December 13, 2024 |
Share on

ജാതിവിവേചനത്തിന് ഇരയായി സര്‍വകലാശാലയില്‍ നിന്നു പുറത്തായ ദളിത് അധ്യാപികയുടെ ‘ പകോഡ’ സമരം

കേസ് എടുത്ത് പൊലീസ്

ഡൽഹി സർവകലാശാലയിലെ ദോലത് റാം കോളേജ് അസിസ്റ്റന്റ്‌ പ്രൊഫസർ ആയിരുന്ന പഞ്ചാബിലെ തരൻ സ്വദേശി ഡോ. ഋതു സിംഗ് 183 ദിവസത്തോളമായി ഡൽഹി സർവകലാശാല ആർട് വിഭാ​ഗത്തിന് മുന്നിൽ സമരത്തിലാണ്.  ദോലത് റാം കോളേജിൽ നിന്നും പി.എച്ച്.ഡി നേടിയ ദലിത് സമു​ദായത്തിൽ നിന്നുള്ള ഋതു സിംഗ് തുടർന്ന് ആ കോളേജിൽ തന്നെ സൈക്കോളജി വിഭാഗത്തിൽ അഡ്ഹോക് പ്രൊഫസറായി 2019 ആഗസ്റ്റിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. അവരുടെ ജാതിവിരുദ്ധ പ്രവർത്തനങ്ങൾ സർവകലാശാലയിൽ പ്രസിദ്ധമായിരുന്നു. എന്നാൽ കോവിഡിന് ശേഷം 2020 ആഗസ്റ്റ് 20ന് കോളേജിൽ തിരികെ എത്തിയ ഋതുവിന് ജോയിനിം​ഗ് ലെറ്റർ നൽകാൻ പ്രിൻസിപ്പൽ തയ്യാറായില്ല.

ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ ജാതി വിവേചനത്തിന്റെ പേരിൽ നടന്ന നിയമവിരുദ്ധമായ പിരിച്ചുവിടലിനെതിരെ അവർ പ്രതിഷേധിച്ചു. ഡൽഹി സർവകലാശാലക്കു പുറത്തു ഭക്ഷണത്തിന്റെ സ്റ്റാൾ സ്ഥാപിച്ചാണ് ഋതു പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. “എനിക്ക് ജോലിയില്ല, അതിനാൽ എനിക്ക് ബിരുദം നൽകിയ അതേ സർവകലാശാലയിൽ നിന്നും തന്നെ വരുമാനമുണ്ടാക്കാനായി ഞാൻ പകോഡ വിൽക്കാൻ തെരുവിലിറങ്ങി. ജോലിയിൽ നിന്ന് അകാരണമായി പിരിച്ചുവിട്ടതിന് ശേഷം ഞാൻ ഇവിടെയാണ്,” അവർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിലവിൽ ഋതു സിംഗിനെതിരെ ഐപിസി സെക്ഷൻ 283 പൊതുവഴി തടസ്സപ്പെടുത്തൽ പ്രകാരം പകോഡ സ്റ്റാൾ സ്ഥാപിച്ചതിന് കേസെടുത്തിരിക്കുകയാണ്.

“എനിക്കെതിരെ നടന്ന അനീതിയിലുള്ള പ്രതിഷേധത്തെ നിശബ്ദമാക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ‘പിഎച്ച്‌ഡി പകോഡ വാലി’ എന്ന എൻ്റെ വണ്ടിയും എൻ്റെ പ്രതിഷേധത്തിൻ്റെ ഭാഗമാണ്. ആർട്‌സ് ഫാക്കൽറ്റിയുടെ നാലാം നമ്പർ ഗേറ്റിൽ ആർക്കും ഒരു അസൗകര്യവും ഉണ്ടാക്കാതെ ഞായറാഴ്ചയാണ് ഞാൻ ഈ കച്ചവടം തുടങ്ങിയത്. ഞാൻ നേരത്തെ സമരം നടത്തിയിരുന്നു. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് പോലീസ് സ്ഥലം സന്ദർശിച്ചു, വണ്ടിയുടെ ലൈസൻസ് ചോദിച്ച്, പരിസരത്ത് നിന്ന് പോകണമെന്നും എന്നെ ഭീഷണിപ്പെടുത്തി. മാന്യമായ രീതിയിൽ എനിക്ക് ഒരു നോട്ടീസ് നൽകാമായിരുന്നു, എന്നാൽ ഇതിന് എനിക്കെതിരെ കേസ് എടുക്കേണ്ടതിന്റെ ആവശ്യമെന്താണ്? ഋതു ചോദിക്കുന്നു.

പൊതുവഴിയിലെ കൈയേറ്റം ആരോപിച്ച് ഋതുവിൻ്റെ വണ്ടി പോലീസ് നീക്കം ചെയ്തു. “പ്രദേശത്തെ പൊതു സഞ്ചാരത്തിന് തടസ്സമായതിനാലാണ് സ്റ്റാൾ നീക്കം ചെയ്തത്,” ഒരു പോലീസ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. ‘ജുംല പകോഡ’, ‘സ്പെഷ്യൽ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് പകോഡ’, ‘ബെറോസ്ഗരി സ്പെഷ്യൽ ചായ’ എന്നിങ്ങനെയുള്ള പ്രതിഷേധ സൂചകങ്ങളായി സിംഗ് തൻ്റെ മെനുവിലെ ഇനങ്ങൾക്ക് പേരിട്ടതായി ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ” ദലിത് അക്കാദമിക് നിന്നുള്ള ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശസ്ത ഡൽഹി സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയതിനുശേഷവും അവർ നേരിടുന്ന തടസ്സങ്ങളും അധ്യാപകരും വിദ്യാർത്ഥികളും മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” അവർ ടൈംസിനോട് പറഞ്ഞു.

2018 ൻ്റെ തുടക്കത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അഭിമുഖത്തിൽ തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിച്ചത് ഇങ്ങനെയാണ് , “ആരെങ്കിലും നിങ്ങളുടെ ഓഫീസിന് മുന്നിൽ ഒരു പക്കോഡ കട തുറന്നാൽ, അത് ജോലിയിൽ കണക്കാക്കില്ലേ? ഒരു വ്യക്തിയുടെ പ്രതിദിന വരുമാനമായ 200 രൂപ ഒരിക്കലും പുസ്തകങ്ങളിലോ അക്കൗണ്ടുകളിലോ വരില്ല. വൻതോതിൽ ആളുകൾ ജോലി ചെയ്യുന്നുണ്ട് എന്നതാണ് സത്യം.” എന്തുകൊണ്ടാണ് മോദിയുടെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതെന്ന് നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

×