UPDATES

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകൾ സദാചാര ലംഘനമാക്കാനുള്ള തുടക്കമാണോ?

ഏകീകൃത സിവിൽ കോഡ് ബില്ലിലാണ് ലിവ് ഇൻ ബന്ധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

                       

”ഉഭയ സമ്മതപ്രകാരം 18 വയസ്സിന് മുകളിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള ലിവ് ഇൻ ബന്ധം ഇന്ത്യയിൽ കുറ്റകരമല്ല.” ലിവ് ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെട്ടിരുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അനുവദിച്ചകൊണ്ട് 2022 ൽ അലഹബാദ് ഹൈക്കോടതി പുറപ്പിടിവിച്ച വിധിയാണിത്. എന്നാൽ ഇനി മുതൽ ലിവ് ഇൻ റിലേഷൻഷിപ്പ് കുറ്റകൃത്യമാകുമോ? ലിവ് ഇൻ ബന്ധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സർക്കാർ. നിയമസഭയിൽ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് ബില്ലിലാണ് ലിവ് ഇൻ ബന്ധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന് മുന്നിൽ രജിസ്റ്റർ ചെയ്യാത്തപക്ഷം മൂന്ന് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഭരണഘടനാ ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നുകയറുന്നതാണ് ബിൽ എന്ന ആക്ഷേപം ശക്തമായി കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തു അവതരിക്കപ്പെട്ട ബില്ലിൽ രാജ്യമൊട്ടാകെ ആശങ്ക പ്രകടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത അജണ്ടകളിൽ ഒന്നാണ് യൂണിഫോം സിവിൽ കോഡ്. ലിവ് ഇൻ റിലേഷൻ ബന്ധങ്ങളെ വിവാഹത്തിന്റേ നിയമപ്രക്രിയയുമായി കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യമൊട്ടാകെ നടപ്പിലാക്കാനുള്ള സാധ്യതയും പലരും ചൂണ്ടികാണിക്കുന്നുണ്ട്. നിർദിഷ്ട വകുപ്പിലെ വ്യവസ്ഥകളിൽ ‘ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം’ എന്ന നിർവചനമാണ് നൽകിയിരിക്കുന്നത്. സ്വവർഗ വിവാഹം നിയമപരമല്ലാത്ത ഇന്ത്യയിൽ ലിവ് ഇൻ ബന്ധങ്ങളിൽ തുടരുന്ന ഈ നിയമം ക്വിർ സമൂഹത്തെ എങ്ങനെ പരിഗണിക്കുമെന്ന ഏറ്റവും വലിയ ആശങ്ക മറുവശത്തുണ്ട്. എന്താണ് ലിവ് ഇൻ ബന്ധങ്ങൾക്ക് ഇന്ത്യയിലുള്ള സാധുത ? അത് നിഷേധിക്കപെട്ടാലുള്ള പരിണിത ഫലങ്ങൾ എന്താകും ?

എന്താണ് ലിവ് ഇൻ ബന്ധങ്ങൾ?

18 വയസ്സിന് മുകളിലുള്ള രണ്ട് വ്യക്തികൾ പരസ്പരം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ബന്ധങ്ങളാണ് ലിവ്-ഇൻ ബന്ധങ്ങൾ. വിവാഹത്തിൽ നിന്ന് വ്യത്യസ്തമായി, ലിവ്-ഇൻ ബന്ധത്തിന് നിയമപരമായ പ്രക്രിയയിലൂടെ കടന്നു പോകുന്നില്ല. ഉദാഹരണത്തിന്, ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ല, ലിവ്-ഇൻ ബന്ധം അവസാനിപ്പിക്കുന്നതിന്, വിവാഹമോചനം ആവശ്യമില്ല.

ലിവ് ഇൻ ബന്ധങ്ങളുടെ നിയമസാധുത

ലിവ്-ഇൻ ബന്ധങ്ങളിൽ കോടതി ഇടപെടൽ ആവിശ്യമായി വരുന്ന സാഹചര്യങ്ങളിൽ ബന്ധത്തിന് ഒരു സാധാരണ വിവാഹത്തിൻ്റെ സ്വഭാവമുണ്ടോ എന്ന് നിർണ്ണയിക്കാൻ വിവാഹങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. വിവാഹങ്ങളിൽ പുരുഷ പങ്കാളിക്കെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്യനുള്ള അവകാശം സ്ത്രീകൾക്ക് ലഭിക്കാറുണ്ട്. ഈ താരതമ്യപ്പെടുത്തലിൽ ലിവ്-ഇൻ ബന്ധങ്ങൾവിവാഹത്തിൻ്റെ സ്വഭാവത്തിൽ പരിഗണിക്കുകയാണെങ്കിൽ ഈ സമാന അവകാശവും ലഭിക്കാറുണ്ട്.

നിയമപ്രകാരമുള്ള വിവാഹം പോലെ ഒരു ലിവ് ഇൻ ബന്ധത്തെ മാറ്റുന്നത് എന്താണ്?

