June 03, 2026 |
Share on

ഭൂമിയില്‍ നിന്നും പറഞ്ഞയച്ചുവെന്ന് ട്രംപ് പറഞ്ഞ ഐഎസ് ഭീകരന്‍; ആരാണ് അബു ബിലാല്‍ മിനുകി?

അമേരിക്കന്‍ സൈന്യവും നൈജീരിയന്‍ സായുധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടാമനെ വധിച്ചത്

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) രണ്ടാം സ്ഥാനക്കാരനനും കൊടും തീവ്രവാദിയുമായ അബു ബിലാല്‍ അല്‍ മിനുകിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നൈജീരിയന്‍ മണ്ണില്‍ വെച്ച് അമേരിക്കന്‍ സൈന്യവും നൈജീരിയന്‍ സായുധ സേനയും സംയുക്തമായി നടത്തിയ അതീവ സങ്കീര്‍ണ്ണവും ആസൂത്രിതവുമായ സൈനിക നീക്കത്തിലൂടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ നിര്‍ണായക വിവരം പുറത്തുവിട്ടത്.

തന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് യു.എസ് സൈന്യവും നൈജീരിയന്‍ സേനയും ഈ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ട്രംപ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെയാണ് ഇതോടെ യുദ്ധക്കളത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ സാധിച്ചതെന്നും ആഫ്രിക്കയില്‍ ഒളിച്ചിരുന്ന് രക്ഷപ്പെടാമെന്ന് കരുതിയ അല്‍ മിനുകിയുടെ നീക്കങ്ങള്‍ തങ്ങളുടെ രഹസ്യവിവര സ്രോതസ്സുകള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ട്രംപ് കുറിച്ചു. ഈ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാവുകയും പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്ത നൈജീരിയന്‍ സര്‍ക്കാരിനോടും സൈന്യത്തോടും ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. അല്‍ മിനുകിയുടെ മരണത്തോടെ ആഫ്രിക്കന്‍ ജനതയ്ക്ക് നേരെയുള്ള ഭീഷണിയും അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതികളും ഇല്ലാതായെന്നും ഐസിസിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു കടുത്ത പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹെല്‍, പശ്ചിമാഫ്രിക്കന്‍ മേഖലകളില്‍ ഐസിസ് അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യവും അക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, യു.എസ്-ആഫ്രിക്കന്‍ സുരക്ഷാ സേനകള്‍ സംയുക്തമായി നടത്തിയ ഈ സൈനിക നീക്കം ആഗോള ഭീകരവിരുദ്ധ പോരാട്ടത്തില്‍ വളരെ നിര്‍ണായകമായ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

ആരാണ് അബു ബിലാല്‍ മിനുകി?

ഐസിസിന്റെ ആഫ്രിക്കന്‍ സാമ്രാജ്യത്തിന്റെ സൂത്രധാരന്‍ എന്നാണ് മിനുകി അറിയപ്പെട്ടിരുന്നത്. ഐസിസ് ആഗോള ഉപമേധാവി അബു ബിലാല്‍ അല്‍ മിനുകിയുടെ പശ്ചാത്തലവും ഭീകര സംഘടനയിലെ ഇയാളുടെ വളര്‍ച്ചയും വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. വെറുമൊരു പ്രാദേശിക പോരാളിയില്‍ നിന്നും ഐസിസിന്റെ ആഫ്രിക്കന്‍ വ്യാപനത്തിന്റെ മുഖ്യ സൂത്രധാരനിലേക്കുള്ള അല്‍ മിനുകിയുടെ വളര്‍ച്ച അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിച്ചിരുന്നത്.

ഐസിസിന്റെ ഇറാഖ്-സിറിയന്‍ നേതൃനിരയിലെ ആദ്യകാല അംഗമല്ലെങ്കില്‍ പോലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സംഘടനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അല്‍ മിനുകി. ആഫ്രിക്കന്‍ ജനതയെ ഭീതിയിലാഴ്ത്താനും അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും ഇയാള്‍ മുന്നിലുണ്ടായിരുന്നു.

അബു ബക്കര്‍ ഇബ്നു മുഹമ്മദ് ഇബ്നു അലി അല്‍ മൈനുകി എന്ന പേരിലും അറിയപ്പെട്ടിരുന്ന അബു ബിലാല്‍ അല്‍ മിനുകി, ആഗോളതലത്തില്‍ തന്നെ ഐസിസിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള നേതാക്കളില്‍ ഒരാളായിരുന്നുവെന്നാണ് ‘കൗണ്ടര്‍ എക്സ്ട്രീമിസം പ്രോജക്റ്റിന്റെ’ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ അറ്റ്ലാന്റിക് സമുദ്രം മുതല്‍ ചെങ്കടല്‍ വരെ ഏകദേശം 5,900 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന സെനഗല്‍, മൗറിട്ടാനിയ, മാലി, ബുര്‍ക്കിന ഫാസോ, നീഷര്‍ (നൈജര്‍), നൈജീരിയ, ചാഡ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ‘സാഹെല്‍’ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.

