November 10, 2024 |
Share on

‘ഇവരോട് മാറി നില്‍ക്കാന്‍ പറയു എന്നു സുരേഷ് ഗോപി പറഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്നവരാണ് എന്നെ നിരാശപ്പെടുത്തിയത്’

മാധ്യമപ്രവര്‍ത്തക സൂര്യ സുജി സംസാരിക്കുന്നു

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നും മറ്റൊരു വനിത മാധ്യമപ്രവര്‍ത്തകയ്ക്കും അപമാനം നേരിട്ടിരിക്കുകയാണ്. ‘ഗരുഡന്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തൃശൂര്‍ ഗിരിജ തിയേറ്ററില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക ഷോയില്‍ പങ്കെടുക്കാനെത്തിയതാണ് സിനിമയിലെ നായകന്‍ കൂടിയായ സുരേഷ് ഗോപി. തൃശൂര്‍ അതിരൂപത സുരേഷ് ഗോപിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള പ്രതികരണം തേടിയായിരുന്നു മാധ്യങ്ങള്‍ അദ്ദേഹത്തെ കാണാന്‍ എത്തിയത്. തിയേറ്ററിന് വെളിയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്ന ചാനല്‍ റിപ്പോര്‍ട്ടറെയാണ് ബിജെപി നേതാവ് അപമാനിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടറായ സൂര്യ സുജയ്ക്ക് നേരെ അകാരണമായി കയര്‍ത്തു സംസാരിക്കുകയായിരുന്നു. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷിദ ജഗതിന്റെ ദേഹത്ത് അനുവാദമില്ലാതെ സ്പര്‍ശിച്ചതിന്റെ പേരില്‍ കേസ് നേരിടുന്ന വ്യക്തിയാണ് സുരേഷ് ഗോപി. മാപ്പ് പറഞ്ഞ് ആ വിഷയം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്ന ബിജെപി നേതാവ്, അതേ വിഷയത്തിന്റെ പേരിലാണ് വീണ്ടുമൊരു വനിത മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ചെന്നത്.

ഒപ്പമുള്ള മുഖ്യധാരാ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നിരുന്ന തന്നോട് യാതൊരു പ്രകോപനവും കൂടെതയാണ് സുരേഷ് ഗോപി കയര്‍ത്തതെന്നാണ് സൂര്യ അഴിമുഖത്തോട് പറഞ്ഞത്. ‘കൈ തൊഴുതു കൊണ്ട് പരിഹാസച്ചിരിയോടെയാണ് സമീപിച്ചത്. തോളില്‍ കൈ വയ്ക്കുന്നതുകൊണ്ട് പ്രശ്‌നം ഉണ്ടോ എന്നു ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനോട് ചോദിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞതോടെ അടുത്തതായി ചോദ്യം ആവര്‍ത്തിച്ചത് എന്നോടാണ്. ഇതോടെയാണ് കഴിഞ്ഞ ദിവസം അപമര്യദയായി പെരുമാറിയ സംഭവത്തെക്കുറിച്ചു പ്രതിപാദിക്കേണ്ടി വരുന്നത്. ആളാവാന്‍ വരല്ലേ എന്നു പറഞ്ഞു പ്രകോപിതനായി. വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ സഹപ്രവര്‍ത്തക നേരിട്ട പ്രശ്‌നം തനിക്ക് മനസ്സിലാകുമെന്നും ഞാന്‍ പറഞ്ഞു. കോടതിയാണ് ഇനി കാര്യങ്ങള്‍ നോക്കുന്നത്, എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, അതിനുള്ള എന്റെ മറുപടി പൂര്‍ത്തിയാക്കും മുമ്പാണ് എന്ത് കോടതി എന്ന് ഞാന്‍ ചോദിച്ചതായി അദ്ദേഹം വിളിച്ചു പറയുന്നതും മൈക്കുമായി മാറി പോകാന്‍ ആവിശ്യപ്പെടുന്നതും. കഴിഞ്ഞ ദിവസം ചാവക്കാട് അദ്ദേഹത്തെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ വച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് ‘എന്നെ തൊട്ടാല്‍ കേസുകൊടുക്കും ‘ എന്ന് എന്നോടു പറഞ്ഞത്. സമാനമായ പരിഹാസവും പ്രതികരണവും വീണ്ടും നേരിടേണ്ടി വന്നതുകൊണ്ടാണ് തിരിച്ചും പ്രതികരിക്കേണ്ടി വന്നത്’.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള രോഷമാണ് യാതൊരു പ്രകോപനവുമില്ലാതെ തന്നോട് കയര്‍ക്കാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നാണ് സൂര്യ പറയുന്നത്. അദ്ദേഹം അന്ന് മാപ്പ് അപേക്ഷിച്ചത് ആത്മാര്‍ത്ഥമായിട്ടായിരുന്നെങ്കില്‍ വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ രോഷം കാണിക്കുന്നതിന്റെ ആവിശ്യകതയെന്താണെന്നും സൂര്യ അഴിമുഖവുമായി സംസാരിക്കുമ്പോള്‍ ചോദിക്കുന്നു.

സുരേഷ് ഗോപിയില്‍ നിന്നും അവഹേളനം നേരിടേണ്ടി വന്നതിനെക്കാള്‍ തന്നെ വേദനിപ്പിക്കുന്നത് തനിക്കൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തിയാണെന്നും സൂര്യ പറയുന്നു.

‘സുരേഷ് ഗോപിയില്‍ നിന്ന് നേരിടേണ്ടി വന്ന പ്രതികരണം ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ എന്റെ ജോലിയുടെ ഭാഗമായി ഉള്‍കൊള്ളാന്‍ സാധിക്കും. എന്നാല്‍ ചുറ്റുമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ‘ഞാന്‍ തുടരണമെങ്കില്‍ ഇവരോട് മാറി നില്‍ക്കാന്‍ പറയു’ എന്നു സുരേഷ് ഗോപി പറഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്നതാണ് നിരാശപ്പെടുത്തിയത്. മീഡിയ വണ്ണിന്റെ മാധ്യമ പ്രവര്‍ത്തക ഷിദ ജഗത് നേരിടേണ്ടി വന്നതിന്റെ ബാക്കി കൂടിയാണിത്. അന്ന് അനുഭാവം പ്രകടിപ്പിച്ചവര്‍ തന്നെ യാതൊരു പ്രതികരണവും നടത്താതെ നോക്കി നിന്നതെന്നതാണ് ഏറെ വേദനിപ്പിച്ചത്: സൂര്യ പറയുന്നു.

സൂര്യ മൈക്കുമായി മാറി പോയതിനു ശേഷവും മറ്റു മാധ്യമപ്രവര്‍ത്തകര്‍ സാധാരണ നിലയില്‍ സുരേഷ് ഗോപിയോട് ചോദ്യം ചോദിക്കാന്‍ തയ്യാറാവുകയാണുണ്ടായത്. യാതൊരുവിധ പ്രതിഷേധവും സുരേഷ് ഗോപിക്കെതിരേ ഉണ്ടായില്ല. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം നില്‍ക്കാനും മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായില്ല.

Advertisement