താൻ നൽകിയ ഫണ്ട് ചിലവഴിച്ചില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദത്തെ യോഗത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് തൃശൂർ കോർപ്പറേഷൻ രംഗത്ത് വന്നിരിക്കുന്നത്.
ലഭിക്കുന്ന ഫണ്ട് ചിലവഴിക്കാത്ത ഒരു കോർപ്പറേഷനല്ല തൃശൂർ. തരുന്ന ഫണ്ടെല്ലാം ന്യായമായ കാര്യങ്ങൾക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. ഇലക്ഷൻ മുന്നിൽ കണ്ടാണ് ബിജെപി ഇത്തരം വക്രബുദ്ധി പ്രയോഗിക്കുന്നതെന്നാണ് സുരേഷ് ഗോപിയുടെ ആരോപണത്തിനെതിരെ തൃശൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ എം എൽ റോസി പ്രതികരിച്ചത്.
പല പദ്ധതികൾക്കായി അനുവദിച്ച് നൽകിയ കോടികണക്കിന് തുകയാണ് കേന്ദ്രസർക്കാർ തൃശൂർ കോർപ്പറേഷന് നൽകാനുള്ളത്. കേന്ദ്രത്തിന്റ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അവഗണനകളുണ്ടായിട്ടും പദ്ധതികളും പ്രവർത്തനങ്ങളും കൃത്യമായി ചെയ്യുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് തൃശൂർ. ഇനി കൊടിക്കുത്തി മറിഞ്ഞാലും തൃശൂർ കോർപ്പറേഷൻ ബിജെപിയ്ക്ക് കിട്ടില്ല. സുരേഷ് ഗോപിയുടെ വാദം പൊളിയ്ക്കാനുള്ള എല്ലാ തെളിവുകളും കോർപ്പറേഷന്റെ കൈവശമുണ്ടെന്നും എം എൽ റോസി വ്യക്തമാക്കി.
കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് ഭരണാധികാരികൾ തുരങ്കം വച്ചുവെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഖേലോ ഇന്ത്യ പദ്ധതിയിൽ എട്ടുലൈൻ സിന്തറ്റിക് ട്രാക്ക് നിർമാണത്തിന് ഒൻപതരക്കോടി രൂപയും, ഫുട്‌ബോൾ ടർഫിനും അനുബന്ധ സൗകര്യത്തിനും 4.70 കോടി രൂപയും നൽകിയത്.
ഖേലോ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷന് 14 കോടി ഇരുപത് ലക്ഷം രൂപ നൽകാമെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പ്രഖ്യാപനത്തെ കോർപ്പറേഷൻ ഐക്യകണ്ഠേന രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും, അതിന്റെ എസ്റ്റിമേറ്റ് എടുത്ത് നൽകുകയും ചെയ്തതാണെന്ന് തൃശൂർ കോർപ്പറേഷൻ കൗൺസിലർ ജോണി പല്ലൻ അഴിമുഖത്തോട് പറഞ്ഞു.
ഒരു വർഷത്തിന് മുമ്പാണ് ഇത് ചെയ്തത്. എന്നാൽ, ഇതുവരെ ഫണ്ട് നൽകിയിട്ടില്ല. ഈ തരാത്ത ഫണ്ടാണ് ഉപയോഗിക്കുന്നില്ലെന്ന് പറയുന്നത്. സുരേഷ്ഗോപിയുടെ വാദം തെറ്റാണ്. കോർപ്പറേഷന്റെ കീഴീൽ വരുന്ന സ്റ്റേഡിയം നവീകരണം, എട്ട് സിന്തറ്റിക്ക് ട്രാക്ക് അവയുടെ അനുബന്ധമായ അടിസ്ഥാന സൗകര്യങ്ങളെന്നിവയാണ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നത്. തൃശൂരിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന പദ്ധതിയാണിത്. അതുകൊണ്ട് തന്നെയാണ് കക്ഷി രാഷ്ട്രീയം നോക്കാതെ പാർട്ടികൾ സമ്മതം മൂളിയത്. ഫണ്ട് തന്നുവെന്നും വിനിയോഗിച്ചുവെന്നും കള്ളം പറയുന്നത് ഒരു ജനപ്രതിനിധിയ്ക്ക് യോജിച്ച സ്വഭാവമല്ല. സുരേഷ് ഗോപി പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ കോർപ്പറേഷന്റെ കൈവശം രേഖകളുണ്ടെന്ന് ജോണി പല്ലൻ വ്യക്തമാക്കി.
എന്നാൽ കോൺഗ്രസിന്റെയും ഡെപ്യൂട്ടി മേയറിന്റയും ഈ വാദങ്ങളെ തള്ളിക്കളയുകയാണ് ബിജെപി കൗൺസിലർ വിനോദ് പൊള്ളഞ്ചേരി ചെയ്തത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏതൊരു പദ്ധതി പ്രകാരവും അനുവദിച്ച് നൽകിയ ഫണ്ട് നൽകണമെങ്കിൽ അതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയതൊഴികെ ബാക്കി ഒരു നടപടികളും കോർപ്പറേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന് വിനോദ് അഴിമുഖത്തോട് പറഞ്ഞത്.
ഈ അവസരത്തിൽ ഫണ്ട് തൃശൂർ ക്രൈസ്റ്റ് കോളേജിന് കൈമാറുകയാണുണ്ടായത്. അവിടെ നിലവിൽ സിന്തറ്റിക് ട്രാക്കിന്റെ പണി നടന്നുക്കൊണ്ടിരിക്കയാണ്. കായിക വിദ്യാർത്ഥികൾക്ക് വേണ്ടി തൃശൂരിൽ ഇത്ര വലിയ ഒരു സൗകര്യം ഒരുക്കിയിട്ടും, ഇടതുപക്ഷ സംഘടനകളും ജനപ്രതിനിധികളും ഇതിനെ എതിർത്ത് നിൽക്കുകയാണ് ചെയ്തത്. ആ ഘട്ടത്തിൽ വന്ന ഫണ്ട് ഇത്തരത്തിൽ വഴി മാറി പോയപ്പോൾ രണ്ടാമതും കോർപ്പറേഷൻ ഫണ്ടിനായി കേന്ദ്രത്തിനോട് അപേക്ഷിച്ചിരുന്നു. രണ്ടാമത്തെ തവണയും ഫണ്ട് അനുവദിച്ചെങ്കിലും അത് കിട്ടാനുള്ള നടപടിക്രമങ്ങൾ കോർപ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടാവാത്തത് മൂലം ഫണ്ട് ലഭിക്കാത്തതെന്ന് വിനോദ് പറയുന്നു.
കോൺഗ്രസിന്റെയും കമ്യൂണിസ്റ്റിന്റേയും പൊതുശത്രു ബിജെപിയായത് കൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി വന്നിരിക്കുന്നത്. കേരളത്തിന് പുറത്ത് അവർ തമ്മിൽ നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. കേരളത്തിൽ മാത്രം അവർ ശത്രുക്കളെ പോലെ പെരുമാറുകയാണ്. തൃശൂർ കോർപ്പറേഷനിൽ തന്നെ അവരൊരു ധാരണയിലാണ് പ്രവർത്തിക്കുന്നത്. തദ്ദേശ തിരഞ്ഞടുപ്പിന് ഉപയോഗിക്കുന്ന ഒരു ആയുധമായി ഇതിനെ കണ്ടാൽ മതിയെന്ന് വിനോദ് വ്യക്തമാക്കി.
content summary: The Centre owes several crores to the Thrissur Corporation, the BJP stated that funds will not be released until a detailed estimate is prepared and submitted
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.