Continue reading “‘ഹിന്ദുത്വ ഇന്ത്യ’യുടെ നിര്‍മാതാക്കള്‍ ഭയക്കുന്ന ടീസ്റ്റ സെതെല്‍വാദ്”

" /> Continue reading “‘ഹിന്ദുത്വ ഇന്ത്യ’യുടെ നിര്‍മാതാക്കള്‍ ഭയക്കുന്ന ടീസ്റ്റ സെതെല്‍വാദ്”

"> Continue reading “‘ഹിന്ദുത്വ ഇന്ത്യ’യുടെ നിര്‍മാതാക്കള്‍ ഭയക്കുന്ന ടീസ്റ്റ സെതെല്‍വാദ്”

">

UPDATES

‘ഹിന്ദുത്വ ഇന്ത്യ’യുടെ നിര്‍മാതാക്കള്‍ ഭയക്കുന്ന ടീസ്റ്റ സെതെല്‍വാദ്

                       

ആരാണ് ടീസ്റ്റ സെതെല്‍വാദ്? സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ അറ്റോര്‍ണി ജനറലും നിയമ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മോത്തിലാല്‍ ചിമന്‍ലാല്‍ സെതെല്‍വാദിന്റെ കൊച്ചുമകള്‍. ‘ ഹിന്ദുത്വ ഇന്ത്യ’യുടെ നിര്‍മാണത്തിന് അപകടകരമായ തടസം. അഭിഭാഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന, മാധ്യമപ്രവര്‍ത്തനം പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്ത, ബാബറി പള്ളി തകര്‍ക്കലും മുംബൈ സ്‌ഫോടനവും ഇന്ത്യയിലുണ്ടാക്കിയ മുറിവില്‍ നിന്നും രാഷ്ട്രീയ ആര്‍ജ്ജവം സ്വരൂപിച്ച, മതന്യൂനപക്ഷങ്ങളുടെ നീതിക്കായി നിലകൊള്ളുന്ന, ഭരണഘടന തത്വങ്ങളോട് അചഞ്ചല പ്രതിബദ്ധതയുള്ള, നിശ്ചയദാര്‍ഢ്യവും ധൈര്യവുമുള്ള ആക്ടിവിസ്റ്റ്.

