UPDATES

സഭയിലെ സസ്‌പെന്‍ഷന്‍ തെറ്റോ ശരിയോ? തീരുമാനിക്കേണ്ടത് ജനങ്ങളാണ്

ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പ്രതികരിക്കുന്നു

                       

പ്രതിഷേധിക്കുന്നവരെയെല്ലാം സസ്പെന്‍ഡ് ചെയ്യുന്ന ഒരു നൂതന പ്രവണത ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കുകയാണ്. ഡിസംബര്‍ 18 തിങ്കളാഴ്ച്ച ലോക്സഭയില്‍ നിന്നും 33 എംപിമാരെയും രാജ്യസഭയില്‍ നിന്ന് 45 അംഗങ്ങളെയുമാണ് സസ്പെന്‍ഡ് ചെയ്തത്. അതൊരു റെക്കോര്‍ഡ് ആയിരുന്നു. ഒറ്റ ദിവസം പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയത് 78 പ്രതിപക്ഷ എംപിമാരെ. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒന്ന്. ഈ ശീതകാല സമ്മേളനത്തില്‍ 141 എം പി മാരാണ് ഇതുവരെ സസ്‌പെന്‍ഷന് വിധേയരായിട്ടുള്ളത്. ഇത് ജനാധിപത്യത്തിന് യോജിച്ചതാണോ?

പാര്‍ലമെന്റിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കാനുള്ള അധികാരമുണ്ടെങ്കിലും ജനങ്ങളുടെ പ്രതിനിധികളും നിയമ നിര്‍മാണത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നവരുമായ എം.പിമാരെ നിസ്സാര കാര്യങ്ങള്‍ക്ക് പുറത്തുകുന്ന പ്രവണത ഒട്ടും ശരിയെല്ലെന്ന് പറയുകയാണ് ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി. അദ്ദേഹത്തിന്റെ വാക്കുകള്‍’;

പാര്‍ലമെന്റില്‍ എം പിമാരെ പുറത്താക്കാന്‍ അധികാരമുണ്ടെന്നത് ശരിതന്നെ. എന്നിരുന്നാലും അധികാരം എങ്ങനെ, എപ്പോള്‍ പ്രയോഗിക്കുന്നു എന്നതിലാണ് കാര്യം. ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നല്‍കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് എം പിമാര്‍ സഭയുടെ നടുത്തളത്തില്‍ വരികയും പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ട് പ്രതിഷേധിക്കുകയുമൊക്കെ ചെയ്തത്. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ട് വരരുതെന്ന് നിയമമുണ്ടെങ്കിലും, ഇതുവരെയും പ്ലക്കാര്‍ഡ് കൊണ്ടുവന്നതിന്റെ പേരില്‍ ആരെയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലായിരുന്നു. പാര്‍ലമെന്റില്‍ നിന്ന് ഒരാളെ സസ്പെന്‍ഡ് ചെയ്യുന്നതിന് കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്കാണ് പാര്‍ലമെന്റില്‍ നിന്ന് ഒരു വ്യക്തിയെ സസ്പെന്‍ഡ് ചെയ്യുന്നത്. സഭാധ്യക്ഷന്റെ അധികാരത്തെ ചോദ്യം ചെയ്യുമ്പോഴോ, അദ്ദേഹത്തോട് അപമര്യാദയായി പെരുമാറുമ്പോഴോ സസ്‌പെന്‍ഷന്‍ നല്‍കാം. സഭ നടപടികള്‍ തടസപ്പെടുത്തുന്ന രീതിയില്‍ തുടര്‍ച്ചയായും ബോധപൂര്‍വമായും എംപിമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കിലും അവരെ സസ്‌പെന്‍ഡ് ചെയ്യാം. പക്ഷെ ഇത് കൊണ്ട് മാത്രം സസ്പെന്‍ഡ് ചെയ്യണം എന്നില്ല. ഒരാളെ സസ്പെന്‍ഡ് ചെയ്യണോ വേണ്ടയോ എന്ന് സ്പീക്കര്‍ ആണ് തീരുമാനം എടുക്കുന്നത്.

റൂള്‍ രണ്ട് പ്രകാരം എംപിമാരെ ഇത്തരത്തില്‍ സസ്പെന്‍ഡ് ചെയ്യാം എന്നുണ്ടെങ്കിലും സസ്പെന്‍ഷന്‍ ചെയ്യുന്നത് ഏറ്റവും അവസാനത്തെ നടപടിയായാണ് കണക്കാക്കാറുള്ളത്. ഒരു രാജ്യത്തിന്റെ നിയമ നിര്‍മാതാക്കളാണ് എം.പിമാര്‍. അവര്‍ ജനങ്ങളുടെ പ്രതിനിധികളും കൂടിയാണ്. ഇത്തരത്തില്‍ ഒരു പദവിയിലിരിക്കുന്നവരായത് കൊണ്ടുതന്നെ അവരെ നിസാര കാര്യങ്ങള്‍ക്ക് സസ്പെന്‍ഡ് ചെയ്യരുത് എന്ന സാമാന്യ ബോധ്യമുണ്ട്. ഈ ബോധ്യമുള്ളതുകൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ ഒന്നും ഇത്തരത്തില്‍ ഒരു സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിട്ടില്ല. ഇതിനു മുന്‍പ് ഇതേ രീതിയില്‍ ഒരു സംഭവമുണ്ടായത് 1986-ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തത്ത് ഇന്ത്യന്‍ പ്രതിരോധസേനയില്‍ ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ബോഫോഴ്‌സ് അഴിമതിയുടെ പേരില്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ തടസ്സം നിന്ന 63 എംപിമാരെ പുറത്താക്കിയപ്പോഴാണ്. അത് ഒരു അഭൂതപൂര്‍വ്വമായ നടപടിയായിരുന്നു. അതിനു മുമ്പ് അത്തരത്തില്‍ ഒന്നുണ്ടായിട്ടില്ലായിരുന്നു.

സാധാരണഗതിയില്‍ സഭാധ്യക്ഷന്മാരുടെ പൊതുവായ അഭിപ്രായം ചെറിയ കാര്യങ്ങള്‍ക്കൊന്നും പുറത്താക്കല്‍ നടപടികള്‍ വേണ്ടായെന്നാണ്. 14-ാം ലോക്സഭയില്‍ സ്പീക്കറായിരുന്ന സോംനാഥ് ചാറ്റര്‍ജി അദ്ദേഹം, സ്പീക്കര്‍ ആയിരിക്കുന്നത്രയും കാലം ആരെയും സസ്പെന്‍ഡ് ചെയ്യില്ല എന്ന് പറഞ്ഞിരുന്നു. എംപിമാര്‍ ഒന്ന് അനങ്ങുന്നതിന് മുന്‍പ് തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ പാടില്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എംപിമാര്‍ എന്തെങ്കിലും മിണ്ടുന്നതിനു മുന്നേ തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ പാടില്ല എന്ന ധാരണ എല്ലാ സഭാധ്യക്ഷന്മാര്‍ക്കുമുണ്ട്. പക്ഷെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പല മാനദണ്ഡങ്ങളും മാറി പുതിയത് വന്നു കൊണ്ടിരിക്കുന്ന പ്രവണതയാണ്. ഇതെല്ലാം ശരിയാണോ തെറ്റാണോ എന്നുള്ളത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഭൂരിപക്ഷത്തിന്റെ തീരുമാനം അനുസരിച്ചാണ് സഭയില്‍ പല തീരുമാനങ്ങളുമെടുക്കുന്നത്. അതിലെ തെറ്റും ശരിയും പിന്നീട് ചരിത്രം തെളിയിക്കും.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