ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഗൊണ്ടാല്‍പുര പ്രദേശവാസികള്‍ അദാനി എന്റര്‍പ്രൈസിനെതിരെ പ്രക്ഷോഭമാരംഭിച്ചിട്ട് രണ്ട് വര്‍ഷത്തോളമായി. ആ ആദിവാസി മേഖലയിലെ മനുഷ്യര്‍ എന്തിനാണ് അദാനിക്കെതിരെ സമരം ചെയ്യുന്നത്? എന്താണ് അവരുടെ ആവശ്യം? അദാനി വാച്ച് ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപമാണ് ‘അഴിമുഖം’ പ്രസിദ്ധീകരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്ത് 2020 നവംബറില്‍ അദാനി എന്റര്‍പ്രെസിന് നല്‍കിയ ഗൊണ്ടാല്‍പുര കല്‍ക്കരി ഖനിയില്‍ ഖനനമാരംഭിച്ചാല്‍ ആ ആദിവാസി മേഖലയിലെ അഞ്ഞൂറിലധികം ഹെക്ടര്‍ ഫലഭൂയിഷ്ടമായ ഭൂമിയും 780 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വരുമെന്നും അഞ്ചു ഗ്രാമങ്ങള്‍ ഇല്ലാതാകുമെന്നും പ്രദേശവാസികള്‍ പറയുന്നത്. ഇത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി അവര്‍ സര്‍ക്കാരിന് നല്‍കി. എന്നാല്‍ അദാനി ഗ്രൂപ്പിനെ എതിര്‍ക്കുന്നത് മൂലം പോലീസുകാര്‍ പ്രദേശവാസികള്‍ക്കെതിരെ പലവിധത്തില്‍ കേസുകള്‍ എടുത്തുവെന്നും ആ പ്രദേശത്തെ ജനജീവിതത്തിനാവശ്യമായ സര്‍ക്കാര്‍ സഹായങ്ങള്‍ റദ്ദാക്കിയെന്നും അവര്‍ ആരോപിക്കുന്നു. അദാനി പദ്ധതിയെ എതിര്‍ക്കുന്ന പ്രദേശികവാസികള്‍ ഉല്‍പ്പാദിക്കുന്ന നെല്ല് ഏറ്റെടുക്കേണ്ടതില്ല എന്നാണ് പ്രദേശിക സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ആജ്ഞ. ഇപ്പോഴും പക്ഷേ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.
ജാര്‍ഖണ്ഡ് സ്വദേശികളും ഭക്ഷ്യ സുരക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുമായ ആകാശ് രഞ്ജനും ധീരജ് കുമാറും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് അവര്‍ ഈ മേഖല സന്ദര്‍ശിച്ചത്. 513 ഹെക്ടര്‍ ഭൂമിയാണ് ഈ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുക. ഗൊണ്ടാല്‍പുര, ഗാലി, ബലോദാര്‍, ഹാഹേ, ഫൂലാങ് എന്നീ ഗ്രാമങ്ങള്‍ പൂര്‍ണമായും ഖനനമാരംഭിച്ചാല്‍ ഇല്ലാതാകും. ഇതില്‍ 43.5 ശതമാനവും റയ്യത്ത് ഭൂമിയാണ്. അഥവാ പ്രദേശികവാസികള്‍ക്ക് നിയമപരമായി ഉടമസ്ഥയുള്ള ഭൂമി. 43 ശതമാനത്തോളം വനഭൂമിയാണ്. ബാക്കി ഭൂമി ഗെയ്ര്‍ മജാറുവ അഥവാ ക്ഷേത്രങ്ങള്‍, ശ്മശാനം, പൊതുജലവിതരണ കേന്ദ്രങ്ങള്‍ എന്നിവ അടങ്ങിയ പൊതുഭൂമി. ഖനനമാരംഭിക്കണമെങ്കില്‍ 781 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടതായും വരും.
മൂന്ന് ഗ്രാമങ്ങളില്‍ നിന്ന് മാത്രം ഖനിക്കായി നഷ്ടപ്പെടുന്ന 223 ഹെക്ടര്‍ കൃഷി ഭൂമി ഫലഭൂയിഷ്ടമാണെന്ന് മാത്രമല്ല, ഇവിടെ ഒന്നിലേറെ പൂവ് കൃഷി നടക്കുന്നതുമാണ്. നെല്ല്, ഗോതമ്പ്, കരിമ്പ്, പച്ചക്കറികള്‍, പയറ് വര്‍ഗങ്ങള്‍ എന്നിങ്ങനെ വിവിധ വിളകള്‍ ഇവിടെ കൃഷിചെയ്യുന്നുണ്ട്. കൃഷിക്കെന്ന മട്ടില്‍ ധാരാളം വെള്ളം ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ഇടമാണിത്. കര്‍ഷകരുടെ കണക്ക് പ്രകാരം ആറു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാല്‍ വെള്ളം ലഭിക്കും. ഒരു വര്‍ഷം 5-6 ടണ്‍ അരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഖനനത്തിനായി വനം നശിക്കപ്പെടുന്നതോടെ സ്വഭാവികമായും ഇവിടത്തെ വെള്ളവും ഇല്ലാതാകും.
