June 26, 2026 |
Share on

അടൂര്‍ പറഞ്ഞ ‘വൃത്തികെട്ട സമരം’ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരുത്തിയ മാറ്റങ്ങള്‍

അടിമപ്പണിയെയും ജാതീയതയെയും ചോദ്യം ചെയ്ത സമരമാണ് അടൂരിന്റെ ഭാഷയിലെ വൃത്തികെട്ട സമരം

സിനിമ കോണ്‍ക്ലേവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുതിര്‍ന്ന ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ദലിത്-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. സമൂഹത്തിലെയും സിനിമ ലോകത്തെയും വിവിധ വ്യക്തികള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഈ പ്രസ്താവനകളെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തുകയുണ്ടായി. അതേസമയം രാജ്യത്ത് ഒന്നാമതെത്തുമായിരുന്ന കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിനെ വൃത്തികെട്ട സമരം തകര്‍ത്തുവെന്ന അടൂരിന്റെ പരാമര്‍ശവും ചര്‍ച്ചയാകുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനും അധിക്ഷേപങ്ങള്‍ക്കും സംവരണം ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ ലംഘിക്കുന്നതിനുമെതിരെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയപ്പോള്‍ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഡയറക്ടര്‍ ശങ്കര്‍ മോഹനും ആയിരുന്നു.

സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഡയറക്ടര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ദിവസ വേതനക്കാരായ സ്ത്രീകള്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് ആരോപണമാണ് അന്ന് അടൂര്‍ ഉന്നയിച്ചത്. അതേസമയം വിജയിച്ച ആ സമരം ഒരു ആവശ്യമായിരുന്നെന്നും സമരത്തിലൂടെ അടൂരിനെയും ശങ്കര്‍ മോഹനെയും പുറത്താക്കിയതിന് ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് വളര്‍ച്ചയുടെ പാതയിലാണെന്നുമാണ് വിദ്യാര്‍ത്ഥികളും ഇപ്പോഴത്തെ ഡയറക്ടര്‍ ജിജോയ് പി.ആറും. അതോടൊപ്പം പരാതി പറയാന്‍ ചെന്ന തങ്ങളെ കാണാന്‍ പോലും സ്ഥാപന മേധാവിയായിരുന്ന അടൂര്‍ തയ്യാറായില്ലെന്ന് സമരത്തില്‍ പങ്കെടുത്ത ജീവനക്കാരി സൈമി സന്തോഷും സാക്ഷ്യപ്പെടുത്തുന്നു.

വൃത്തികേടുകള്‍ നടന്നിരുന്നു, അടൂരിന്റെ കാലത്ത്‌
സമരമായിരുന്നില്ല അടൂരിന്റെ വാക്കുകളും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഴയകാല പ്രവര്‍ത്തനങ്ങളുമായിരുന്നു വൃത്തികേടെന്ന് സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി കാര്‍ത്തികേയന്‍ എസ്.എ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളിലൊരാളാണ് കാര്‍ത്തികേയന്‍. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടറും കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേട്ടങ്ങള്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചലച്ചിത്ര മേളകള്‍ എന്നിവയെല്ലാം അദ്ദേഹം അവിടെ എണ്ണിയെണ്ണി പറഞ്ഞു. അതോടൊപ്പം ഇപ്പോഴും ഇന്‍സ്റ്റിറ്റ്യൂട്ട് നേരിടുന്ന പോരായ്മകളും അദ്ദേഹം വിശദീകരിച്ചു. അതിന്റെ ചുവട് പിടിച്ചാണ് തങ്ങള്‍ അവിടെ നിന്നും പോയതിന് ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഒട്ടും മെച്ചപ്പെട്ടില്ല എന്ന രീതിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചതെന്ന് കാര്‍ത്തികേയന്‍ പറയുന്നു.

