UPDATES

‘സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന് സുരേഷ് ഗോപിയെ പോലൊരു ഹിന്ദുത്വ പതാകവാഹകനെ അംഗീകരിക്കാനാകില്ല’

എസ് ആര്‍ എഫ് ടി ഐ-യിലെ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്നു

                       

രാജ്യത്തിന്റെ അഭിമാനകരമായ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നാണ് വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത്ത് റേയുടെ പേരിലുള്ള കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ-എസ് ആര്‍ എഫ് ടി ഐ-അധ്യക്ഷ സ്ഥാനത്തേക്ക് മലയാള ചലച്ചിത്ര താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നാമനിര്‍ദേശം ചെയ്തതാണ് എസ് ആര്‍ എഫ് ടി ഐ-യെ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്.

ബിജെപിയുടെ മുന്‍ രാജ്യസഭ അംഗം കൂടിയായ സുരേഷ് ഗോപിയെ അധ്യക്ഷനാക്കുന്നതിനെതിരേ എസ് ആര്‍ എഫ് ടി ഐ-യിലെ സ്റ്റൂഡന്റസ് യൂണിയന്‍ പ്രതിഷേധത്തിലാണ്. സംഘപരിവാര്‍ രാഷ്ട്രീയം പിന്തുടരുന്നൊരാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മതനിരപേക്ഷതയും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കുമെന്ന ആശങ്കയാണ് വിദ്യാര്‍ത്ഥികള്‍ക്ക്. രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തെ നിശബ്ദരാക്കാനോ നിയന്ത്രണത്തിലാക്കാനോ ഉള്ള ബിജെപി-സംഘപരിവര്‍ അജണ്ടയുടെ ഭാഗം തന്നെയാണ് സുരേഷ് ഗോപിയെ സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുന്നതിന് പിന്നിലെന്നും യൂണിയന്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തങ്ങളുടെ ആശങ്കകളും അതൃപ്തിയും അറിയിച്ചു പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

ഈ വിഷയത്തില്‍ എസ് ആര്‍ എഫ് ടി ഐ സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റും ആനിമേഷന്‍ വിദ്യാര്‍ത്ഥിയുമായ തമിഴ്‌നാട് സ്വദേശി സുബ്ബരാമന്‍ അഴിമുഖത്തോട് പ്രതികരിച്ചിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്റെ ആശങ്കകളും പ്രതിഷേധങ്ങളുമെന്ന നിലയില്‍ സുബ്ബരാമന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നു;

‘നാളുകളായി ഞങ്ങള്‍ക്ക് ചെയര്‍മാന്‍ ഇല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് കൃത്യമായി നടക്കാന്‍ ഒരു ചെയര്‍മാന്‍ അത്യാവശ്യമാണ്. മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ സുരേഷ് ഗോപി ഈ സ്ഥാനത്തേക്ക് നിയമിതനാകുന്നു എന്നറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഞെട്ടി. അദ്ദേഹത്തിന്റെ ഹിന്ദുത്വ നിലപാടുകളും, ബിജെപിക്കാരനാണെന്നതും ഈ സ്ഥാനത്തേക്കുള്ള യോഗ്യതയാണെന്നു കരുതുന്നില്ല. ബിജെപിയുടെ നയങ്ങളും പ്രത്യയശാസ്ത്രവും മതനിരപേക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീഷണിയാണ്. അങ്ങനെയുള്ളപ്പോള്‍ ഈ നിയമനം വിദ്യാര്‍ത്ഥികളുടെ കലാസ്വാതന്ത്ര്യത്തിനു കുറുകെ നില്‍ക്കാന്‍ പോന്നതാണെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അതുമാത്രമല്ല ഈ നിയമനം ഞങ്ങളുടെ പല സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമായേക്കുമെന്നും ആശങ്കയുണ്ട്.

