UPDATES

ഉത്തരകാലം

ഹിന്ദുത്വ കാര്‍ഡാണ് ഛത്തിസ്ഗഢിലെ തുറുപ്പ് ചീട്ട്

നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം

                       

2000 നവംബര്‍ 1-ന് മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് റായ്പൂര്‍ തലസ്ഥാനമാക്കി പുതിയ സംസ്ഥാനം രൂപീകരിച്ചതാണ് ഛത്തീസ്ഗഢ്. അതോടെയാണ് ഛത്തീസ്ഗഢ് നിയമസഭ നിലവില്‍ വന്നത്. ഛത്തീസ്ഗഢ് ഒരു പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യം ആദ്യമായി ഉയര്‍ന്നത് 1920-കളിലാണ്. 1954ല്‍ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ ആവശ്യം മുന്നോട്ട് വെച്ചെങ്കിലും നിരസിക്കപ്പെട്ടു. 1990കളില്‍, ആവശ്യം കൂടുതല്‍ പ്രാധാന്യമര്‍ഹിച്ചു, അതിന്റെ ഫലമായി ഛത്തീസ്ഗഢ് രാജ്യ നിര്‍മ്മാണ്‍ മഞ്ച് എന്ന പേരില്‍ ഒരു സംസ്ഥാനവ്യാപക രാഷ്ട്രീയ ഫോറം രൂപീകരിക്കപ്പെട്ട് നടത്തിയ സമരങ്ങള്‍ പുതിയ സംസ്ഥാന രൂപീകരണത്തിന് കാരണമായി. ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ രൂപീകൃതമായ സംസ്ഥാനങ്ങളിലൊന്നാണിത്. മധ്യപ്രദേശിലെ വലിയ ജില്ലകള്‍ യോജിപ്പിച്ചാണ് ഈ സംസ്ഥാനം രൂപവത്കരിച്ചത്. ഛത്തീസ്ഗഡില്‍ 27 ജില്ലകളുണ്ട്. ബസ്തറാണ് ഏറ്റവും വലിയ ജില്ല.

40 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ വോട്ടര്‍മാരുണ്ട് എന്നുള്ളത് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള 40 ഗ്രാമങ്ങളിലെ വോട്ടര്‍മാരാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള 40 ഗ്രാമങ്ങളിലാണ് 40 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുന്നത്. 120 പോളിംഗ് സ്റ്റേഷനുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ പ്രദേശങ്ങള്‍ വളരെ സുരക്ഷിതമാണെന്നും, അവിടെ വോട്ടിംഗ് പ്രക്രിയ നടത്താമെന്നുമാണ്. ഇത് കണിലെടുത്ത് വലിയ സുരക്ഷാ സന്നാഹത്തോടെ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.

1998-ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ചേര്‍ന്നാണ് ഛത്തീസ്ഗഢിലെ ആദ്യ നിയമസഭ രൂപീകരിച്ചത്. അതിനുശേഷം, 2003, 2008, 2013, 2018 എന്നീ നാല് പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് ഛത്തീസ്ഗഢ് നിയമസഭ സാക്ഷ്യം വഹിച്ചു. ആദ്യ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളും ബിജെപി വിജയിച്ചു. ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 എന്ന ആകെ സീറ്റിലെ 39 സീറ്റുകളുമായി 2013 ല്‍ ജയിച്ച കോണ്‍ഗ്രസ് 2018 ല്‍ 68 സീറ്റുകള്‍ നേടിയാണ് ഭരണത്തില്‍ കയറിയത്. പിന്നീട് നടന്ന എല്ലാ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ച് കോണ്‍ഗ്രസ് അംഗ സംഖ്യ 71 ആയി ഉയര്‍ന്നു.

കോണ്‍ഗ്രസിന് വലിയ സ്വാധീനം ഉണ്ടായിരുന്ന മധ്യപ്രദേശിന്റെ ഒരു ഭാഗമായിരുന്നു ഛത്തീസ്ഗഢ്. പുതിയ സംസ്ഥാനം രൂപീക്യതമായതോടെ ബിജെപിയുടെ രാജ്യത്തെ മികച്ച പിന്തുണ ലഭിച്ച പ്രദേശമായി ഛത്തീസ്ഗഢ് മാറി. പക്ഷെ ഇപ്പോള്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസിനൊപ്പമാണെന്ന് പറയാം. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം തീര്‍ച്ചയായും അത്‌കൊണ്ട് തന്നെ ഛത്തീസ്ഗഢിനെ സ്വാധീനിക്കും. ആദിവാസികളും, പിന്നോക്ക വിഭാഗക്കാരും, ദളിതരും ധാരാളമുള്ള പ്രദേശമാണ് ഇവിടം. ആദിവാസികളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ആധിപത്യം പുലര്‍ത്തുന്ന ഛത്തീസ്ഗഢില്‍, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് എന്ന രാഷ്ട്രീയ തന്ത്രം നന്നായി പ്രവര്‍ത്തിക്കും. സെന്‍സസ് രാഷ്ട്രീയം ഇവിടെ പറഞ്ഞ് ഫലിപ്പിച്ചാല്‍ ഫലം മാറിമറിയാം. ഛത്തീസ്ഗഢില്‍ ദാരിദ്ര്യം വളരെ കൂടുതലാണ്. ഏകീകൃത റഫറന്‍സ് കാലയളവിലെ ഉപഭോഗത്തെ അടിസ്ഥാനമാക്കി 2004-05 ല്‍ കണക്കാക്കിയ ദാരിദ്ര്യ അനുപാതം ഏകദേശം 50 ശതമാനമായിരുന്നു.

