December 09, 2024 |

ഇന്ദിരയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍, കൂറുമാറ്റത്തില്‍ കുടുങ്ങി പുറത്തായ ആദ്യ ലോക്‌സഭ എംപി; മിസോറാമിന്റെ ചരിത്രം മാറ്റി ഐപിഎസ് ഓഫിസര്‍

മിസോറാമില്‍ ചരിത്ര വിജയം നേടി സോറം പീപ്പിള്‍സ് മൂവ്‌മെന്റ്

മിസോറം നിയമസഭയിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റിന് (സെഡ്പിഎം) വന്‍ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടിയിരിക്കുന്നു. സംസ്ഥാനം രൂപം കൊണ്ട കാലം മുതല്‍ മാറിമാറി ഭരിച്ചിരുന്ന മിസോ നാഷണല്‍ ഫ്രണ്ടിനെയും കോണ്‍ഗ്രസിനെയും കടുത്ത നിരാശയിലേക്ക് തള്ളിയിട്ടാണ് 40 സീറ്റുകളില്‍ 27 സീറ്റുകള്‍ നേടി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് (എംഎന്‍എഫ്) 10 സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് നേടാനായത്. അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടതും എംഎന്‍എഫിന് വലിയ ആഘാതമായി. മുഖ്യമന്ത്രിയും എംഎന്‍എഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാള്‍ ഈസ്റ്റ് ഒന്നില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാര്‍ഥി ലാല്‍തന്‍ സങ്കയോടാണ് പരാജയപ്പെട്ടത്.

സോറം പീപ്പിള്‍സ് മൂവ്മെന്റും ലാല്‍ഡുഹോമയും

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഒരു കൊച്ചു സംസ്ഥാനമാണ് മിസോറാം. മുന്‍ ഐപിഎസ് ഓഫീസറും എംഎല്‍എയും മുന്‍ പാര്‍ലമെന്റ് അംഗവുമായ ലാല്‍ഡുഹോമ സ്ഥാപിച്ച പാര്‍ട്ടിയായ സോറാം പീപ്പിള്‍സ് മൂവ്മെന്റിന്റെ (ZPM) ഉദയത്തോടെ മിസോറം ശ്രദ്ധേയമായ ഒരു രാഷ്ട്രീയ പരിവര്‍ത്തനത്തിനാണ് വിധേയമായത്. 1982-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി ചുമതല വഹിച്ച ലാല്‍ഡുഹോമ 1984-ല്‍ ഐ.പി.എസ്. പദവി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1986-ല്‍ ലാല്‍ഡുഹോമ കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്നും രാജി വച്ചു. 1988-ല്‍ അദ്ദേഹത്തെ ലോക്‌സഭയില്‍നിന്ന് സ്പീക്കര്‍ നീക്കം ചെയ്തു. കൂറുമാറ്റ നിരോധന നിയമപ്രകാരം ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ എം.പി.യാണ് ലാല്‍ഡുഹോമ.സേര്‍ഛിപില്‍നിന്ന് ജനവിധി തേടി ജയിച്ച ഈ എഴുപത്തിനാലുകാരനും,അദ്ദേഹം സ്ഥാപിച്ച പാർട്ടിയും കേവല ഭൂരിപക്ഷത്തോടെ സംസ്ഥാനത്തിന്റെ തലപ്പത്തെത്തിയിരിക്കുകയാണ്.

ലാല്‍ഡുഹോമ

മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറാം നാഷണലിസ്റ്റ് പാര്‍ട്ടി, സോറാം എക്‌സോഡസ് മൂവ്മെന്റ്, സോറം ഡിസെന്‍ട്രലൈസേഷന്‍ ഫ്രണ്ട്, സോറം റിഫോര്‍മേഷന്‍ ഫ്രണ്ട്, മിസോറാം പീപ്പിള്‍സ് പാര്‍ട്ടി എന്നിങ്ങനെ ആറ് പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായാണ് സോറാം പീപ്പിള്‍സ് മൂവ്മെന്റ് രൂപീകരിച്ചത്. കോണ്‍ഗ്രസ്-എം.എന്‍.എഫ്-നു ബദല്‍ രാഷ്ട്രീയമൊരുക്കുകയായിരുന്നു സെഡ് പി എമ്മിന്റെ ലക്ഷ്യം. ഈ പാര്‍ട്ടികള്‍ ഏകീകരിച്ച് 2018 ല്‍ ഔദ്യോഗികമായി സോറാം പീപ്പിള്‍സ് മൂവ്മെന്റ് (ZPM) രൂപീകരിച്ചു. മിസോറം ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. 2019 ജൂലൈയില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിക്ക് ഔദ്യോഗിക അംഗീകരം നല്‍കി. സഖ്യത്തിന്റെ സ്ഥാപക കക്ഷികളില്‍ പ്രധാനിയായിരുന്ന മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ് 2019-ല്‍ സോറാം ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയപ്പോള്‍ സഖ്യത്തില്‍ നിന്ന് പിന്മാറി. 2018-ലാണ് മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ZPM മിസോ നാഷണല്‍ ഫ്രണ്ടിനും(എംഎന്‍എഫ്) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും രാഷ്ട്രീയ ബദലെന്ന സ്വയം പ്രഖ്യപനം നടത്തികൊണ്ട് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. മദ്യനിരോധനം പുനഃസ്ഥാപിക്കണമെന്ന് വാദിച്ച പാര്‍ട്ടി 40-ല്‍ 36 സീറ്റുകളില്‍ മത്സരിക്കുകയും 8-ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെ വിജയിക്കുകയും ചെയ്തു. രൂപപ്പെട്ടു കുറച്ചു നാളുകള്‍ക്കുളില്‍ തന്നെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞതിന്റെ അടയാളമായിരുന്നു ഈ വിജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലും സോറാം പീപ്പിള്‍സ് മൂവ്മെന്റ് മത്സരിച്ചു. നവംബര്‍ ഏഴിന് നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളും, പാര്‍ട്ടിയുടെ കനത്ത വിജയം പ്രവചിച്ചിരുന്നു.

