June 04, 2026 |

എഡബ്ലുഎച്ച്ഒ തരാമെന്ന് പറഞ്ഞ തുകയിൽ വീട് കിട്ടാനില്ല

പണം കിട്ടാതെ ആർമി ഫ്ലാറ്റിൽ നിന്ന് മാറാൻ നിർവ്വാഹമില്ലെന്ന്
ചന്ദർകുഞ്ജിലെ വിമുക്തഭടന്മാർ

ബലക്ഷയം സംഭവിച്ച എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നീക്കണമെന്ന് മാർച്ചിലായിരുന്നു കോടതി ഉത്തരവിടുന്നത്. 2025 സെപ്തംബറോടെ ആളുകളെ മാറ്റി താമസിപ്പിക്കാനും ഫ്ലാറ്റ് പൊളിച്ച് നീക്കാനുമായിരുന്നു കോടതി നിർദേശം. ഫ്ലാറ്റ് പൊളിച്ച് നീക്കാനുള്ള വിധി താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ചന്ദർ കുഞ്ജിലെ താമസക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. കോടതി നിർദേശിച്ച വാടക ഇനിയും ലഭിക്കാത്തതിനാൽ എവിടേക്ക് പോകുമെന്ന ആശങ്കയിലാണ് ഇവർ.

ഒഴിയാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിട്ടും ഫ്ലാറ്റിൽ നിന്ന് മാറാത്തത് വാടക നൽകാൻ കാശില്ലെന്ന കാരണം തന്നെ. 50ലധികം കുടുംബങ്ങൾ ഇനിയും മാറാൻ ഉണ്ട്. വാടക ഇനത്തിലുള്ള തുകയുടെ ആദ്യഗഡു കഴിഞ്ഞ 20ന് കൈമാറാമെന്ന വാക്ക് എഡബ്ലിയുഎച്ച്ഒ ഇതുവരെ പാലിച്ചിട്ടില്ല.

അപകടാവസ്ഥയിലുള്ള ഫ്ലാറ്റിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള ഉ്ത്തരവ് ഡെപ്യൂട്ടി കളക്ടറിൽ നിന്ന് ലഭിച്ചു കഴിഞ്ഞു. ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന ചില വ്യവസ്ഥകൾ അം​ഗീകരിക്കാതെ ഫ്ലാറ്റിൽ നിന്ന് താമസം മാറില്ലെന്ന് തീരുമാനത്തിലാണ് 50ഓളം കുടുംബങ്ങളെന്ന് റിട്ടയർ ആർമി ഓഫീസറും ഫ്ലാറ്റിലെ താമസക്കാരിൽ ഒരാളുമായ ജോർജ് ആന്റണി അഴിമുഖത്തോട് പറഞ്ഞു.

വാടക നൽകണമെന്നതാണ് ഇതിൽ പ്രധാന ആവശ്യം. കേസിന്റെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് കളക്ടറിന്റെ ഓഫീസാണ്. 2 9ന് മുമ്പ് വാടക നൽകണമെന്നാണ് കളക്ട‍ർ എഡബ്ലുഎച്ച്ഒയോട് നിർദേശിച്ചിരുന്നത്. എന്നാൽ അക്കാര്യം ഇതുവരെ നടപ്പിലായിട്ടില്ല. ഇത് ഞങ്ങൾ കോടതിയെ അറിയിച്ചിരുന്നു. സെപ്തംബർ 3ന് മുമ്പ് വാടകയായി നൽകാമെന്ന് പറഞ്ഞിരിക്കുന്ന തുക നൽകണമെന്നാണ് കോടതിയുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ എഡബ്ല്യുഎച്ച്ഒ ഓരോ കുടുംബത്തിനും 30,000 മുതൽ 35,000 രൂപ വരെ നൽകാമെന്നാണ് പറ‍ഞ്ഞിരിക്കുന്നത്. ആ തുകയ്ക്ക് വീട് കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കളക്ടർ ആവശ്യപ്പെട്ടത് അനുസരിച്ച് ആളുകളുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ച് നൽകിയിരുന്നു. 6 മാസത്തെ വാടക മുൻകൂർ നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. 31ന് മാറണമെന്നാണ് ഉത്തരവിലെ നിർദേശം. എന്നാൽ 3ന് വാടക ലഭിച്ചതിന് ശേഷം മാത്രമേ ഞങ്ങൾ മാറൂവെന്ന് ജോർജ് ആന്റണി വ്യക്തമാക്കി.