2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേടിയത്. 45.5 % വോട്ടാണെങ്കില്‍ ബിജെപി 51.4 % വോട്ടിങ്ങ് പങ്ക് നേടി അവിടെ മുന്നിലുണ്ട്. അത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കണക്കാണ്. പാവപ്പെട്ട ജനങ്ങള്‍ കൂടുതലുള്ള ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഢ് എന്നുള്ളത് കൊണ്ട് തന്നെ അവിടെ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ ആകുന്ന നിലയാണ് ഉള്ളത്. ഒട്ടേറെ അഴിമതി നടക്കുന്ന സംസ്ഥാനം കൂടിയായി ഈ സംസ്ഥാനം മാറിയിട്ടുണ്ട്. ഇവിടെ മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ഒക്കെ അഴിമതിയുടെ വ്യക്തങ്ങളായി മാറിയിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ ചരിത്രമാണ്. അഴിമതി എന്നത് ഈ സംസ്ഥാനത്ത് സ്ഥിരമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

2011 ലെ സെന്‍സസ് പ്രകാരം, ഛത്തീസ്ഗഢിലെ ജനസംഖ്യയുടെ 93.25% ഹിന്ദുമതം പിന്തുടരുന്നു. ഹിന്ദു സമൂഹം കൂടുതലുള്ള ഛത്തീസ്ഗഢില്‍ തീര്‍ച്ചയായും ഹിന്ദുത്വ കാര്‍ഡ് തുറുപ്പുചീട്ടായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കാണുന്നുണ്ട്. ബിജെപി തുടര്‍ച്ചയായി ജയിക്കുവാന്‍ കാരണം തന്നെ ഹിന്ദുന്ത്വ കാര്‍ഡ് കൃത്യമായി ഉപയോഗിച്ചത് കൊണ്ട് തന്നെയാണ്. കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഛത്തീസ്ഗഢില്‍ ഹിന്ദുത്വ കാര്‍ഡ് തന്നെയാണ് ഉപയോഗിക്കുന്നത്. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി ഹൈന്ദവ വികാരങ്ങളെ മാനിക്കുന്ന ഒട്ടേറെ പദ്ധതികളാണ് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച്. കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും ജനസമ്മതി വര്‍ദ്ധിക്കാന്‍ ഇത് കാരണമായി.

ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകരിച്ച ശേഷം 15 വര്‍ഷം ഭരിച്ച ബിജെപി സര്‍ക്കാരിനെ താഴെയിറക്കി 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവന്നു. ഇതിന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍ നേതൃത്വം നല്‍കി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയുന്ന ബാഗേലിന് സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം മനസ്സിലാക്കാന്‍ സഹജമായ കഴിവുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സവിശേഷമായ പടയൊരുക്കത്തിന്റെ മാതൃക ആവിഷ്‌കരിച്ചു. കോണ്‍ഗ്രസിന്റെ ദേശീയമുഖമായി ഭൂപേഷ് ബാഗേല്‍ മാറി.

ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായുള്ള ടി.എസ്. സിംഗ്ദിയോയുടെ സംസ്ഥാനത്തെ ജനപിന്തുണ അത്ഭുതാവഹമാണ്. കോണ്‍ഗ്രസ് ദേശിയ നേത്യത്വം അത് അംഗീകരിക്കുന്നുമുണ്ട്. അംബികാപൂര്‍ ആസ്ഥാനമായ സര്‍ഗുജയിലെ ഇപ്പോഴത്തെ മഹാരാജാവ് കൂടിയാണ് അദ്ദേഹം. ഛത്തീസ്ഗഢ് നിയമസഭയിലെ ഏറ്റവും ധനികനായ അംഗമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രാദേശിക നിയോജകമണ്ഡലത്തില്‍ അദ്ദേഹത്തെ പലപ്പോഴും ‘ടിഎസ് ബാബ’ എന്നാണ് വിളിക്കാറ്.

രമണ്‍ സിംഗ് 2003 മുതല്‍ 2018 വരെ 15 വര്‍ഷക്കാലം ഛത്തീസ്ഗഢിലെ ബിജെപി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായിരുന്നു. ഛത്തീസ്ഗഢില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് നിലവില്‍ അത്ര ജനപ്രീതി ഇല്ല. അതുകൊണ്ട് തന്നെ ഇത്തവണ ബിജെപി സിംഗിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിട്ടില്ല. ഛത്തീസ്ഗഢില്‍ മറ്റൊരു മുഖം ബിജെപിക്ക് അവതരിപ്പിക്കാന്‍ ഇല്ല എന്നത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുന്നില്‍ നിര്‍ത്തി പ്രചരണം നടത്തുകയാണ്.

മുന്‍ മുഖ്യമന്ത്രി അജിത് ജോഗി സ്ഥാപിച്ച ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) ഏതാനും സീറ്റുകളില്‍ സ്വാധീനം ചെലുത്തിയതോടെ ഛത്തീസ്ഗഢ് രാഷ്ട്രീയ ചരിത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ഇരുവശങ്ങളുള്ള മത്സരമാണ് നടന്നത്. 2018ലെ ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) 90ല്‍ 84 സീറ്റുകളിലും മത്സരിച്ചെങ്കിലും എല്ലാ സീറ്റുകളിലും സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെട്ടു. ഇത്തവണയും അവര്‍ മത്സര രംഗത്തുണ്ട് എന്നത് മറ്റൊരു കാര്യം.

Related news


Share on

മറ്റുവാര്‍ത്തകള്‍