അടൂരിന്റെ പ്രസ്താവന കേട്ടപ്പോള്‍ തോന്നിയത് അനുകൂലമായ ക്ഷേമ സംവിധാനങ്ങള്‍ക്കും(Affirmative action welfare system) സോഷ്യലിസ്റ്റ് നയങ്ങള്‍ക്കുമെല്ലാം അദ്ദേഹം എതിരാണെന്നാണ്. അടൂര്‍ പറഞ്ഞ വൃത്തികേട് സംഭവിച്ചത് സമരത്തിലല്ല. സ്ഥാപന മേലധികാരിയായിരുന്ന ശങ്കര്‍ മോഹന്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന സ്ത്രീകളെ തന്റെ വീട്ടില്‍ കൊണ്ടുപോയി കക്കൂസ് വരെ കഴുകിച്ചതാണ് വൃത്തികേട്. വണ്ടിക്കാശ് പോലും കൊടുക്കാതെ അവരെ തിരിച്ചയച്ചതാണ് വൃത്തികേട്. അല്ലാതെ അതിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതല്ല വൃത്തികേട്. ഇതിനെതിരെ പരാതി പറഞ്ഞ സ്ത്രീകള്‍ മേക്ക് അപ്പും ഇട്ട്, പുതിയ സാരിയും ഉടുത്ത് കാമറയ്ക്ക് മുന്നില്‍ വന്ന് നിന്ന് ആരോപണം ഉന്നയിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞതാണ് വൃത്തികേട്. അല്ലാതെ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ സമരം ചെയ്ത് വിജയിച്ചതല്ല വൃത്തികേട്. അന്ന് പൊതുസമൂഹം വിദ്യാര്‍ത്ഥികള്‍ക്കും ആ തൊഴിലാളി സ്ത്രീകള്‍ക്കും ഒപ്പമാണ് നിന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്ന് ഞങ്ങള്‍ സംസാരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും അന്നും ഇന്നും യാതൊരു ധാരണയുമില്ലാതെയാണ് മുന്‍ ചെയര്‍മാന്‍ കൂടിയായ അടൂര്‍ പ്രസ്താവനകളിറക്കുന്നത്. അവിടെയൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നുന്നത് പോലെ സംസാരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇപ്പോഴാണ് ആ കോളേജ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

സമരത്തിന് ശേഷം വളരെ നല്ല രീതിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങള്‍ ഇല്ലെന്നല്ല, എന്നാല്‍ അവിടുത്തെ അഡ്മിനിസ്ട്രേഷന്‍ നല്ല രീതിയില്‍ സര്‍ക്കാരിനെ വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ട്. സമരവുമായി ബന്ധപ്പെട്ട് നിന്ന ദിവസവേതനക്കാരായ സ്ത്രീകളില്‍ പലരും ഇപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ടെന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കി.

അടൂര്‍ അറിയണം, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ നേട്ടങ്ങള്‍
താന്‍ മനസ്സിലാക്കിയിടത്തോളം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് ജാതീയതയ്ക്കെതിരായ സമരം ആയിരുന്നുവെന്ന് ഇപ്പോഴത്തെ ഡയറക്ടര്‍ ജിജോയ് പി.ആര്‍ പറഞ്ഞു. അത്തരമൊരു സമരം നടക്കുന്നത് തന്റെ കുടുംബത്തിലാണെങ്കില്‍ പോലും അത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ ജാതി വിവേചനം ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കിയതും. അത് സത്യമാണെന്ന് ഇപ്പോഴത്തെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാലും മനസ്സിലാകും. ജാതിയതയുണ്ടെങ്കില്‍ അത് തുടച്ചുനീക്കപ്പെടുക തന്നെ വേണം. അതില്‍ അപ്പുറവും ഇപ്പുറവും ആര് നില്‍ക്കുന്നുവെന്നത് ഒരു വിഷയമല്ല. അതുകൊണ്ട് തന്നെ ജാതിയതയ്ക്കെതിരായ സമരത്തെ വൃത്തികെട്ട സമരം എന്ന് വിശേഷിപ്പിക്കുന്നതിനോട് യോജിക്കാനാകില്ല.

