ഇന്ത്യൻ ഫുട്ബോൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ലയണൽ മെസ്സിയുടെ പര്യടനത്തിനായി കോടികൾ ചെലവാക്കുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യൻ ഫുട്ബോൾ താരം സന്ദേഷ് ജിങ്കൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്.
“ഇന്ത്യൻ ഫുട്ബോൾ സംവിധാനം ഏതാണ്ട് നിലച്ച മട്ടിലാണ്. എന്നാൽ മെസ്സിയുടെ ടൂറിനായി കോടികൾ ചെലവാക്കാൻ ഇവിടെ ആളുകളുണ്ട്. ആർക്കെങ്കിലും ഇന്ത്യൻ ഫുട്ബോളിനെ വളർത്താൻ താൽപ്പര്യമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു,” ജിങ്കൻ കുറിച്ചു.
വിദേശ താരങ്ങളെ കാണാൻ ലക്ഷങ്ങൾ മുടക്കി ടിക്കറ്റെടുക്കുന്നവർ സ്വന്തം രാജ്യത്തെ താരങ്ങളെ പിന്തുണയ്ക്കാൻ മടിക്കുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്ന് ജിങ്കൻ പറഞ്ഞു. ഇന്ത്യക്കാർക്ക് ഫുട്ബോളിനോട് പ്രണയമുണ്ട്, പക്ഷേ അത് വിദേശ ക്ലബ്ബുകളോടും താരങ്ങളോടും മാത്രമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു.
കൊൽക്കത്തയിലും ഡൽഹിയിലും നടന്ന പരിപാടികൾ വെറും ‘സെൽഫി പ്രദർശനങ്ങൾ’ മാത്രമായിരുന്നുവെന്നും, സാധാരണക്കാർക്ക് മെസ്സിയെ ഒന്ന് കാണാൻ പോലും സാധിക്കാത്ത വിധം കയ്യാങ്കളിയാണ് ഉണ്ടായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ഫുട്ബോൾ ഇക്കോസിസ്റ്റം അപകടത്തിലാണ്. ആഭ്യന്തര ഫുട്ബോൾ മത്സരങ്ങൾ പോലും എന്ന് തുടങ്ങുമെന്ന് ഉറപ്പില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ ഇത്തരം ആഘോഷങ്ങൾ കാണുമ്പോൾ സങ്കടം തോന്നുന്നു എന്നും അദ്ദേഹം കുറിച്ചു.

വിവാദമായ ‘ഗോട്ട് ടൂർ’
മെസിയുടെ ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ വൻ തിരക്കും അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. കാത്തിരിപ്പിനൊടുവിൽ മെസിയെ ഒരു നോക്ക് കാണാനെത്തിയ പതിനായിരക്കണക്കിന് ആരാധകർക്ക് അദ്ദേഹത്തെ കാണാനാനായില്ല. ഇതോടെ രോഷാകുലരായ ആരാധകർ വേദിയിലേക്ക് കുപ്പികളും കസേരകളും വലിച്ചെറിയുകയും വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. മെസിയെ കാണാനായി 50,000 ല്‍ അധികം ആളുകളാണ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്.
5,000 മുതൽ 45,000 രൂപ വരെ ടിക്കറ്റിന് ചിലവാക്കിയിട്ട് മെസിയെ കാണാനാകാതെ മടങ്ങേണ്ടി വന്നതോടെ ആരാധകർ രോഷാകുലരാകുകയായിരുന്നു. രാവിലെ 11:15നാണ് മെസി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കെത്തിയത്. എന്നാൽ 10 മിനിറ്റിനുള്ളിൽ മെസി സ്റ്റേഡിയം വിട്ടു. സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലൂടെ നടന്ന് മെസി ആരാധകരെ കാണുമെന്ന് പഞ്ഞിരുന്നെങ്കലും അതൊന്നും ഉണ്ടായില്ല. ഇതിനെത്തുടർന്ന് ടൂർ സംഘാടകൻ ഷതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യൻ ഫുട്ബോൾ പ്രതിസന്ധിയിൽ
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിനോ, ഐ-ലീഗിനോ ഔദ്യോഗിക സംപ്രേക്ഷണ പങ്കാളികൾ പോലുമില്ലാത്ത അവസ്ഥയാണ്. ദേശീയ ടീമിന്റെ മോശം പ്രകടനങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയ ജിങ്കൻ, കൃത്യമായ ഘടനയും സ്ഥിരതയും ഇല്ലാതെ കളിക്കളത്തിൽ മാറ്റമുണ്ടാകില്ലെന്നും ഓർമ്മിപ്പിച്ചു. നമ്മുടെ ഫുട്ബോളിന് നല്ല ദിവസങ്ങൾ തിരികെ വരുമെന്ന പ്രതീക്ഷയോടെയാണ് ജിങ്കൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
content summary: Sandesh Jhingan Slams ‘GOAT Tour’ Extravagance Amid Indian Football Crisis
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.