ബലക്ഷയം ബാധിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കി, പുതുക്കി പണിയാൻ ഏകദേശം നാലു വർഷം വേണ്ടി വരുമെന്നാണ് എഡബ്ലുഎച്ച്ഒ പറയുന്നത്. അത് ഞങ്ങളെ സംബന്ധിച്ച് വലിയ ഒരു സമയമാണ്. വിരമിച്ചതിന് ശേഷം നാട്ടിൽ താമസമാക്കണമെന്ന ആ​ഗ്രഹത്തിന് പുറത്താണ് കൊച്ചിയിലെ ഫ്ലാറ്റ് വാങ്ങുന്നത്. ഒരുപാട് ആശങ്കകളിലൂടെയും സംശയങ്ങളിലൂടെയുമാണ് ജീവിതം ഇപ്പോൾ കടന്നു പോകുന്നതെന്ന് ജോർജ് ആന്റണിയുടെ വാക്കുകൾ.

സർവീസിലിരുന്ന കാലത്ത് താമസിച്ചിരുന്ന വീടുകളോട് താത്കാലിക താവളം എന്നതൊഴിച്ചാൽ ഒരു വൈകാരികമായ അടുപ്പം തോന്നിയിരുന്നില്ല. ആ ഒരു ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ഇവരുടെ നഷ്ടങ്ങളുടെ പട്ടിക വലുതാവുകയാണ്.

വാടക വീടുകൾ കണ്ടെത്താനുള്ള ചുമതലയും ഞങ്ങൾക്ക് തന്നെയാണ്. അവർ നൽകാമെന്ന് പറ‍ഞ്ഞ തുകയ്ക്ക് എറണാകുളത്ത് വീടുകൾ ലഭിക്കില്ല. രണ്ട് ടവറുകൾ പൊളിക്കുന്നത് ഒരു അവസരമായി കണ്ട് വീടുകളുടെ വാടകയും വർ​ദ്ധിപ്പിച്ചിട്ടുണ്ട്. സൗകര്യമുള്ള വീടുകൾ കിട്ടുകയെന്നതും ബുദ്ധിമുട്ടാണ്. നമ്മുടെ സംഘടനയാണല്ലോ എന്നോർത്ത് പൂർണ്ണമായി വിശ്വസിച്ചതാണ് ഞങ്ങൾ ആകെ ചെയ്ത തെറ്റ്. ഫ്ലാറ്റ് പൊളിച്ചു നീക്കുന്നത് നവംബറിലാണെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. പൊളിച്ചു നീക്കിയ ഫ്ലാറ്റിന്റെ പുനർ നിർമ്മാണം നടത്തുന്ന കരാറുകാരൻ ആരാണെന്നും ഞങ്ങളെ അറിയിച്ചിട്ടില്ലെന്ന ആശങ്ക.

ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടത് 31ന് ആണെന്ന് ഉറപ്പു പറഞ്ഞിട്ടില്ലായിരുന്നു. നിലവിൽ സർവ്വീസിലിരിക്കുന്ന ഫ്ലാറ്റുടമകളെയാണ് ഇത് കഷ്ടത്തിലാക്കിയത്. അവർക്ക് ലീവ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതൊന്നും ആരും കണക്കിലെടുക്കുന്നില്ല. ഈ തുക ലഭിച്ചിട്ട് വേണം പുതിയ സ്ഥലത്ത് പോയി ഡിപ്പോസിറ്റ് നൽകാൻ. പൈസ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലേ ധൈര്യത്തിൽ ഒരു സ്ഥലത്ത് പോയി വാടകയ്ക്ക് വീടെടുക്കാൻ പറ്റൂ. ഒരു ആയുഷ്കാലത്തെ ശമ്പളം മുഴുവൻ ഇതിലേക്ക് ഞങ്ങൾ ഉപയോ​ഗിച്ചിട്ടുണ്ട്. എഡബ്ലുഎച്ച്ഒയ്ക്ക് എതിരായ കേസിൽ ഒമ്പത് ഹ‍‌‍‍ർജിക്കാരാണുള്ളത്.

സെപ്റ്റംബർ പത്തിന് കോടതി വീണ്ടും ഫ്ലാറ്റ് ഉടമകളുടെ ഹർജി പരിഗണിക്കും. എന്നാൽ, വാടക നൽകണമെന്ന ഉത്തരവിനെതിരെ എഡബ്ലിയുഎച്ച്ഒ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.  തങ്ങൾക്ക് നീതി ലഭിക്കാതെ ഈ കേസിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ഇവരുടെ തീരുമാനം.

content summary: Residents of Chanderkunj Flats, who are former miliary officers, are living in fear of eviction and demolition

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×