ഇനി ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ന്നുവെന്ന ആരോപണത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 2014ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് ഒരു ബാച്ചില്‍ ആകെയുള്ള അറുപത് സീറ്റുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയത്. അതുവരെയും ശരാശരി നാല്‍പ്പത് സീറ്റുകളൊക്കെയാണ് നികത്തിയിരുന്നതെന്ന് കോളേജില്‍ വന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ അത്രയും നികുതി പണം പാഴായി പോകുകയാണ് ചെയ്യുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളിലും കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും പരീക്ഷ നടത്തിയാണ് അഡ്മിഷന്‍ നല്‍കിയത്. മുന്‍കാലങ്ങളില്‍ എഴുത്തു പരീക്ഷയില്‍ റിസര്‍വേഷന്‍ പാലിച്ചിരുന്നില്ല. എന്നാല്‍ എഴുത്തുപരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ വര്‍ഷം മുതലാണ്. അറുപത് സീറ്റുകളിലും കുട്ടികളെ എടുത്തുവെന്ന് മാത്രമല്ല, അതില്‍ എട്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇതും ആദ്യമായാണ് സംഭവിച്ചത്. പത്തിലേറെ അന്യസംസ്ഥാന വിദ്യാര്‍ത്ഥികളും ഇത്തവണ ആദ്യമായി അഡ്മിഷന്‍ എടുത്തു. ഇത്രയും കാലത്തിനിടയില്‍ ആദ്യമായി ഈ വര്‍ഷം വിദേശ ചലച്ചിത്ര മേളകളിലേക്ക് ഇവിടെ നിന്നും വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സിനിമകള്‍ അയച്ചു. പ്രാഗില്‍ നടക്കുന്ന ജി.ഹാവ ഫിലിം ഫെസ്റ്റിവലില്‍ ഇവിടെ നിന്നും രണ്ട് കുട്ടികള്‍ പങ്കെടുത്തിരുന്നു. അതില്‍ ഒരു കുട്ടിക്ക് വിദേശത്തേക്ക് പോകാന്‍ ഫെഫ്ക സാമ്പത്തിക സഹായം ചെയ്തിരുന്നു. ആ സിനിമകള്‍ക്ക് അവിടെ അവാര്‍ഡും ലഭിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്ര മേളകളില്‍ ഒന്നായ ജര്‍മ്മനിയിലെ ഒബര്‍ഹോസന്‍ ഫിലിം ഫെസ്റ്റിവലിലേക്കും ഇവിടെ നിന്നുള്ള രണ്ട് കുട്ടികള്‍ക്ക് ക്ഷണം ലഭിച്ചു. പ്രമുഖ ക്യാമറ നിര്‍മ്മാതാക്കളായ സോണി ലോസ്ആഞ്ചല്‍സില്‍ സംഘടിപ്പിച്ച ക്യാമ്പിലേക്ക് ഇവിടെ നിന്നുള്ള ഒരു കുട്ടിക്ക് ക്ഷണം ലഭിച്ചിരുന്നു. ഇസ്രയേലിലേക്കും ഇത്തരത്തില്‍ ഒരു ക്ഷണം ലഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച് പത്ത് വര്‍ഷം പിന്നിട്ട ഇക്കഴിഞ്ഞ വര്‍ഷമാണ് ഇതെല്ലാം സംഭവിച്ചത്. ഇതെല്ലാം സ്ഥാപനത്തിന്റെ വളര്‍ച്ചയല്ലാതെ പിന്നെന്താണ്?