ഗൊണ്ടാല്‍പുരയിലെ നിര്‍ദ്ദിഷ്ട ഖനി കുന്നുകളാലും വനത്താലും പുഴകളാലും വലയപ്പെട്ടതാണ്. 220 ഹെക്ടര്‍ വനഭൂമിയാണ് ഇല്ലാതാവുക. ഈ വനഭൂമിയില്‍ നിന്ന് ഉത്ഭവിക്കുന്ന ഒട്ടേറെ നദികളുണ്ട്. ബലോദാര്‍ ഗ്രാമത്തിനടുത്ത് നിന്നാണ് ഗോബര്‍ദാഹ, ഗുഡ്ലാഗാവ നദികള്‍ ഉത്ഭവിക്കുന്നത്. ഗാലി ഗ്രാമത്തില്‍ നിന്ന് കാരിരേഖ നദിയും ഹാഹേ ഗ്രാമപ്രദേശത്ത് നിന്ന് ഗാടികോച്ച നദിയും ഉത്ഭവിക്കപ്പെടുന്നു. ഈ നാലു നദികളും ചേര്‍ന്നാണ് ധോല്‍കാട്വ നദി രൂപപ്പെടുന്നത്. ഇത് തന്നെയാണ് ബാദ്മഹി നദിയെന്ന് അറിയപ്പെടുന്നത്. വിശ്രംപൂരില്‍ ഇത് ദാമോദര്‍ നദിയോട് കൂടിച്ചേരുന്നു. അഥവാ ഗൊണ്ടാല്‍പുര ഖനനം ഈ നദികളുടെ എല്ലാം ഉത്ഭവ പ്രദേശത്തെ ഒഴുക്കിനെ തന്നെ ഇല്ലാതാക്കും. ഇത് നദികളുടെ നിലനില്‍പ്പിന് തന്നെ ദോഷകരമായി ഭവിച്ചേക്കാം. നദികളിലെ ജല മേഖലയേയും നദികളുടെ കരയേയും ഒരേപോലെ ബാധിക്കുന്ന തരത്തിലാണ് ഈ ഖനനത്തിന് ഭൂമി നല്‍കിയിരിക്കുന്നത്.
ആന, കാട്ടുപോത്ത്, കരടി, മയില്‍ എന്നിങ്ങനെ പല വന്യജീവികളുടെയും താവളമായ ഈ പ്രദേശം ആനത്താരയും ഉള്‍പ്പെടുന്നതാണ്. നിലവില്‍ മനുഷ്യരും വന്യജീവികളും തമ്മില്‍ പ്രത്യേക സംഘര്‍ഷങ്ങളൊന്നുമില്ലാത്ത ഈ മേഖലയില്‍ ഖനനം കൊണ്ടുണ്ടാകുന്ന വനത്തിന്റെ നാശം അപകടകരമായ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലേയ്ക്ക് വഴി തെളിക്കും.
ഫോട്ടോ കടപ്പാട്: adaniwatch.org
ഈ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കേണ്ടി വരുന്ന മുഴുവന്‍ കുടുംബങ്ങളും കൃഷി ആശ്രയിച്ച് ജീവിക്കുന്നവരാണ്. മികച്ച വിള ലഭിക്കുന്നത് കൊണ്ട് തന്നെ നെല്ല് വില്‍ക്കാന്‍ ഏതാണ്ട് എല്ലാ കുടുംബങ്ങള്‍ക്കും കഴിയും. നെല്ല് കഴിഞ്ഞാല്‍ കരിമ്പാണ് പ്രധാന വിള. കരിമ്പില്‍ നിന്ന് ഉണ്ടാകുന്ന ശര്‍ക്കരയും പ്രധാന വരുമാന മാര്‍ഗ്ഗമാണ്. വനവും ഈ മേഖലയിലുള്ള ആദിവാസികള്‍ക്ക് വരുമാനമാര്‍ഗ്ഗമാണ്. മഹുവ, കേണ്ടു, തേക്ക് ഇലകളെല്ലാം ശേഖരിച്ച് വില്‍ക്കുക ഇവരുടെ തൊഴിലിന്റെ ഭാഗമാണ്. ചാരായം വാറ്റുന്നതിന് ഉപയോഗിക്കുന്ന മഹുവ ഇലകള്‍ ഒരോ വര്‍ഷവും ഒന്ന്-ഒന്നര ടണ്‍ വീതമാണ് ഒരോ കുടുംബവും വില്‍ക്കുക. ഈ പ്രദേശത്താകട്ടെ ജോലിക്ക് ക്ഷാമമൊന്നുമില്ല. ഏഴ് ഇഷ്ടികച്ചൂളകള്‍ സമീപത്തുണ്ട്. പ്രദേശിക ജനവിഭാഗങ്ങള്‍ക്ക് മാത്രമല്ല, പുറത്ത് നിന്നുള്ളവര്‍ വരെ ഇവിടെ ജോലിയെടുക്കുന്നുണ്ട്.
