UPDATES

വിവാഹം മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രം നടക്കണം, ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിരോധിക്കണം; ഇന്ത്യന്‍ സംസ്‌കാരം രക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നു ബിജെപി എംപി

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് എന്ന രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് എം പി ധരംബീര്‍ സിംഗിന്റെ ആവശ്യം

                       

ഇന്ത്യന്‍ സംസ്‌കാരം പാശ്ചാത്യ സംസ്‌കാരത്തിലേക്ക് വഴി തെറ്റിപ്പോകാതിരിക്കാന്‍ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയമം മൂലം നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ബിജെപി അംഗത്തിന്റെ ആവശ്യം. വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നത് സമൂഹത്തെ അപകടകരമായും ഹാനികരമായും ബാധിക്കുന്ന രോഗമാണെന്നായിരുന്നു ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഢ് മണ്ഡലത്തില്‍ നിന്നുള്ള ധരംബീര്‍ സിംഗിന്റെ പരാതി. മാതാപിതാക്കളുടെ അനുവാദവും പിന്തുണയും വിവാഹത്തിന് തേടിയിരിക്കണമെന്നും അതിലൂടെ മാത്രമെ ബന്ധങ്ങള്‍ പരിരക്ഷിക്കപ്പെടുകയുള്ളൂവെന്നും എംപി പറയുന്നു.

സാഹോദര്യത്തിലും ‘വസുധൈവ കുടുംബകം’ എന്ന തത്വശാസ്ത്രത്തിലും അധിഷ്ഠിതമാണ് ഇന്ത്യന്‍ സംസ്‌കാരം. നമ്മുടെ സാമൂഹിക ഘടന ലോകത്തിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്, നമ്മുടെ രാജ്യത്തിലെ നാനത്വത്തില്‍ ഏകത്വം എന്ന ആശയം ലോകം മുഴുവന്‍ മതിപ്പുളവാക്കുന്നതാണ്. പാര്‍ലമെന്റില്‍ എം പി ഉയര്‍ത്തിയ വാദങ്ങളാണ്.

സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഈ കാലത്തും വീട്ടുകാരും ബന്ധുക്കളും മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹത്തിനാണ് മുന്‍ഗണന കൊടുക്കുന്നത്. വധുവും വരനും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം തേടുന്നു, പൊതുവായ പലഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് അറേഞ്ചഡ് വിവാഹങ്ങള്‍ നടക്കുന്നത്, കുടുംബ പശ്ചാത്തലം, സമൂഹികവും വ്യക്തിപരവുമായിട്ടുള്ള മൂല്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ആശ്രയിക്കുന്നത്. ഏഴു തലമുറയോളം നീളുന്ന പവിത്രമായ ബന്ധമായാണ് വിവാഹം കരുതപ്പെടുന്നത്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ നാട്ടിലെ വിവാഹമോചന നിരക്ക് വെറും 1.1 ശതമാണ്, അമേരിക്കയിലത് 40 ശതമാനമാണ്. പാര്‍ലമെന്റിന്റെ ശൂന്യവേളയില്‍ സംസാരിക്കാന്‍ കിട്ടിയ അവസരത്തില്‍ ബിജെപി എംപി വിളിച്ചു പറഞ്ഞ കാര്യങ്ങളാണിതൊക്കെ.

അതേസമയം, പ്രണയവിവാഹങ്ങള്‍ക്കിടയില്‍ വിവാഹമോചന നിരക്ക് രാജ്യത്ത് കൂടുകയാണെന്നും എംപി ആരോപിച്ചു. പ്രണയം വിവാഹം സമൂഹത്തിന് ആപത്താണെന്നാണ് ബിജെപി അംഗത്തിന്റെ പരാതി. പ്രണയ വിവാഹത്തിലാണെങ്കിലും മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്നാണ് തന്റെ നിര്‍ദേശമായി ധരംബീര്‍ സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞത്. ‘രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ഒരേ ഗോത്രത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് വളരെ കുറഞ്ഞിരിക്കുകയാണ്, പ്രണയ വിവാഹമാണ് കാരണം. ഇതുമൂലം ഗ്രാമങ്ങളില്‍ പലവിധ സംഘര്‍ഷങ്ങളാണ് നടക്കുന്നത്. ഇത്തരം സംഘര്‍ഷങ്ങള്‍ നിരവധി കുടുംബങ്ങളെയാണ് തകര്‍ത്തിരിക്കുന്നത്. അതുകൊണ്ട് ഒരു വിവാഹത്തിന് രണ്ട് കുടുംബങ്ങളുടെയും സമ്മതം ആവശ്യമാണ്’ -സിംഗ് അവകാശപ്പെടുന്നു.

ബിജെപി എംപി മറ്റൊരു ‘പ്രധാന പ്രശ്‌നം’ കൂടി ഉയര്‍ത്തുന്നുണ്ട്- സമൂഹത്തില്‍ ഒരു പുതിയ രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്, ആ സാമൂഹിക തിന്മയുടെ പേര് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് എന്നാണ്, ഇതിന്റെ പേരില്‍ രണ്ടു പേര്‍, ആണോ, പെണ്ണോ-കല്യാണം പോലും കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയാണ്’ എന്നാണ് ബിജെപി എംപി ആശങ്കപ്പെടുന്നത്.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത്തരം ബന്ധങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ തിന്മ നമ്മുടെ നാട്ടിലും വളരെ വേഗം പടര്‍ന്നു കയറുകയാണ്. ഇതിന്റെ പ്രത്യഘാതം ഭീകരമാണ്- സിംഗ് ആരോപിക്കുന്നു. ഒരു ഉദ്ദാഹരണം കൂടി ബിജെപി എംപി പറയുന്നുണ്ട്. ശ്രദ്ധ വാള്‍ക്കറും, അഫ്താബ് പൂനാവാലയും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. ഒടുവില്‍ ശ്രദ്ധയെ അഫ്താബ് അരുംകൊല ചെയ്യുകയായിരുന്നു. ഇത്തരം കേസുകള്‍ ദിനംപ്രതി കൂടിവരികയാണ്. സമൂഹത്തില്‍ വിദ്വേഷവും തിന്മകളും പടരുകയാണ്, ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ തുടര്‍ന്നാല്‍ നമ്മുടെ സംസ്‌കാരം നശിക്കും, മറ്റുള്ളവരും നമ്മളും തമ്മില്‍ വ്യത്യാസമില്ലാതാകും- ബിജെപി എംപിയുടെ മുന്നറിയിപ്പാണിത്. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് എന്ന രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് എം പി ധരംബീര്‍ സിംഗിന്റെ ആവശ്യം.

Share on

മറ്റുവാര്‍ത്തകള്‍