തനിക്ക് ലഭിച്ച നൊബേല്‍ സമാധാന പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പങ്കുവയ്ക്കണമെന്ന വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോയുടെ പ്രസ്താവന തള്ളി നൊബേല്‍ കമ്മിറ്റി. പുരസ്‌കാരം ഒരിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് റദ്ദാക്കാനോ, മറ്റൊരാളുമായി പങ്കുവെക്കാനോ, കൈമാറാനോ കഴിയില്ലെന്നാണ് കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് വെനിസ്വേലയിലെ ജനാധിപത്യ പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തി മരിയ കോറിന മച്ചാഡോയ്ക്ക് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിച്ചത്. എന്നാല്‍, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, തന്റെ പുരസ്‌കാരം ട്രംപിന് നല്‍കാന്‍ ആഗ്രഹിക്കുന്നതായി മച്ചാഡോ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
‘അദ്ദേഹം (ട്രംപ്) ചെയ്തത് ചരിത്രപരമായ കാര്യമാണ്. വെനിസ്വേലയിലെ ജനാധിപത്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണത്. വെനിസ്വേലന്‍ ജനതയ്ക്ക് വേണ്ടി ഈ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കാനും പങ്കുവെക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ മച്ചാഡോ പറഞ്ഞു.
മച്ചാഡോയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, അതൊരു ‘വലിയ ബഹുമതിയായിരിക്കും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ ആഴ്ച വാഷിംഗ്ടണില്‍ വെച്ച് ട്രംപ് മച്ചാഡോയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. പണ്ടുമുതല്‍ക്കേ നൊബേല്‍ പുരസ്‌കാരത്തോടുള്ള തന്റെ താല്‍പ്പര്യം ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
വിഷയം വിവാദമായതോടെയാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയും നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.
നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതില്‍ മാറ്റം വരുത്താനാവില്ല എന്നാണ് കമ്മിറ്റി അറിയിച്ചത്. തീരുമാനം അന്തിമവും എന്നെന്നേക്കുമായി നിലനില്‍ക്കുന്നതുമാണ്.
ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രത്തിലോ നൊബേല്‍ ഫൗണ്ടേഷന്റെ ചട്ടങ്ങളിലോ പുരസ്‌കാരം പിന്‍വലിക്കാനോ കൈമാറാനോ ഉള്ള വ്യവസ്ഥകളില്ല.
പുരസ്‌കാരം ലഭിച്ച വ്യക്തികള്‍ പിന്നീട് എന്ത് പറയുന്നു എന്നതിലോ എന്ത് ചെയ്യുന്നു എന്നതിലോ കമ്മിറ്റി സാധാരണയായി അഭിപ്രായം പറയാറില്ല.
ഡിസംബറില്‍ വെനിസ്വേലയില്‍ നിന്ന് രഹസ്യമായി ഓസ്ലോയിലെത്തിയാണ് മച്ചാഡോ പുരസ്‌കാരം സ്വീകരിച്ചത്. മഡുറോയെ നീക്കം ചെയ്ത ട്രംപിന്റെ സൈനിക നടപടിയെ അവര്‍ പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. എന്നാല്‍, വെനിസ്വേലയുടെ ഭരണനേതൃത്വത്തിലേക്ക് മച്ചാഡോയെ പിന്തുണയ്ക്കുന്നതിന് പകരം മഡുറോയുടെ ഡെപ്യൂട്ടി ഡെല്‍സി റോഡ്രിഗസിനെയാണ് വാഷിംഗ്ടണ്‍ നിലവില്‍ പിന്തുണയ്ക്കുന്നത്.
Content Summary; Nobel prize cannot be revoked, shared or transferred, Nobel Institute rejects María Corina Machado’s offer to share peace prize with Trump
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.