ഈ സാഹചര്യങ്ങളിലാണ് ഗ്രാമീണര്‍ പദ്ധതിയെ എതിര്‍ക്കുന്നത്. അദാനി എന്റര്‍പ്രൈസും ജില്ല ഭരണകൂടവും ഗ്രാമസഭകള്‍ വിളിച്ച് കൂട്ടി കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പുള്ള സാമൂഹിക കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഗ്രാമവാസികള്‍ ഈ യോഗങ്ങള്‍ റദ്ദു ചെയ്യിക്കുകയാണ് പതിവ്. ഒരു സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഈ മേഖലയില്‍ ഖനനം മൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് 2021 സെപ്തംബര്‍ മുതല്‍ 2022 ജനവരി വരെ പഠനം നടത്തി. 2022 ഒക്ടോബര്‍ ഒന്നിന് സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് ഗ്രാമസഭ യോഗത്തില്‍ വയ്ക്കുന്നതിന് ജില്ലാ ഭരണ കൂടം വിജ്ഞാപനം ഇറക്കി. ഒക്ടോബര്‍ രണ്ടിന് ഗൊണ്ടാല്‍പുര പഞ്ചായത്ത് അധ്യക്ഷന്റെ നേതൃത്വത്തില്‍ പദ്ധതി മൂലം ഇല്ലാതാകുന്ന അഞ്ച് പഞ്ചായത്തുകളിലെ ഗ്രാമീണരുടെ സംയുക്ത യോഗം വിളിച്ച് ഒരു സാഹചര്യത്തിലും അദാനി എന്റര്‍പ്രൈസിന് ഭൂമിവിട്ടുനല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചു. ഈ തീരുമാനം രേഖാമൂലം ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കുകയും ചെയ്തു.
.
ഇതിനിടെ ഈ സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ടിലെ പല കണ്ടെത്തലുകളും തെറ്റാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം ബഹുവിള കൃഷി ഭൂമികളൊന്നും ഈ പദ്ധതിക്കായി ഏറ്റെടുക്കുന്നില്ല. ഇത് തന്നെ പച്ചക്കള്ളമാണ്. വര്‍ഷം മുഴുവന്‍ പല പൂവ് കൃഷി നടക്കുന്ന, ഒന്നിലേറെ വിളകള്‍ കൃഷി ചെയ്യുന്ന ഭൂമിയാണ് ഖനനത്തിനായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക കുറവായത് കൊണ്ടാണ് ഗ്രാമവാസികള്‍ സമരം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടുപിടുത്തം. എന്നാല്‍ എത്ര തുക നല്‍കിയാലും ഭൂമി വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം ഗ്രാമീണരും. കൃഷി ഭൂമിയില്‍ നിന്ന് വരുമാനം കുറവായത് കൊണ്ട് ഈ ഗ്രാമവാസികളുടെ ജീവിതം ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ട് പറയുമ്പോള്‍ മികച്ച വിളയും വരുമാനം ലഭിക്കുന്നത് കൊണ്ട് നന്നായി ജീവിക്കുന്നവരാണ് തങ്ങളെന്ന് ഗ്രാമീണര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരോ ഹെക്ടറിലും അഞ്ച് ടണ്ണിലേറെ നെല്ല്, വര്‍ഷന്തോറും ലഭിക്കുന്നുണ്ട്. അതുകൂടാതെ പച്ചക്കറിയും ശര്‍ക്കരയും വില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനവും അവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നു. ഗ്രാമീണരുടെ ആരോഗ്യാവസ്ഥ മോശമാണെന്ന് ചിത്രീകരിക്കാനും ഈ റിപ്പോര്‍ട്ടില്‍ ശ്രമമുണ്ട്. മലമ്പനി, കടുത്ത വയറിളക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവ ഈ പ്രദേശത്ത് സര്‍വ്വസാധാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അത്തരം ഗൗരവമേറിയ യാതൊരു അസുഖങ്ങളും ഈ പ്രദേശത്ത് നിലനില്‍ക്കുന്നില്ല.
