June 26, 2026 |
Share on

ട്രംപിനെ ഈദി അമീന്‍ എന്നു വിളിച്ച നൊബേല്‍ ജേതാവ്; വോലെ സോയിങ്കയുടെ വിസ റദ്ദാക്കി യുഎസ്

വിസ അനുവദിക്കാന്‍ വീണ്ടും അഭിമുഖത്തിന് ഹാജരാകണമെന്ന ആവശ്യം സോയിങ്ക നിരാകരിച്ചു

നൊബേല്‍ സമ്മാന ജേതാവായ നൈജീരിയന്‍ എഴുത്തുകാരന്‍ വോലെ സോയിങ്കയ്ക്ക് ഈ മാസം അമേരിക്ക സന്ദര്‍ശിക്കാനായി നല്‍കിയിരുന്ന വിസ റദ്ദാക്കി. ഇക്കാര്യം സോയിങ്ക തന്നെയാണ് ചൊവ്വാഴ്ച അറിയിച്ചത്.

നൈജീരിയയിലെ ലാഗോസിലുള്ള യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ നല്‍കിയ കത്തില്‍ വിസ റദ്ദാക്കാനുള്ള പ്രത്യേക കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വസന്തകാലത്ത് വിസ അനുവദിച്ച ശേഷം ‘കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി’ എന്ന് മാത്രമാണ് കത്തില്‍ പറഞ്ഞിരുന്നത്.

91 കാരനായ സോയിങ്കയോട് സെപ്റ്റംബര്‍ 11-ന് കൂടുതല്‍ വിവരങ്ങള്‍ അറിയാമായി അഭിമുഖത്തിനു കോണ്‍സുലേറ്റില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു അഭിമുഖത്തിന് ചെല്ലാന്‍ ഞാന്‍ വിസമ്മതം അറിയിച്ചുവെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സോയിങ്ക പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനാണ് 1986-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ സോയിങ്ക. 2016-ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതോടെ, പ്രതിഷേധസൂചകമായി തന്റെ യു.എസ്. ഗ്രീന്‍ കാര്‍ഡ് സോയിങ്ക റദ്ദാക്കിയിരുന്നു. സെപ്റ്റംബറില്‍ നൈജീരിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘പിഎം ന്യൂസിന്’ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ട്രംപിനെ 1970-കളില്‍ ഉഗാണ്ട ഭരിച്ച ക്രൂരനായ സ്വേച്ഛാധിപതി ഇദി അമീനുമായി താരതമ്യം ചെയ്തിരുന്നു.

‘ഇതെന്നെക്കുറിച്ചല്ല, എനിക്ക് അമേരിക്കയിലേക്ക് തിരിച്ചുപോകാന്‍ വലിയ താല്‍പ്പര്യമൊന്നുമില്ല, എന്നാല്‍ ഇതില്‍ ഒരു തത്വം ഉള്‍പ്പെട്ടിട്ടുണ്ട്. മനുഷ്യര്‍ എവിടെയായിരുന്നാലും അവരോട് മാന്യമായി പെരുമാറേണ്ടതുണ്ട്.’ ‘ സോയിങ്ക ചൊവ്വാഴ്ച പറഞ്ഞ വാചകങ്ങളാണ്.

ഒക്ടോബര്‍ 23-ലെ തീയതിവെച്ച കത്ത് സോയിങ്കയുടെ സാഹിത്യ ഏജന്റ് വഴി ‘ദി ടൈംസിന്’ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടെങ്കില്‍ സോയിങ്ക പുതിയ വിസയ്ക്ക് അപേക്ഷിക്കണമെന്നാണ് കത്തില്‍ പറയുന്നത്. റദ്ദാക്കിയ വിസ ബൈഡന്‍ ഭരണത്തിന് കീഴില്‍ 2024 ഏപ്രിലില്‍ അനുവദിച്ചതാണ്. ഈ വേനല്‍ക്കാലത്ത്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നൈജീരിയന്‍ പൗരന്മാര്‍ക്കുള്ള പുതിയ വിസകളുടെ കാലാവധി പരിമിതപ്പെടുത്തിയിരുന്നു.

വിസ സംബന്ധിച്ച രേഖകള്‍ സാധാരണയായി രഹസ്യമായിരിക്കുമെന്നും സോയിങ്കയുടെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഇമെയിലില്‍ അറിയിച്ചു. ‘വിസ ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേകാനുകൂല്യമാണ്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ യു.എസ്. ഗവണ്‍മെന്റിന്റെ വിവേചനാധികാരത്തില്‍ ഏത് സമയത്തും വിസ റദ്ദാക്കാവുന്നതാണ്,’ ഇമെയിലില്‍ പറയുന്നതിങ്ങനെയാണ്.

റിട്ടയേര്‍ഡ് ഇമിഗ്രേഷന്‍ നിയമ പ്രൊഫസറായ സ്റ്റീഫന്‍ യേല്‍-ലോഹര്‍ പറയുന്നതനുസരിച്ച്, സോയിങ്കയുടെ വിസ റദ്ദാക്കിയ നടപടി യുഎസ് ഭരംകൂടം സമീപകാലത്തുണ്ടാക്കിയ നയപരമായ മാറ്റങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് തോന്നുന്നു. ട്രംപിനെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനം ഒരു കാരണമായേക്കാം, എങ്കിലും അഭിമുഖത്തിന് ഹാജരാകാതിരുന്നത് വിസ റദ്ദാക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് നടപടിക്രമപരമായ ഒരു കാരണം നല്‍കിയിരിക്കാമെന്നും യേല്‍-ലോഹര്‍ പറഞ്ഞു.

ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സോയിങ്ക തയ്യാറായില്ലെന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

Content Summary; US revoked Nobel Prize-winning Nigerian author Wole Soyinka’s visa. Soyinka is vocal critic of President Trump

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×