ആ മൂന്നുപേര്‍ക്കും വേണ്ടി വിദ്യാര്‍ത്ഥികളും മറ്റ് അധ്യാപകരുമെല്ലാം പ്രതിഷേധിക്കുന്നുണ്ട്
ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതില്‍, മൂന്നു മുസ്സിം അധ്യാപകരെ ബലിയാടുകളാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍. അതിനവര്‍ കാരണമാക്കിയിരിക്കുന്നത് സ്‌കൂളില്‍ ആര്‍ക്കോ പറ്റിയൊരു ക്ലറിക്കല്‍ മിസ്റ്റേക്കും. അധ്യാപകര്‍ക്കെതിരേ ‘ മതം മാറ്റം’, ‘ ലൗജിഹാദ്’ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. 15 അധ്യാപകരാണ് സ്‌കൂളില്‍ ആകെയുള്ളത്. അതില്‍ 12 പേരും ഹിന്ദുക്കളാണ്. മുസ്സിം സമുദായത്തില്‍ നിന്നുള്ള മൂന്നുപേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്തായാലും ആ മൂന്നുപേര്‍ക്കും വേണ്ടി വിദ്യാര്‍ത്ഥികളും മറ്റ് അധ്യാപകരുമെല്ലാം പ്രതിഷേധിക്കുന്നുണ്ട്.
കൗജരി ഒഡ്പൂരി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടു വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം സമുദായത്തില്‍പ്പെട്ടൊരു യുവാവിനൊപ്പം ഒരുമിച്ചു ജീവിക്കാന്‍ ഇറങ്ങിപ്പോയതിനു പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 18 കാരിയായ പെണ്‍കുട്ടിയും 21 വയസുള്ള യുവാവുമാണ് ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചത്. മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും മുസ്ലിം യുവാവ് അവളെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സംഗുദ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. ദ്രുതഗതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് 21കാരന്റെ അമ്മാവനെ ആദ്യം അറസ്റ്റ് ചെയ്തു. പൊലീസ് ആ 59കാരനുമേല്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തി. എന്നാല്‍, പെണ്‍കുട്ടി തന്നെ പൊലീസിനു മുന്നിലെത്തി, താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ താത്പര്യമില്ലെന്നും എഴുതി കൊടുത്തതിനു പിന്നാലെയാണ് മസൂര്‍ ഫോജിയെന്ന മധ്യവയസ്‌കനെ പൊലീസ് വിട്ടയച്ചത്. കോട്ട ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി അവിടെയും തന്റെ നിലപാട് ആവര്‍ത്തിച്ചതോടെ നിയമത്തിന് അവളെ അവളുടെ സ്വാതന്ത്രത്തിനനുസരിച്ച് വിടേണ്ടി വന്നു.
എന്നാല്‍, ഇതിനെല്ലാം വിചാരണ നേരിടേണ്ടി വന്നത് മറ്റു മൂന്നുപേരായിരുന്നു.
സര്‍വ ഹിന്ദു സമാജ് എന്ന ഹിന്ദുത്വ സംഘടന നല്‍കിയ മെമ്മോറാണ്ടം പരിഗണിച്ചാണ് സര്‍ക്കാര്‍ ശബാന, ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ് എന്നീ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുന്നത്. 2019-ലെ ഒരു സ്‌കൂള്‍ ഫോമില്‍ പെണ്‍കുട്ടിയുടെ മതം ‘ ഇസ്ലാം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നതായിരുന്നു അധ്യാപകര്‍ക്കെതിരേയുള്ള ഹിന്ദുത്വവാദികളുടെ കൈയിലെ തെളിവ്. ഈ തെളിവ് സഹിതമാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദന്‍ ദില്‍വാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. അധ്യാപകര്‍ പെണ്‍കുട്ടിയെ ലൗ ജിഹാദിനും മതം മാറ്റത്തിനും പ്രേരിപ്പിച്ചെന്നും, അധ്യാപകര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നൊക്കെയായിരുന്നു ആരോപണം. പരാതി നല്‍കി പിറ്റേദിവസം കോട്ട ജില്ല വിദ്യാഭ്യാസ ഓഫിസര്‍ മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ മൂന്നു പേരെയും ബികാനീറിലുള്ള വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സ്‌കൂളില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനം.