ഗുജറാത്ത് കേന്ദ്രീകൃത സംഘപരിവാര്‍ സംഘത്തിന്റെ മുഖ്യശത്രുക്കളില്‍ ഒരാളാണ് ടീസ്റ്റ. ഗുജറാത്ത് കലാപങ്ങളിലെ ഇരകള്‍ക്കുവേണ്ടി നിലകൊണ്ടതിലൂടെയാണ് അവര്‍ ‘ അതിശക്തരുടെ’ എതിരാളിയാകുന്നത്. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ കോണ്‍ഗ്രസ് എം പി ആയിരുന്ന എഹ്‌സാന്‍ ജാഫ്രിയെ അടക്കം 69 മുസ്ലിങ്ങളെയാണ് ഹിന്ദുത്വ തീവ്രവാദികള്‍ കൊന്നൊടുക്കിയത്. ആ നിഷ്ഠൂരതയ്‌ക്കെതിരേ നിയമപരമായി പോരാടാന്‍ തയ്യാറായവര്‍ക്ക് പിന്തുണയുമായി ടീസ്റ്റ് ഉണ്ടായിരുന്നു. കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച്, എഹ്‌സാന്‍ ജഫ്രിയുടെ വിധവ സാക്കിയ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 61 പേര്‍ക്കുമെതിരേ പരാതി നല്‍കിയപ്പോള്‍ കൂടെയുണ്ടായിരുന്നു ടീസ്റ്റയും. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി നിര്‍മ്മിക്കുന്ന മ്യൂസിയത്തിനായി നടത്തിയ ഫണ്ട് പിരിവില്‍ തിരിമറി നടത്തിയെന്നാരോപിച്ച് ഭരണകൂടം ടീസ്റ്റയ്‌ക്കെതിരേ കേസുണ്ടാക്കി. തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചു. അന്ന് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് പറഞ്ഞത്, നല്ല ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടീസ്റ്റയേയും ഭര്‍ത്താവിനേയും തട്ടിപ്പുകാരായി ചിത്രീകരിക്കരുതെന്നാണ്. ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് നടത്തുന്നതെന്നും കോടതി വിമര്‍ശിച്ചു. ഗുജറാത്ത ഹൈക്കോടതി ഹര്‍ജി നിരാകരിച്ചപ്പോഴായിരുന്നു ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് വീണ്ടും അതേ സാഹചര്യം ആവര്‍ത്തിച്ചിരിക്കുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ചില ‘നിഷ്‌കളങ്കര്‍’ക്കെതിരേ വ്യാജ രേഖ ചമച്ചെന്നാരോപിച്ചായിരുന്നു 2022 ജൂണ്‍ 25 ന് ടീസ്റ്റയെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെയും എഫ് ഐ ആര്‍ ഇതേ കേസില്‍ ഇട്ടു. 2022 ജൂലൈ 30 ന് അഹമ്മാബാദ് സെക്ഷന്‍ കോടതി ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും ജ്യാമാപേക്ഷ തള്ളി. പിന്നാലെ ഹൈക്കോടതിയും. ഇതിനെതിരേ ടീസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പരമോന്നത് കോടതി അവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഇ ജൂലൈ ആദ്യം സ്ഥിരം ജാമ്യം അനുവദിക്കണമെന്നാവശ്യവുമായി ടീസ്റ്റ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചപ്പോഴും പ്രതികൂലമായിരുന്നു വിധി. ഇടക്കാലം ജാമ്യം റദ്ദാക്കിക്കൊണ്ട് എത്രയും വേഗം കീഴടങ്ങാനായിരുന്നു ഹൈക്കോടതി പറഞ്ഞത്. വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ ടീസ്റ്റയ്ക്ക് സ്ഥിരം ജാമ്യം അനുവദിച്ച് ഉത്തരവ് വന്നത്. ഈ ഉത്തരവില്‍ ഗുജറാത്ത് ഹൈക്കോടതിക്കെതിരേ സുപ്രീം കോടതി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ംഎന്തിനാണ് ടീസ്റ്റയെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കുന്നതെന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്. ഹൈക്കോടതി വിധിയില്‍ പരസ്പര വിരുദ്ധമായ പരാമര്‍ശങ്ങളും ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ടീസ്റ്റ സെതെല്‍വാദിനെ എന്തുകൊണ്ട് പലരും ഭയക്കുന്നുവെന്നത് അവരുടെ ‘ഭരണഘടനയുടെ കാലാള്‍ പടയാളി -ഒരു ഓര്‍മ്മ'(Foot Soldier of the Constitution: A Memoir) എന്ന പുസ്തകം വായിച്ചാല്‍ മനസിലാകും. പ്രസ്തുത പുസ്തകത്തിലെ ചില പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു;

ടീസ്റ്റ സെതെല്‍വാദിന്റെ ഓര്‍മകള്‍ അഥവ ഗുജറാത്ത് കലാപങ്ങളുടെ പിന്നാമ്പുറങ്ങള്‍
ഗുജറാത്തികളുടെ കുടുംബത്തില്‍, കൃത്യമായി പറഞ്ഞാല്‍ ഗുജറാത്തി അഭിഭാഷകരുടെ കുടുംബത്തിലാണ് ഞാന്‍ പിറന്നത്. മുംബെയിലേക്ക് അഭിമാനപൂര്‍വം കുടിയേറിയവരാണ് ഞങ്ങളെങ്കിലും ഗുജറാത്ത് എപ്പോഴും എന്റെ ഒരു ഭാഗമായിരുന്നു. മുംബെയില്‍ നിയമപഠനം നടത്തുന്നതിനായി എന്റെ മുതുമുത്തച്ഛന്‍ നിയമനം കിട്ടി നാലാം ദിവസം തന്നെ അഹമ്മദാബാദിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു. എന്റെ അച്ഛന്റെ ബന്ധുകൂടിയായിരുന്ന അമ്മയുടെ പിതാവിന്റെ ഭാഗത്തുനിന്നുള്ള അമ്മാവന്‍ ഗുജറാത്തിന്റെ അഡ്വക്കേറ്റ് ജനറലായി 26 വര്‍ഷം സേവനം അനുഷ്ഠിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ അമ്മയുടെ അമ്മാവനെയും അമ്മാവിയെയും ഞങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

