മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയില്‍ അതൃപ്തി പരസ്യപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. Pinarayi Vijayan മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതേസമയം, വിദേശ യാത്ര അറിയിച്ചില്ലെന്ന സംഭവം സംസ്ഥാനത്ത് ആദ്യമായിട്ടല്ല സംഭവിക്കുന്നത്. 2022ലും സമാന രീതിയില്‍ ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു.
സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ യാത്ര വ്യക്തിപരമോ അല്ലാത്തതോ ആയ യാത്ര ആയിക്കോട്ടെ, ഏതാണെങ്കിലും ഗവര്‍ണറെ അറിയിക്കുക എന്നത് ഒരു കീഴ് വഴക്കമാണെന്നാണ് മുന്‍ ലോക്‌സഭ സെക്രട്ടറി ജനറലായ പിഡിറ്റി ആചാരി പറയുന്നത്. എന്നാലത് നടക്കാതിരുന്നത് കൊണ്ട് വലിയ വിഷയങ്ങളൊന്നും സംഭവിക്കാനില്ല. മുഖ്യമന്ത്രി പോവുമ്പോള്‍ ഭരണകാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക സംവിധാനങ്ങളടക്കമുള്ളവയെ കുറിച്ച് ഗവര്‍ണറെ അറിയിച്ചിരിക്കേണ്ടതാണ്. അതാണ് കാലങ്ങളായി തുടരുന്ന കീഴ് വഴക്കമെന്നും ആചാരി കൂട്ടിചേര്‍ത്തു.
സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ചുനല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിരുന്നു. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സര്‍ക്കാര്‍തന്നെ യാത്രസംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ ഇത്തവണ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. മുഖ്യമന്ത്രി പെട്ടന്ന് വിദേശയാത്ര നടത്തിയതോടെ അദേഹത്തിന്റെ പല പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി പ്രതിപക്ഷം ആരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു.
English summary; Pinarayi Vijayan’s foreign trip: Governor `thanks’ media for informing him