June 04, 2026 |
Share on

അരുന്ധതിക്ക് എന്‍ബിസിസി പുരസ്‌കാരം, മികച്ച നോവല്‍ ഹാന്‍ കാങ്ങിന്റെ ‘വി ഡു നോട്ട്‌ പാര്‍ട്ട്’

ആത്മകഥ വിഭാഗത്തിലാണ് മദര്‍ മേരി കംസ് ടു മി പുരസ്‌കാരം സ്വന്തമാക്കിയത്

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന നാഷണല്‍ ബുക്ക് ക്രിട്ടിക്സ് സര്‍ക്കിള്‍ (എന്‍ബിസിസി) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോകപ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ ആത്മകഥയായ ‘മദര്‍ മേരി കംസ് ടു മി’ ഈ വര്‍ഷത്തെ മികച്ച ആത്മകഥാ വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് അര്‍ഹമായി. മലയാളിയായ എഴുത്തുകാരിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ് മദര്‍ നേരി കംസ് ടു മി. ഈ നേട്ടം ആഗോള സാഹിത്യ ലോകത്ത് ഇന്ത്യയ്ക്ക് വീണ്ടും അഭിമാനമായി മാറി.

കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്റെ ‘വി ഡു നോട്ട് പാര്‍ട്ട്’ ആണ് ഏറ്റവും മികച്ച നോവലിനുള്ള പുരസ്‌കാരം. 1940-കളിലെ ജെജു കലാപത്തിന്റെയും കൂട്ടക്കൊലയുടെയും ആഘാതകരമായ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി വിവര്‍ത്തനം ചെയ്ത ഫിക്ഷന്‍ വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. ഇ. യെവോണ്‍, പെയ്ജ് അനിയ മോറിസ് എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം കൊറിയന്‍ ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത്. ‘അങ്ങേയറ്റം ദുഃഖഭരിതവും എന്നാല്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന സ്വപ്നം പോലെ മനോഹരവുമായ കൃതി’ എന്നാണ് ഫിക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹെതര്‍ സ്‌കോട്ട് പാര്‍ട്ടിംഗ്ടണ്‍ ഈ നോവലിനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ 51 വര്‍ഷത്തെ പുരസ്‌കാര ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു നോവല്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്നത്. ഇതിനുമുമ്പ് 2008-ല്‍ റോബര്‍ട്ടോ ബൊലാനോയുടെ ‘2666’-ഉം, 2001-ല്‍ ഡബ്ല്യു.ജി. സെബാള്‍ഡിന്റെ ‘ഓസ്റ്റര്‍ലിറ്റ്സും’ ആണ് ഈ നേട്ടം കൈവരിച്ചത്. വിവര്‍ത്തന കൃതികള്‍ക്കായി മാത്രമായുള്ള പ്രത്യേക പുരസ്‌കാരം നെയ്ജ് സിന്നോയുടെ ‘സാഡ് ടൈഗര്‍’ സ്വന്തമാക്കി. കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഈ നോണ്‍-ഫിക്ഷന്‍ കൃതി നതാഷ ലെറര്‍ ആണ് ഫ്രഞ്ച് ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത്.

പത്രപ്രവര്‍ത്തകയായ കാരെന്‍ ഹാവോ രചിച്ച ‘എംപയര്‍ ഓഫ് എഐ’ മികച്ച നോണ്‍-ഫിക്ഷന്‍ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പണ്‍ എഐയുടെ വളര്‍ച്ചയെയും അതിനുള്ളിലെ രഹസ്യസ്വഭാവമുള്ള സംസ്‌കാരത്തെയും കുറിച്ചുള്ള അന്വേഷണാത്മകമായ പഠനമാണിത്.

അമേരിക്കയിലെ നാഷണല്‍ ബുക്ക് അവാര്‍ഡ്, പുലിറ്റ്സര്‍ പ്രൈസ് എന്നിവയ്‌ക്കൊപ്പം ഏറ്റവും പ്രശസ്തമായ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായിട്ടാണ് നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡുകളെയും കണക്കാക്കുന്നത്. എന്നാല്‍ മറ്റ് പുരസ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇതിലെ വിജയികളെ തിരഞ്ഞെടുക്കുന്നത് പൂര്‍ണ്ണമായും പുസ്തക നിരൂപകരും റിവ്യൂ എഡിറ്റര്‍മാരും മാത്രമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. 1974-ല്‍ സ്ഥാപിതമായ ഈ സംഘടനയില്‍ നിലവില്‍ 850-ലധികം നിരൂപകരും എഡിറ്റര്‍മാരും അംഗങ്ങളായുണ്ട്. ന്യൂ സ്‌കൂളില്‍ വ്യാഴാഴ്ച രാത്രി നടന്ന ചടങ്ങിലാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 2025-ല്‍ അമേരിക്കയില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്..

വ്യക്തിഗത നേട്ടങ്ങളില്‍, നിരൂപകയായ റോഡ ഫെങ് ‘നോണ ബാലക്യന്‍ സൈറ്റേഷന്‍’ പുരസ്‌കാരത്തിന് അര്‍ഹയായി. പുസ്തക സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കായി നല്‍കുന്ന ‘ടോണി മോറിസണ്‍ അച്ചീവ്മെന്റ് അവാര്‍ഡ്’ എന്‍പിആര്‍, പിബിഎസ് എന്നിവര്‍ സംയുക്തമായി പങ്കിട്ടു. ചിക്കാഗോ ട്രിബ്യൂണിലെ ദീര്‍ഘകാല ലിറ്റററി എഡിറ്ററായിരുന്ന എലിസബത്ത് ടെയ്ലര്‍ സേവന പുരസ്‌കാരവും, വിഖ്യാത പത്രപ്രവര്‍ത്തകയും ചരിത്രകാരിയുമായ ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡ് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും നേടി. ചരിത്രത്തിലെ പ്രയാസകരമായ അധ്യായങ്ങളെ ഭയമില്ലാതെ നേരിടാന്‍ ഫിറ്റ്സ്ജെറാള്‍ഡ് കാണിച്ച ധീരതയെ ജൂറി പ്രശംസിച്ചു.

Content Summary: National Book Critics Circle Award; Arundhati Roy’s Mother Mary Comes to Me, won, Han Kang’s ‘We Do Not Part; best novel

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×