അഭിഭാഷകരാല്‍ ചുറ്റപ്പെട്ട ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. എന്റെ അച്ഛന്‍ അതുലും ഒരു അഭിഭാഷകനായിരുന്നു. ചില സമയത്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹാജരാകുന്നതിനായി അച്ഛന്‍ അഹമ്മദാബാദിലേക്ക് വിമാനം കയറുമായിരുന്നു. ഞങ്ങള്‍ ഗുജറാത്ത് മെയിലില്‍ മുംബെ സെന്‍ട്രലില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കും. അമ്മ എന്നെയും സഹോദരിയെയും പഴയനഗരത്തിലുള്ള ദള്‍ഗാര്‍വാദ് എന്ന വസ്ത്ര കമ്പോളത്തിലേക്ക് കൊണ്ടുപോകും. പക്ഷെ അച്ഛന്‍ ഞങ്ങളോടൊപ്പം ഉള്ളപ്പോള്‍ അഹമ്മദാബാദിന്റെ രുചികളൊന്നും അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല.

പ്രതിജ്ഞാബദ്ധനായ ഒരു മാംസാഹാരിയായിരുന്ന അദ്ദേഹം, പഴയ നഗരത്തിലെ ഫേമസില്‍ നിന്നും ഒരു ഡസന്‍ കുച്ച സമോസകളുമായല്ലാതെ ജൂഹുവിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെത്തുമായിരുന്നില്ല. നേര്‍പ്പിച്ചരിഞ്ഞ പച്ചമുളകും സവാളയും പുതിനയിലയും ചേര്‍ത്ത മട്ടണ്‍ സമോസകളായിരുന്നു അത്; രുചികരവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതുമായ ഒന്ന്.

പക്ഷെ അഭിഭാഷകരുടെയും തുണിത്തരങ്ങളുടെയും സമോസകളുടെയും ആ ഗുജറാത്ത് അകലത്തിലാണെന്ന് ദ ഡെയ്ലിയ്ക്കും പിന്നീട് ഇന്ത്യന്‍ എക്സ്പ്രസിനും ബിസിനസ് ഇന്ത്യയ്ക്കും വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനായി ഗുജറാത്തില്‍ മടങ്ങിയെത്തിയപ്പോള്‍ എനിക്ക് മനസ്സിലായി. ഗുജറാത്തില്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന സാമുദായിക സംഘര്‍ഷങ്ങളെ കുറിച്ച് ഞാന്‍ സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപത്തിന്റെ ഭീഷണി ഉയര്‍ത്തിക്കൊണ്ട് വോട്ട് തേടിയ എല്‍ കെ അദ്വാനിയുടെ രഥയാത്രയ്ക്ക് ബിജെപി അക്കാലത്ത് തുടക്കം കുറിച്ചിരുന്നു. അന്തര്‍നഗര തീവണ്ടികളില്‍ ഞാന്‍ ഗുജറാത്തിലെ ആറോ ഏഴോ നഗരങ്ങള്‍ സന്ദര്‍ശിച്ചു. അത്തരം യാത്രകളില്‍ ഒന്നില്‍ നടന്ന സംഭാഷണം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ആ സംഭാഷണം ഒരു ഗുജാറാത്തി ഹിന്ദു വ്യാപാരിയുമായി ആയിരുന്നു.

ഹിന്ദുത്വ പ്രത്യശാസ്ത്രത്തോടും ഹിന്ദു രാഷ്ട്രത്തോടും കൂറ് പ്രഖ്യാപിച്ചിട്ടുള്ള ആക്രണമോത്സുക ഹിംസാത്മക ശക്തികളുടെ ജനപ്രിയത വര്‍ദ്ധിക്കുന്നതില്‍ അദ്ദേഹം സന്ദുഷ്ടനായിരുന്നു. കലഹമുണ്ടാക്കാനും കൊല്ലാനും, കലാപമുണ്ടാക്കാന്‍ ഗുജറാത്തിയുടെ ഉള്ളില്‍ ഉണ്ടായിരുന്ന ഭയം അവര്‍ ഇല്ലാതാക്കി. ‘അത് നല്ലതാണ്,’ അദ്ദേഹം പറഞ്ഞു. ഗുജറാത്തിന്റെ അപരത്വമായ, ആരോപിക്കപ്പെട്ട ‘ന്യൂനപക്ഷ ശത്രു’ വിനെതിരായി ലജ്ജാഹീനമായി ആയുധമെടുക്കുകയും ഉപയോഗിക്കുകയും കലാപംനടത്തുകയും ചെയ്തതിനെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