അനുരാഗ് കശ്യപ്, വിശ്വദീപ് ചാറ്റര്‍ജി തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ ചലച്ചിത്ര പ്രവര്‍ത്തകരാണ് കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ അതിഥികളായി വരുന്നത്. തുച്ഛമായ പ്രതിഫലം വാങ്ങി അവരെല്ലാം ഇവിടെ വന്ന് ക്ലാസെടുക്കുന്നത് കേരളത്തോടും ഇവിടുത്തെ രാഷ്ട്രീയ പ്രബുദ്ധതയോടുമുള്ള ഇഷ്ടം കൊണ്ടും തങ്ങളുടെ അറിവ് പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള താല്‍പര്യം കൊണ്ടുമാണ്. സ്ഥാപനത്തില്‍ അധ്യാപകരില്ലെന്ന് അടൂര്‍ പറഞ്ഞതായി കേട്ടു. ആറ് വകുപ്പുകളിലുമായി ഒരു പ്രൊഫസര്‍, ഒരു അസോസിയേറ്റ് പ്രൊഫസര്‍, ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന നിലയില്‍ പതിനെട്ട് അധ്യാപകരെയാണ് ഇവിടെ ആവശ്യം. ഇതില്‍ അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്സില്‍ ഉള്ള ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് ഒഴികെയുള്ള പതിനേഴ് ഒഴിവുകളും നികത്തിയിട്ടുണ്ട്. അധ്യാപകരില്‍ ഭൂരിഭാഗം പേരും ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ളവരാണ്. റാക്ക ദത്ത, സവിത സിംഗ് തുടങ്ങിയ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ ചലച്ചിത്ര പ്രവര്‍ത്തകരാണ് ഇവിടുത്തെ അധ്യാപകര്‍. ഇവിടുത്തെ പതിനേഴ് അധ്യാപകരില്‍ ആരും മോശക്കാരല്ല. അതുകൂടാതെ അന്താരാഷ്ട്ര തലത്തില്‍ ഫിലിം സ്‌കൂളുകളുടെ സംഘടനയായ സൈലക്ട് (CILECT) അംഗത്വം നേടാനും ഇപ്പോള്‍ കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അറുപതോളം രാജ്യങ്ങളില്‍ നിന്നായി 180ലേറെ ഫിലിം സ്‌കൂളുകള്‍ക്ക് അംഗത്വമുള്ള സംഘടനയാണ് ഇത്. ഇന്ത്യയില്‍ നിന്ന് എഫ്.ടി.ഐ.ഐ, എസ്.ആര്‍.എഫ്.ടി.ഐ, വിസ്ലിംഗ് വുഡ്സ് ഇന്റര്‍നാഷണല്‍, അഭിനേത്രി അമലയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ്ണ കോളേജ് ഓഫ് ഫിലിം ആന്‍ഡ് മീഡിയ എന്നീ കോളേജുകളാണ് ഇന്ത്യയില്‍ നിന്ന് അംഗത്വമുള്ള മറ്റ് സ്ഥാപനങ്ങള്‍. ഈ അംഗത്വം വഴി നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് എക്സ്ചേഞ്ച് പ്രോഗ്രാം വഴി വിദേശ കോളേജുകളില്‍ നിന്നും പരിശീലനം നേടാന്‍ സാധിക്കും.