 മുഖ്യ മന്ത്രിയെ തോൽപ്പിച്ച എതിർ സ്ഥാനാർഥി

മൂന്ന് തവണ മിസോറാമിന്റെ മുഖ്യമന്ത്രിയായി ചുമതല വഹിച്ച സോറംതങ്ക പരാജയപ്പെട്ടത് ജനങ്ങളെയും പാര്‍ട്ടിയെയും ഞെട്ടിച്ചുകൊണ്ടാണ്. മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം 2018 മുതല്‍ മിസോറാം നിയമസഭയിലെ ഐസ്വാള്‍ ഈസ്റ്റ് 1-മണ്ഡലത്തെയും 1998 മുതല്‍ 2008 വരെ ചമ്പായി മണ്ഡലത്തെയുമാണ് പ്രതിനിധികരിക്കുന്നത്.

സോറംതങ്ക

2013 ലും 2018ലും രണ്ടുതവണ ഈ സീറ്റില്‍ വിജയിച്ച സോറംതങ്ക 10 വര്‍ഷമായി ഐസ്വാള്‍ ഈസ്റ്റ്-1 എംഎല്‍എയാണ്. വര്‍ഷങ്ങളായി മത്സരിക്കുന്ന ഈ സീറ്റില്‍ നിന്നാണ് അദ്ദേഹം ഇത്തവണ ദയനീയമായി പരാജയപ്പെട്ടത്. മുന്‍ എംഎല്‍എയും സോറാം പീപ്പിള്‍സ് മൂവ്മെന്റ്‌ന്റെ വൈസ് പ്രസിഡന്റുമായ ലാല്‍തന്‍ സങ്കയാണ് 79 കാരനായ ഈ വിമുക്തഭടനെ പരാജയപ്പെടുത്തിയത്.

പാര്‍ട്ടിയുടെ മുഖങ്ങളില്‍ ഒരാളായ ലാല്‍തന്‍സങ്ക, തിങ്കളാഴ്ച രാവിലെ ആദ്യ പകുതിയില്‍ തന്നെ സോറാംതംഗയ്ക്കെതിരെ വ്യക്തമായ ലീഡ് നേടിയിരുന്നു, വോട്ടെടുപ്പില്‍ 2100-ലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയത്. സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ലാല്‍തന്‍സങ്ക, 2008 മുതല്‍ 2013 വരെ എംഎല്‍എ ആയിരുന്ന ലാല്‍തന്‍സങ്ക ഐസ്വാള്‍ മേഖലയില്‍ വലിയ ജനപ്രീതിയുള്ള വ്യക്തിയാണ്. സഖ്യത്തില്‍ ചേരുന്നതിന് മുമ്പ്, ലാല്‍തന്‍സങ്ക മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ അംഗമായിരുന്നു. എംപിസിയുടെ വൈസ് പ്രസിഡന്റിന്റെ ചുമതലയിരുന്നു പാര്‍ട്ടിയില്‍ അദ്ദേഹം വഹിച്ചിരുന്നത്. എംപിസിയെ സോറാം പീപ്പിള്‍സ് മൂവ്മെന്റില്‍ ലയിപ്പിക്കണമെന്ന് ലാല്‍തന്‍സങ്ക ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്ന ലാല്‍മംഗൈഹ സൈല ലാല്‍തന്‍സങ്ക മുന്നോട്ടുവച്ച ലയനത്തെ എതിര്‍ത്തിരുന്നു, കാരണം പാര്‍ട്ടി രൂപീകരിച്ചത് ലാല്‍മംഗൈഹയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ തേന്‍ഫുംഗ സൈലോയായിരുന്നു. ഈ അഭിപ്രയ ഭിന്നതകളോടെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു, അധികം വൈകാതെ സോറം പീപ്പിള്‍സ് മൂവ്മെന്റിലേക്കെത്തി. കൗതുകമെന്തെന്നാല്‍ 2019 ല്‍ സോറംതങ്ക സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്തു തന്നെയാണ് ലാല്‍തന്‍സങ്ക സെഡ്പിഎംല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ രാജിക്ക് ശേഷം എംപിസി സോറാം പീപ്പിള്‍സ് മൂവ്മെന്റില്‍ ലയച്ചിരുന്നു. ലാല്‍ഡുഹോമയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്ന സോറാം പീപ്പിള്‍സ് മൂവ്മെന്റിനെയും, മുഖ്യ മന്ത്രിയെ തറ പറ്റിച്ച ലാല്‍തന്‍സങ്കയെയും വലിയ പ്രതീക്ഷയോടെയാണ് മിസോറാം ജനതയും രാജ്യവും നോക്കി കാണുന്നത്.

×