‘പൂണൂല്‍ ഇടുന്ന ബ്രാഹ്‌മണനായി ജനിക്കണമെന്നു പറയുന്ന, അവിശ്വാസികളോട് എനിക്ക് ഒട്ടും സ്‌നേഹമില്ലെന്നും അവരുടെ സര്‍വ്വനാശത്തിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുമെന്നും പറയുന്ന സുരേഷ് ഗോപി സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിനും ഇവിടെ പങ്കുവെയ്ക്കപ്പെടുന്ന മതേതരത്വത്തിനും വിരുദ്ധനായ വ്യക്തിയാണ്. ഇത്തരം മനോഭാവം വെച്ച് പുലര്‍ത്തുന്ന ഒരാള്‍ എങ്ങനെ ഇത്രയും വിശാലമായ, വ്യത്യസ്ത ചിന്താഗതിക്കാര്‍ അടങ്ങുന്ന ഈ കലാലോകം കൈകാര്യം ചെയ്യും? ഇന്ത്യയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവരെക്കൂടാതെ, ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള വിശ്വാസികളുടെയും അവിശ്വാസികളുടെയും പല മതവിഭാഗത്തില്‍ പെടുന്നവരുടെയും ഒരു കൂട്ടം തന്നെയുണ്ട്. അതിനാല്‍ സുരേഷ് ഗോപിയെ പോലൊരാളുടെ നിയമനം വൈവിധ്യം നിറഞ്ഞ സ്വതന്ത്ര ജീവിതത്തിനുമേല്‍ പല ഉപാധികളും കൊണ്ടു വന്നേക്കാം.

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയുടെ മറ്റു പലവിഭാഗത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് കേന്ദ്ര മന്ത്രാലയം ഇത്തരത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്ന ഒരു വ്യക്തിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നു എന്നതില്‍ എല്ലാവരും ആശങ്കയിലാണ്. സ്റ്റുഡന്റസ് യൂണിയന്‍ എത്രയും പെട്ടന്ന് മീറ്റിംഗ് കൂടുകയും വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയും ആ മീറ്റിംഗില്‍ വെച്ച് കര്‍മ പദ്ധതി തയ്യാറാക്കുകയും ചെയ്യും.

ബിജെപിയും ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്ന എല്ലാവരും കുറെ നാളുകളായി വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. കാരണം വദ്യാര്‍ത്ഥികള്‍ ഒറ്റശബ്ദത്തില്‍ പ്രതികരിക്കുന്ന കൂട്ടായ ശക്തിയാണ്. അത്തരത്തിലുള്ള ഞങ്ങളെ നിയന്ത്രണത്തിലാക്കാണം എന്നുള്ളത് അവരുടെ ആവശ്യമാണ്. അവരുടെ ഭാഗത്തുനിന്നുള്ള ഒരാള്‍ക്ക് ഇത്തരം അധികാരം നല്‍കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ വായ് അടപ്പിക്കാം എന്നു കരുതിയിരിക്കാം. അതുപോലെ, അവരുടെ പ്രത്യയ ശാസ്ത്രം വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പടര്‍ത്തി, വര്‍ഗീയവാദവും ധ്രുവീകരണവും നടത്താനുള്ള ശ്രമവുമുണ്ടാകാം. ഇപ്പോഴത് ഞങ്ങളുടെ അടുത്തേക്കും എത്തിയിരിക്കുന്നു. ഇതിനെല്ലാം എതിരേ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു. മന്ത്രാലയവും സെക്ഷന്‍ കമ്മിറ്റിയും ഇത്തരത്തിലൊരു തീരുമാനം എടുക്കുമ്പോള്‍ മതിയായ വിവേകം പുലര്‍ത്തേണ്ടതുണ്ട്. കാരണം ഇത് ഏതെങ്കിലുമൊരു ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലല്ലോ!

ബിജെപിയുടെ ആശയങ്ങള്‍ പലസ്ഥലങ്ങളിലും നടപ്പിലാക്കിയതും, നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും നമുക്കറിയാം. എന്നാല്‍ സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ കലാമൂല്യമുള്ള ഒരു സ്ഥലത്ത് അത് ഒട്ടും പ്രവര്‍ത്തികമാകില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിലും നിലവില്‍ പാലിക്കുന്ന സിലബസ്സിനെയൊക്കെ പലതരത്തിലും പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പല നിലപാടുകളും ബിജെപി തെരഞ്ഞെടുത്തിരിക്കുന്ന സാഹചര്യത്തില്‍. സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷസ്ഥാനം ലോക്‌സഭാ സീറ്റ് കൊടുക്കാത്തിന്റെ നഷ്ടം നികത്തലോ സമാശ്വാസ പദവിയോ ആയ ഒന്നല്ല, ഒരാള്‍ക്ക് സമ്മാനം കൊടുക്കുന്നതു പോലെ കൊടുക്കാന്‍. വളരെയധികം ഉത്തരവാദിത്വങ്ങളുള്ള പദവിയാണ്.

