March 19, 2025 |

നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ എല്‍ഡിഎഫ് പ്രവേശന ശ്രമം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-117

2005 കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ കെ കരുണാകരന്‍ തൃശ്ശൂരില്‍ തുടക്കം കുറിച്ച പുതിയ രാഷ്ട്രീയപാര്‍ട്ടിയാണ് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്നതിന്റെ ചുരുക്ക പേരായിരുന്നു എന്‍ സി ഐ. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് കരുണാകരനും മകന്‍ മുരളീധരനും കേരള കോണ്‍ഗ്രസ് നേതാവായ ടി എം ജേക്കബും ചേര്‍ന്ന് രൂപംകൊടുത്ത പുതിയ പാര്‍ട്ടി എന്‍ സി ഐ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നു. എല്‍ഡിഎഫ് ശ്രമം പരാജയപ്പെട്ടതിന് ശേഷമാണ് പേരുമാറ്റി ഡി ഐ സി കരുണാകരന്‍ എന്ന പേര് സ്വീകരിച്ചത്. ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് കരുണാകരന്‍ എന്നാണ് അതിന്റെ പൂര്‍ണ രൂപം.

പിണറായി വിജയന്‍ പക്ഷവും വിഎസ് പക്ഷവും തമ്മിലുള്ള വിഭാഗീയത ശക്തമായിരിക്കുന്ന സമയത്തായിരുന്നു കരുണാകരന്റെ ഡി ഐ സി പ്രവേശന ശ്രമം. സി.പി.എം പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കരുണാകരന്റെയും കൂട്ടരുടേയും വരവ് അതിശക്തമായി വിഎസ് അച്യുതാനന്ദന്‍ എതിര്‍ക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് സഖ്യത്തില്‍ അവര്‍ക്ക് ഉള്‍പ്പെടുവാന്‍ സാധിച്ചില്ല. എല്‍ഡിഎഫില്‍ ചേരുവാന്‍ യുഡിഎഫ് വിട്ട ഇവര്‍ പെരുവഴിയിലായി.

തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിഷേധിക്കപ്പെട്ട കരുണാകരനും മകന്‍ മുരളിയും കേരള കോണ്‍ഗ്രസ് നേതാവായ ടീം ജേക്കബ് എന്നിവര്‍ എകെജി സെന്ററിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ വിലപിക്കുന്ന ഒരു കാര്‍ട്ടൂണ്‍ മാധ്യമം ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് വേണു വരയ്ക്കുകയുണ്ടായി. ടി.എം. ജേക്കബ് പറയുകയാണ് കാലമാടന്മാരെ നിന്റെയൊക്കെ തലയില്‍… അതേസമയം കെ മുരളീധരന്‍ പറയുന്നു എന്റെ പെങ്ങള്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാതെയാണ് ഞാന്‍ എല്ലാം നിക്ഷേപിച്ചത് എന്ന്. അടിയന്തിരാവസ്ഥ കാലത്തെ രാജന്‍ സംഭവം വളരെ പ്രശസ്തമാണല്ലോ… അന്ന് രാജന്റെ പിതാവ് ഈച്ചരവാരിയര്‍ പറഞ്ഞ ഒരു വാക്ക് ഏറെ പ്രശസ്തമായിരുന്നു. ഇനി ഒരച്ഛനും ഈ ഗതി വരുത്തരുതേ… എന്ന്. ഇതേ വാചകം തന്നെയാണ് കാര്‍ട്ടൂണില്‍ കെ കരുണാകരന്‍ പറയുന്നത് എന്റെ ദൈവമേ ഇനി ഒരച്ഛനും ഈ ഗതി വരുത്തരുത്… മൂന്നുപേരും ഇങ്ങനെ അലമുറയിട്ട് കരഞ്ഞു പറയുന്നത് എകെജി സെന്ററിന് മുന്നിലാണ് എന്നുള്ളത് കാര്‍ട്ടൂണിലെ ഹാസ്യം ശക്തമാക്കുന്ന ഒരു ബോര്‍ഡ് കാര്‍ട്ടൂണില്‍ കാണാം. പിണറായി കുറീസ് വേഴ്‌സസ് അച്യുതാനന്ദന്‍ ചിട്ടി ഫണ്ട്. കേരള രാഷ്ട്രീയത്തില്‍ മറക്കുവാന്‍ പറ്റാത്ത ഒരു അദ്ധ്യായമാണ് ഈ കാര്‍ട്ടൂണിലൂടെ വിളിച്ചു പറയുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട് : മാധ്യമം

×