അനുചര വൃന്ദങ്ങളെ ആഹ്ലാദിപ്പിക്കുന്നതിനായി മാധ്യമങ്ങളോട് ഭീഷണിയും വെല്ലുവിളിയും പരിഹാസവും നടത്തിയിരുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വോട്ട് ചോര്‍ച്ച വിവാദത്തിനിടയിലെ മൗനത്തിലും മാധ്യമങ്ങളെ പരിഹസിക്കാന്‍ മറന്നില്ല. കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പ്രതികരണമുണ്ടോ?, വോട്ട് ചോർച്ചയിൽ പ്രതികരണമുണ്ടോ? തൃശൂരിലെ വോട്ട് ക്രമക്കേടിൽ പ്രതികരണമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ, മാധ്യമങ്ങൾ പലകുറി ആവർത്തിച്ചിട്ടും, തൃശൂരില്‍ നിന്ന് മടങ്ങവേ ‘ഇത്രയും സഹായിച്ചതിന് നന്ദി’ എന്ന പരിഹാസ രൂപേണയുള്ള മറുപടി മാത്രമാണ് സുരേഷ് ഗോപി നല്‍കിയത്.
കേന്ദ്രസഹമന്ത്രിയായി നിയമിതനായത് മുതല്‍ സുരേഷ് ഗോപിയുടെ മാധ്യമങ്ങളോടുള്ള പെരുമാറ്റവും ശരീരഭാഷയും ദാര്‍ഷ്ട്യം കലര്‍ന്നതായിരുന്നു. നടനില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിയപ്പോള്‍ സുരേഷ് ഗോപിയില്‍ ഇല്ലാതെ പോയത് ജനാധിപത്യ ബോധത്തിന്റെ ആഴവും സാമൂഹിക പ്രതിജ്ഞാബദ്ധതയിലധിഷ്ഠിതമായ വിവേകവുമാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) ഉറപ്പ് നല്‍കുന്നത് മാധ്യമസ്വാതന്ത്രമാണ്. എന്നാല്‍, ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടന ഉറപ്പ് നല്‍കുന്ന മാധ്യമങ്ങളുടെ അവകാശം എന്താണെന്ന് തിരിച്ചറിയാതെയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പലപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കുക.
ഇക്കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശില്‍ മലയാളി വൈദികര്‍ക്കെതിരെ നടന്ന ഹിന്ദുത്വ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘മാധ്യമങ്ങള്‍ ആരാണ് ഇവിടെ’ എന്നായിരുന്നു കേന്ദ്രസഹമന്ത്രി ചോദിച്ചത്. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞുനിന്ന സൂപ്പര്‍ ഹീറോയുടെ പരിവേഷം ഒട്ടും ചോരാതെയുള്ള ഭരത്ചന്ദ്രന്‍ ഷോ ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുരേഷ്‌ഗോപി പകര്‍ന്നാടുന്നത്.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും, തൃശൂരിലെ ബിജെപിയുടെ വോട്ട് ചോര്‍ത്തലിനെ കുറിച്ചും വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് സുരേഷ്‌ഗോപി തൃശൂരില്‍ എത്തിയത്. എന്നാല്‍ വിവാദങ്ങളിലൊന്നും പ്രതികരിക്കാതിരുന്ന കേന്ദ്ര സഹമന്ത്രി മാധ്യമങ്ങള്‍ക്ക് നേരെ പരിഹാസത്തിന്റെ ഒളിയമ്പ് എയ്ത് വിടാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
2023-ല്‍ കോഴിക്കോട് വെച്ച് സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചോദ്യം ചോദിക്കാനെത്തിയ വനിതാ റിപ്പോര്‍ട്ടറെ തോളില്‍ പിടിച്ച് മാറ്റിനിര്‍ത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി. സംഭവത്തില്‍ അദ്ദേഹം പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും, മാധ്യമപ്രവര്‍ത്തക നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും സുരേഷ് ഗോപി രോഷാകുലനായി പ്രതികരിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ന്മാര്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ വ്യവസായത്തെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് അന്ന് അദ്ദേഹം ആരോപിച്ചത്.
