യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകവെ, ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനതലത്തില്‍ ഏകീകൃത സിവില്‍ കോഡ് അവതരിപ്പിച്ച് ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് ഫെബ്രുവരി ആറിനു സംസ്ഥാന നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചത്. ‘വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശങ്ങള്‍, ലിവ്-ഇന്‍ ബന്ധങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിയന്ത്രിക്കാനും ശ്രമിക്കുന്ന പ്രസ്തുത ബില്ലിനായി ഒരു വിദഗ്ധ സമിതി നേരത്തെ തന്നെ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ബില്ലിലൂടെ നടപ്പിലാക്കാന്‍ പോകുന്ന നിയമങ്ങളും നിയന്ത്രണങ്ങളുമെന്നു പരിശോധിക്കാം.
ഗോത്ര സമൂഹങ്ങള്‍ക്ക് ബാധകമല്ല
നിലവില്‍, ഇന്ത്യയിലെ വ്യക്തിഗത നിയമങ്ങള്‍ സങ്കീര്‍ണമായ ഒന്നാണ്. ഓരോ മതവും അവര്‍ക്കായുള്ള പ്രത്യേക നിയന്ത്രണങ്ങളാണ് പാലിക്കുന്നത്. വിവാഹം, അനന്തരാവകാശം, വിവാഹമോചനം മുതലായവ സംബന്ധിച്ച വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ എല്ലാ സമുദായങ്ങള്‍ക്കും ഒരു പോലെ ബാധകമായ ഏകീകൃത നിയമങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് യുസിസിയുടെ ആശയം. എന്നിരുന്നാലും, ഈ ബില്ലിലെ വ്യവസ്ഥകള്‍ ഗോത്ര സമൂഹങ്ങള്‍ക്ക് ബാധകമല്ല. പട്ടികവര്‍ഗ്ഗ അംഗങ്ങള്‍, ഭരണഘടനയ്ക്ക് കീഴിലുള്ള പരമ്പരാഗത അവകാശങ്ങളുള്ള ആളുകള്‍ എന്നിവര്‍ക്ക് ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ല. ”ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142-നോടൊപ്പം ചേര്‍ത്തിട്ടുള്ള ആര്‍ട്ടിക്കിള്‍ 366 ലെ ക്ലോസ്(25) ല്‍ പ്രതിപാദിച്ചിരിക്കുന്നവര്‍ക്കാണ് ഈ ഇളവ്”. ഗോത്ര സമൂഹങ്ങളുടെ തനതായ ആചാരങ്ങള്‍ കണക്കിലെടുത്ത്, വര്‍ഷങ്ങളായി യുസിസിയുടെ ആശയത്തെ പലരും വിമര്‍ശിച്ചിട്ടുണ്ട്.
ലിവ്-ഇന്‍ ബന്ധങ്ങള്‍ക്കും നിയന്ത്രണം
ഉത്തരാഖണ്ഡില്‍ താമസിക്കുന്നവരായാലും അല്ലെങ്കിലും, വിവാഹിതരാകാതെ ഉത്തരാഖണ്ഡില്‍ ഒരുമിച്ചു താമസിക്കുന്ന ദമ്പതികള്‍ സെക്ഷന്‍ 381-ലെ സബ്-സെക്ഷന്‍ (1) പ്രകാരം ഒരു പ്രസ്താവന സമര്‍പ്പിച്ച് അവര്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശത്തെ രജിസ്ട്രാറെ ഔദ്യോഗികമായി അറിയിക്കണമെന്ന് ബില്ലിന്റെ ഈ ഭാഗം പറയുന്നു. ഒരുമിച്ച് താമസിക്കുന്ന പങ്കാളികള്‍ അവരുടെ ലിവ്-ഇന്‍ ബന്ധത്തെക്കുറിച്ചുള്ള ഔപചാരിക പ്രസ്താവന ചുമതലയുള്ള രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കാന്‍ നടപടിക്രമം ആവശ്യപ്പെടുന്നുണ്ട്. അവരുടെ ലിവ്-ഇന്‍ ബന്ധത്തെക്കുറിച്ച് രജിസ്ട്രാറെ എങ്ങനെ അറിയിക്കാമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. സെക്ഷന്‍ 380 പ്രകാരം പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും വിഭാഗങ്ങളുടെ കീഴില്‍ ബന്ധം വരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ രജിസ്ട്രാര്‍ ഒരു ‘സംഗ്രഹ അന്വേഷണം’ നടത്തും. ബില്ലിന്റെ സെക്ഷന്‍ 380 ല്‍ ലിസ്റ്റ് ചെയ്ത വ്യവസ്ഥകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരോ അല്ലെങ്കില്‍ ഒരാള്‍ ഇതിനകം വിവാഹിതനായതോ മറ്റൊരു ലിവ്-ഇന്‍ ബന്ധത്തിലോ ഉള്ളവരോ നല്‍കുന്ന പ്രസ്താവന രജിസ്ട്രാര്‍ അംഗീകരിക്കില്ല. ഒരു മാസത്തിലേറെയായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ദമ്പതികള്‍ പ്രസ്തവന സമര്‍പ്പിച്ചില്ലെങ്കില്‍ മൂന്ന് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ ബന്ധം അവസാനിപ്പിക്കുന്ന സാഹചര്യത്തിലും പ്രസ്താവന നല്‍കേണ്ടതായുണ്ട്.
വിവാഹത്തിനും വ്യവസ്ഥകള്‍
സെക്ഷന്‍ 4 പ്രകാരം, ബില്‍ വിവാഹത്തിനുള്ള അഞ്ച് വ്യവസ്ഥകള്‍ പട്ടികപ്പെടുത്തുന്നുണ്ട്. ആ വ്യവസ്ഥകള്‍ നിറവേറ്റിയാല്‍ ഒരു പുരുഷനോ സ്ത്രീയോ തമ്മില്‍ ഒരു വിവാഹം നടത്തുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യാമെന്ന് ബില്ലില്‍ പറയുന്നു. ആദ്യത്തെ വ്യവസ്ഥ പ്രകാരം വിവാഹത്തില്‍ പ്രവേശിക്കുന്ന ഒരു വ്യക്തിക്ക് മറ്റൊരു പങ്കാളി ഉണ്ടാവാന്‍ പാടില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരാള്‍ ഒരേ സമയം ഒന്നിലധികം വ്യക്തികളെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്. ബഹുഭാര്യത്വവും ഭര്‍തൃത്വവും തടയാന്‍ ബില്ല് ലക്ഷ്യമിടുന്നുണ്ട്.
വിവാഹപ്രായം
വിവാഹം സംബന്ധിച്ച സെക്ഷന്‍ 4 പ്രകാരമുള്ള മൂന്നാമത്തെ വ്യവസ്ഥ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ നാലാമത്തെ വ്യവസ്ഥ പ്രകാരം ഹിന്ദു വിവാഹ നിയമത്തില്‍ നിന്നുള്ള ഒരു നിയമം ബില്‍ നിലനിര്‍ത്തുന്നുണ്ട്. രണ്ടു വ്യക്തികള്‍ തമ്മില്‍ അടുത്ത കുടുംബ ബന്ധം പുലര്‍ത്തുന്നുണ്ടങ്കിലും അവര്‍ക്ക് വിവാഹിതരാവാം. അവരുടെ ആചാരം അടുത്ത ബന്ധത്തില്‍ നിന്നുള്ള വിവാഹം കഴിക്കാന്‍ അനുവദിക്കുണ്ടെങ്കില്‍ മാത്രം.