July 14, 2026 |
Share on

ദൈലലാമയുടെ ഗ്രാമി പുരസ്‌കാരം; ചൈന കടുത്ത ദേഷ്യത്തില്‍

ചൈന വിരുദ്ധ രാഷ്ട്രീയം പറഞ്ഞതിനാണ്‌ ലാമയ്ക്ക് പുരസ്‌കാരം നല്‍കിയതെന്നാണ് ബീജിംഗിന്റെ ആരോപണം

ഗ്രാമി പുരസ്‌കാരത്തിന് പിന്നാലെ ദലൈലാമയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ചൈന. മീഡിയേഷന്‍; ദി റിഫ്‌ളക്ഷന്‍ ഓപ് ഹിസ് ഹോളിനെസ് ദി ജലൈ ലാമ എന്ന തന്റെ സ്‌പോക്കണ്‍ വേഡ് ആല്‍ബത്തിലൂടെയാണ് വിവരണത്തിനും കഥപറച്ചിലിനുമുള്ള ഗ്രാമി പുരസ്‌കാരം ആദ്യമായി ദൈല ലാമയ്ക്ക് ലഭിച്ചത്. ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന തൊണ്ണൂറ്റിയൊന്നുകാരനായ ഈ ബുദ്ധമത ആത്മീയ നേതാവ് നേരത്തെ നൊബേല്‍ സമാധാന പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, ഗാന്ധി സമാധാന പുരസ്‌കാരം എന്നീ ബഹുമതികളും സ്വന്തമാക്കിയിരുന്നു.

ഞായറാഴ്ച രാത്രി നടന്ന അവാര്‍ഡ് ദാനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞത്: ‘കൃതജ്ഞതയോടും വിനയത്തോടും കൂടി ഞാന്‍ ഈ അംഗീകാരം സ്വീകരിക്കുന്നു. ഇതിനെ വ്യക്തിപരമായ ഒന്നായല്ല ഞാന്‍ കാണുന്നത്, മറിച്ച് നമ്മുടെ പങ്കിട്ട സാര്‍വത്രിക ഉത്തരവാദിത്തത്തിനുള്ള ഒരു അംഗീകാരമായാണ്’ എന്നായിരുന്നു.

എന്നാല്‍ ദലൈലാമയെ ഒരു വിമതനായും വിഘടനവാദിയായും കാണുന്ന ബീജിംഗ് ഈ നേട്ടത്തില്‍ ഒട്ടും സന്തുഷ്ടരല്ല. ലാമയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്ത കൃതിയെ ‘ചൈന വിരുദ്ധ രാഷ്ട്രീയ കൃത്രിമം’ എന്നാണ് ചൈന കുറ്റപ്പെടുത്തിയത്.

‘ആര്‍ട്ട് അവാര്‍ഡുകളെ ചൈന വിരുദ്ധ രാഷ്ട്രീയ കൃത്രിമത്വത്തിനുള്ള ഉപകരണമായി പ്രസക്തമായ കക്ഷികള്‍ ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഈ നിലപാടില്‍ മാറ്റമില്ലാത്തതും വ്യക്തവുമാണ്,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും ആദരണീയനായ വ്യക്തിയാണ് ദലൈലാമ. ടിബറ്റ് പ്രദേശം ചൈന പിടിച്ചെടുത്തത് മുതല്‍ ടിബറ്റുകാരുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം അശ്രാന്തമായി വാദിക്കുന്നുണ്ട്. 1391-ല്‍ ആദ്യമായി ജനിച്ച ആത്മീയ നേതാവിന്റെ പതിനാലാമത്തെ പുനര്‍ജന്മമാണ് ഇദ്ദേഹമെന്നാണ് ടിബറ്റന്‍ ബുദ്ധമതക്കാര്‍ വിശ്വസിക്കുന്നത്.

