June 04, 2026 |
Avatar
അമർനാഥ്‌
Share on

ട്രംപ് അറിയുമോ, നൊബേല്‍ കിട്ടിയാലും വേണ്ടെന്നു പറഞ്ഞ മലയാളി എഴുത്തുകാരനെ?’

നൊബേല്‍ അവാര്‍ഡ് കമ്മറ്റിക്കാര്‍ കറക്കു കമ്പനിയ പോലെയാണെന്ന് ചില തോന്നലുകള്‍ പണ്ടേ ചരിത്രത്തിലുണ്ട്

ഇത് ആദ്യമായിട്ടാണ് നൊബേല്‍ സമ്മാനം കിട്ടിയില്ല എന്നുപറഞ്ഞ് ഒരു അമേരിക്കന്‍ പ്രസിഡന്റും വൈറ്റ് ഹൗസും വിലപിക്കുന്നത്. വന്ന് വന്ന് ടോംസിന്റെ ബോബനും മോളി കാര്‍ട്ടൂണിലെ പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണന്റെ പോലെ പരിഹാസ കഥാപാത്രമായി മാറി ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം. പണ്ട് ലോക പോലീസ് എന്നൊക്കെ വിശേഷിപ്പിച്ച ഗുണ്ടാ തലയെടുപ്പൊന്നും അമേരിക്കക്കും പ്രസിഡന്റിനും ഇപ്പോഴില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ ഫോണ്‍ കോള്‍ വന്നാലൊന്നും ഇപ്പോള്‍ ചില രാജ്യത്തലവന്മാരൊന്നും എടുക്കുക പോലും ചെയ്യുന്നില്ല എന്ന വാര്‍ത്തകള്‍ വരെ പുറത്ത് വരുന്നുണ്ട്.

2025 ജൂണ്‍ 20-ന്, ഇന്ത്യ-പാകിസ്ഥാന്‍ പ്രതിസന്ധി ഘട്ടത്തില്‍ ട്രംപിന്റെ നയതന്ത്ര പങ്കിന് നൊബേല്‍ ശുപാര്‍ശ ചെയ്യുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈയില്‍ നെതന്യാഹു, ഓഗസ്റ്റില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയന്‍, തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള വെടിനിര്‍ത്തലില്‍ ട്രംപിന്റെ ഇടപെടലും പങ്കും ഉദ്ധരിച്ച് കംബോഡിയന്‍ പ്രധാനമന്ത്രി ഹണ്‍ മാനെറ്റ് എന്നിവരും ടിയാന് നൊബേല്‍ അംഗീകാരം കൊടുക്കണം എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അതോടെ നൊബേല്‍ എന്ന വിശിഷ്ട കനി കിട്ടുമെന്ന് സ്വപ്നം കണ്ട് ഉറപ്പിച്ചിരിക്കുന്നോഴാണ് നൊബേല്‍ കമ്മറ്റിക്കാര്‍ സമ്മാനം വെറെയാള്‍ക്ക് മറിച്ച് ഈ കൊലച്ചതി ചെയ്തത്. ദോഷം പറയരുതല്ലോ സമ്മാനം പെണ്ണുങ്ങള് കൊണ്ടോയി.

ട്രംപിന് ആശ്വസിക്കാന്‍ ഒരു കാര്യമുള്ളത്, ഇതു വരെ നാല് യുഎസ് പ്രസിഡന്റുമാര്‍ സമാധാനത്തിന് സമ്മാനം നേടിയിട്ടുണ്ട്: തിയോഡോര്‍ റൂസ്വെല്‍റ്റ്, വുഡ്രോ വില്‍സണ്‍, ജിമ്മി കാര്‍ട്ടര്‍, ബരാക് ഒബാമ. ഇനി ആ മുന്‍ഗാമികളുടെ സമ്മാന ദാനത്തിന്റെ പടം വൈറ്റ് ഹൗസില്‍ തൂക്കിയിട്ട് അതും നോക്കി ആശ്വസിക്കാം. നൊബേല്‍ സമ്മാനം ലോകകപ്പ് പോലെ നാല് വര്‍ഷം കൂടുമ്പോഴല്ലല്ലോ എല്ലാ വര്‍ഷവും ഉണ്ട്, അതിനാല്‍ സമ്മാനം തടയാന്‍ ഇനിയും സമയമുണ്ടല്ലോ എന്നും ആശ്വസിക്കാം. പക്ഷേ അവിടെയാണ് പ്രശ്‌നം. സമ്മാനം കൊടുക്കുന്ന സ്വീഡിഷ് അക്കാദമിക്കാര്‍ പണ്ടേ അത്ര വെടിപ്പുള്ളവരല്ല.