എസ് ആര്‍ എഫ് ടി ഐ-യില്‍ ആനിമേഷന്‍ കോഴ്‌സ് പഠിക്കുന്ന ഒരു മലയാളി വിദ്യാര്‍ത്ഥിയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുരേഷ് ഗോപിക്കെതിരായുള്ള വികാരം എന്താണെന്ന് അഴിമുഖത്തോട് പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍;

‘ഹിന്ദുത്വ അജണ്ട പിന്തുടരുന്ന ഒരു ബിജെപിക്കാരനായതുകൊണ്ടാണ് ഞങ്ങള്‍ക്കു സുരേഷ് ഗോപിക്കെതിരേ പ്രതിഷേധിക്കേണ്ടി വരുന്നത്. കേന്ദ്ര സര്‍ക്കാരിപ്പോള്‍ നിര്‍ണായക സ്ഥാനങ്ങളിലെല്ലാം ബിജെപി അനുഭവമുള്ളവരെ കൊണ്ടുവരികയാണ്. അവരുടെ താത്പര്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഉതകുന്ന തീരുമാനങ്ങള്‍ ഇവിടെയും കൊണ്ടുവരാന്‍ നോക്കുന്നു. അതുപക്ഷേ, നന്നായി പൊയ്ക്കൊണ്ടിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രതികൂലമായി ബാധിക്കും. ഞങ്ങളുടെ കലാപരമായ സ്വാതന്ത്ര്യത്തിനു കോട്ടം തട്ടുമെന്ന ആശങ്കയുണ്ട്. കലയിലൂടെയുള്ള പ്രതികരണങ്ങളും തുറന്നു പറച്ചിലുകള്‍ക്കും ഭാവിയില്‍ തടസം സൃഷ്ടിക്കും. കുട്ടികള്‍ക്ക് പ്രതികരണ ശേഷി നഷ്ടപ്പെടും. അടിച്ചമര്‍ത്തല്‍ കൂടും. സദാചാര വാദങ്ങള്‍ ഉയര്‍ത്തും. സ്ത്രീയോ പുരുഷനോ എന്നൊന്നും വിവേചനം കാണിക്കാത്ത ഒരു സമൂഹമാണ് ഇവിടെയുള്ളത്. ഇത്തരം സദാചാരവാദങ്ങള്‍ ഞങ്ങളുടെ കലാസൃഷ്ടികളെ വരെ ബാധിക്കും. വിശ്വാസിയല്ലാത്ത ഒരാള്‍ അയാളുടെ രീതിയില്‍ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിയാല്‍ ചിലപ്പോള്‍ അയാളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വരെ വിള്ളലേറ്റേക്കാം. ഹിന്ദുത്വ പാര്‍ട്ടിയുടെ പതാകവാഹകനായൊരാള്‍ മറ്റു മതവിശ്വാസികള്‍ക്കു ഭീഷണിയായേക്കാം. ബംഗ്ലാദേശില്‍നിന്നുള്ള വിദ്യാര്‍ത്ഥികളൊക്കെ വല്ലാത്ത ആശങ്കയിലാണ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ സിനിമ മേഖലയില്‍ വേറെയുമുണ്ട്. അവരെയൊന്നും നിയമിക്കാതെ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു? കാരണം, അദ്ദേഹം ഒരു ബിജെപി നേതാവാണെന്നത് തന്നെയാണ്. അഡ്മിനിസ്‌ട്രേഷനെ വിദ്യാര്‍ത്ഥികളുടെ ആശങ്ക ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അധികാരവര്‍ഗത്തിന്റെ ഭാഗമായ ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ വന്നാല്‍ ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ പറ്റാതെ വരും. വിദ്യാര്‍ത്ഥികളെയോ യൂണിയനെയോ ഒന്നും അറിയിക്കാതെയുള്ള തീരുമാനവുമാണിത്’.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് സുരേഷ് ഗോപിയെ എസ് ആര്‍ എഫ് ടി ഐ അധ്യക്ഷനാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. 1995-ല്‍ സ്ഥാപിതമായ സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപമാണ്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