കൂടാതെ, മാധ്യമപ്രവര്‍ത്തകരോട് ‘നിങ്ങള്‍ കോടതിയാണോ’ എന്നും ‘നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കണം’ എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും കേന്ദ്രമന്ത്രി നടത്തുകയുണ്ടായി.
അസാധാരണമായ പല നടപടികളും സുരേഷ് ഗോപി മാധ്യങ്ങളെ അകറ്റി നിര്‍ത്തുന്നതിനായി കൈക്കൊണ്ടിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു, ഒരു പൊതുപരിപാടിയില്‍ വെച്ച്, സുരേഷ് ഗോപിയുടെ നിര്‍ദ്ദേശപ്രകാരം മാധ്യമപ്രവര്‍ത്തകരെ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയത്. സുരേഷ് ഗോപിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയത്. കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരോട് ഗസ്റ്റ് ഹൗസിന്റെ റിസപ്ഷന്‍ ഏരിയയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ പിന്നീട് അറിയിക്കുകയായിരുന്നു.
അന്നേ ദിവസം, രാവിലെ ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി എത്തിയപ്പോള്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീടാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കണമെന്ന ആവശ്യം മന്ത്രി സ്റ്റാഫ് അംഗങ്ങള്‍ വഴി ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചത്. എറണാകുളത്ത് എത്തുന്ന മന്ത്രിമാര്‍ അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ എടുക്കാറുള്ളത് ടൂറിസം വകുപ്പിന്റെ ഉടമസ്ഥയിലുള്ള ഗസ്റ്റ് ഹൗസില്‍ നിന്നാണ്. എന്നാല്‍, ഈ തരത്തില്‍ മാധ്യമങ്ങളെ പുറത്താക്കുന്ന സംഭവം ആദ്യമായിരുന്നു. പത്രപ്രവര്‍ത്തക യൂണിയനും വിഷയത്തില്‍ ഗസ്റ്റ് ഹൗസ് അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു.
മാധ്യമങ്ങളെ പലപ്പോഴും തനിക്ക് അനുകൂലമായ രീതിയില്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ ആണ് സുരേഷ് ഗോപി ശ്രമിക്കാറുള്ളത്, പൊതുപരിപാടികളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത് ഇതിന് തെളിവാണ്. 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
സുരേഷ് ഗോപിയുടെ വിവാദ വഖഫ് ‘കിരാത’ പരാമര്‍ശത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്സ് റാം മോഹനെ വിളിച്ചുവരുത്തി കാണിച്ചുതരാം എന്ന് ധാര്‍ഷ്ട്യത്തോടെ സംസാരിച്ചുവെന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വഖഫ് വിവാദ പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്.
കേന്ദ്രമന്ത്രി പരിശോധിക്കാം എന്നുപറഞ്ഞതല്ലാതെ ഒന്നും വിശദീകരിക്കാന്‍ തയ്യാറായില്ല. കേന്ദ്ര മന്ത്രിയുമായി സംസാരിക്കവേ, അദ്ദേഹത്തിന്റെ ഗണ്‍മാന്‍ മൊബൈലില്‍ സംഭാഷണം പകര്‍ത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടര്‍ അലക്സ് റാം മോഹന്‍ ആരോപിച്ചു.ഈ വിഷയത്തിലും മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
ഏറ്റവും ഒടുവിലായി ഛത്തീസ്ഗഢിലെ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ മൗനം പാലിച്ചതിനെയും, രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയപ്പോഴുമെല്ലാം അവയോടൊന്നും നേരിട്ട് പ്രതികരിക്കാതെ, ഡല്‍ഹിയില്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് അദ്ദേഹം മറുപടി നല്‍കിയത്.
പ്രശ്‌നങ്ങളെ യുക്തിപരമായോ നയതന്ത്രപരമായോ സമീപിക്കുന്നതിന് പകരം, അദ്ദേഹം പലപ്പോഴും വികാരപരമായ പ്രതികരണങ്ങള്‍ നടത്തി കൊണ്ട് മാധ്യമങ്ങളെ തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഭീഷണിയായി കാണുന്ന ഒരു നിലപാടാണ് സുരേഷ് ഗോപി പുലര്‍ത്തി പോരുന്നത്.
content summary: Union Minister Suresh Gopi’s Arrogant Attitude Towards Media Continues
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.