സ്വയം മഹത്വവത്കരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് അതിന്റെ പേരില്‍ വിവാദങ്ങളും നേരിട്ടിട്ടുണ്ട്. എങ്കിലും ട്രംപ് എപ്പോഴും തന്നെ മഹനായി ചിത്രീകരിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. അതിന്റെ ഏറ്റവും പുതിയ തെളിവാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ക്രിസ്തു രൂപം!
യേശുക്രിസ്തുവിനെ ചിത്രീകരിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ചുവപ്പും വെള്ളയും കലര്‍ന്ന വസ്ത്രമണിഞ്ഞ രീതിയിലുള്ള പ്രസിഡന്റ് ട്രംപിന്റെ ചിത്രമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ചുള്ള തിരുവചനങ്ങളിലെ വിവരണങ്ങള്‍ക്ക് സമാനമായ ഈ ചിത്രത്തില്‍, രോഗിയായ ഒരാളുടെ നെറ്റിയില്‍ ട്രംപ് സ്പര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് ദിവ്യപ്രകാശം പുറപ്പെടുന്നതായും, അരികിലുണ്ടായിരുന്ന ഒരു സ്ത്രീ പ്രാര്‍ത്ഥനാപൂര്‍വ്വം ഇത് നോക്കിനില്‍ക്കുന്നതായും ചിത്രീകരിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഓവല്‍ ഓഫീസില്‍ മക്‌ഡൊണാള്‍ഡ്സ് ഭക്ഷണപ്പൊതികള്‍ സ്വീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ചിത്രത്തിലെ മതപരമായ സൂചനകള്‍ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. തന്റെ ‘ട്രൂത്ത് സോഷ്യല്‍’ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം തന്നെ ഒരു യേശുരൂപമായല്ല, മറിച്ച് ഒരു ഡോക്ടറായാണ് ചിത്രീകരിച്ചതെന്നാണ് താന്‍ കരുതിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് അദ്ദേഹം ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു.
‘ഞാനൊരു ഡോക്ടറാണെന്നാണ് ആ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്,’ വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് ട്രംപ് പറഞ്ഞു. ‘വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയൂ.’
ഇറാനുമായുള്ള യുഎസ് യുദ്ധത്തെ പരസ്യമായി വിമര്‍ശിച്ച അമേരിക്കക്കാരനായ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ഇതേ പ്ലാറ്റ്ഫോമിലൂടെ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഈ എ.ഐ ചിത്രം പങ്കുവെച്ചത്. തന്നെ ഒരു യേശുരൂപമായി ചിത്രീകരിച്ചതില്‍ മതനേതാക്കളും ക്രിസ്ത്യന്‍ അനുഭാവികളും വലിയ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ട്രംപ് ഈ പോസ്റ്റ് പിന്‍വലിച്ചത്. ട്രംപിന്റെ ഭാഗത്തുനിന്നുള്ള അപൂര്‍വ്വമായ ഒരു പിന്‍വാങ്ങലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പിന്നീട് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇതേ വിശദീകരണം ആവര്‍ത്തിച്ചു. ‘വളരെ കഴിവുള്ള ഒരു കലാകാരന്‍’ നിര്‍മ്മിച്ചതാണ് ആ ചിത്രമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘ഞാനൊരു ഡോക്ടറായി കാര്യങ്ങള്‍ പരിഹരിക്കുന്ന രീതിയിലുള്ള ചിത്രമായാണ് ഞാനതിനെ കണ്ടത്. അവിടെ റെഡ് ക്രോസ് ഉണ്ടായിരുന്നു, മെഡിക്കല്‍ സംഘം എനിക്ക് ചുറ്റുമുണ്ടായിരുന്നു. ആളുകളെ സുഖപ്പെടുത്തുന്ന ഒരു ഡോക്ടറായി വെറുതെ ഒന്ന് അഭിനയിക്കുന്നതുപോലെയാണ് എനിക്കത് തോന്നിയത്. മിക്ക ആളുകളും അങ്ങനെയാണ് ചിന്തിച്ചത്,’ അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ പോസ്റ്റിന്റെ കാര്യത്തിലോ, ഇറാന്‍ സംസ്‌കാരം തുടച്ചുനീക്കുമെന്ന് കഴിഞ്ഞ ആഴ്ച നടത്തിയ ഭീഷണിയുടെ കാര്യത്തിലോ അദ്ദേഹം മാപ്പപേക്ഷിക്കാന്‍ തയ്യാറായില്ല. മാര്‍പ്പാപ്പയെ ‘കുറ്റകൃത്യങ്ങളില്‍ മൃദുസമീപനം സ്വീകരിക്കുന്നവന്‍’ എന്ന് അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. മാര്‍പ്പാപ്പയോട് ക്ഷമ ചോദിക്കേണ്ട കാര്യമെന്താണെന്ന ചോദ്യത്തിന്, ‘ഞാന്‍ ലിയോയ്ക്ക് മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. അവിടെ ക്ഷമ ചോദിക്കേണ്ട കാര്യമേയില്ല, അദ്ദേഹം പറഞ്ഞതാണ് തെറ്റ്,’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കന്‍ പ്രസിഡന്റ് പദവിയിലുള്ള ഡൊണാള്‍ഡ് ട്രംപിനെ കൈകാര്യം ചെയ്യാനുള്ള എളുപ്പവഴിയായി കണ്ട് സഭ മനഃപൂര്‍വ്വം തിരഞ്ഞെടുത്ത ആളാണ് ലിയോ മാര്‍പ്പാപ്പയെന്നും ട്രംപ് ആരോപിച്ചു. ഇതിനിടെ, വത്തിക്കാന്‍ ധാര്‍മ്മിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നും അമേരിക്കന്‍ നയതന്ത്ര കാര്യങ്ങള്‍ പ്രസിഡന്റിന് വിട്ടുകൊടുക്കണമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രതികരിച്ചു.
ട്രംപിന്റെ നടപടിക്കെതിരെ കടുത്ത യാഥാസ്ഥിതിക പക്ഷത്തുനിന്നുപോലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ‘ദൈവം പരിഹസിക്കപ്പെടാനുള്ളവനല്ല,’ എന്ന് ആക്ടിവിസ്റ്റ് റൈലി ഗെയിന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഫെബ്രുവരിയില്‍ ബരാക് ഒബാമയെയും മിഷേല്‍ ഒബാമയെയും വാനരന്മാരായി ചിത്രീകരിച്ചുകൊണ്ടുള്ള വംശീയ വീഡിയോ പങ്കുവെച്ചപ്പോഴും ട്രംപ് മാപ്പ് പറയാന്‍ വിസമ്മതിച്ചിരുന്നു. അന്ന് ആ വീഡിയോ മുഴുവനായി കണ്ടിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണശേഷം താന്‍ മാര്‍പ്പാപ്പയായി ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അടുത്ത മാര്‍പ്പാപ്പയാകാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് ട്രംപ് തമാശരൂപേണ പറഞ്ഞിരുന്നു.
Content Summary: US President’s clarification on the controversy regarding the image of him in a Jesus-like white and red robe
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.