷിക ബില്ലിന്റെ പേരില്‍ പാര്‍ലമെന്റും രാജ്യവും സംഘര്‍ഷഭരിതമായി നിന്നിരുന്ന കാലമായിരുന്നു അത്. 2020 ലെ മണ്‍സൂണ്‍ സെഷനിലും രാജ്യസഭയില്‍ എട്ട് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭയിലെ പെരുമാറ്റ ചട്ടലംഘനം പറഞ്ഞായിരുന്നു സസ്‌പെന്‍ഷന്‍. അന്നത്തെ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പുറത്താക്കിയവരില്‍ എളമരം കരീം, കെ കെ രാഗേഷ്, സയ്യീദ് നാസിര്‍ ഹുസൈന്‍ റിപുന്‍ ബോറ, ഡോള സെന്‍ എന്നിവരുണ്ടായിരുന്നു.
2020 മാര്‍ച്ചിലെ ബഡ്ജറ്റ് സെഷനില്‍ ലോക്‌സഭയില്‍ നിന്നും ഏഴ് കോണ്‍ഗ്രസ് എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇറ്റലിയില്‍ നിന്നും സോണിയ ഗാന്ധിയാണ് ഇന്ത്യയിലേക്ക് കൊറോണ വൈറസ് കൊണ്ടുവന്നതെന്ന രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധിച്ചതായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ പുറത്താകാനുള്ള കാരണം. മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 2019 നവംബറിലെ ശൈത്യകാല സമ്മേളന കാലയളവിലാണ് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.