ഇതെല്ലാം അടൂര് പറഞ്ഞ വൃത്തികെട്ട സമരത്തിന്റെ വിജയം തന്നെയാണെന്നാണ് ജിജോയ് ചൂണ്ടിക്കാട്ടുന്നത്. അത്തരം സമരങ്ങളെല്ലാം ഇവിടെ അനിവാര്യമാണ്. ഒരു കലാകാരനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കി കൊടുക്കുകയാണ് ഓരോ അധ്യാപകനും ചെയ്യേണ്ടത്. അധ്യാപകന് പേടിയുണ്ടെങ്കില്‍ അയാള്‍ക്കെങ്ങനെ ധൈര്യശാലികളായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനാകും? തനിക്ക് ശേഷം പ്രളയം എന്ന ചിന്താഗതിയില്‍ നിന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം മോശമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെയിപ്പോള്‍ ജനാധിപത്യമുണ്ട്‌
2016ന് ശേഷം ആദ്യമായി ഈ വര്‍ഷമാണ് തുടര്‍ച്ചയായി അഡ്മിഷന്‍ പ്രക്രിയകള്‍ നടക്കുന്നതെന്ന് സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീദേവന്‍ കെ. പെരുമാള്‍ വ്യക്തമാക്കി. 2014ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചതിന് പിന്നാലെ തൊട്ടടുത്ത വര്‍ഷങ്ങളിലും അഡ്മിഷന്‍ സ്വീകരിച്ചെങ്കിലും കോഴ്സുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 2016ന് ശേഷം തുടര്‍ച്ചയായി അഡ്മിഷന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഞങ്ങളുടെ ബാച്ച് 2022ലാണ് ആരംഭിച്ചത്. അതിന് ശേഷമാണ് സമരം ആരംഭിച്ചത്. പിന്നീട് 2024ലാണ് അഡ്മിഷന്‍ നടന്നത്. ഇടക്കാലങ്ങളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത സാഹചര്യമുണ്ടായിരുന്നെങ്കിലും സര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തി കഴിഞ്ഞ വര്‍ഷം മുതല്‍ അധ്യാപകരില്ലാത്ത പ്രശ്നം ഇവിടെയില്ല. ഇവിടെ ഒരു സൗകര്യങ്ങളും ഇല്ലെന്നാണ് അടൂര്‍ പറഞ്ഞത്. ഒരുപക്ഷെ അദ്ദേഹത്തിന്റെ കാലത്ത് അങ്ങനെയായിരുന്നിരിക്കണം. എന്തായാലും ഇപ്പോള്‍ അങ്ങനെയല്ല. കൂടുതല്‍ അത്യാധുനിക പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. രണ്ട് കോടി രൂപയുടെ പര്‍ച്ചേസ് പ്രൊപ്പോസലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാളും ഇരട്ടി തുക ഇക്കഴിഞ്ഞ ബജറ്റില്‍ കോളേജിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുമുണ്ട്. സമരത്തിന് മുമ്പ് വരെയും ചെയര്‍മാനും ഡയറക്ടറും ചേര്‍ന്ന് തീരുമാനങ്ങളെടുക്കുകയും അത് കോളേജില്‍ അടിച്ചേല്‍പ്പിക്കുകയും ആയിരുന്നു നടന്നു കൊണ്ടിരുന്നത്. യാതൊരു വിധത്തിലുള്ള ജനാധിപത്യ മര്യാദകളും ഇവിടെ പാലിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി കൂടിയാലോചിച്ച് മാത്രമാണ് പുതിയ ഡയറക്ടര്‍ തീരുമാനങ്ങളെടുക്കുന്നത്. അവ നടപ്പാക്കാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ശ്രീദേവന്‍ വ്യക്തമാക്കി. സമരത്തെ വിലകുറച്ച് കാണുന്ന അടൂര്‍ ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള സൗകര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് വഴി തെളിച്ചത് ആ സമരമാണെന്നും ശ്രീദേവ് കൂട്ടിച്ചേര്‍ത്തു.