പെണ്‍കുട്ടി വീടുവിട്ടു പോകാന്‍ കാരണം ഈ അധ്യാപകരാണെന്നാണു ഹിന്ദുത്വവാദികള്‍ പറയുന്നത്. അവരാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും പെണ്‍കുട്ടിയെ നിസ്‌കരിക്കാന്‍ പഠിപ്പിച്ചുവെന്നും, മുസ്ലിം ജിഹാദി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പ്രേരിപ്പിച്ചുവെന്നൊക്കെയാണ് ആക്ഷേപം. അധ്യാപകര്‍ നടത്തതിയ ഗൂഢാലോചനയാണ് തങ്ങളുടെ മകളുടെ ഒളിച്ചോട്ടത്തിനു പിന്നിലെന്നാണ് പെണ്‍കുട്ടിയുടെ മതാപിതാക്കളും ആരോപിക്കുന്നത്.
എന്തുകൊണ്ട് ഈ ആരോപണങ്ങളെന്നും, തങ്ങളെ എന്തിനാണ് ശിക്ഷിച്ചതെന്നും ആലോചിച്ച് അത്ഭുതപ്പെടുകയാണ് അധ്യാപകര്‍. പെണ്‍കുട്ടി പഠനം പൂര്‍ത്തിയാക്കി സ്‌കൂളില്‍ നിന്നും പോയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇപ്പോഴവള്‍ ഒളിച്ചോടി പോയതില്‍ സ്‌കൂളോ, അവിടുത്തെ അധ്യാപകരോ എങ്ങനെയാണ് കുറ്റക്കാരാകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്.
പെണ്‍കുട്ടിയുടെ ഫോമില്‍ മതം ‘ ഇസ്ലാം’ ആയതെങ്ങനെയാണെന്നും ഈ അധ്യാപകര്‍ക്ക് അറിയില്ല. 2019-ല്‍ പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായി സ്‌കൂളില്‍ പ്രവേശനം നേടിയപ്പോള്‍ പൂരിപ്പിച്ച ഫോമിലാണ് മതം ‘ ഇസ്ലാം’ ആയി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രസ്തുത ഫോം ദ സ്‌ക്രോള്‍ പരിശോധിച്ചിരുന്നു. അതില്‍ പെണ്‍കുട്ടിയുടെ ജനന വര്‍ഷം 2005 എന്നും മതം ‘ ഇസ്ലാം’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഒരാളായ 52 കാരനായ ഫിറോസ് ഖാന്‍ അക്കാര്യം സമ്മതിക്കുന്നുണ്ടെങ്കിലും അതൊരിക്കലും മനഃപൂര്‍വം ചെയ്തതായിരിക്കില്ലെന്നും ക്ലറിക്കല്‍ മിസ്റ്റേക്ക് മാത്രമായിരിക്കുമെന്നാണ് പറയുന്നത്. ഈ വിദ്യാര്‍ത്ഥിക്കും അതേ ക്ലാസിലെ മറ്റൊരു മുസ്ലിം വിദ്യാര്‍ത്ഥിക്കും ഒരേ പേരായിരുന്നു. ഒരുപക്ഷേ ഈ പെണ്‍കുട്ടി തന്റെ സഹപാഠിയുടെ ഫോം അതുപോലെ പൂരിപ്പിച്ചപ്പോള്‍ പറ്റിയ പിഴവായിരിക്കാം, അതല്ലെങ്കില്‍, ഫോം പൂരിപ്പിച്ച ഏതെങ്കിലും അധ്യാപകര്‍ക്ക് സംഭവിച്ച പിഴവായിരിക്കാം. അന്നത് ശ്രദ്ധിച്ചിരിക്കില്ല. അല്ലാതെ ഇതിനു പിന്നില്‍ യാതൊരു ഗൂഢാലോചനകളുമില്ല’ അധ്യാപകന്‍ പറയുന്നു. അഞ്ചു വര്‍ഷം മുമ്പാണ് ഫിറോസ് ഖാന്‍ ഈ സ്‌കൂളിലേക്ക് വരുന്നത്.
വിവാദമായ ഫോമില്‍ പെണ്‍കുട്ടിയുടെ പിതാവും സ്‌കൂള്‍ പ്രിന്‍സിപ്പാളും ഒപ്പിട്ടുണ്ട്. ആ തെറ്റ് അന്നാരും ശ്രദ്ധിച്ചു കാണില്ലെന്നാണ് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകരല്ല ഫോം പൂരിപ്പിച്ചത്. 2022 ജൂണിലാണ് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തു പോകുന്നത്.