1991 ല്‍ ബിസിനസ് ഇന്ത്യയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു സംഭവം ഇപ്പോഴും എന്റെ മനസിലുണ്ട്. മടുപ്പിക്കുന്ന പത്തു ദിവസത്തെ പ്രവാസത്തിനുശേഷം എന്റെ പിതാവ് അതുലിന്റെ നിര്‍ദ്ദേശപ്രകാരം അഹമ്മദാബാദിലെ പ്രശസ്തമായ മട്ടന്‍ സമോസയുമായി മുംബെയിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു. പഴയ നഗരത്തില്‍ റൗഫ് വാലിയുള്ളയുമായി ആയിരുന്നു എന്റെ അവസാനത്തെ അഭിമുഖം തീരുമാനിച്ചിരുന്നത്. വ്യാപാരം, സാമ്പത്തിക കൈമാറ്റം, കരകൗശല വ്യാപാരം പിന്നെ ‘നിയമവിരുദ്ധം’ എന്ന് നിഗൂഢമായി മുദ്രകുത്തപ്പെട്ട മറ്റ് തൊഴിലുകള്‍ എന്നിവയില്‍ വലിയ സംഭാവനകള്‍ ഉള്ള മുസ്ലീം സമുദായത്തിന്റെ മുന്നിലുള്ള വെല്ലുവിളികളെ കുറിച്ച് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു.

ഉദാഹരണത്തിന്, ഗുജറാത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍, കലാകാരന്മാര്‍, അക്കാദമിക പണ്ഡിതന്മാര്‍ തുടങ്ങിയവര്‍ ധാരാളമായി ഉണ്ടെന്നിരിക്കെ, ഒരു സമുദായത്തെ മുഴുവന്‍ കളങ്കപ്പെടുത്തുന്നതിനായി കുപ്രസിദ്ധ കള്ളക്കടത്ത് രാജാവ് അബ്ദുള്‍ ലത്തീഫിനെ (തടവില്‍ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പ് ജയിച്ചു) എങ്ങനെയാണ് ചില രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചതെന്ന് റൗഫ് സാഹിബ് വിശദീകരിച്ചു. തങ്ങള്‍ക്കുള്ള ഇടത്തെ രക്ഷകര്‍ത്വത്തിന് പകരം അവകാശമായി ആവശ്യപ്പെടാന്‍ ത്രാണിയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വിവേകമുള്ള ഒരു നേതൃത്വം മുസ്ലീങ്ങളുടെ ഇടയില്‍ നിന്നും ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വാചാലനായി. നാഗരിക ഗുജറാത്തിലെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ എന്നെ സഹായിച്ച ദൈര്‍ഘ്യമേറിയതും മുല്യവത്തുമായ ഒരു സംഭാഷണമായിരുന്നു അത്.

പ്രസിദ്ധമായ ബേര സമോസ എനിക്ക് വേണമെന്ന് പിരിയാന്‍ നേരം ഞാന്‍ പറഞ്ഞു. റൗഫ് സാഹിബ് ആവേശഭരിതനായി; സമോസയെ കുറിച്ച് അറിയുകയും സ്നേഹിക്കുകയും ചെയ്യണമെങ്കില്‍ ഞാന്‍ ഒരു ശരിയായ അഹമ്മദാവാദിയായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. എന്റെ അഭിമുഖത്തിന് ശേഷം അദ്ദേഹത്തിന് ബിബിസിക്ക് ഒരു അഭിമുഖം നല്‍കാനുണ്ടായിരുന്നു.