ഐസിസിന്റെ പശ്ചിമാഫ്രിക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന കമാന്‍ഡറായിരുന്ന ഇയാള്‍, സംഘടനയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രൊവിന്‍സസിന്റെ കീഴിലുള്ള ലേക്ക് ചാഡ് ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. ആഫ്രിക്കയില്‍ സജീവമായ തീവ്രവാദ ശൃംഖലകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ഫണ്ടിംഗ് ലഭ്യമാക്കുന്നതിലും, ആശയവിനിമയം ഉറപ്പാക്കുന്നതിലും, തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും അല്‍ മിനുകി പ്രധാന പങ്കുവഹിച്ചിരുന്നതായി സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു. ആഗോള ഭീകരപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം മുന്‍നിര്‍ത്തി 2023 ജൂണില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇയാളെ ‘പ്രത്യേകം നിശ്ചയിക്കപ്പെട്ട ആഗോള ഭീകരരുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1982-ല്‍ നൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റിലുള്ള മൈനോക്കിലാണ് അല്‍ മിനുകി ജനിച്ചത്. ലേക്ക് ചാഡ് ബേസിന്‍, സാഹെല്‍ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദ ശൃംഖലകളിലൂടെയാണ് ഇയാള്‍ വളര്‍ന്നുവന്നത്. പിന്നീട് ബോക്കോ ഹറാമില്‍ നിന്ന് പിളര്‍ന്ന് ഐസിസുമായി സഖ്യത്തിലായ ഇസ്ലാമിക് സ്റ്റേറ്റ് പശ്ചിമാഫ്രിക്കന്‍ പ്രവിശ്യ എന്ന ഭീകരസംഘടനയുടെ ഭാഗമായി മാറി. ഭരണകൂടങ്ങളുടെ നിയന്ത്രണം ദുര്‍ബലമായതും ആഭ്യന്തര പ്രക്ഷോഭങ്ങള്‍ നിറഞ്ഞതുമായ ആഫ്രിക്കന്‍ മേഖലകളില്‍ ഐസിസിന്റെ സാമ്പത്തിക-പ്രവര്‍ത്തന ശൃംഖല ശക്തമാക്കുന്നതില്‍ ഇയാള്‍ ചുക്കാന്‍ പിടിച്ചു.

ഐസിസിന്റെ അന്താരാഷ്ട്ര ശാഖകളുടെ മേല്‍നോട്ടം വഹിക്കുന്ന ‘ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രൊവിന്‍സസ്’ എന്ന ഉന്നത സമിതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അല്‍ മിനുകി. ആഫ്രിക്കയിലെ ഐസിസിന്റെ പ്രധാന പ്രാദേശിക പ്രവര്‍ത്തന-സാമ്പത്തിക ഏകോപന ശൃംഖലയായ ‘അല്‍ ഫുര്‍ഖാന്‍ ഓഫീസു’മായും ഇയാള്‍ക്ക് ശക്തമായ ബന്ധമുണ്ടായിരുന്നു. വിവിധ സാഹെല്‍ രാജ്യങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് സാമഗ്രികളും എത്തിക്കുന്നതിലും സായുധ നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഇയാള്‍ പ്രധാന പങ്കുവഹിച്ചു. ആഫ്രിക്കന്‍ മേഖലയിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളുമായി കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന ഒരു തീവ്രനിലപാടുകാരനായിരുന്നു ഇയാള്‍.

അല്‍ മിനുകിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍പ് ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. 2024-ന്റെ തുടക്കത്തില്‍ നൈജീരിയന്‍ സൈന്യം നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ അല്‍ മിനുകി കൊല്ലപ്പെട്ടതായി ചില സൈനിക സ്രോതസ്സുകള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ ആഫ്രിക്കയില്‍ ഒളിച്ചു താമസിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നുവെന്നും, പിന്നീട് യു.എസ്-നൈജീരിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാളുടെ സാന്നിധ്യവും പങ്കും കൃത്യമായി സ്ഥിരീകരിച്ച ശേഷമാണ് 2026-ല്‍ ഈ വമ്പന്‍ സംയുക്ത സൈനിക നീക്കത്തിലൂടെ ഇയാളെ വധിച്ചതെന്നുമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്.

Content Summary: ISIS global second-in-command Abu-Bilal al-Minuki has been killed in Nigeria during a joint military operation by US and Nigerian forces

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×