നൊബേല്‍ കമ്മിറ്റിയുടെ വിയോജിപ്പും വകവയ്ക്കാതെ, തനിക്ക് ലഭിച്ച സമാധാന പുരസ്‌കാര മെഡല്‍ ഡൊണാള്‍ഡ് ട്രംപിന് കൈമാറി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ. അധികാരഭ്രഷ്ടനാക്കപ്പെട്ട വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടി രണ്ടാഴ്ച തികയുമ്പോഴാണ് ഈ പുരസ്‌കാര കൈമാറ്റം! വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മച്ചാഡോ ഈ വിവരം വെളിപ്പെടുത്തിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി ട്രംപ് നടത്തുന്ന ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് ഈ സമര്‍പ്പണമെന്ന് അവര്‍ പറഞ്ഞു.
ട്രംപിന് മെഡല്‍ നല്‍കിയതിനെ 1825-ല്‍ മാര്‍ക്വിസ് ഡി ലഫായെറ്റ് ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ ചിത്രം പതിച്ച മെഡല്‍ സൈമണ്‍ ബൊളിവറിന് നല്‍കിയ ചരിത്ര സംഭവത്തോടാണ് മച്ചാഡോ ഉപമിച്ചത്. മഡുറോയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ പേരിലാണ് കഴിഞ്ഞ വര്‍ഷത്തെ സമാധാന നൊബേല്‍ മച്ചാഡോയ്ക്ക് ലഭിച്ചത്.
മച്ചാഡോ തനിക്ക് മെഡല്‍ നല്‍കിയ കാര്യം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊരു ‘പരസ്പര ബഹുമാനത്തിന്റെ മഹത്തായ പ്രകടനം’ ആണെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍ മെഡല്‍ അദ്ദേഹം കൈവശം വെച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നൊബേല്‍ പുരസ്‌കാരം കൈമാറ്റം ചെയ്യാനാവില്ലെന്ന് നൊബേല്‍ കമ്മിറ്റി പ്രതിനിധികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു പുരസ്‌കാരത്തിന്റെ ഉടമസ്ഥാവകാശം മാറാം, എന്നാല്‍ നൊബേല്‍ പുരസ്‌കാര ജേതാവ് എന്ന പദവി കൈമാറ്റം ചെയ്യാനാവില്ല എന്നായിരുന്നു കമ്മിറ്റി എക്‌സിലൂടെ അറിയിച്ചത്.
നേരത്തെ ഏണസ്റ്റ് ഹെമിംഗ്വേ, ദിമിത്രി മുറാട്ടോവ് തുടങ്ങിയവരും തങ്ങളുടെ നൊബേല്‍ മെഡലുകള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടെങ്കിലും, തികച്ചും രാഷ്ട്രീയപരമായ കാരണങ്ങളാല്‍ മെഡല്‍ കൈമാറുന്ന ആദ്യ വ്യക്തിയായി മരിയ മച്ചാഡോ മാറിയിരിക്കുകയാണ്.
ജനുവരി മൂന്നിനാണ് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് നിക്കോളാസ് മഡുറോയെ പിടികൂടിയതും പിന്നീട് ന്യൂയോര്‍ക്കിലെ ജയിലില്‍ അടച്ചതും. ഇതിനുശേഷം മച്ചാഡോ വെനസ്വേലയുടെ ഭരണനേതൃത്വത്തിലേക്ക് വരുമെന്ന് കരുതിയിരുന്നെങ്കിലും, ട്രംപ് മഡുറോയുടെ വിശ്വസ്തയും വൈസ് പ്രസിഡന്റുമായിരുന്ന ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുകയായിരുന്നു.
മച്ചാഡോയ്ക്ക് രാജ്യത്ത് വേണ്ടത്ര സ്വാധീനമില്ലെന്നും സുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലെന്നുമാണ് ട്രംപിന്റെ വിലയിരുത്തല്‍. മഡുറോയെ മാറ്റിയെങ്കിലും മച്ചാഡോയെ സൈഡ്ലൈന്‍ ചെയ്ത ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള നീക്കമായാണ് ഈ മെഡല്‍ കൈമാറ്റത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ താന്‍ തയ്യാറാണെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് വ്യക്തമാക്കി. മഡുറോയെ തട്ടിക്കൊണ്ടുപോയത് തെറ്റാണെന്ന് പറയുമ്പോഴും, അമേരിക്കയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അവര്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. വെനസ്വേലയില്‍ എന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും എന്ന കാര്യത്തില്‍ നിലവില്‍ വൈറ്റ് ഹൗസ് വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ല.
Content Summary; Venezuelan opposition leader María Corina Machado says she presented Trump with her Nobel peace prize medal
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.