പഴയ നഗരം വിട്ട് വിമാനത്താവളത്തിലേക്ക് ഞാന്‍ യാത്രയായി. ബോബെയിലേക്ക് നാല്‍പ്പത് മിനുട്ട് യാത്ര മാത്രമേയുള്ളൂ. മുംബെയിലിറങ്ങിയ ഞാന്‍ കേവലം ഇരുപത് മിനിട്ടുമാത്രം അകലെയുള്ള വീട്ടിലെത്തി. അഹമ്മദാബാദില്‍ നിന്നും മുംബെയിലെത്താനെടുത്ത ഒരു മണിക്കൂര്‍ ഇരുപത് മിനിട്ടിനുള്ളില്‍, റൗഫ് സാഹിബുമായുള്ള അഭിമുഖത്തിന് ശേഷം ജുഹുവിലെ വീട്ടിലേക്കുള്ള ദൂരത്തിനിടയില്‍, ഒരു ജീവിതം അവസാനിച്ചു. റൗഫ് സാഹിബ് വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്തായായിരുന്നു എന്നെ കാത്തിരുന്നത്.

കാര്യങ്ങള്‍ നടപ്പിലാക്കുന്ന രീതിയെ ചോദ്യം ചെയ്യുകയും മുദ്രകുത്തലുകളെ എതിര്‍ക്കുകയും ചെയ്ത വിവേകപൂര്‍ണമായ മിതവാദ ശബ്ദത്തെ സഹിക്കാനാവില്ലെന്ന് തോന്നിപ്പിക്കുന്ന സംഭവമായിരുന്നു അത്.

റൗഫ് സാഹിബ് എന്നോട് പറഞ്ഞ കാര്യങ്ങളില്‍ നിന്നും മറ്റ് അനുഭവങ്ങളില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നുമാണ് ആ സംസ്ഥാനത്തിനും അതിന്റെ സമൂഹത്തിനും സംഭവിക്കുന്നത് എന്താണെന്നതിനെ കുറിച്ച് ഒരു വിശാല കാഴ്ചപ്പാടുണ്ടാക്കാനും ഗുജറാത്തിലെ പ്രശ്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്താനും എന്നെ പ്രേരിപ്പിച്ചത്. വ്യാപാരിയുടെ വാക്കുകള്‍ക്കും റൗഫ് സാഹിബിന്റെ മരണത്തിനും ഇടയില്‍ നിന്നും ഗുജറാത്തിലുള്ള ശക്തമായ മുസ്ലീം വിരുദ്ധ അടിയൊഴുക്ക് ഞാന്‍ വായിച്ചെടുത്തു. രാജ്യത്തെ മറ്റ് സ്ഥലങ്ങളില്‍ നിലനിന്നിരുന്നതിനേക്കാള്‍ കൂടുതല്‍ രൂഢമായ രീതിയിലാണ് സംസ്ഥാനത്ത് അത് നിലനിന്നിരുന്നത്.

ഗുജറാത്ത് എന്റെ പാരമ്പര്യമാണ്. എന്നിട്ടും ഞങ്ങളുടെ കുടിയേറ്റ ചരിത്രം നിമിത്തം എന്റെ കുടുംബം ലജ്ജാഹീനമായ വിധത്തില്‍ മുംബെക്കാരായിരുന്നു. അഹമ്മദാബാദിന്റെ പ്രദേശികത്വത്തെക്കാള്‍ മുംബെയുടെ നാഗരികതയിലാണ് സെറ്റിവാദുകള്‍ കൂടുതല്‍ തല്‍പരരായിരുന്നത് എന്നാണ് പ്രചാരത്തിലുള്ള കുടംബാഖ്യാനം പറയുന്നത്. ഗുജറാത്തിയെക്കാള്‍ നന്നായി ഞാന്‍ മറാത്തി സംസാരിച്ചു. ചെറുകഥാകൃത്തുകൂടിയായ അച്ഛമ്മയോട് നന്ദി പറയുക, ഗുജറാത്തി അക്ഷരങ്ങള്‍ എനിക്ക് പരിചിതമായിരുന്നു. 2002 കൂട്ടക്കൊലയുടെ പ്രഥമാന്വേഷണ റിപ്പോര്‍ട്ടുകളും പിന്നീട് അന്വേഷണവുമായി ബന്ധപ്പെട്ട ചാര്‍ജ്ജ് ഷീറ്റുകളും പരിശോധിക്കുമ്പോള്‍ ഈ പരിചയം എനിക്ക് സഹായകരമായി.