1959-ല്‍ ചൈനീസ് സൈന്യം ടിബറ്റന്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയപ്പോള്‍, ജീവന്‍ ഭയന്ന് ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ നിന്ന് പലായനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 23 വയസ്സായിരുന്നു. പിന്നീട് അദ്ദേഹത്തിന് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സഹ ടിബറ്റന്‍ പ്രവാസികള്‍ക്കൊപ്പം അദ്ദേഹം ഇന്ത്യന്‍ നഗരമായ ധര്‍മ്മശാലയില്‍ താമസമാക്കി.

കഴിഞ്ഞ പതിറ്റാണ്ടുകളായി സമാധാനം, ഐക്യം, അഹിംസ എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഭക്തരുള്ള ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന വ്യക്തിയായി ദലൈലാമ മാറി.

അദ്ദേഹത്തിന്റെ ‘മെഡിറ്റേഷന്‍’ എന്ന ഓഡിയോ ബുക്കില്‍ സമാധാനം, അനുകമ്പ, മനഃസാന്നിധ്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണുള്ളത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതജ്ഞനായ അംജദ് അലി ഖാനും പുത്രന്മാരും ചേര്‍ന്നാണ് ഇതിന് പശ്ചാത്തല സംഗീതം ഒരുക്കിയത്.

‘സമാധാനം, അനുകമ്പ, പരിസ്ഥിതിയോടുള്ള കരുതല്‍, മനുഷ്യരാശിയുടെ ഏകത്വത്തെക്കുറിച്ചുള്ള ധാരണ എന്നിവ എണ്ണൂറ് കോടി മനുഷ്യരുടെയും കൂട്ടായ ക്ഷേമത്തിന് അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഗ്രാമി പുരസ്‌കാരം ലഭിച്ച ശേഷം അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മാഗി റോജേഴ്സ്, റൂഫസ് വെയ്ന്റൈറ്റ് തുടങ്ങിയ കലാകാരന്മാരും ഈ ഓഡിയോ ബുക്കില്‍ പങ്കാളികളാണ്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ അവര്‍ ദലൈലാമയ്ക്ക് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.

90 വയസ്സായെങ്കിലും തനിക്ക് ഇനിയും ഒരുപാട് വര്‍ഷം ജീവിക്കാനുണ്ടെന്ന് ദലൈലാമ ഉറപ്പിച്ചു പറയുന്നു. എങ്കിലും, അദ്ദേഹത്തിന്റെ മരണം ടിബറ്റന്‍ സമൂഹവും ചൈനീസ് ഗവണ്‍മെന്റും തമ്മിലുള്ള കടുത്ത പിന്‍ഗാമിയവകാശ തര്‍ക്കത്തിന് കാരണമാകുമെന്ന് പല ടിബറ്റുകാരും ഭയപ്പെടുന്നു. ടിബറ്റിലെ തങ്ങളുടെ സ്വാധീനം ഉറപ്പാക്കുന്നതിനായി ദലൈലാമയുടെ പദവിയെ നിയന്ത്രിക്കാന്‍ ചൈന പതിറ്റാണ്ടുകളായി ശ്രമിച്ചുവരികയാണ്. ദലൈലാമ ഒരു വിഘടനവാദി ആണെന്നും ‘സന്ന്യാസിയുടെ വേഷമണിഞ്ഞ ചെന്നായ’ ആണെന്നുമാണ് ചൈനയുടെ ആരോപണം.

കഴിഞ്ഞ വര്‍ഷം തന്റെ തൊണ്ണൂറാം ജന്മദിനത്തിന് ശേഷം, ടിബറ്റന്‍ സംവിധാനങ്ങളില്‍ ചൈന നടത്തുന്ന ഇടപെടലുകളെ ദലൈലാമ തള്ളിപ്പറഞ്ഞിരുന്നു. നൂറ്റാണ്ടുകളായുള്ള പാരമ്പര്യമനുസരിച്ച് തന്റെ മരണശേഷം താന്‍ പുനര്‍ജനിക്കുമെന്നും, എന്നാല്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ‘ഏക അധികാരം’ തന്റെ അടുത്ത വൃത്തത്തിലുള്ള സന്ന്യാസിമാരുടെ ട്രസ്റ്റിനായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

Content Summary; China criticise Dalai Lama’s first Grammy award, Beijing condemns his work anti-China political manipulation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×