ലിവ്-ഇൻ ബന്ധങ്ങളെ നിയമപ്രകാരം വിവാഹം പോലെ പരിഗണിക്കുന്നതിന് കോടതികൾ ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. ദമ്പതികൾ എത്ര കാലം ഒരുമിച്ചു ജീവിച്ചു, അവർ വിവാഹിതരായ ദമ്പതികളെപ്പോലെയാണെന്ന് മറ്റുള്ളവർ മനസ്സിലാക്കുന്നുണ്ടോ, അവർ സാമ്പത്തികവും ജോലിയും പോലുള്ള ഉത്തരവാദിത്തങ്ങൾ പങ്കിടുന്നുവെങ്കിൽ, ദീർഘകാലത്തേക്ക് പ്രതിബദ്ധതയോടെ തുടരാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ തുടങ്ങിയ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരു ലിവ്-ഇൻ ബന്ധം ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ, അത് നിയമപരമായ അവകാശങ്ങളുടെയും പരിരക്ഷകളുടെയും അടിസ്ഥാനത്തിൽ ഒരു വിവാഹത്തിന് തുല്യമായി കണക്കാക്കാം.

ഇന്ത്യയിൽ ലിവ് ഇൻ ബന്ധങ്ങൾ നിയമവിരുദ്ധമാണോ?

ഇന്ത്യയിൽ ലിവ് ഇൻ റിലേഷൻഷിപ്പുകൾ നിയമവിരുദ്ധമല്ല. ദമ്പതികൾക്ക് ഏത് ലിംഗത്തിലും പെട്ടവരാകാം, എന്നാൽ 18 വയസ്സിന് മുകളിലുള്ളവരും ഉഭയ സമ്മത പ്രകാരവും ആയിരിക്കണം. 1950ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ദമ്പതികൾക്ക് ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവരുടെ മാതാപിതാക്കൾ ഉൾപ്പെടെ ആർക്കും അവരുടെ ജീവിതത്തിൽ ഇടപെടാനാകില്ലെന്നും അലഹബാദ് കോടതി പറയുന്നുണ്ട്.

ഉത്തരാഖണ്ഡ് യൂണിഫോം സിവിൽ കോഡ് ലിവ് ഇൻ ബന്ധങ്ങളുടെ സ്വകാര്യതിയിലേക്കുള്ള കടന്നുകയറ്റമാകുമോ ?

ലിവ് ഇൻ റിലേഷനിൽ കഴിയുന്ന പങ്കാളികൾ ജില്ലാ ഭരണകൂടത്തിന് മുൻപാകെ രജിസ്റ്റർ ചെയ്യണമെന്നാണ് യു സി സിയിലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. 2005-ലെ ഗാർഹിക പീഡന നിയമം പ്രകാരം “ഗാർഹിക ബന്ധങ്ങൾ” എന്ന പേരിൽ മാത്രമാണ് ലിവ്-ഇൻ ബന്ധങ്ങൾ നിലവിൽ കണക്കാക്കുന്നത്. നിയമപ്രകാരം, സ്ത്രീകൾ ഗാർഹിക പീഡനത്തെക്കുറിച്ച് പരാതിപ്പെടുമ്പോൾ “വിവാഹത്തിന് സമാനമായ” ബന്ധങ്ങളെ മാത്രമേ അംഗീകരിക്കൂ. ഈ നിർബന്ധിത രജിസ്ട്രേഷൻ എന്ന ആശയം സ്ത്രീകളെ സംരക്ഷിക്കാനുള്ള പോംവഴി ആണെങ്കിൽ കൂടിയും നിർബന്ധിത രജിസ്ട്രേഷൻ വിവാഹം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതായത് ഭരണകൂടം ഉറപ്പു നൽകുന്ന സ്വതന്ത്ര ജീവിതത്തിനു മേൽ ഭരണകൂടം നിയന്ത്രണം കല്പിക്കുന്നതിനു സമാനമാണിത്. ലിവ് ഇൻ ബന്ധത്തിൽ ജനിക്കുന്ന കുട്ടി നിയമാനുസൃതമായിരിക്കുമെന്നും ബിൽ പറയുന്നുണ്ട്. മതപരിവർത്തന നിയമത്തിന്റെ ചില വ്യവസ്ഥകൾ ഇതിലും ബാധകമാണ്. രജിസ്റ്റർ ചെയ്യനെത്തുന്ന ദമ്പതികൾക്കു മേൽ അന്വേഷണം നടത്താനുള്ള അധികാരവും, പങ്കാളികളിൽ ഒരാളെയോ അന്വേഷണത്തിന് ആവശ്യമായ മറ്റ് വ്യക്തികളെയോ വിളിച്ചുവരുത്താനുള്ള അധികാരവും രജിസ്ട്രാർക്ക് നിയമം അനുവദിക്കുന്നുണ്ട്. രജിസ്ട്രാർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് രേഖകൾ കൈമാറും, പങ്കാളി 21 വയസ്സിന് താഴെയാണെങ്കിൽ, മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കാനും അവകാശമുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