UPDATES

‘ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍’; പുതിയ കസേര തയ്യാറാക്കി കേന്ദ്രം

ഇ ഡിക്കും, സിബിഐയ്ക്കുമുള്ള കൂടെന്ന് വിമര്‍ശനം

                       

കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, ഇ ഡി എന്നിവയുടെ പൂര്‍ണ നിയന്ത്രണം കൈക്കലാക്കാന്‍ തന്ത്രമൊരുക്കി നരേന്ദ്ര മോദി സര്‍ക്കാര്‍. സുപ്രധാനമായ രണ്ട് അന്വേഷണ ഏജന്‍സികളുടെയും മേല്‍നോട്ടത്തിനെന്ന പേരില്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ ഓഫ് ഇന്ത്യ- സി ഐ ഒ- എന്ന തസ്തിക സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. സൈന്യത്തിലെ-ചീഫ് ഡിഫന്‍സ് സ്റ്റാറ്റാഫ്(സിഡിഒ), ദേശീയ സുരക്ഷ ഉപദേഷ്ടാവ്(എന്‍ എസ് എ) എന്നീ മാതൃകയിലാണ് സി ഐ ഒ തസ്തികയും രൂപീകരിക്കാന്‍ പദ്ധതിയെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരമൊരു തസ്തിക നിലവില്‍ വന്നാല്‍, അതിന്റെ അധികാര കസേരയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥനു കീഴിലാകും സിബിഐയും ഇഡിയും.

മൂന്നു സൈനിക മേധാവികളും സിഡിഒ-യെയും, രണ്ട് ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്‍ എസ് എ-യെയും റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ സിബിഐയും ഇഡിയും സി ഐ ഒ-യെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും. സി ഐ ഒ നേരിട്ട് പ്രധാനമന്ത്രിയെ റിപ്പോര്‍ട്ട് ചെയ്യും. മറ്റ് രണ്ട് പദവികളിലുള്ളവരും പ്രധാനമന്ത്രിയെയാണ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിബിഐ, ഇഡി എന്നിവയുടെ അമിത ജോലി ഭാരം ലഘൂകരിക്കുന്നതിന് പുതിയ നീക്കം സഹായകമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. വിദേശ നാണയ ചട്ട ലംഘനം ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവ ഇഡി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ റവന്യു വിഭാഗത്തിന് കീഴിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരുന്നത്. അഴിമതി, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയാണ് സിബിഐ അന്വേഷിക്കുന്നത്. പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തിന് കീഴിലാണ് സിബിഐ. ഇതില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ തലപ്പത്തുവരുന്നതോടെ രണ്ട് അന്വേഷണ ഏജന്‍സികള്‍ക്കുമിടയില്‍ പ്രവര്‍ത്തന സമന്വയം കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഒരു സോഴ്‌സിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്രട്ടറി റാങ്കിലായിരിക്കും സി ഐ ഒ നിയമനം.

‘സി ഐ ഒ’ രാഷ്ട്രീയ ലക്ഷ്യമാകുന്നതെങ്ങനെ?
മോദി ഭരണകൂടത്തിനെതിരേ ഉയരുന്ന വ്യാപക പരാതികളില്‍ പ്രധാനമാണ്, രാഷ്ട്രീയ എതിരാളികളെ-ബിജെപി ഇതര മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംഎല്‍എ-എംപി മാര്‍-നേതാക്കള്‍- നിശബ്ദരാക്കാനും വശത്താക്കാനും ഇല്ലാതാക്കാനും സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നത്. സര്‍ക്കാരിന്, തങ്ങളുടെ ശക്തമായ ആയുധങ്ങളായ രണ്ട് അന്വേഷണ ഏജന്‍സികളെയും ഒരു സി ഐ ഒ മേധാവിയുടെ കീഴിലാക്കിയാല്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. ഈ തസ്തികയില്‍ ആര് ഇരിക്കണമെന്നതില്‍ കേന്ദ്ര സര്‍ക്കാരായിരിക്കും തീരുമാനമെടുക്കുന്നത്.

മിശ്രയ്ക്ക് വേണ്ടിയുള്ള കസേര
ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ എന്നൊരു പുതിയ അധികാര കസേര കേന്ദ്ര സര്‍ക്കാര്‍ ധൃതിവച്ച് പണിയിച്ചെടുത്ത്, അതിലിരുത്താന്‍ പോകുന്നത് സഞ്ജയ് കുമാര്‍ മിശ്രയെ ആണെന്നാണ് വിവരം. ഇ ഡി ഡയറക്ടറാണ് മിശ്ര. സുപ്രിം കോടതിയുടെ അനുമതിയോടെ സെപ്തംബര്‍ 15 വരെ നിലവിലെ കസേരയില്‍ മിശ്രയുണ്ടാകും. ആ പദവിയൊഴിഞ്ഞാല്‍ ആദ്യ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായി ചുമതലയേല്‍ക്കുമെന്നാണ് വിവരം. സെപ്തംബര്‍ 15 ന് ശേഷമായിരിക്കും സി ഐ ഒ തസ്തികയും നിലവില്‍ വരുന്നത്. 2018-ല്‍ ഇഡി ഡയറക്ടറായി ചുമതലയേറ്റ മിശ്ര 2020 ല്‍ വിരമിക്കേണ്ടതായിരുന്നു.