ജില്ലാ ഡെപ്യൂട്ടി കമ്മീഷണറും സര്‍ക്കാരിന്റെ സമൂഹ്യസഹായ ഏജന്‍സിയും അദാനി കമ്പനിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഗ്രാമീണര്‍ പരാതിപ്പെടുന്നു. അദാനി കമ്പനിക്ക് വേണ്ടി നിലകൊള്ളാന്‍ ജില്ലാ കമ്മീഷണറുടെ അടുത്ത് നിന്ന് നിരന്തരം സമ്മര്‍ദ്ദമാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ വരെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗ്രാമ വാസികള്‍ക്ക് പലിശ കുറഞ്ഞ വായ്പകള്‍ നല്‍കാനും സ്വയം സഹായ സംഘങ്ങള്‍ക്ക് വേണ്ട സൗകര്യം നല്‍കാനുമെല്ലാമായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള പൊതു മേഖല ഏജന്‍സിയായ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ലൈവ്ലിഹുഡ് പ്രൊമോഷന്‍ സൊസൈറ്റി അഥവാ ജെ.എസ്.എല്‍.പി.എസ് പൂര്‍ണമായും ഈ കല്‍ക്കരി പദ്ധതിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊള്ളുതെന്നും ഗ്രാമീണര്‍ക്ക് പരാതിയുണ്ട്. പദ്ധതിയെ എതിര്‍ക്കുന്നവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടുക, ഖനന പദ്ധതിയെ പിന്തുണച്ചില്ലെങ്കില്‍ വായ്പകളും സഹായങ്ങളും നല്‍കാതിരിക്കുക തുടങ്ങി പലതും ചെയ്ത ജെ.എസ്.എല്‍.പി.എസ് ഇപ്പോള്‍ ഗൊണ്ടാല്‍പുര മേഖലയില്‍ പ്രവര്‍ത്തനം ഏതാണ്ട് നിര്‍ത്തിയ മട്ടാണ്.
ഫോട്ടോ കടപ്പാട്: adaniwatch.org
ഈ മേഖലയിലെ കര്‍ഷകരുടെ നെല്ല് വാങ്ങിയിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ കോര്‍പറേറ്റ് സൊസൈറ്റി ഇപ്പോള്‍ ഗൊണ്ടാല്‍പുര മേഖലയില്‍ നിന്ന് നെല്ല് ശേഖരിക്കുന്നില്ല. കടുത്ത വേനലില്‍ ജലക്ഷാമം ഉണ്ടായിരുന്നിട്ടും നല്ല വിള ലഭിച്ച വര്‍ഷമാണ്. ഗ്രാമവാസികള്‍ അദാനി പദ്ധതിയെ എതിര്‍ക്കുന്നത് കൊണ്ട് ജില്ലാ കമ്മീഷണര്‍ അവിടെ നിന്ന് നെല്ല് ശേഖരിക്കേണ്ട എന്ന് ഉത്തരവിട്ടിട്ടുണ്ട് എന്നാണ് ആരോപണം. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ തുകയ്ക്ക് ഇടനിലക്കാര്‍ക്ക് നെല്ല് വില്‍ക്കേണ്ട അവസ്ഥയിലേയ്ക്ക് ഇത്തവണ ഗ്രാമീണരെത്തി. ഈ ഗ്രാമങ്ങളിലുടനീളം അദാനി കമ്പനി ഉദ്യോഗസ്ഥരോ പ്രതിനിധികളോ ഇവിടെ പ്രവേശിക്കരുത് എന്ന് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും ഡി.ഐ.ജിക്കും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗ്രാമീണര്‍ കത്തുമയച്ചിട്ടുണ്ട്.
ഖനന പദ്ധതിയെ എതിര്‍ത്തതിന്റെ പേരില്‍ മാത്രം 120 പേര്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന വകുപ്പില്‍ കേസെടുത്തിട്ടുണ്ട്. പലര്‍ക്കുമെതിരെ നിശ്ചിത പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കുന്ന നോട്ടീസുകളും നല്‍കി. 2023 ഏപ്രില്‍ 13 മുതല്‍ ഗ്രാമവാസികള്‍ ഖനന പദ്ധതിക്കെതിരെ ഗ്രാമത്തിന് പുറത്ത് അനശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. പദ്ധതി ഉപേക്ഷിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഭൂമിക്ക് പകരം നഷ്ടപരിഹാരവും ജോലിയും ആവശ്യമില്ല എന്നതാണ് ഇവരുടെ നിലപാട്.