വൃത്തിയാകാന്‍ കക്കൂസ് കൈയിട്ട് തന്നെ കഴുകണമെന്നാണ് അടൂരും പറഞ്ഞത്‌
തങ്ങള്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനില്‍ നിന്നും നേരിട്ട് അനുഭവിച്ച അടിമത്വത്തെക്കുറിച്ചാണ് സമരം ചെയ്തിരുന്ന കുട്ടികളോട് പറഞ്ഞതെന്ന് സൈമി സന്തോഷ് വ്യക്തമാക്കി. ഞങ്ങള്‍ ഓരോരുത്തരോടും അയാള്‍ സമുദായം ഏതാണെന്ന് ചോദിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദിവസ വേതന ജോലിക്കാരായ ഞങ്ങളോട് ഡയറക്ടറുടെ വീട്ടിലെ ജോലികളും ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കക്കൂസ് കൈയിട്ട് കഴുകിയില്ലെങ്കില്‍ വൃത്തിയാകില്ലെന്ന് പറഞ്ഞ് കൈ കൊണ്ട് കഴുകിച്ചു എന്ന് ഞങ്ങള്‍ പറഞ്ഞത് പൂര്‍ണ്ണമായും സത്യസന്ധമായ കാര്യമാണ്. വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശങ്കര്‍ മോഹന്‍ സാറിനോട് ഞങ്ങള്‍ക്കാര്‍ക്കും വ്യക്തി വൈരാഗ്യമില്ല. മൂന്നാമതൊരാള്‍ പറഞ്ഞ കാര്യങ്ങളല്ല, ഞങ്ങളവിടെ ഉന്നയിച്ചത് ഞാനുള്‍പ്പെടെ അഞ്ച് വനിതാ ജീവനക്കാര്‍ അനുഭവിച്ച കാര്യങ്ങളാണ് അവ. കുട്ടികളുടെ സമരം നടക്കുമ്പോള്‍ അവരോടാണ് ഇക്കാര്യം പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ പ്രശ്നങ്ങളും സമരത്തിന്റെ ഭാഗമായത്. ന്യായം ഞങ്ങളുടെ ഭാഗത്തായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ നീതി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അന്നത്തെ ഡയറക്ടറായിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ പറയുന്നത് ഞങ്ങള്‍ ശങ്കര്‍ മോഹന്‍ സാറിനോട് പണം കടം വാങ്ങിയെന്നും അത് തിരികെ കൊടുക്കാതിരിക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നുമാണ്. അദ്ദേഹത്തിന്റെ ആ പ്രസ്താവനയില്‍ തന്നെ അതിലെ പൊള്ളത്തരം വ്യക്തമാകും. സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാരില്‍ നിന്നോ കുട്ടികളില്‍ നിന്നോ പണം കടം വാങ്ങിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകും. എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മേധാവിയോട് ജീവനക്കാരില്‍ ഏറ്റവും താഴെത്തട്ടിലുള്ള ഞങ്ങള്‍ കടം വാങ്ങിയെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാകും. അതും ഞങ്ങള്‍ അഞ്ച് പേരും ഇതേ ഡയറക്ടറില്‍ നിന്ന് കടം വാങ്ങിയെന്നാണ് ആരോപണം. ഇതില്‍ എത്രമാത്രം വസ്തുതയുണ്ടാകുമെന്ന് ആര്‍ക്കും ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാകുന്ന കാര്യം മാത്രമാണ്.

കഴിഞ്ഞ ദിവസവും അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ അനുഭവിച്ച കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞങ്ങളെ മോശക്കാരികളായി ചിത്രീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കെട്ടിച്ചമച്ച ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഇത്രയും വിദ്യാഭ്യാസവും വിവരവും പ്രശസ്തിയും ഉള്ള ഒരു വ്യക്തി അതിനെ വളച്ചൊടിച്ച് പറഞ്ഞതിനെ ഉള്‍ക്കൊള്ളാന്‍ പോലും ആകുന്നില്ല. സ്ഥാപന മേലധികാരിയോട് പണം കടം മേടിച്ചുവെന്ന് പറയുമ്പോള്‍ ഞങ്ങള്‍ അത്രമാത്രം മോശപ്പെട്ടവരാണെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ക്ലീനിംഗ് ജോലിക്കാര്‍ അല്ലെങ്കില്‍ ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ മറ്റെന്തോ ജോലിക്ക് പോകുന്നവരായാണ് അദ്ദേഹം ധരിച്ച് വച്ചിരിക്കുന്നതെന്ന് തോന്നുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നും ഇവിടെ പഠിക്കുന്ന കുഞ്ഞുങ്ങളോടോ ആ കുഞ്ഞുങ്ങളുടെ ഭാഗത്തുനിന്നും ഞങ്ങളോടോ മോശമായ ഒരു അനുഭവങ്ങളും അങ്ങോടും ഇങ്ങോടും ഉണ്ടായിട്ടില്ല. ഉടുത്ത് ഒരുങ്ങി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നായിരുന്നല്ലോ അദ്ദേഹം പറഞ്ഞത്. നിവര്‍ത്തിയുണ്ടെങ്കിലും അതിലും നല്ല വസ്ത്രം ധരിച്ച്, ഏറ്റവും വൃത്തിയോടെ നടക്കാന്‍ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. നിവര്‍ത്തിയില്ലാത്തതു കൊണ്ടാണ് തുച്ഛമായ ശമ്പളത്തില്‍ ഈ ജോലിക്ക് വരുന്നത് തന്നെ. അദ്ദേഹം കാണുന്ന കണ്ണുകൊണ്ട് അല്ലാതെ തന്നെ ഉടുത്ത് ഒരുങ്ങുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു നാണക്കേടും ഇല്ല. ശുചീകരണ തൊഴിലാളികള്‍ ആയതുകൊണ്ട് ഞങ്ങള്‍ നല്ല വസ്ത്രം ധരിക്കരുതെന്നും ഒരുങ്ങി നടക്കരുതെന്നും ആര്‍ക്കാണ് പറയാനാകുക?