മിശ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തലവനായി നിലനിര്‍ത്താന്‍ മോദി ഭരണകൂടത്തിന് വല്ലാത്ത താത്പര്യമുണ്ടായിരുന്നു. ഒരു വര്‍ഷത്തില്‍ തന്നെ രണ്ട് തവണ ഇ ഡി മേധാവിയുടെ കലാവധി മിശ്രയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. മൂന്നാം തവണയും അതേ നീക്കത്തിന് തന്നെ മുതിര്‍ന്നപ്പോള്‍ സുപ്രിം കോടതി തടഞ്ഞു. അത് നിയമവിരുദ്ധമാണെന്നാണ് കോടതി പറഞ്ഞത്. ആവര്‍ത്തിച്ചുള്ള കലാവധി നീട്ടല്‍ കണ്ട് സുപ്രിം കോടതി ചോദിച്ചത്, ഒരാള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അനിവാര്യനാകുന്നു? എന്നായിരുന്നു. ‘ ഈ ജോലിക്ക് (ഇ ഡി മേധാവി) പറ്റിയ മറ്റാരും ആ സ്ഥാപനത്തില്‍ ഇല്ലേ? എന്നും ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

സുപ്രിം കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്, ഇഡി എന്നത് വ്യക്തിക്ക് അതീതമായി നിലനില്‍ക്കുന്ന സ്ഥാപനമാണെന്നും അതിന്റെ ഡയറക്ടര്‍ ആരാണെന്നത് പ്രധാനമല്ല എന്നുമായിരുന്നു. എന്നാല്‍ മിശ്രയ്ക്ക് വേണ്ടി തന്നെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

ഇ ഡി തലവന്റെ കസേരയില്‍ മിശ്ര അത്യന്താപേക്ഷിതമാണെന്ന് തന്നെയാരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. രാജ്യസുരക്ഷയെക്കരുതിയുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നുപോകാന്‍ മിശ്രയുടെ സേവനം വേണമെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. ആഗോള തീവ്രവാദത്തിന്റെ ഭാഗമായി ചില അയല്‍രാജ്യങ്ങള്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ് എ ടി എഫ് – കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ഒരു ആഗോളം പ്രസ്ഥാനമാണ്) േ്രഗ ലിസ്റ്റില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും, അത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഇ ഡി യുടെ പരിശ്രമങ്ങള്‍ക്ക് തടസം ഉണ്ടാകാതിരിക്കാന്‍ നിലവിലെ ഡയറക്ടര്‍ തുടരേണ്ടതുണ്ടെന്നും, രാജ്യതാത്പര്യവും ദേശതാത്പര്യവും മുന്‍നിര്‍ത്തി മിശ്രയുടെ കാലാവധി നീട്ടി നല്‍കണമെന്നുമാണ് കേന്ദ്രം കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ആ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ടാണ് മിശ്രയ്ക്ക് സെപ്തംബര്‍ 15 വരെ അതേ കസേരയില്‍ തന്നെ ഇരിക്കാന്‍ പരമോന്നത നീതിപീഠം അനുമതി നല്‍കിയത്. ഒക്ടോബര്‍15 വരെയായിരുന്നു സര്‍ക്കാര്‍ മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത്.

സഞ്ജയ് കുമാര്‍ മിശ്രയെ ഇ ഡി ഡയറക്ടര്‍ സ്ഥാനത്ത് നിലനിര്‍ത്താനുള്ള നീക്കത്തില്‍ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എതിര്‍ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനാണ് ഇഡി-യെ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷ സഖ്യമായ-‘ ഇന്ത്യ’ ആരോപിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇ ഡി, സിബിഐ എന്നീ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ സ്വേച്ഛാപരമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലായിരുന്നു കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ പാര്‍ലമെന്റിനുള്ളിലെ പ്രതികരണം. ” മിണ്ടാതിരുന്നോളൂ, ഇല്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ ഇഡി വരും” എന്നായിരുന്നു ആ ബിജെപി നേതാവിന്റെ ഭീഷണി.

Related news


Share on

മറ്റുവാര്‍ത്തകള്‍