നോബല്‍ പുരസ്‌ക്കാര പതക്കം

നൊബേല്‍ അവാര്‍ഡ് കമ്മറ്റിക്കാര്‍ കറക്കു കമ്പനിയ പോലെയാണെന്ന് ചില തോന്നലുകള്‍ പണ്ടേ ചരിത്രത്തിലുണ്ട്.

ഒരു ശരത് കാലത്ത്, 1901 ലാണ് സാഹിത്യത്തിന് ആദ്യമായി നൊബേല്‍ സമ്മാനം നല്‍കാന്‍ സ്വീഡിഷ് അക്കാദമി തീരുമാനിക്കുന്നത്. ലോകം മുഴുവന്‍ ഉറ്റു നോക്കിയ സംഭവമായിരുന്നു അത്. പ്രത്യേകിച്ചും സാഹിത്യ പുരസ്‌ക്കാരം. എഴുത്തുകാരും വായനക്കാരും സഹൃദയരും ഉത്കണ്ഠാപൂര്‍വ്വം കാത്തിരുന്നു. ആര്‍ക്കാര്‍ക്കായിരിക്കും ആദ്യ പുരസ്‌കാരം?

അന്ന് ഇതിന് സര്‍വ്വഥാ അര്‍ഹരായി അഞ്ചു പേരുണ്ട്. ലിയോ ടോള്‍സ്റ്റോയി, ഹെന്‍ട്രിക്ക് ഇബ്‌സന്‍, എമിലി സോള, ആന്റണ്‍ ചെക്കോവ്, തോമസ് ഹാര്‍ഡി. ഇവരെക്കാള്‍ യോഗ്യത ഉള്ള ആരുമില്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആരും സംശയിക്കും. എന്നാല്‍ സ്വീഡിഷ് അക്കാദമിക്ക് സംശയമേ ഇല്ലായിരുന്നു. സള്ളി പ്രുഥോം എന്ന ഫ്രഞ്ച് കവിയാണ് സമ്മാനത്തിനര്‍ഹന്‍ എന്ന് കമ്മറ്റി എകകണ്ഠമായി തീരുമാനിച്ചു. ആദ്യ സമ്മാനം ഫ്രഞ്ച് കവിക്ക് നല്‍കുകയും ചെയ്തു.

സള്ളി പ്രുഥോം

പോട്ടെ സാരമില്ല, എല്ലാ കൊല്ലവും കൊടുക്കുന്നതല്ലെ ഇനിയും അവര്‍ക്കൊക്കെ കിട്ടാന്‍ സമയമുണ്ടല്ലോ എന്ന് എഴുത്തുകാരും വായനക്കാരും സഹൃദയരും മൊത്തം ലോകവും തെറ്റിദ്ധരിച്ചു. ആദ്യ സമ്മാനം കൊടുത്തു കഴിഞ്ഞ് അഞ്ചു കൊല്ലം ഇബ്‌സന്‍ ജീവിച്ചു. ടോള്‍സ്റ്റോയി അഞ്ചു കൊല്ലം, ചെക്കോവ് മൂന്നു കൊല്ലം, തോമസ് ഹാര്‍ഡി 27 കൊല്ലം എന്നാല്‍ ഇവരെയൊന്നും സ്വീഡിഷ് അക്കാദമി പുരസ്‌കാരത്തിന് മൈന്‍ഡേ ചെയ്തില്ല. അതാണ് ഇവരെ വിശ്വസിക്കരുത് എന്ന് പറയാന്‍ കാരണം.