തൊഴിലാളികളോട് എല്ലായ്പ്പോഴും പുച്ഛ ഭാവവത്തോടെയും അവഗണനയോടെയും പെരുമാറുന്ന ആളാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നും സൈമി വ്യക്തമാക്കി. ഡയറക്ടര്‍ക്കെതിരായ ഞങ്ങളുടെ പരാതി അറിയിക്കാന്‍ ഒന്ന് കാണാന്‍ ശ്രമിച്ചിട്ട് അതിന് പോലും അനുവദിക്കാത്ത ആളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. കോളേജില്‍ ഞങ്ങളുടെ പ്രശ്നം കൂടി ഉന്നയിച്ചുകൊണ്ട് ഒരു സമരം നടക്കുമ്പോള്‍ ഏതൊരു വ്യക്തിയും അതിന് തയ്യാറാകേണ്ടതല്ലേ. അവിടുത്തെ ഏറ്റവും താഴേത്തട്ടിലുള്ള തൊഴിലാളികളായ ഞങ്ങളോട് ഇന്നുവരെ ഞങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചിട്ടില്ല. ഇപ്പോഴും സമൂഹത്തില്‍ അടിമപ്പണിയും തോട്ടിപ്പണിയും എല്ലാം ആവശ്യമുണ്ട് എന്ന മനോഭാവത്തിലൂടെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പെരുമാറിയിട്ടുള്ളത്. സമൂഹം മാറിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നാറുണ്ട് ഈ പെരുമാറ്റം കാണുമ്പോള്‍. കക്കൂസ് കൈകൊണ്ട് കഴുകാന്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിലെന്താണ് തെറ്റ് എന്നാണ് അദ്ദേഹം ചോദിച്ചത്. ഞങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍ നിങ്ങള്‍ തോട്ടിപ്പണി ചെയ്യണം എന്നാണ് അദ്ദേഹത്തിന്റെ മനോഭാവമെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാനായത്. ആ മനോഭാവത്തില്‍ യാതൊരു മാറ്റവും വരാത്തതിനാലാണ് ഇപ്പോഴും അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിക്കുന്നതെന്നും സൈമി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ തൊഴില്‍ വിവേചനമോ അവഗണനകളോ ഒന്നും നിലനില്‍ക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. കോളേജില്‍ ഇപ്പോള്‍ എന്ത് പരിപാടി നടന്നാലും ആദ്യം ക്ഷണിക്കുന്നത് തങ്ങളെയാണ്. ചെയ്യുന്നത് ശുചീകരണ തൊഴിലാണെങ്കിലും ആത്മാഭിമാനത്തോടെ അത് ചെയ്യാന്‍ ഇത്തരം മനോഭാവങ്ങളാണ് സഹായിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  Adoor Gopalakrishnan’s criticism, KR Narayanan Film institute representatives responds

Content Summary; Adoor Gopalakrishnan’s criticism, KR Narayanan Film institute representatives responds

അരുൺ ടി വിജയൻ

അരുൺ ടി വിജയൻ

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×