1980കളില്‍ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും നടത്തിവന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍, 1990 കളിലെ പ്രത്യക്ഷ മുസ്ലീം വിരുദ്ധ വികാരങ്ങളുടെ വേരുകള്‍ കണ്ടെത്താന്‍ കഴിയും. ഹിന്ദു മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയിലും ഹിന്ദു തൊഴിലാളിവര്‍ഗ്ഗത്തിലെ ചില വിഭാഗങ്ങള്‍ക്കിടയിലും രോഷം ജ്വലിപ്പിക്കുന്നതിനായി എല്ലാ തരത്തിലുള്ള വ്യാജ വിദ്വേഷ പ്രചാരണങ്ങളും ആര്‍എസ്എസും വിഎച്ച്പിയും വളര്‍ത്തിയെടുത്തിരുന്നു. വാണിജ്യലോകത്ത് പ്രത്യക്ഷ പങ്കുണ്ടായിരുന്ന ഗുജറാത്തിലെ പത്തു ശതമാനം വരുന്ന മുസ്ലീം ജനസംഖ്യയിലെ ഒരു ഭാഗം മാത്രമായിരുന്ന ബോറകളുടെയും ഖോജകളുടെയും വാണിജ്യ നേട്ടങ്ങളെ ചൂണ്ടിയായിരുന്നു ഇത്തരം പ്രചാരണങ്ങളില്‍ ഒന്ന്. അവരുടെ വിജയം അവരെ സാമൂഹിക, രാഷ്ട്രീയ അസൂയയ്ക്കുള്ള ഇരകളാക്കി തീര്‍ത്തു. എന്നാല്‍, മുസ്ലീം വിരുദ്ധ വികാരം വളര്‍ന്നതിനെ പൂര്‍ണമായി വിശദീകരിക്കുന്നതിന് ഇത്തരത്തിലുള്ള ഒരു വിശദീകരണം പര്യാപ്തമല്ല.

2000 ഏപ്രിലില്‍, ഈ സംസ്‌കാരിക വഴിത്തിരിവിന് കുറച്ചുകൂടി സമ്പന്നമായ ഒരു വിശദീകരണം നല്‍കുന്നതിനായി 1993ല്‍ ഞാനും ജാവേദും ചേര്‍ന്ന് ആരംഭിച്ച കമ്മ്യൂണിസം കോമ്പാറ്റില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഫാസിസവുമായി മുഖാമുഖം എന്നായിരുന്നു ആ മുഖലേഖനത്തിന് ഞങ്ങളിട്ട പേര്. സംസ്ഥാനത്തെ അധികാ ദുര്‍വിനിയോഗത്തെ കുറിച്ചും ആര്‍എസ്എസ്-വിച്ച്പി ഗുണ്ടകളും തിരഞ്ഞെടുക്കപ്പെട്ട അധികാരികളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ആ ലേഖനം പ്രതിപാദിക്കുന്നു. എന്റെ ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം താഴെ:

‘മിക്ക ഹൈന്ദവേതര അവധിദിവസങ്ങളും അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (എഎംസി) പിന്‍വലിച്ചു. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ച ദിവസത്തെ അവധി പുനഃസ്ഥാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളില്‍ (വിശ്വഭാരതി, നൗജവാന്‍, കര്‍മശീല, ജെപി ഹൈ, ബിആര്‍ സോമാനി, പ്രകാശ് ഹൈസ്‌കൂള്‍ എ്ന്നിവ ചില ഉദാഹരണങ്ങള്‍) പഠിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികള്‍ റംസാന്‍, ബക്രീദ് ദിവസങ്ങളില്‍ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിതരായി; പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഹാജരാവാന്‍ മുസ്ലീം സമുദായവും നിര്‍ബന്ധിതമായി! 95 ശതമാനം വിദ്യാര്‍ത്ഥികള്‍ മുസ്ലീങ്ങളും അദ്ധ്യാപകരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളുമായ വിആര്‍ സോമാനി, ഭക്ത വല്ലഭ എന്നീ ഹൈന്ദവ ഉടമസ്ഥയിലുള്ള സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിചിത്രമായ ഒരു രീതി പരീക്ഷിച്ചു: അവര്‍ ഒന്നും പഠിപ്പിക്കില്ല, അത്രതന്നെ.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ പോലെ തന്നെ, പശു സംരക്ഷണ നിയമത്തിന് ബോധപൂര്‍വമായ ഊന്നല്‍ നല്‍കിക്കൊണ്ട് മുസ്ലീം ന്യൂനപക്ഷത്തെ പ്രകോപിക്കുന്നതിന് ഈ വര്‍ഷം മാര്‍ച്ച് 17ന് നടന്ന ബക്രീദ് ദിവസത്തെയും ബിജെപി-ആര്‍എസ്എസ്-വിഎച്ച്പി പ്രവര്‍ത്തകര്‍ ഉപയോഗിച്ചു. നിയമത്തെ കുറിച്ച് ബോധമുണ്ടായിരിക്കണമെന്ന് എല്ലാ പൗരന്മാരോടും ഒരു സംയ്കുത പ്രസ്ഥാവനയില്‍ പോലീസ് കമ്മീഷണറും മുന്‍സിപ്പല്‍ കമ്മീഷണറും ആവശ്യപ്പെട്ടു. പോലീസിന്റെ ചാരന്മാരാവാന്‍ പ്രവര്‍ത്തിക്കാന്‍ വിഎച്ച്പി ബംജ്രംഗദള്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.

നിയമ ലംഘനവുമായി ബന്ധപ്പെട്ട എതൊരു പ്രശ്നവും കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം പോലീസിന് വിട്ടുകൊടുക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ സന്ദേശം നല്‍കിയിട്ടും, അറവ് മൃഗങ്ങളുമായി മുസ്ലീങ്ങള്‍ പോകുന്നുണ്ടോ എന്നറിയാന്‍ വിച്ച്പി പ്രവര്‍ത്തകര്‍ അഹമ്മദാബാദില്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മാര്‍ച്ച് 15ന് രാത്രിയില്‍ നടന്ന അത്തരമൊരു സംഭവത്തില്‍, വിഎച്ച്പി പ്രവര്‍ത്തകരുടെ വാളില്‍ നിന്നും ലാത്തിയില്‍ നിന്നും ഒരു മുസ്ലീം യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സ്‌കൂട്ടറിന്റെ പിറകിലിരുന്നു യാത്ര ചെയ്യുകയായിരുന്നു വീട്ടുവേലക്കാരന്റെ കൈയില്‍ ഒരു കെട്ട് പുല്ലുണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍, യാസിന്‍ മുഹമ്മദ് എന്ന മുസ്ലീം യുവാവിനെ വിഎച്ച്പി പ്രവര്‍ത്തകര്‍ കത്തിയും വാളുമായി ആക്രമിച്ചു. യാസിന്‍ മുഹമ്മദ് സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. കൊലപാതകം തടയുന്നതിന് സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഒന്നും ചെയ്തില്ല. ദാരീയാപൂരില്‍ ഹിന്ദു-മുസ്ലീം വിഭാഗങ്ങളിലെ ആളുകള്‍ കൂട്ടം കൂടുന്നതിനും സാമുദായി സംഘര്‍ഷം ഊതിപ്പെരുപ്പിക്കുന്നതിനും ഇത് കാരണമായി. കൊലപാതകം നടക്കുമ്പോള്‍ രാജേന്ദ്ര വ്യാസ് എന്ന വിഎച്ച്പി പ്രവര്‍ത്തകന്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.’

ഇപ്പോള്‍-2014 മുതല്‍-പശു രക്ഷകരുടെ അല്ലെങ്കില്‍ പശു താലിബാന്റെ കാലത്തിലേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. ഗുജറാത്തില്‍ 16 വര്‍ഷം മുമ്പ് പരീക്ഷിച്ച് വിജയിപ്പിച്ച കാര്യങ്ങളാണ് രാജ്യത്തെമ്പാടും ഇപ്പോള്‍ സംഭവിക്കുന്നത്. പ്രത്യേക ആളുകളെ ലക്ഷ്യമിട്ടുള്ള കലാപങ്ങളുടെ കലയില്‍ പശു താലിബാന്‍കാര്‍ പ്രാഗത്ഭ്യം നേടിയത് അവിടെ വച്ചായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