ഇതൊക്കെ പോട്ടേ. സമാധനത്തിനുള്ള പുരസ്‌കാരം കിട്ടാന്‍ അഞ്ചു തവണയെങ്കിലും അര്‍ഹതയുള്ള ഒരാളേ ചരിത്രത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ളൂ അത് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന് അത് മരണാന്തര ബഹുമതിയായി പോലും നല്‍കാന്‍ തയ്യാറാവാത്തവരാണ് സ്വീഡിഷ് അക്കാദമിക്കാര്‍. ഒരു കാര്യം ഇതിലുള്ളത് , ‘മരണത്തിന്റെ വ്യാപാരി ‘എന്ന് വിശേഷിപ്പിക്കുന്ന ആല്‍ഫ്രഡ് നൊബേലിന്റെ പേരുള്ള പുരസ്‌കാരം ഗാന്ധിക്ക് കിട്ടാത്തത് നന്നായി എന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. (ആല്‍ഫ്രഡ് നൊബേലാണ് സ്‌ഫോടക വസ്തു ‘ഡൈനാമിറ്റ്’ കണ്ട് പിടിച്ചതും വാണിജ്യവല്‍ക്കരിച്ചതും. അതാണ് അദ്ദേഹത്തെ മരണത്തിന്റെ വ്യാപാരി എന്നു വിളിക്കുന്നത്.)

നൊബേല്‍ സമ്മാനം പുല്ലാണെന്നും കിട്ടിയാലും തനിക്ക് വേണ്ടെന്നും ധീരമായി പ്രഖ്യാപിച്ച മലയാളി എഴുത്തുകാരനെ കുറിച്ച് ട്രംപ് അറിയാന്‍ ഇടയില്ല. അറിഞ്ഞാല്‍ കുറച്ച് ആശ്വാസം കിട്ടും. 28 വര്‍ഷം മുന്‍പ് നമ്മുടെ പ്രിയപ്പെട്ട കവിയും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ഇത് പരസ്യമായി പ്രഖ്യാപിച്ചത്. അതും നൊബേല്‍ സമ്മാനം കൊടുക്കുന്ന സ്വീഡനിലെ അക്കാദമി കെട്ടിടത്തില്‍ വെച്ച് കമ്മറ്റി ചെയര്‍മാന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്. 1997 ല്‍ കവി സ്വീഡന്‍ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം. അദ്ദേഹം ആ ചരിത്ര സംഭവം എഴുതുന്നു;

ബാലചന്ദ്രന്‍ ചുള്ളിക്കാട്

1997 ഒക്ടോബര്‍ 12.

”ഈ മുറിയില്‍ ഒരിക്കല്‍ക്കൂടി വരാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.”ചരിത്രപ്രസിദ്ധവും പുരാതനവുമായ സ്വീഡിഷ് അക്കാദമിക്കെട്ടിടത്തിലെ നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്ന മുറിയില്‍ ഇന്ത്യന്‍ എഴുത്തുകാരെ സ്വീകരിച്ച നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷെല്‍ എസ്പ് മര്‍ക്ക് പറഞ്ഞു.

അദ്ദേഹത്തോടൊപ്പം ആ മുറിയില്‍ നിന്ന് വീഞ്ഞു കുടിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു:”സര്‍ ക്ഷമിക്കണം. ഇനി ഒരിക്കലും ഞാന്‍ ഈ മുറിയില്‍ വരില്ല’.
”അതെന്താ?” ഷെല്‍ എസ്പ് മര്‍ക്ക് ചോദിച്ചു.

”എനിക്കൊരിക്കലും നൊബേല്‍ സമ്മാനം കിട്ടില്ല എന്നതുതന്നെ.” ഞാന്‍ ഒരു കവിള്‍ വീഞ്ഞു കുടിച്ചുകൊണ്ടു പറഞ്ഞു.

‘ഭാവിയെക്കുറിച്ച് ദൃഢമായി പ്രവചിക്കാതിരിക്കുകയാണ് നല്ലത് എന്നെനിക്കു തോന്നുന്നു. നിങ്ങള്‍ക്ക് ചെറുപ്പമാണ്. ഒരുപക്ഷേ, ഈ മുറിയില്‍ നൊബേല്‍ സമ്മാനജേതാവായി വന്നുനില്ക്കുമ്പോള്‍ ഈ വാക്കുകളുടെ പേരില്‍ നിങ്ങള്‍ക്ക് പശ്ചാത്തപിക്കേണ്ടിവന്നെന്നുവരാം; അന്ന് ഞാന്‍ ചെയര്‍മാനായി ഉണ്ടാവില്ലെങ്കിലും.” പ്രശസ്ത സ്വീഡിഷ് കവികൂടിയായ ഷെല്‍ എസ്പ്മര്‍ക്ക് പറഞ്ഞു.

