ഭവനസഹായവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച അപേക്ഷ നിരസിച്ചതിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ചിലർ ഈ വിഷയത്തെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നും എന്തൊക്കെ സാധിക്കില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ താൻ നൽകാറില്ലെന്നും ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തൻ്റെ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതുകൊണ്ട് തന്നെ അത്തരം അപേക്ഷകളിൽ ഒരാൾക്ക് മാത്രം തീരുമാനമെടുക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് യഥാർത്ഥ നേട്ടങ്ങൾ എത്തിക്കുന്നതിനായി സിസ്റ്റത്തിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനാണ് താൻ എപ്പോഴും ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ഈ വിഷയത്തെ തുടർന്ന് മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് വീട് വെച്ച് നൽകാൻ മുന്നോട്ട് വന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെങ്കിലും താൻ കാരണമാണ് അവർക്ക് ഒരു വീട് ലഭ്യമായത്. കഴിഞ്ഞ 2 വർഷങ്ങളായി ഈ വിഷയം കണ്ടുകൊണ്ടിരുന്ന ആളുകൾ താൻ കാരണമാണെങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ എന്നും അദ്ദേഹം തൻ്റെ പോസ്റ്റിൽ പറയുന്നു.
“ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർത്ഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എൻ്റെ വിശ്വാസം,” എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി തൻ്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
നിവേദനം തടഞ്ഞുള്ള കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റം പ്രയാസമുണ്ടാക്കിയെന്ന് പൊതുമധ്യത്തിൽ അപമാനിതനായ തയ്യാട്ട് കൊച്ചുവേലായുധൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തൃശൂരിലെ പുള്ളിൽ വച്ച് നടന്ന ‘കലുങ്ക് സംവാദം ജനകീയ സദസ്സ്’ എന്ന പരിപാടിയിലാണ് കൊച്ചുവേലായുധൻ അപേക്ഷ നൽകിയത്.
രണ്ടു വർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം തേടിയാണ് എം.പിയുടെ അടുത്ത് അപേക്ഷയുമായി ചെന്നത്. എന്നാൽ ഇതൊന്നും എം.പിയുടെ ജോലിയല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സഹായം നൽകിയില്ലെങ്കിലും മന്ത്രിക്ക് അപേക്ഷയെങ്കിലും വാങ്ങാമായിരുന്നെന്ന് കൊച്ചുവേലായുധൻ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ജനങ്ങളുമായി നേരിട്ട് സംവാദം നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു പരിപാടിയുടെ ഉദ്ദേശം. എന്നാൽ ഈ പരിപാടിയിൽ തന്നെയാണ് നിവേദനവുമായി വന്ന കൊച്ചുവേലായുധനെ നിരസിച്ചു കൊണ്ടുള്ള എം.പിയുടെ പെരുമാറ്റം ഉണ്ടായത്.
content summary: Suresh Gopi Clarifies Stance on Housing Aid Application: ‘Real Solutions Matter, Not Political Games’
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.