ഈയൊരു ഫോമില്‍ അല്ലാതെ, പെണ്‍കുട്ടിയുടെ മറ്റൊരു സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും മതം ‘ഇസ്ലാം’ എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും ഫിറോസ് ഖാന്‍ പറയുന്നു. അവളുടെ ടിസിയിലും മതം ‘ ഇസ്ലാം’ എന്നു രേഖപ്പെടിത്തിയിട്ടില്ല. പെണ്‍കുട്ടി ഒബിസി വിഭാഗത്തില്‍പ്പെടുന്നയാളാണെന്നാണ് സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നതെന്ന് സ്‌ക്രോള്‍ പറയുന്നു.
തങ്ങളോ സ്‌കൂളിലെ മറ്റാരെങ്കിലുമോ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടത്തിന് കാരണമായിട്ടില്ലെന്നാണ് മറ്റു രണ്ട് അധ്യാപകരും പറയുന്നത്. യാതൊരുവിധ മതചിന്തകളോ വര്‍ഗീയ ചേരിതിരുവകളോ ഇല്ലാതെ സഹവര്‍ത്തിത്വത്തോടെയാണ് അധ്യാപകരും കുട്ടികളും ഇതുവരെ കഴിഞ്ഞുപോന്നിരുന്നതെന്ന് മിര്‍സ മുജാഹിദ് പറയുന്നു. സ്‌കൂളില്‍ ഏകദേശം 250 കുട്ടികളുണ്ട്. ഇവരില്‍ 75 മുസ്ലിം കുട്ടികളാണുള്ളത്. മുസ്ലിം ആയതുകൊണ്ടാണ് തങ്ങള്‍ ശിക്ഷിക്കപ്പെട്ടതെന്നാണ് ഫിറോസ് ഖാന്‍ പരാതിപ്പെടുന്നത്.
Thread 🧵
After Three Muslim teachers Firoz Khan, Mirza Mujahid, and Shabana were suspended from a school in Kota, Rajasthan following Hindutva group ‘Sarv Hindu Samaj’ accusing them of being involved in Forced conversion, love jihad and Islamic Jihadi activities. Hindu Students… pic.twitter.com/duTXYDNbft— Mohammed Zubair (@zoo_bear) February 27, 2024
നാല് മാസം മുമ്പ് മാത്രം സ്‌കൂളില്‍ ജോയിന്‍ ചെയ്ത അധ്യാപികയാണ് ശബാന. അവരെയും പെണ്‍കുട്ടി ഒളിച്ചോടിപ്പോയതിന്റെ കുറ്റം ചുമത്തി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. താന്‍ മതപരമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഇടപെടാറില്ലെന്നും, സ്‌കൂളിലും മതപരമായ ഒന്നും തന്നെ കുട്ടികളെ പഠിപ്പിക്കാറില്ലെന്നുമാണ് ശബാന പറയുന്നത്. സ്‌കൂളിലെ ഹിന്ദുവിഭാഗത്തില്‍പ്പെട്ട അധ്യാപകരില്‍ ചിലരും മാനേജ്‌മെന്റ് അംഗങ്ങളും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകരെ അനുകൂലിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. ആ മൂന്നുപേരോ സ്‌കൂളോ ഒരുതരത്തിലും പെണ്‍കുട്ടിയുടെ കേസില്‍ പങ്കാളികളായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ലൗ ജിഹാദും മതം മാറ്റവുമെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും അധ്യാപകര്‍ പറയുന്നു.
തന്നെയാരും തട്ടിക്കൊണ്ടു പോയതല്ലെന്നു പെണ്‍കുട്ടി തന്നെ പൊലീസിലും കോടതിയിലും മൊഴി നല്‍കിയിട്ടും എന്തിനാണ് അധ്യാപകര്‍ക്കെതിരേ നടപടിയെടുത്തതെന്നാണ് ചോദ്യം. പെണ്‍കുട്ടി ഇതുവരെ മുസ്ലിമായി മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ്, അവള്‍ കൂടെപ്പോയ 21കാരന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ അഷ്ഫാഖ് അഹമ്മദ് സ്‌ക്രോളിനോട് പറയുന്നത്. കോടതിയില്‍ പെണ്‍കുട്ടി പറഞ്ഞത് തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ്. കോടതി പറഞ്ഞത് ആരുടെ കൂടെ ജീവിക്കണമെന്ന് പെണ്‍കുട്ടിക്ക് തീരുമാനിക്കാമെന്നാണ്’ അഷ്ഫാഖ് പറയുന്നു.
തങ്ങളുടെ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേറിന്റെ ഓഫിസിനു മുന്നില്‍ പ്രകടനം നടത്തിയിരുന്നു. അതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാന്‍ അധ്യാപകരെ അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.