”ഇല്ല സര്‍. കിട്ടിയാലും ഞാന്‍ നൊബേല്‍ സമ്മാനം വാങ്ങില്ല.” ഞാന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.

”എന്തുകൊണ്ട്? നിങ്ങള്‍ സാര്‍ത്രിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നുവോ?” തെല്ല് അത്ഭുതത്തോടെ ഷെല്‍ എസ്പര്‍ക്ക് ചോദിച്ചു.

”ഒരിക്കലുമില്ല. ടോള്‍സ്റ്റോയി എന്ന മഹാപ്രതിഭയ്ക്ക് നല്‍കാതെ സള്ളി പ്രുഥോം എന്ന ചെറ്റയ്ക്ക് ആദ്യത്തെ നൊബേല്‍ സമ്മാനം നിങ്ങള്‍ കൊടുത്തില്ലേ? ടോള്‍സ്റ്റോയിക്കു നല്‍കാത്ത നൊബേല്‍ സമ്മാനം അദ്ദേഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൃമിതുല്യനായ ഒരെഴുത്തുകാരനായ എനിക്കിത്… സ്വീകരിക്കാന്‍ കഴിയുകയില്ല.’ എന്റെ പതിവു ശൈലിയില്‍ ഞാന്‍ മറുപടി പറഞ്ഞു.

(ചിദംബര സ്മരണബ ബാലചന്ദ്രന്‍ ചുള്ളിക്കാട് .1998).

സാത്രിന്റെ പാത എന്ന് പറഞ്ഞത്, ഉദ്ദേശിച്ചത് ഫ്രഞ്ച് ചിന്തകന്‍ ജീന്‍ പോള്‍ സാത്രിനെയാണ്. അസ്തിത്വ വാദത്തിന്റെ പിതാവായ സാത്രിന് 1964 ല്‍ സ്വീഡിഷ് അക്കാദമിക്കാര്‍ സാഹിത്യത്തിന് നൊബേല്‍ സമ്മാനം കൊടുത്തു. ‘അവരെ ഞെട്ടിച്ചു കൊണ്ട് ജീന്‍ പോള്‍ സാത്ര് അത് നിരസിച്ചു. നൊബേല്‍ നിരസിക്കുന്ന ആദ്യത്തെ വ്യക്തിയാണ് സാത്ര്. ആദ്യമായി സാഹിത്യത്തിന് നൊബേല്‍ പുരസ്‌കാരം കിട്ടിയ സള്ളി പ്രുഥോമിന്റെ ആത്മാവ് ഞെട്ടിക്കാണും.

ജീന്‍-പോള്‍ സാര്‍ത്ര്

1964-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജീന്‍-പോള്‍ സാര്‍ത്രെ നോബല്‍ സമ്മാനം നിരസിച്ചു., ‘ഔദ്യോഗിക ബഹുമതികള്‍ നിരസിക്കുക എന്ന ആജീവനാന്ത നയം സ്വീകരിച്ച വ്യക്തിയാണ് ഞാന്‍, അദ്ദേഹം പറഞ്ഞു. ‘സ്ഥാപനവല്‍ക്കരിക്കപ്പെടുകയോ’ ഒരു ഉപഭോഗവസ്തുവായി മാറുകയോ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’.

ഒരു എഴുത്തുകാരന്റെ സൃഷ്ടിയും സ്വാധീനവും സ്ഥാപനങ്ങളുമായോ ഔദ്യോഗിക അംഗീകാരവുമായോ ബന്ധപ്പെട്ടിരിക്കുന്നതില്‍ നിന്നല്ല, മറിച്ച് അവരുടെ എഴുത്തില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ, ഈ സമ്മാനം സ്വീകരിച്ചാല്‍ തന്റെ എഴുത്തിന്റെ സ്വാധീനം പരിമിതപ്പെടുമെന്നും തന്റെ രാഷ്ട്രീയ, സാമൂഹിക നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

ഇനി പറയൂ, ഇതൊക്കെ അറിഞ്ഞാല്‍ ഡൊണാള്‍ഡ് ട്രംപിന് ധൈര്യമായി പറയാം നൊബേല്‍ സമ്മാനം വേണ്ട അത് എനിക്ക് പുല്ലാണ്! ശരിയല്ലേ?

Content Summary; The Malayali writer who said he wouldn’t accept a Nobel, Donald Trump, and the Swedish Academy

Leave a Reply

Your email address will not be published. Required fields are marked *

×